ഹാരി പോട്ടറിന്റെ ലോകം മാജിക്കോ സയൻസോ?

ഹാരിയുടെ ലോകം മാജിക്ക് ആണോ അതോ അതിനു ശാസ്ത്രീയമായ അടിത്തറയുണ്ടോ?

ഹാരി പോട്ടറിന്റെ ലോകം..... അതിശയങ്ങളും മാജിക്കുകളും നിറഞ്ഞ ലോകത്തെ എങ്ങനെ നമ്മുടെതുമാക്കി മാറ്റാം എന്നാകും ഓരോ വായനയിലും വായിക്കുന്ന ആൾ വിചാരിക്കുക. ആ ലോകത്തിലെ നടക്കുന്നതും നടക്കാത്തതുമായ കാര്യങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ഉണ്ടായിരുന്നെങ്കിൽ, എന്നെങ്കിലും അവ ഒരു കണ്ടുപിടിത്തമായി ലോകത്തിനു അനുഭവപ്പെട്ടിരുന്നെങ്കിൽ ആ ലോകത്തേയ്ക്ക് പോകാമായിരുന്നല്ലോ എന്ന് ഹാരിയുടെ പുസ്തകം വായിച്ചുള്ള ആരെക്കെങ്കിലും തോന്നാതെ ഇരുന്നിട്ടുണ്ടോ? എന്നാൽ ഈ വിഷയത്തിൽ രണ്ടു ഗവേഷകർ പഠനം നടത്തി. തങ്ങളുടെ നിഗമനം അവർ പ്രബന്ധരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു. ഹാരിയുടെ ലോകം മാജിക്ക് ആണോ അതോ അതിനു ശാസ്ത്രീയമായ അടിത്തറയുണ്ടോ? ഒടുവിൽ അവർ കണ്ടെത്തി, റൗളിങ്ങിന്റെ എഴുത്തുകളിലെ ഹാരിയുടെ ലോകം ഒരിക്കലും ശാസ്ത്രീയമായി ശരിയല്ല, അത് മാജിക്ക് മാത്രമാണ്.

രണ്ടു പേപ്പറുകളാണ് ഈ വിഷയത്തിൽ ഗവേഷകർ അവതരിപ്പിച്ചത്. ഹാരിയുടെ പുസ്തകങ്ങളിലെ രണ്ടു മാജിക് വാക്കുകൾ എടുത്താണ് ഈ പരീക്ഷണം അവർ നടത്തിയത്. Gillyweed – Drowning with Gills? , Revealing the Magic of Skele-Gro , എന്നീ രണ്ടു വാചകങ്ങളുടെ കാര്യത്തിലാണ് പരീക്ഷണങ്ങൾ നടന്നത്. ഹാരിയുടെ മാജിക് സ്കൂളിലെ വിദ്യാർത്ഥികൾ ഉപയോഗിച്ച മാന്ത്രിക വാക്യങ്ങളാണ് ഇവ രണ്ടും. Gillyweed  എന്ന വാക്കിന്റെ മാന്ത്രികതയിൽ ജലത്തിൽ എത്ര നേരം വേണമെങ്കിലും ശ്വാസം ഇല്ലാതെ കഴിയാനാകും. Skele-Gro എന്ന വാക്ക് ഒടിഞ്ഞ എല്ലുകളെ ശരിപ്പെടുത്താൻ കഴിവുള്ളതുമാണ്. 

നാലാമത്തെ റൗളിങ്ങിന്റെ പുസ്തകത്തിൽ ജലത്തിനടിയിലേയ്ക്ക് ശ്വാസമടക്കി പിടിയ്ക്കാനായി ഹാരി ഊളിയിടുമ്പോൾ കഴിക്കുന്നതാണ് Gillyweed .പക്ഷേ ശാസ്ത്രീയമായി ഹാരിയുടെ ശാരീരിക അവസ്ഥയെയും കായൽ ജലത്തിലെ ഓക്സിജൻ അളവിനേയും കണക്കു കൂട്ടി നോക്കുമ്പോൾ അതൊന്നും പൊരുത്തപ്പെടുന്നതായിരുന്നില്ല. ഒരാളുടെ സാധാരണ നിശ്വാസത്തിന്റെ വെലോസിറ്റി ഒരു സെക്കന്റിൽ 1. 30 മീറ്റർ ആയി കണക്കാക്കപ്പെടുന്നു, എന്നാൽ 2. 46 മീറ്റർ വെലോസിറ്റിയിൽ കുതിയ്ക്കുന്ന ജലത്തിന്റെ ശക്തിയ്ക്ക് ഹാരിയ്ക്ക് ശ്വാസം വലിച്ചെടുക്കുക അസാധ്യമാണ്. ഒരുപക്ഷേ മത്സ്യങ്ങളെ പോലെ വായ്‌ തുറന്നു ശ്വാസം അകത്തേയ്ക്കെടുത്തു മത്സ്യങ്ങളുടെ പോലെ ചെകിള വഴി പുറത്തേയ്ക്ക് പോകാൻ കഴിഞ്ഞിരുന്നെങ്കിൽ അത് ശരിയായിരുന്നെനെ എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. 

അടുത്തത് റൗളിങ്ങിന്റെ രണ്ടാമത്തെ പുസ്തകത്തിലെ വാക്കായ Skele-Gro , ആണു. ഈ വാക്കിന്റെ ബലത്തിലാണ് ഹാരിയുടെ ഒടിഞ്ഞ അസ്ഥി 24 മണിക്കൂറിനുള്ളിൽ ശരിയായതെന്നു എഴുതപ്പെട്ടിരിക്കുന്നു. എന്നാൽ ഒരു ദിവസം 90 മടങ്ങ്‌ വേഗതയിൽ ആണെങ്കിൽ പോലും ഒടിഞ്ഞ എല്ലിലെ മജ്ജകൾ വേഗത്തിൽ ഭേദമാകാൻ സാധ്യത ഇല്ലെന്നു ഗവേഷകർ പറയുന്നു. അല്ലെങ്കിൽ അതിനു തക്ക ഊർജ്ജം ശരീരത്തിൽ ആവശ്യമായുണ്ട്. അത്തരം ഒരു ഊർജ്ജ ലഭ്യത ശാസ്ത്രത്തിൽ ഇന്നിപ്പോൾ ഇല്ലാത്ത സ്ഥിതിയ്ക്ക് ഹാരിയ്ക്ക് നൽകിയത് മാജിക്ക് കൊണ്ടുള്ള ഭേദപ്പെടുത്തൽ തന്നെയെന്നു ഗവേഷകർ ഉറപ്പിച്ചു പറയുന്നു. എന്തായാലും ഹാരിയും ഹാരിയുടെ മാന്ത്രിക ലോകവും അങ്ങനെ തന്നെ ദുരൂഹമായി എന്നാൽ കൊതിപ്പിക്കുന്നതായി തുടരുകയേ ഉള്ളൂ എന്ന് കരുതാം.