കെട്ടു കഥകളുടെ ആഴങ്ങളിലെയ്ക്കുള്ള യാത്രകൾ എത്ര നടത്തിയാലും മനുഷ്യർക്ക് മതിയാകില്ല. ചിലപ്പോഴൊക്കെ ഇത്തരം കഥകൾ നാം വിശ്വസിയ്ക്കുകയും അതിലുള്ളവയൊക്കെ സത്യമാണെന്ന രീതിയിൽ ജീവിക്കുകയും ചെയ്യും. ഹാരി പോർട്ടറിന്റെ എഴുത്തുകാരിയായ ജെ കെ റൗളിങ്ങിനു ഇത്തരം നിരവധി അനുഭവങ്ങളുണ്ട്. കഥാപാത്രത്തെ ജീവിതവുമായി ബന്ധപ്പെടുത്തി നിരവധി കത്തുകളാണ് റൗളിംങ്ങിനെ തേടി എത്താറുള്ളത്. ക്യാൻസർ ബാധിച്ച മകൾ വേദന അറിയാതെ ഇരുന്നത് റൗളിംഗ് എഴുതിയ ഹാരിയുടെ മായിക ലോകത്തേയ്ക്ക് സങ്കൽപ്പത്തിൽ നിന്ന് സഞ്ചരിച്ചത് കൊണ്ടാണെന്ന് എഴുതിയ മാതാപിതാക്കൾ വരെയുണ്ട്. ഇത്തവണ റൗളിങ്ങിന്റെ ഒരു ആരാധികയുടെ ആവശ്യം വളരെ നിസ്സാരമാണ്. ഹാരിയുടെ ബുക്കിൽ നിന്നും ഒരു മനോഹരമായ വാക്കാണ് ആരാധികയ്ക്ക് വേണ്ടിയിരുന്നത്.
കെയിറ്റ് തന്റെ ട്വിട്ടർ അക്കൗണ്ടിലാണ് റൗളിങ്ങിനെ പരാമർശിച്ചു ഹാരി പോർട്ടർ എന്ന കൃതി തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് എഴുതിയത്. തന്റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെ കുറിച്ച് കെയ്റ്റ് വിശദീകരിക്കുന്നുണ്ട്. ശാരീരികമായ ഉപദ്രവങ്ങൾ മുതൽ ആത്മഹത്യ ചെയ്യാൻ താൻ 8 തവണ ശ്രമിച്ചത് വരെ കെയ്റ്റ് പറയുന്നുണ്ട്. എന്നാൽ എല്ലായ്പ്പോഴും ജീവിതം അതിന്റെ ദുരന്ത മുഖം കാണിക്കുമ്പോഴൊക്കെ അതിൽ നിന്ന് രക്ഷപെടാൻ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിച്ചത് റൗളിങ്ങിന്റെ ഹാരി പോർട്ടൽ വായനയാണ്. അതിനാൽ ഹാരിയോടുള്ള ഇഷ്ടം ജീവിതത്തോട് ചേർത്ത് വയ്ക്കാനായി “expecto patronum” എന്നാ വാക്ക് തന്റെ ശരീരത്ത് പച്ച കുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് കെയ്റ്റ് എന്ന് അവർ ട്വിറ്ററിൽ കുറിച്ചു. കഥയിലെ അപാര ശക്തിയുള്ള മൃഗ സംരക്ഷകനാണു “expecto patronum”. എന്നാൽ ഈ വാക്ക് എഴുത്തുകാരിയുടെ കൈപ്പടയിൽ ലഭിക്കാനുള്ള ആഗ്രഹമറിയിച്ചാണ് കെയ്റ്റ് അത്തരമൊരു പോസ്റ്റ് ഇട്ടത്.
കെയ്റ്റിനെ അമ്പരപ്പിച്ചു കൊണ്ട് റൗളിംഗ് കെയ്റ്റിനു മറുപടി നല്കുക തന്നെ ചെയ്തു. സ്വയം സംരക്ഷണത്തിനായി ശ്രമിക്കുന്ന കെയ്റ്റിനു ആശംസ പറഞ്ഞതിനൊപ്പം തന്റെ കൈപ്പടയിൽ “expecto patronum” എന്നാ വാക്ക് എഴുതി സ്കാൻ ചെയ്ത് കെയ്റ്റിനു നല്കുകയും ചെയ്തു റൗളിംഗ്. എല്ലാം നന്നായി വരും എന്നും റൗളിംഗ് കെയ്റ്റിനു ആശംസയറിയിച്ചു. റൗളിംങ്ങിന്റെ മറുപടിയിൽ ഏറെ അദ്ഭുതത്തിലും ആനന്ദത്തിലും ആയ കെയ്റ്റ് തന്റെ ശരീരത്ത് “expecto patronum” എന്ന വാക്ക് പച്ച കുത്തിയതോടൊപ്പം റൗളിംഗ് നല്കിയ ചിത്രം സൂക്ഷിച്ചു വയ്ക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം തന്റെ ജീവിതം മാറി മറിഞ്ഞതിനെ കുറിച്ച് കെയ്റ്റ് വളരെ ആഹ്ലാദത്തോടെ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്.