കർക്കിടകത്തിലെ വായന...

ഇതിഹാസ വായനകൾ ആവശ്യങ്ങൾ ആകുന്നത് അതിനെ വിശ്വാസവുമായി ചേർത്തു വയ്ക്കുമ്പോൾ മാത്രമല്ല. എക്കാലത്തെയും എഴുത്തുകൾക്കുള്ള , വായനകൾക്കുള്ള 'ഫില്ലിങ്ങുകൾ' അതിലുള്ളത് കൊണ്ടുതന്നെയാണ്.

കർക്കിടകം വായനയുടെ കാലമാകുന്നത് നമ്മുടെ നാട്ടിലാണ്. വായന പഠിക്കാത്ത മുത്തശ്ശിയ്ക്കു വരെ രാമായണ കഥ കേൾക്കണം. അതും കുറച്ചു കനമുള്ള ശബ്ദത്തിൽ തെല്ലു ഈണത്തിൽ ഉറക്കെ ചൊല്ലിക്കൊടുത്താൽ  മനസ്സു മറ്റെവിടെയോ തളർത്തിയിട്ടു കണ്ണടച്ചു ഇരിക്കുന്നത് കാണാം. അത്രയ്ക്കിഷ്ടമാണ് രാമായണത്തിന്റെ ശീലുകൾ. കർക്കിടകമാസത്തെ വായനാമാസമെന്നാണ് വിളിക്കാറ്. പഴമക്കാരുടെ വായനാ മാസം. ഇന്നിന്റെ കാലത്തു വായനയുടെ അർത്ഥവും വ്യാകരണവും രീതികളും ഒക്കെ മാറിയെങ്കിലും ഒരു കാലത്തു വായന എന്നാൽ വായനശാലകളിലെ ഇത്തിരി പുസ്തകങ്ങൾ വരുന്നതിനും മുൻപ് ഇതിഹാസങ്ങളുടെ വായന മാത്രമായ ഒരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ചു വീട്ടിലെ സ്ത്രീകൾക്ക് വായിക്കാൻ ഏറ്റവും ഇഷ്ടവും വായന സാധ്യമാക്കുന്നതും രാമായണവും മഹാഭാഗവതവും പോലെയുള്ള പുസ്തകങ്ങൾ തന്നെയായിരുന്നു. വായനയോടുള്ള ഇഷ്ടവും അതിലുണ്ട്, ഒപ്പം ഭക്തിയോടുള്ള സ്നേഹവും അതിലുണ്ട്.

ഭക്തി എന്ന നിലയ്ക്കും ഭക്തിയിലിരുന്നല്ലാതെയും വായിക്കാവുന്ന പുസ്തകങ്ങളാണ് ഇതിഹാസങ്ങൾ. ഒരു കഥയോട് ചേർന്നു ഉപകഥകളും അവയിലുള്ള മാതൃകാ കഥകളും വായിക്കുവാൻ ഒരുകാലത്തു ആളുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മറ്റു വായനകൾ ലഭിക്കാനുള്ള ബുദ്ധിമുട്ട്, സ്ത്രീകൾക്ക് പരസ്യവായന അത്ര എളുപ്പമല്ലാതെ ഇരുന്ന സാമൂഹിക അന്തരീക്ഷം അങ്ങനെ കാരണങ്ങൾ പലതുമുണ്ടെങ്കിലും വിശ്വാസത്തിൽ നിന്നു കൊണ്ടുള്ള വായന തന്നെയാണ് കർക്കിടകം വായനയെ പ്രോത്സാഹിപ്പിച്ചത് എന്നുപറയാം.

രാമന്റെയും സീതയുടെയും കഥകളിൽ എല്ലാമുണ്ട്. ഒരു ജീവിതം എങ്ങനെ വേണം, എത്തരത്തിൽ പാടില്ല, ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നത് ചർച്ചയാക്കപ്പെടുന്നു, എങ്ങനെ ധാർമ്മികമായി ജീവിക്കണം എന്നു തുടങ്ങിയ ഉത്തരങ്ങൾ എന്നിവ നിരന്തരമായി സംസാര വിഷയമാക്കപ്പെടുന്നു. ആധുനിക നിലപാടുകൾ ഒട്ടേറെ വ്യത്യാസപ്പെട്ടെങ്കിലും വായനയുടെ നിലപാട് മാറുന്നതേയില്ല.

ഓരോ കർക്കിടകവും പടി കടന്നെത്തുമ്പോൾ ആചാരങ്ങളുടെ വിളക്കുകൾ കത്തിച്ചു വച്ചു അവയ്ക്കു മുന്നിലിരുന്നു നാം ഉച്ചത്തിൽ ചൊല്ലുന്നു.

വിശ്വാസത്തിന്റെ നിലനിൽപ്പ് പോലും ഇത്തരം വായനയിലാണോ എന്ന നിലയ്ക്ക് ഓരോ കർക്കിടകവും പടി കടന്നെത്തുമ്പോൾ ആചാരങ്ങളുടെ വിളക്കുകൾ കത്തിച്ചുവച്ചു അവയ്ക്കു മുന്നിലിരുന്നു നാം ഉച്ചത്തിൽ ചൊല്ലുന്നു, ശാരിക പൈതലിനോട് കഥ പറയാൻ ആവശ്യപ്പെടുന്നു.

എഴുത്തുകാരിൽ ഏറ്റവും അധികം വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു വിഭാഗമാണ് കിളിപ്പാട്ടുകൾ. കിളി പറഞ്ഞ കഥയെ തൂലിക കൊണ്ടു പകർത്തി വയ്ക്കുമ്പോൾ എഴുത്തച്ഛൻ മുന്നോട്ടുവച്ചത് ഒരു വിപ്ലവം കൂടിയായിരുന്നു. വായനയുടെയും എഴുത്തിന്റെയും ലോകത്തെ ഒരു വിപ്ലവകരമായ മാറ്റം. കഥ പറച്ചിലുകാരൻ മറ്റൊരാളായി ഇരിക്കുകയും എഴുത്തുകാരനും വായനക്കാരനും വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യുക എന്നത് ഇന്നത്തെ കാലത്തു അത്ര പുതുമയല്ല, പക്ഷെ അത്തരം മാറ്റങ്ങളെ ധൈര്യത്തോടെ ഇതിഹാസങ്ങളിൽ വഴി തന്നെ കൊണ്ടുവന്നതിനുള്ള ക്രെഡിറ് മലയാള ഭാഷയുടെ പിതാവിന് അവകാശപ്പെട്ടതാണ്. 

ഇതിഹാസ വായനകൾ ആവശ്യങ്ങൾ ആകുന്നത് അതിനെ വിശ്വാസവുമായി ചേർത്തു വയ്ക്കുമ്പോൾ മാത്രമല്ല. എക്കാലത്തെയും എഴുത്തുകൾക്കുള്ള , വായനകൾക്കുള്ള 'ഫില്ലിങ്ങുകൾ' അതിലുള്ളത് കൊണ്ടു തന്നെയാണ്. അതുകൊണ്ടു കർക്കിടകവും രാമായണം വായനയും പുതുതലമുറയ്ക്കും ഒഴിവാക്കേണ്ടതല്ല. വായന കർക്കിടകത്തിൽ ആയിരിക്കണമെന്നില്ല എന്നത് വിശ്വാസത്തിൽ ഊന്നി നിൽക്കുമ്പോൾ കർക്കിടകത്തിന്റെ മറ്റു സവിശേഷതകൾ കൂടിനോക്കുമ്പോൾ മഴക്കാലത്തിന്റെ ശാരീരിക നിരായുധീകരണത്തിനൊപ്പം, പഞ്ഞമാസത്തിലെ ദാരിദ്ര്യത്തിന്റെ ആളിക്കത്തലുകൾക്കൊപ്പം നിശബ്ദമായി ഇരിക്കുന്നതിന്റെ വരാന്തയിലേക്കാണ് വായനയുടെ താളം ചേരുന്നത്. അതിൽ വിശ്വാത്തിന്റെ കൂട്ടു ചേർക്കുന്നതോടെ ജീവിതം ഊർജ്ജസ്വലമാകുന്നു. വായന എപ്പോഴാണെങ്കിലും അതിൽ ജീവനുണ്ട്, ആത്മബോധവും താളവുമുണ്ട്, അതിൽ കൂടിചേരലുകളുണ്ട്, തിരിച്ചറിയലുകളുമുണ്ട്.