യുദ്ധകാണ്ഡത്തിൽ അവസാന ഭാഗത്ത് എല്ലാവർക്കും അനുഗ്രഹം നൽകുന്ന സമയത്തു ശ്രീരാമൻ ഹനുമാനോട് ആവശ്യമായ വരം ചേദിക്കാൻ നിർദേശിക്കുന്നു.
അതിനു ഹനുമാൻ പറയുന്ന മറുപടി :
‘ഭൂമിയിൽ വാഴാനനുഗ്രഹിച്ചീടണമെന്നും
രാമനാമം കേട്ടുകൊൾവാനനാരതം
മറ്റു വരം മമ വേണ്ടാ ദയാനിധേ’
എന്നാണ്. ഇതു പറയുമ്പോഴുള്ള ഇളക്കമില്ലാത്ത യജമാനഭക്തി കോരിത്തരിപ്പിക്കുന്നതാണ്. എപ്പോൾ ആ ഭാഗം വായിച്ചാലും കണ്ണിൽ നിന്ന് അശ്രുകണങ്ങൾ ഉതിരാറുണ്ട്.
സുന്ദരകാണ്ഡത്തിൽ ലങ്കാദഹനത്തിനു ശേഷമുള്ള ഹനുമാന്റെ പ്രത്യാഗമനവും സവിശേഷമാണ്. എത്രയോ ദുഷ്കരമായ ഒരു ദൗത്യം നിർവഹിച്ചിട്ടു പോയകാര്യം ഏറ്റവും ചുരുക്കി അദ്ദേഹം പറയുന്നതിങ്ങനെ:
‘കണ്ടിത് സീതയെ കാകുൽസ്ഥവീരനനുഗ്രഹത്താലഹം’
തന്റെ അതിസാഹസികമായ പ്രവർത്തനങ്ങൾ ഇത്രയും ചുരുക്കി എളിമയോടെ അവതരിപ്പിക്കാൻ ഹനുമാനല്ലാതെ ആർക്കും സാധ്യമല്ല.
ഇങ്ങനെ ഒരു ദൗത്യം സാധിച്ചു വരുന്ന ഒരാൾ ഇന്ന് എങ്ങനെയായിരിക്കും അതു വിവരിക്കുക എന്ന് ഒന്നാലോചിച്ചു നോക്കിയാൽ ഇതിന്റ അപൂർവതയും മഹത്വവും മനസ്സിലാകും.