'ആ പുസ്തകം എന്നെ സ്പർശിച്ചു; അപ്പുവിനെയും'

വിയറ്റ്നാമിൽ നിന്നുള്ള സെൻ ബുദ്ധസന്യാസിയായ തിച്ച് നാഥ് ഹാൻ എഴുതിയ 'At home in the world' എന്ന പുസ്തകത്തെക്കുറിച്ചാണ് മോഹൻലാലിന്റെ പുതിയ ബ്ലോഗ്. ജീവിതത്തോടുള്ള അതിന്റെ സമീപനം കൊണ്ട് ഈ പുസ്തകം തന്നെ ഏറെ ആകർഷിച്ചു എന്നും ജീവിതത്തെ പ്രസാദാത്മകമായി കാണാനും ചെയ്യുന്ന എല്ലാ ജോലികളെയും ഉൾക്കൊണ്ടു ചെയ്യാനും അത് പഠിപ്പിക്കുന്നു എന്നും മോഹൻലാൽ പറയുന്നു.

ബ്ലോഗിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്...

ഒരുമാസം ദീർഘിച്ച യാത്രകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഒരു പുസ്തകം എന്നെ തേടി വന്നു. കേട്ടിട്ടുണ്ടെങ്കിലും ഞാൻ ഇതുവരെ വായിച്ചിട്ടില്ലാത്ത ഒരു സെൻ ബുദ്ധസന്യാസിയുടെ പുസ്തകമായിരുന്നു അത്. കൊച്ചു കൊച്ചു അനുഭവങ്ങളുടെ മനോഹരമായ അവതരണം. വിയറ്റ്നാമിൽ നിന്നുള്ള സെൻ ബുദ്ധസന്യാസിയായ തിച്ച് നാഥ് ഹാൻ എഴുതിയ 'At home in the world' എന്ന പുസ്തകമായിരുന്നു അത്. അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകം എന്റെ കയ്യിലുണ്ട്. 'Old path white clouds'... എന്റെ മകൻ അപ്പു അത് വായിക്കുന്നത് കണ്ട് ഞാൻ സന്തോഷിച്ചിട്ടുണ്ട്. ബുദ്ധന്റെ ജീവിതമാണ് അത്. അദ്ദേഹം ഏതാണ്ട് നൂറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

തൊണ്ണൂറു വയസ്സുള്ള തിച്ച് നാഥ് ഹാൻ ഇപ്പോൾ ഫ്രാൻസിലുള്ള അദ്ദേഹത്തിന്റെ ആശ്രമമായ പ്ലംവില്ലേജിൽ ശാന്തനായി കഴിയുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ എല്ലാ കഷ്ടതകളും അദ്ദേഹം സഹിച്ചു. നാൽപതു വർഷം നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. എവിടെയും ഇല്ലാതെ എവിടത്തെയും പൗരനല്ലാതെ ലോകം മുഴുവൻ നടന്നു. യുദ്ധത്തിന്റെ ദുരിതത്തിലകപ്പെട്ടവർക്ക് ഏറെ സഹായങ്ങൾ ചെയ്തു. ജീവിതത്തെ ഏറ്റവും പ്രസാദാത്മകമായി കാണാനും ചെയ്യുന്ന എല്ലാ ജോലികളെയും ഉൾക്കൊണ്ടു കൊണ്ട് ചെയ്യാനും അദ്ദേഹത്തിന്റെ ജീവിതം
പഠിപ്പിക്കുന്നു.

ഈ പുസ്തകത്തിൽ ഇങ്ങനെയൊരു അനുഭവക്കുറിപ്പുണ്ട്. ഫിലാഡൽഫിയയിൽ വെച്ച് ഒരു പത്രറിപ്പോർട്ടർ ഹാനോട് ചോദിക്കുന്നുണ്ട്: താങ്കൾ തെക്കൻ വിയറ്റ്നാമിൽ നിന്നാണോ അതോ വടക്കൻ വിയറ്റ്നാമിൽ നിന്നാണോ എന്ന്?

വടക്കു നിന്നാണെങ്കിൽ അമേരിക്കൻ വിരുദ്ധനായ കമ്യൂണിസ്ററ് ആയിരിക്കും , തെക്കു നിന്നാണെങ്കിൽ കമ്യൂണിസ്ററ് വിരുദ്ധനും. അതിനു അദ്ദേഹത്തിന്റെ ഉത്തരം ഇങ്ങനെയായിരുന്നു. "I am from the centre." താനൊരു മധ്യമ മനുഷ്യനാണ് എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇതും എന്നെ ഏറെ സ്പർശിച്ചു.
പരിശീലിച്ചാൽ ആർക്കും ബുദ്ധനാകാം എന്ന് ഈ ഭിക്ഷു പറയുന്നു. ബുദ്ധാവസ്ഥയിലേക്ക് ഉയരണമെങ്കിൽ നിങ്ങൾ മധ്യമപാതയിൽ നിൽക്കണം. അപ്പോൾ ജീവിതത്തിന്റെ ആനന്ദം നാം തിരിച്ചറിയുന്നു. മുൻവിധികളില്ലാതെ അഭിപ്രായം പറയാൻ സാധിക്കുന്നു. ഈ ബുദ്ധഭിക്ഷുവിന്റെ പാതയിലൂടെ തനിക്ക് ഏറെ സഞ്ചരിക്കാനുണ്ടെന്നു പറഞ്ഞാണ് മോഹൻലാൽ ബ്ലോഗ് ഉപസംഹരിക്കുന്നത്.

ബ്ലോഗിന്റെ പൂർണരൂപം വായിക്കാം