'കടലിനു കറുത്ത നിറമായിരുന്നു' എന്ന് തുടങ്ങുന്ന ഇതിഹാസം അഭ്രപാളികളിലേക്ക്. മനോരമ ന്യൂസ് മേക്കർ സംവാദത്തിൽ മോഹൻലാൽ തന്നെയാണ് രണ്ടാമൂഴം സിനിമയാകുന്നു എന്ന വാർത്ത സ്ഥിരീകരിച്ചത്. എം.ടി തിരക്കഥ പൂര്‍ത്തിയാക്കി നൽകിയെന്നും അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും മോഹൻലാൽ അറിയിച്ചു. ബാഹുബലി എന്ന സിനിമ പോലെ രണ്ടു ഭാഗങ്ങളിലായാകും രണ്ടാമൂഴവും എത്തുക.
ഇതിഹാസമായ മഹാഭാരതത്തിന് ഒരു പുതിയ ഭാഷ്യം ചമയ്ക്കുകയായിരുന്നു എംടി രണ്ടാമൂഴത്തിലൂടെ. ആരാലും തിരിച്ചറിയപ്പെടാതെ പോയ ഭീമന്റെ വ്യഥകളിലൂടെ, കാഴ്ചപ്പാടിലൂടെ, ഒറ്റപ്പെടലിലൂടെയൊക്കെയാണ് നോവൽ പുരോഗമിക്കുന്നത്.
മഹാഭാരതത്തിന് നിരവധി പൊളിച്ചെഴുത്തുകൾ ഉണ്ടായിട്ടുണ്ട്. ദുര്യോധനന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് സുയോധനപര്‍വ്വം എന്ന നോവൽ, കർണന്റെ കാഴ്ചപ്പാടിൽ കർണ്ണഭാരം, ഭീമന്റെ കാഴ്ചപ്പാടിൽ രണ്ടാമൂഴം തുടങ്ങിയവ ഉദാഹരണങ്ങൾ. കർണന്റെ മാനസിക വ്യഥകൾ കേന്ദ്രീകൃതമായ ഭാസന്റെ 'കർണ്ണഭാരം' എന്ന നാടകം കാവാലം നാരായണപ്പണിക്കരുടെ മേൽനോട്ടത്തിൽ മോഹൻലാൽ തന്നെ അരങ്ങിലെത്തിച്ചു എന്നതും മറ്റൊരു യാദൃച്ഛികതയാകാം. പൃഥിരാജിനെ നായകനാക്കി കർണൻ എന്ന സിനിമയും ബിഗ് ബജറ്റിൽ ഒരുങ്ങുന്നുണ്ട് എന്നത് മറ്റൊരു സവിശേഷത.
ആവിഷ്കാരസ്വാതന്ത്ര്യത്തിനും എഴുത്തുകാരന്റെ തൂലികയ്ക്കും ഏറെ വിലങ്ങുകൾ തീർക്കുന്ന ഒരു കാലത്തിലാണ് രണ്ടാമൂഴം വെള്ളിത്തിരയിലേക്കെത്തുന്നത്. അതിനാൽത്തന്നെ നോവലിൽ പരാമർശിക്കുന്ന വിവാദമായേക്കാവുന്ന രംഗങ്ങൾ എങ്ങനെ സിനിമയിൽ ചിത്രീകരിക്കും എന്നത് കാത്തിരുന്നു കാണേണ്ടി വരും.
ഉദാഹരണത്തിന് ഭീമന്റെ പിതൃത്വത്തെ സംബന്ധിച്ച മിത്തുകൾക്ക് പുതിയ ഭാഷ്യം നൽകുന്നുണ്ട് എംടി നോവലിൽ. അതുപോലെ ജ്യേഷ്ഠനായ യുധിഷ്ഠിരനു ശേഷം ദ്രൗപദിയുമൊത്തുള്ള തന്റെ ഊഴം കാത്തിരിക്കുന്ന ഭീമനെയാണ് രണ്ടാമൂഴം എന്ന തലക്കെട്ട് വ്യംഗ്യമായി സൂചിപ്പിക്കുന്നത്. ഇത്തരം സമസ്യകൾ എങ്ങനെ ദൃശ്യവത്കരിക്കും എന്നുള്ളതും നിരവധി ചോദ്യങ്ങൾ ഉയർത്തുന്ന കാര്യമാണ്.
എന്നിരുന്നാലും അതീവ ദൃശ്യചാരുത പകരുന്ന രംഗങ്ങൾ ഏറെയുണ്ട് നോവലിൽ. ഭീമൻ കീചകനെ വധിക്കുന്ന രംഗങ്ങൾ, തന്റെ മകൻ മരിച്ചതറിയുമ്പോഴുള്ള ഭീമന്റെ മാനസികവ്യഥകൾ, അവസാനം എല്ലാം ഉപേക്ഷിച്ചു മോക്ഷത്തിലേക്കുള്ള യാത്ര തുടങ്ങിയവ ഉദാഹരണം. ഇതൊക്കെ ഏറ്റവും മികവിൽ ദൃശ്യവത്കരിക്കുക എന്നതും ഭഗീരഥപരിശ്രമം ആവശ്യപ്പെടുന്ന കാര്യങ്ങളാണ്.
ഈയവസരത്തിൽ എംടി തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച നിർമ്മാല്യം എന്ന ചിത്രത്തെ കുറിച്ച് ഓർത്ത് പോകുന്നു. എംടിയുടെ 'പള്ളിവാളും കാൽച്ചിലമ്പും' എന്ന ചെറുകഥയുടെ ചലച്ചിത്രഭാഷ്യമായിരുന്നു നിർമ്മാല്യം. ഈ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് എത്തുന്നത്.
ചിത്രത്തിന്റെ അവസാനം പി ജെ ആന്റണി അനശ്വരനാക്കിയ വെളിച്ചപ്പാട് ഭഗവതിയുടെ മുഖത്ത് ആഞ്ഞു തുപ്പുന്ന ഒരു രംഗമുണ്ട്. അന്ന് അതിൽ ആരും മതപരമായ അവഹേളനം കണ്ടിരുന്നില്ല..ആ ചിത്രം ഇന്നായിരുന്നു ഇറങ്ങിയിരുന്നെങ്കിലോ? എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നു?...
എതിർ ശബ്ദങ്ങളെയെല്ലാം രാജ്യദ്രോഹി മുദ്ര കുത്തി നിശബ്ദമാക്കുന്ന പ്രവണത ഇപ്പോൾ രാജ്യത്ത് വ്യാപകമാണ്. നോട്ടു പിൻവലിക്കലിനെ വിമർശിച്ച എംടിക്കെതിരെ പോലും സംഘടിതമായ ആക്രമണം ചില കോണുകളിൽ നിന്നുണ്ടായി. ഈ പശ്ചാത്തലത്തിൽ രണ്ടാമൂഴം ഇനിയുള്ള നാളുകളിൽ വാർത്തകളിൽ നിറയാനാണ് സാധ്യത.
ചുരുക്കത്തിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നിരവധി നിയന്ത്രങ്ങൾ ഉള്ള ഈ കാലത്ത്, ചലച്ചിത്രഭാഷ്യത്തിലേക്കുള്ള വഴിയിൽ രണ്ടാമൂഴത്തിനു ഏറെ കടമ്പകൾ കടക്കേണ്ടി വരാം. എന്തായാലും ഈ കടമ്പകൾ എല്ലാം മറികടന്നു രണ്ടാമൂഴം സിനിമയായാൽ അത് മലയാളസിനിമയിലെ നാഴികക്കല്ലും ചരിത്രവും ആകുമെന്ന് തീർച്ച...