കോഴിക്കോട്ടെ കവികൾക്ക് കൊമ്പുണ്ടോ? കോഴിക്കോട്ടെന്നല്ല കേരളത്തിലുടനീളം കവികൾക്ക് കൊമ്പ് പോയിട്ട് ശക്തമായ വാക്കുകൾക്കു പോലുമുള്ള സാഹചര്യം ഉണ്ടോന്നാണ് ഇപ്പോൾ സംശയം. ഒരിക്കലൊരു കാലമുണ്ടായിരുന്നു, നിറഞ്ഞുകവിഞ്ഞ സദസ്സുകൾക്കു മുന്നിൽ ഉച്ചത്തിൽ കവിത ചൊല്ലിയും നെടു നീളൻ പ്രസംഗങ്ങൾ പറഞ്ഞും കേൾവിക്കാരെയും ആസ്വാദകരേയും കോരിത്തരിപ്പിച്ച സാഹിത്യ നഭസ്സിലെ നക്ഷത്രങ്ങളുടെ കാലം. ഇപ്പോഴും കെട്ടു പോയിട്ടില്ലാത്ത നക്ഷത്രങ്ങളുണ്ട്, പക്ഷെ എവിടെ ആസ്വാദകർ എന്ന ചോദ്യം ബാക്കിയാകുന്നു. ഈ ചോദ്യത്തിലേക്കാണ് പ്രശസ്ത യുവ കവയിത്രി ആര്യാ ഗോപി കോഴിക്കോട് ഈ വർഷം നടന്ന സാഹിത്യ സമ്മേളനത്തെ കുറിച്ച് വിമർശനാത്മകമായി സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നത്.
ഓണം - ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ കലാ-സാഹിത്യ വിഭാഗങ്ങളിലുള്ളവരുടെ സമ്മേളനവും പരിപാടികളും ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും കോഴിക്കോട് നടക്കാറുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് ഈ വർഷവും കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലെ മുറിയിൽ വച്ച് കഴിഞ്ഞ ദിവസം നടത്തപ്പെട്ടത്.
പണ്ടൊരിക്കൽ ടൗൺ ഹോളിലെ നിറഞ്ഞ സദസ്സിനു മുന്നിൽ നിന്ന് ഉറക്കെ കവിത ചൊല്ലിയിരുന്ന ഒരുകാലം കടന്നു, ഇന്നുകളിലെ ആളില്ലാത്ത വേദിയുടെ മുന്നിലിരുന്ന് കവിത ചൊല്ലുന്നതിന്റെ സങ്കടങ്ങളെ കുറിച്ച് വികാരതീവ്രമായിരുന്നു ആര്യയുടെ പോസ്റ്റ്. ഇങ്ങനെ അപമാനിക്കാനാണെങ്കില്‍ ഇനിയും ഇത്തരം സമ്മേളനങ്ങളുടെ ആവശ്യമില്ല. കവിതയും സാഹിത്യവുമൊന്നും ഒരു കാലത്തും ജനകീയ കലയായിരുന്നില്ല, എന്നാല്‍, അതു കാലത്തേ അതിജീവിക്കുന്ന ജീവല്‍ സന്ദേശമാണ് എന്നും ആര്യ പോസ്റ്റിൽ പറയുന്നു. കോഴിക്കോട് കളക്ടർ എൻ പ്രശാന്തിനെ ടാഗ് ചെയ്തു കൊണ്ടുള്ളതായിരുന്നു ആര്യയുടെ പോസ്റ്റ്.
ആര്യയുടെ പോസ്റ്റിനുള്ള മറുപടിയായി ജില്ലാ ഭരണകൂടത്തിന്റെ നിലപാട് കോഴിക്കോട് കളക്ടർ എൻ പ്രശാന്ത് മറുപടിയായി നൽകിയിരുന്നു, കലാകാരന്മാരുടെ തന്നെ കൂട്ടായ്മയാണ് ഇത്തരം പരിപാടികൾ ആവിഷ്കരിക്കുന്നതും അവർക്ക് അതിനുള്ള പരിപൂർണ സ്വാതന്ത്ര്യം ഭരണകൂടം നൽകിയിട്ടുണ്ട് എന്നും കളക്ടർ പറയുന്നു. സാഹിത്യം, ശാസ്ത്രീയ സംഗീതം, നാടകം തുടങ്ങിയ കമ്മിറ്റികൾ ടൗൺ ഹാൾ ഉൾപ്പെടെയുള്ള വേദികൾക്കായി ശക്തമായി ഡിമാന്റ് വെച്ചിരുന്നു. ടൗൺ ഹാൾ നാടകത്തിനോ ശാസ്ത്രീയസംഗീതത്തിനോ അനുവദിക്കുമ്പോൾ സംഘാടകർ അത് സൗകര്യം നോക്കി ചെയ്തതാകും എന്നും അദ്ദേഹം പറയുന്നു. മിമിക്രി ഉൾപ്പെടെ ഒരു കലയെയും കുറച്ചു കാണേണ്ടതില്ല എന്നും കളക്ടർ മറുപടിയിൽ പറയുന്നു.
സാഹിത്യകാർക്കെതിരെ നടന്ന അപമാനത്തിൽ ഉറച്ചു നിന്നുകൊണ്ട് ആര്യ ഗോപി സംസാരിക്കുന്നു:
" കഴിഞ്ഞ വർഷം വരെ ടൗൺഹാളിൽ വച്ചാണ് സാഹിത്യ സമ്മേളനങ്ങൾ നടത്തപ്പെട്ടിരുന്നത്. കോഴിക്കോട് ടൗൺഹാളിൽ ഒരു പരിപാടി നടത്തിയാൽ പ്രത്യേകിച്ച് സാഹിത്യ പരിപാടികൾക്കാണെങ്കിലും നിറയെ ആരാധകരും ആസ്വാദകരുമുണ്ടാകും. പക്ഷെ ഇത്തവണ ഇൻഡോർ സ്റ്റേഡിയത്തിലെ ഏറ്റവും ചെറിയ മുറിയിൽ, മൈക്കിന്റെ എക്കോ കാരണം സ്റ്റേജിലിരിക്കുന്ന കവികൾക്ക് പോലും സ്വയം ചൊല്ലുന്നതുൾപ്പെടെ കേൾക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യമുണ്ടായിരുന്നു.
സങ്കടം വന്നു, കാരണം സിനിമക്കാരെയോ മിമിക്രിക്കാരെയോ പോലെ പണം ഇത്ര വേണമെന്ന് എണ്ണിപ്പറഞ്ഞല്ല കവികൾ കവിത ചൊല്ലാൻ കവിസമ്മേളനത്തിനു വരുന്നത്. കവിതയോടുള്ള, അത് ചൊല്ലാനുള്ള ഇഷ്ടം കൊണ്ട് മാത്രമാണ്. അവിടെ ഇരുന്ന് കവിത ചൊല്ലിയപ്പോൾ അതേക്കുറിച്ചു തുറന്ന വേദിയിൽ പറയണം എന്ന് തോന്നി. സിനിമാക്കാരെയോ മിമിക്രിക്കാരെയോ ഒക്കെ സ്വീകരിക്കുന്നത് പോലെ സാഹിത്യകാരെ ആരും സ്വീകരിക്കാറില്ല, എവിടുന്നു വന്നു, എങ്ങോട്ടു പോയി എന്നതൊക്കെ നമുക്ക് മാത്രമേ അറിയാനാകൂ. നീണ്ട ഒരു യാത്ര കഴിഞ്ഞാണ് അന്ന് കവി സമ്മേളനത്തിൽ പങ്കെടുത്തത്. പലരും അങ്ങനെയായിരിക്കാം, പക്ഷെ മറ്റൊന്നുമില്ലെങ്കിലും മനസ്സ് നിറഞ്ഞു, കവിത ആസ്വദിക്കുന്നവരുടെയെങ്കിലും മുന്നിൽ അത് അവതരിപ്പിക്കാൻ പറ്റണമെന്നാണ് ആഗ്രഹം.
ഒരു വ്യക്തിയല്ല ഇത്തരം പരിപാടികൾ നടത്തുന്നത്, ഒരു കൂട്ടായ്മ തന്നെയാണ്. പക്ഷെ എല്ലാം കല എന്ന് പറഞ്ഞാലും സാഹിത്യവും മറ്റു കലകളും ഇപ്പോഴും ഒരേ തട്ടിൽ അളന്നല്ല ചെയ്യുന്നത്. പണത്തിന്റെ മൂല്യത്തിലുള്ള വ്യത്യാസം ഈ പരിപാടികൾക്കുണ്ട്. കോളേജിലൊക്കെ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ നന്നായി അറിയാം, സ്റ്റേജ് പ്രോഗ്രാം ചെയ്യുന്നവർ കേവലം ഒരു ടി വി ഷോയിൽ മുഖം കാണിച്ചവർ ആണെങ്കിൽ പോലും നല്ല പണം നൽകിയെങ്കിലേ സ്റ്റേജിൽ കയറുക പോലും ചെയ്യൂ. ഒരിക്കലും തുടക്കക്കാരി എന്ന നിലയിലല്ല ഇത്രയും സംസാരിച്ചത്. കുട്ടിക്കാലം മുതൽ സാഹിത്യ സദസ്സുകൾ പരിചയമുള്ളതുകൊണ്ട് ഇത്തവണ വന്ന മാറ്റത്തിൽ വേദന തോന്നിയതിനാൽ തന്നെയാണ് ഇത് പറയേണ്ടി വന്നത്. "