ആമസോണിന്റെ വില്പന ചരിത്രത്തിൽ ആദ്യമായി റെക്കോഡ് കളക്ഷനായി മുന്നേറുകയാണ് ചേതൻ ഭഗത്തിന്റെ ഏറ്റവും പുതിയ നോവൽ "One Indian Girl". പുസ്തകത്തിന്റെ പ്രീപബ്ലിക്കേഷൻ വിൽപ്പന തുടങ്ങി 30 മിനിറ്റിനകം ഇതിന്റെ ബുക്കിങ് ഓർഡർ തറ പറ്റിച്ചത് നിസ്സാരക്കാരെയല്ല, ലോകത്ത് തന്നെ ഏറ്റവുമധികം വിൽപ്പനയുള്ള ഒരു സീരീസിന്റെ ഏറ്റവും പുതിയ ഭാഗത്തെയാണ്. ജെ കെ റൗളിങ്ങിന്റെ ഹാരി പോട്ടർ സീരീസിലെ അവസാന നോവലായ 'Harry Potter and the Cursed Child's' നെയാണ് 'ഒരു ഇന്ത്യൻ പെൺകുട്ടി' തറ പറ്റിച്ചത്.
ചേതൻ ഭഗത്തിന്റെ നോവലുകളെല്ലാം തന്നെ വൻ കളക്ഷൻ ലഭിച്ചവയാണ്. ഏറെ വിവാദമായെങ്കിലും ചേതന്റെ 'ഹാഫ് ഗേൾഫ്രണ്ട്' എന്ന നോവൽ ഒട്ടേറെ വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റുകയും റെക്കോഡ് വിൽപ്പന നേടുകയും ചെയ്തിരുന്നു. ആ കൂട്ടത്തിലേയ്ക്കാണ് ഏറ്റവും പുതിയ നോവലായ ഇന്ത്യൻ പെൺകുട്ടിയും കടന്നു വരുന്നത്. ഒരു പെൺജീവിതത്തെ കുറിച്ചുള്ള ഫെമിനിസ്റ്റ് കാഴ്ചപ്പാടാണ് ഇതിൽ ചേതൻ ഭഗത്ത് ഉപയോഗിച്ചിരിക്കുന്നത്. ഒരു സ്ത്രീയുടെ കാഴ്ച്ചപ്പാടിൽ, നിഗൂഡമാക്കപ്പെട്ട അവളുടെ ചിന്തകളിൽ നിന്ന് കൊണ്ടാണ് താൻ ഈ നോവൽ എഴുതാൻ ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു.
നിങ്ങൾക്ക് എന്നെ ഏറെയൊന്നും ഇഷ്ടമാവില്ല എന്ന ആമുഖത്തോടെയാണ് ഈ നോവലിലെ കഥാപാത്രമായ രാധിക മേത്ത സംസാരിക്കുന്നത്. താൻ സ്വന്തമായി സമ്പാദിക്കുന്നവളാണെന്നും, എല്ലാ വിഷയങ്ങളിലും തനിക്ക് സ്വന്തം അഭിപ്രായം ഉണ്ടെന്നും താൻ ഇതിനു മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും രാധിക വായനക്കാരോട് തുറന്നു പറയുന്നു. ഇതൊക്കെ ഒരു പുരുഷനാണ് ചെയ്തതെങ്കിൽ ഒരുപക്ഷെ വായനക്കാർ പൊറുത്തേനേ, എന്നാൽ സ്ത്രീ ആയതിനാൽ അത്രയ്ക്കൊന്നും താൻ വായനക്കാരുടെ ഇഷ്ടകഥാപാത്രമാകില്ലെന്നും രാധിക തിരിച്ചറിയുന്നുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ സ്ത്രീ വിരുദ്ധമായ ആശയങ്ങൾക്ക് നേരെയും കപട സദാചാര മൂല്യങ്ങൾക്ക് നേരെയും ചേതൻ ഭഗത്ത് എഴുതിചേർത്ത ശക്തമായ കഥാപാത്രമാണ് ഈ നോവലിലെ രാധിക മേത്ത.
ലോകം ആണിനും പെണ്ണിനും തുല്യമായ അവകാശം നൽകുന്നു, അതിനാൽ തന്നെയാണ് ഒരു സ്ത്രീയുടെ കാഴ്ചപ്പാടുകൾ എഴുതാൻ താല്പര്യപ്പെട്ടതെന്ന് ചേതൻ ഭഗത് നോവലിനെ കുറിച്ച് പറയുന്നു. എന്നാൽ പലപ്പോഴും പലരും സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരല്ല. എന്നാൽ ഒരു സ്ത്രീയെ ഫസ്റ്റ്പേഴ്‌സൺ ആയി എഴുതുമ്പോൾ താൻ ഏറ്റെടുത്ത വെല്ലുവിളിയെ കുറിച്ച് ബോധവാനായിരുന്നുവെന്നു എഴുത്തുകാരൻ പറയുന്നു. നോവലിനെ കുറിച്ചുള്ള ടീസറും ഈയടുത്ത് ഇറങ്ങിയിരുന്നു.
അഞ്ചു നോവലും രണ്ടു നോൺ ഫിക്ഷൻ എഴുത്തുമുൾപ്പെടെ ഏഴുപുസ്തകങ്ങളുടെ ഒടുവിൽ ചേതൻ ഭഗത്തിന്റെ എട്ടാമത്തെ നോവലാണ് "ദി ഇന്ത്യൻ ഗേൾ". ആമസോണിന്റെ വിപണി വിഭാഗത്തിൽ കമ്പനി തുടങ്ങി കഴിഞ്ഞ ശേഷം ആദ്യമായാണ് ഒരു പുസ്തകത്തിന് ഇത്രയധികം ബുക്കിങ് ഓർഡർ ലഭിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ആമസോണിന്റെയും രൂപ പ്രസാധകരുടെയും നേതൃത്വത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതലാണ് പുസ്തകത്തിന്റെ പ്രി- ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയത്. ആദ്യത്തെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ വിൽപ്പന റെക്കോഡ് കടന്നു എന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നു.