Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തകർത്തെറിയൂ എന്റെയീ ഹൃദയം...

john-dunne മനസ്സിനെ വലിച്ചടുപ്പിയ്ക്കുന്ന കാവ്യ വരികളാണ് ജോൺ ഡൺ എന്ന ആംഗലേയ കവിയുടെ കവിതകളുടെ പ്രത്യേകത.

ഈശ്വരനുമായുള്ള കൂടി ചേരലിൽ ഇത്ര ആർദ്രമായ വരികളിൽ ഹൃദയം ഉടക്കിയിട്ടേയില്ല. 

"Batter my heart, three-person'd God; for you "

എന്റെ ഹൃദയത്തെ തച്ചുടയ്ക്കൂ....  ദൈവങ്ങളോടുള്ള ഏറ്റവും ഹൃദ്യം തുറന്ന അപേക്ഷ ഇങ്ങനെയല്ലാതെ എങ്ങനെയാണു വേണ്ടത്? ഏറ്റവും മനോഹരമായി പുനർ നിർമ്മിക്കേണ്ടവ ഇപ്പോഴും ആഴത്തിലുള്ള പീഡകൾക്ക് വിധേയരാകുന്നു. സ്വർണത്തെ ആലയിലിട്ടു ഊതി ഊതി ഉരുക്കി തിളങ്ങുന്ന സ്വർണമാക്കുന്നത്‌ പോലെ പാപപങ്കിലമായ ഹൃദയത്തെ തകർത്തെറിഞ്ഞു അതിലേക്ക് വിശുദ്ധിയുടെ സ്വർണത്തെ നിറയ്ക്കുക നീ ദൈവമേ...

ജോൺ ഡൺ എന്ന ആംഗലേയ കവിയുടെ കവിതകളുടെ നിർമ്മാണം എല്ലായ്പ്പോഴും  ഇത്തരത്തിൽ തന്നെയായിരുന്നു. മനസ്സിനെ വലിച്ചടുപ്പിയ്ക്കുന്ന കാവ്യ വഴികൾ. "Batter my heart" എന്ന കവിതയിലെ അവസ്ഥയും വ്യത്യസ്തമല്ല. ഒരിക്കലെങ്കിലും ഈശ്വരനോട് അവനവനിലെ നന്മകളെ കുറിച്ച് അപേക്ഷിക്കാത്തവൻ ഉണ്ടാകുമോ എന്ന ചോദ്യം ഇവിടെ പ്രസക്തമാകുന്നുണ്ട്. പ്രേമത്തിൻറെ ഏറ്റവും അഗാധതയിൽ മാത്രം സംഭാവിക്കപ്പെടുന്ന ശുദ്ധീകരണമാണ് ഇവിടെ എഴുത്തുകാരൻ ആവശ്യപ്പെടുന്നത്. 

poem

"Your force, to break, blow, burn, and make me new ". നിരന്തരം മാറ്റങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ് മനുഷ്യഹൃദയം. അത് നന്മയിലേക്കുള്ള വഴിയാകണോ തിന്മയിലേക്കുള്ള  വഴികാട്ടൽ ആകണമോ എന്നൊക്കെ തീരുമാനിക്കുക അവനവന്റെ മാനസിക ചിന്തകൾ തന്നെയാണ്. തിന്മകളുടെ അറ്റം കണ്ടവന് നന്മകളുടെ വഴികളിലൂടെ സഞ്ചരിയ്ക്കാൻ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. ഒരുപക്ഷെ സഞ്ചാരത്തിനുള്ള മോഹം ഉണ്ടെങ്കിൽ പോലും അരുതാത്തവകളുടെ പ്രചോദനം കൂടുതൽ കൂടുതൽ അരുതായ്കകളിലേക്ക് വഴികാട്ടി കൊണ്ടുമിരിക്കും. പിന്നീട് ഒന്നേ ചെയ്യാനുള്ളൂ, മുഴുവൻ തകർത്തെറിഞ്ഞിട്ടു പുതിയ ഒന്നിനെ സൃഷ്ടിച്ചെടുക്കുക. അപാരമായ ആത്മശക്തിയുടെ പ്രഭാവം കൊണ്ട് സ്വയം ജ്വലിച്ചു, എരിഞ്ഞൊടുങ്ങി അതിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഏറ്റവും പുതിയ ഒരുവൻ ഉയിർത്തെഴുന്നെൽക്കുമ്പോൾ അവനിൽ നന്മയുടെ വഴികൾ മാത്രം രേഖപ്പെടുതിയിട്ടുണ്ടാവുക... എന്തൊരു അതിശയമായിരിക്കാം അത്... ചിന്തകൾക്ക് പോലും പ്രകാശത്തിന്റെ സന്തോഷം. 

"Take me to you, imprison me, for I,

Except you enthrall me, never shall be free,

Nor ever chaste, except you ravish me ".

പ്രേമത്തിൻറെ ഏറ്റവും ഉന്മാദഛായയിൽ പ്രണയികൾ പരസ്പരം പറയുന്നു,

"എന്നെ നിന്നിലേയ്ക്ക് വലിച്ചെടുക്കുക,

നിന്നിലെ തടവുകാരനാക്കുക..

നീ നിന്നിലെയ്ക്കെന്നെ അടുപ്പിച്ചു നിർത്തുക,

ഒരിക്കലും മോചനം നല്കാതെ...

നീയാൽ ഇല്ലാതാക്കപ്പെടുമ്പോൾ മാത്രം 

എന്റെ ഭ്രാന്തുകൾ അവസാനിയ്ക്കട്ടെ"

ഇതിലും മനോഹരമായി ഒരാൾക്ക് മറ്റൊരാളിലേക്ക് ചേക്കേറാനാവില്ല. ഒന്നായി നുണഞ്ഞിറങ്ങാനാകില്ല, ഒന്നായി തുഴയാൻ ആകില്ല. പ്രണയം ഈശ്വരനോടാകുമ്പോഴോ അതേറ്റവും പരിശുദ്ധമായി തീരുകയും ചെയ്യുന്നു. അത് തന്നെയാണ് എഴുത്തുകാരനും മോഹിക്കുന്നത്. മറ്റൊന്നിലേക്ക് തൻറെ ലക്ഷ്യത്തെ ഒടുക്കാതെ കൃത്യമായ ഒരു ബിന്ദുവിലേയ്ക്ക് അതിനെ ചേർത്ത് വച്ച് അതിലേയ്ക്ക് വിലയിക്കുക തന്നെയാണു അയാൾ. 

കവിയല്ല ഇവിടെ പ്രധാനം കവിത തന്നെയാണു. അല്ലെങ്കിലും ചില കവിതകൾക്ക് മുന്നിൽ കവിയുടെ പേരിന്റെ അക്ഷരത്തിനു തിളക്കം നഷ്ടപ്പെടുന്നു . അയാൾ വെറും കവി മാത്രമാകുന്നു. ജോൺ ഡൺ എന്ന വ്യക്തിയെ ഓർക്കേണ്ടതില്ല, എതോ നാട്ടിലെ എതോ ഗ്രാമത്തിൽ കവിതകളിൽ ഭ്രാന്തു തോന്നിയവൻ. പക്ഷേ തച്ചുടയ്ക്കപ്പെട്ട അനേകം ഹൃദയങ്ങളിൽ സ്വന്തം ഹൃദയം തിരയുന്നവരേ ഇത് നിങ്ങൾക്ക് ഓരോരുത്തർക്കുമാണ്. തകർന്നു വീണ ചുവന്ന ഹൃദയങ്ങളിൽ നിന്ന് നന്മയാൽ ഉയർത്തപ്പെട്ട മിടിപ്പുകൾ കാത്തിരിപ്പുണ്ട്, അവയെ നെഞ്ചേറ്റിക്കൊള്ളൂ, ഇത് കവിയുടെ കൽപ്പനയാണ്, കവി എന്നാൽ ഈശ്വരൻ തന്നെയാണല്ലോ.