എഴുത്തുകാരേ... നിങ്ങൾ ചെയ്യേണ്ടത്...

പെരുമാൾ മുരുഗൻ, കലബുർഗി, ജിംഷാർ, നഹീദ് ഹത്താർ.. ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഇരകളാകുന്ന എഴുത്തുകാരുടെ നിര നീളുന്ന ഒരു കാലഘട്ടത്തിലാണ് നാമിന്നു ജീവിക്കുന്നത്.

ആവിഷ്കാരസ്വാതന്ത്ര്യങ്ങൾക്കു നേരെ വാളുകളുയരുമ്പോൾ വീണ്ടും ഇരകൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കൽബുർഗി മുതലുള്ളവരുടെ, അതിനും മുൻപ് ഫ്രാൻസിലുണ്ടായ ആക്രമണങ്ങളുടെ ഒക്കെ നിരയിലേക്ക് ഒരാൾകൂടി, ജോർദ്ദാൻ എഴുത്തുകാരൻ നഹീദ് ഹത്താര്‍. എന്താണ് ലോകസമൂഹത്തിനു സംഭവിച്ചു കൊണ്ടിരിക്കുന്നത്? ചർച്ചകൾ നടത്താനുള്ള സ്വാതന്ത്ര്യമോ സമയമോ പോലും നൽകാതെ ഒരു ജീവന് നീതി നിഷേധിക്കുന്ന ഫാസിസത്തിന്റെ വെയിൽക്കയ്യുകൾ എഴുത്തുകാർക്ക് നേരെയും കലാകാരന്മാർക്ക് നേരെയും നീണ്ടു തുടങ്ങിയിട്ട് ഏറെ കാലമായില്ല.       

മതവും വിശ്വാസവും ഉള്ള വ്യക്തികൾ എന്നതിന്റെ അർത്ഥം മറ്റൊരു വിശ്വാസത്തെയോ ആദർശത്തെയോ സ്വീകരിക്കാതെയിരിക്കുക, അല്ലെങ്കിൽ മറ്റൊരു ആശയത്തേയും ചർച്ചയ്ക്ക് എടുക്കാതെയിരിക്കുക എന്നതുമാത്രമായിപ്പോകുന്ന ലോകത്താണ് ജീവിക്കുന്നതെന്നത് ഭീതിദമാണ്.

വിശ്വാസങ്ങളെ എതിർക്കുന്നവർക്കുള്ള അതിക്രൂരമായ ശിക്ഷാവിധികൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നത് സത്യം തന്നെ. ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞ ഗലീലിയോയെ മതം ശിക്ഷിച്ചതെങ്ങനെയാണെന്നത് ചരിത്രത്തിൽ എഴുതിവയ്ക്കപ്പെട്ടിട്ടുണ്ട്. പൊതുവെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ സാർവ്വലൗകികമായ ഒരു ആശയസംവേദനം എപ്പോഴും സ്വീകരിച്ചിരുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യ വ്യത്യസ്തയായിരുന്നു. എന്നാൽ എം എഫ് ഹുസൈനിനുണ്ടായ അനുഭവങ്ങളിലൂടെ അത്തരം നിഷ്പക്ഷതയെയും നാം തകർത്തെറിഞ്ഞു. ദൈവങ്ങളുടെ ചിത്രങ്ങൾ അശ്ലീലവത്കരിക്കാനുള്ള അവകാശം നാമാർക്കും കൊടുത്തിട്ടില്ലല്ലോ എന്ന ന്യായീകരണത്തിൽ പക്ഷെ ഭാഗ്യം കലാകാരന് ജീവൻ നഷ്ടമായില്ല. എന്നാൽ കൽബുർഗിക്ക് അതും നഷ്ടമായി. ഒരു പ്രത്യേക മതവിഭാഗത്തെ നിന്ദിക്കുന്ന തരത്തിലുള്ള എഴുത്തുകൾ എഴുതിയെന്ന ആരോപണത്തിലാണ് കൽബുർഗി വെടിയേറ്റ് മരിക്കുന്നത്. 

ഒരു പ്രത്യേക മതവിഭാഗത്തെ നിന്ദിക്കുന്ന തരത്തിലുള്ള എഴുത്തുകൾ എഴുതിയെന്ന ആരോപണത്തിലാണ് കൽബുർഗി വെടിയേറ്റ് മരിക്കുന്നത്. 

പെരുമാൾ മുരുഗൻ എഴുത്തു നിർത്തി എന്ന് പ്രഖ്യാപിക്കുന്നതും വ്യത്യസ്തമായ ഒരു വൈകാരികതയിൽ നിന്നുകൊണ്ടായിരുന്നില്ല. യുവ എഴുത്തുകാരൻ ജിംഷാർ നേരിട്ടതും ഇതിൽ നിന്ന് വ്യത്യസ്തമല്ല. ജീവൻ പക്ഷെ നഷ്ടപ്പെട്ടില്ല എന്നതിന്റെ അർത്ഥം ആവിഷ്കാരസ്വാതന്ത്ര്യം എന്ന എഴുത്തുകാരന്റെ ജീവനെ നശിപ്പിക്കാം എന്നാണോ? ഇതിനോട് ചേർത്ത് വായിക്കാവുന്ന മറ്റൊരു വലിയ ആക്രമണ പരമ്പര നടന്നത് ഫ്രാൻസിലാണ്. ഷാർലി എബ്ദോ എന്ന പത്രത്തിൽ അച്ചടിച്ച് വന്ന പ്രവാചകന്റെ കാർട്ടൂണിനെ ചൊല്ലി കഴിഞ്ഞ വർഷം നടത്തിയ വെടിവയ്പ്പിൽ പന്ത്രണ്ടോളം നിരപരാധികളുടെ ജീവനാണ് പൊലിഞ്ഞത്. അക്രമികൾ കാറിൽ കയറി രക്ഷപെടുകയും ചെയ്തു. സമാനമായ കുറ്റമാണ് നഹീദിനു നേരെയും ആരോപിക്കപ്പെട്ടത്. സ്ത്രീയോടൊപ്പം സ്വര്‍ഗത്തിലെ മെത്തയില്‍ കിടന്ന് പുകവലിക്കുന്ന മനുഷ്യന്‍ ദൈവത്തോട് വൈനും അണ്ടിപ്പരിപ്പും കൊണ്ടുവരാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ ചിത്രീകരിച്ച കാര്‍ട്ടൂണ്‍ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തു എന്നതാണ് നഹീദിനു നേരെയുള്ള ആരോപണം. പ്രസ്തുത കാർട്ടൂൺ ആര് വരച്ചു എന്നത് അവിടെ വിഷയമായതേയില്ല. 

വിശ്വാസികൾക്ക് തന്റെ പോസ്റ്റ് ബുദ്ധിമുട്ടായെന്നു മനസിലായപ്പോൾ ക്ഷമാപണത്തോടെ ഫെയ്ബുക്ക് പോസ്റ്റ് നഹീദ് ഡിലീറ്റ് ചെയ്‌തെങ്കിലും ഇദ്ദേഹത്തിനെതിരെ മതനിന്ദ ആരോപിച്ച് കേസ് ചാർത്തപ്പെട്ടിരുന്നു. വിചാരണയ്ക്ക് കോടതിയിലെത്തിയപ്പോഴാണ് എഴുത്തുകാരന് നേരെ വെടിയുണ്ടകൾ പാഞ്ഞു വന്നതും ജീവനെടുത്തതും. മാപ്പു പറഞ്ഞിട്ട് പോലും ക്ഷമിക്കാനാകാത്ത ക്രൂരത.

മതവും വിശ്വാസവും ഉള്ള വ്യക്തികൾ എന്നതിന്റെ അർത്ഥം മറ്റൊരു വിശ്വാസത്തെയോ ആദർശത്തെയോ സ്വീകരിക്കാതെയിരിക്കുക, അല്ലെങ്കിൽ മറ്റൊരു ആശയത്തേയും ചർച്ചയ്ക്ക് എടുക്കാതെയിരിക്കുക എന്നതുമാത്രമായിപ്പോകുന്ന ലോകത്താണ് ജീവിക്കുന്നതെന്നത് ഭീതിദമാണ്. ആക്ഷേപഹാസ്യവും പരിഹസിക്കുന്ന കാർട്ടൂണുകളും ലോകജനശ്രദ്ധയാകർഷിച്ചത് അടുത്ത കാലത്തൊന്നുമല്ല, നൂറ്റാണ്ടുകളുടെ പാരമ്പര്യം ഇതിനുണ്ട്. പ്രശസ്തരായിരുന്ന പല എഴുത്തുകാരും ഇത്തരുണത്തിൽ മതത്തെയും ലോകത്തെയും ഹാസ്യാത്മകമായ വിമർശനങ്ങളിലൂടെ എല്ലായ്പ്പോഴും മാറ്റുവാൻ ശ്രമിച്ചുകൊണ്ടേയിരുന്നിട്ടുണ്ട്. മാറ്റം അനിവാര്യമല്ലെങ്കിൽ കൂടി അവ ചർച്ച ചെയ്യപ്പെടുക എന്ന ഇടം ഒരുക്കാൻ പക്ഷെ പലപ്പോഴും വിശ്വാസികൾ മറന്നുപോകുന്നു എന്നു വരുമ്പോഴാണ് അപകടം. 

പെരുമാൾ മുരുഗൻ എഴുത്തു നിർത്തി എന്ന് പ്രഖ്യാപിക്കുന്നതും വ്യത്യസ്തമായ ഒരു വൈകാരികതയിൽ നിന്നുകൊണ്ടായിരുന്നില്ല.

കല-സാഹിത്യം എന്നത് കാലത്തെ കുറിക്കുന്നത് മാത്രമല്ല, പലർക്കും പലതാണ് അതുകൊണ്ടു ലഭ്യമാകുന്നത്. ഒരിക്കലും മറ്റൊരാളെ നിന്ദിക്കാനുള്ള ആശയവിനിമയ മാധ്യമമല്ല കലയും സാഹിത്യവും ഒന്നും എന്നിരിക്കിലും മനസ്സിൽ തോന്നുന്ന വൈകാരികതകളെ പുറത്തേയ്ക്കു പകർത്തുവാൻ കിട്ടുന്ന ഇടങ്ങളെ സമർത്ഥമായി ഉപയോഗിക്കാൻ അവർ പഠിച്ചിരിക്കുന്നു. അല്ലാതെ നിവൃത്തിയുമില്ല, കാരണം അവരുടെ ആശയസംവേദനം അങ്ങനെയാണ്. ഇതിൽ സ്വയം അത്തരത്തിൽ എഴുതിയും വരച്ചും അപകടങ്ങൾ ക്ഷണിച്ചു വാങ്ങിയ കൽബുർഗിയെ പോലെയുള്ളവരെ വിട്ടാലും കഴിഞ്ഞ വർഷം കൊല്ലപ്പെട്ട നിരപരാധികളും മാപ്പു പറഞ്ഞിട്ടും ജീവൻ ബലി കൊടുക്കേണ്ടി വന്ന നഹീദ് ഹത്താറുമൊക്കെ എന്തിന്റെ ഇരകളാണ്? ലോകം ഒന്നാകെ പിടിമുറുക്കുന്നു അതിക്രൂരമായ ഫാസിസത്തിന്റെ ഇരകൾ തന്നെയാണവർ. എതിർപ്പിന്റെ സ്വരമുയരുമ്പോൾ അവയെ വേരുൾപ്പെടെ നശിപ്പിച്ച് ചർച്ചയ്ക്കുള്ള സാധ്യതകൾ പോലും ഇല്ലാതാക്കി എതിർപ്പുകളെ തച്ചു തകർക്കുന്ന ഫാസിസ്റ്റു സ്വരം ഇനിയും വർദ്ധിക്കാൻ തന്നെയാണ് സാധ്യതകളും.

അതുകൊണ്ട് പ്രിയപ്പെട്ട എഴുത്തുകാരെ, കലാകാരന്മാരെ... ജീവൻ വേണമെങ്കിൽ നിങ്ങൾ മതങ്ങളെ വെറുതെ വിടുക. ദൈവങ്ങളല്ല അപകടകാരികൾ അവരെ വളർത്തുന്ന മനുഷ്യരാകുന്നു. വളരാൻ ദൈവത്തിനു താല്പര്യമില്ലെങ്കിലും വിശ്വാസം വർദ്ധിപ്പിക്കേണ്ടത് എന്തിനാണെന്ന ലക്‌ഷ്യം കൃത്യമല്ലെങ്കിലും അത് വർദ്ധിപ്പിക്കണം എന്നത് അടിസ്ഥാനമാകുന്നു... അതുകൊണ്ട് ഇനിയെങ്കിലും ജീവനെ ഭയക്കുന്നുവെങ്കിൽ മതങ്ങളെ വെറുതെ വിടുക... ചിന്തകളെ കുരിശിൽ തറയ്ക്കുക...ചത്തത് പോലെ ജീവിച്ചിരിക്കുക... ലോകം ഫാസിസ്റ്റുകളുടെ കീഴിലമരാൻ പോകുന്നത് നോക്കി ഏറ്റവും നിസ്സഹായരായി നിലവിളിക്കുക...