ആശാൻ കവിതാ സമ്മാനം ആര്യാ ഗോപിയ്ക്ക്

യുവകവികൾക്കായി കായിക്കരയുള്ള ആശാൻ മെമ്മോറിയൽ ഏർപ്പെടുത്തിയ ആശാൻ സ്മാരക കവിതാ പുരസ്കാരം യുവ കവിയിത്രി ആര്യാ ഗോപിയ്ക്ക്. ആര്യയുടെ "അവസാനത്തെ മനുഷ്യൻ" എന്ന കൃതിയ്ക്കാണ് പുരസ്കാരം ലഭിച്ചത്. 15000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ആശാന്റെ 144 മത്തെ ജന്മവാർഷികത്തോടനുബന്ധിച്ചു കായിക്കര വച്ച് നടത്തുന്ന വാർഷിക പരിപാടിയിൽ വച്ച് കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം ആര്യാ ഗോപിയ്ക്ക് സമ്മാനിക്കും. പുസ്തക പ്രകാശന ചടങ്ങുകൾ, കവിയരങ്ങ്, നാടൻ പാട്ടുകൾ, രചനാ മത്സരങ്ങൾ എന്നിവയും പരിപാടിയോട് അനുബന്ധിച്ച് നടക്കും. 

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ അധ്യാപികയാണ് ആര്യാഗോപി. പ്രശസ്ത കവിയായ പി കെ ഗോപിയുടെ മകളുമാണ്. എഴുത്തുകാരി കൂടിയായ സൂര്യ ഗോപി ആണ് സഹോദരി. അങ്കണം പുരസ്കാരം, കേരള സർക്കാരിന്റെ യുവജ ക്ഷേമ വകുപ്പിന്റെ യൂത്ത് ഐക്കൺ പുരസ്കാരം, വൈലോപ്പിള്ളി പുരസ്കാരം എന്നിവ കവികതകൾക്കുള്ള ആദരമായി ആര്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ആര്യയുടെ പുരസ്കാരം ലഭിച്ച കവിത വായിക്കാം :

"അറിയാത്ത വഴികൾ

തേടിപ്പോയ

ഏകാകിനികൾ

മൊഴിയാത്ത ചുണ്ടുകൾ

പറഞ്ഞ 

വെറുപ്പിന്റെ ഭാഷ കേട്ടു

കുരിശിലേറുന്നു.

കടുകില്ലാത്ത വീടിന്റെ

വാതിൽ

 ചവിട്ടി തുറന്നു

ആരുമെഴുതാത്ത 

ഒരു മരണകാവ്യം

അവസാനത്തെ

മനുഷ്യനെ തേടി

യാത്രയാകുന്നു

മാറാല കെട്ടിയ

 ഉടൽ മുഴുവൻ

കൽപ്പനകളും 

ജൽപ്പനങ്ങളും

വന്നു പൊതിയുമ്പോൾ

ശിരസ്സുകൾ മാത്രം

മുൾവെളിച്ചത്തിന്റെ  

മൂടുപടമിട്ട മതങ്ങളെയന്വേഷിച്ചു പുറപ്പെടുന്നു

ഒരിക്കലും

പുകയാത്ത

അടുപ്പിന്റെ കണ്ണു

ആരും പണിയാത്ത

മൺവീട്ടിലേയ്ക്ക് 

മടങ്ങിപ്പോകാനോരുങ്ങുമ്പോൾ

വിശപ്പറിഞ്ഞ വയറുകളെ കാത്ത് 

അറിവും അന്നവും

ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നു".