ഭൗതികജീവിത രതി തലയ്ക്കു പിടിച്ചാൽ മരണം മാത്രം വഴി

സ്ത്രീയാണ് രാവണനാശത്തിനു കാരണമെന്നു വാല്മീകിരാമായണം തൊട്ടുള്ള എല്ലാ രാമകഥകളും പലവിധത്തിൽ കാട്ടുന്നുണ്ട്. അനിയന്ത്രിതമായ രത്യദിനിവേശം–അതാണു രാവണൻ.

വേദവതി, പുഞ്ജസ്ഥലിക, രംഭ എന്നിവർ നിമിത്തം രാവണനു ശാപങ്ങളേറ്റു. രാവണൻ ബലമായി പിടിച്ചുകൊണ്ടുവന്നു കീഴടക്കിയ സ്ത്രീകളുണ്ട്. അയാളെ ആഗ്രഹിച്ചു വന്ന സ്ത്രീകളുണ്ട്. ഇതെല്ലാമുണ്ടായിട്ടും സീതയെകൂടെ സ്വന്തം ശയനീയത്തിലേക്ക് അയാൾ ആഗ്രഹിച്ചു.

ഈ സ്ത്രീപാത്രങ്ങളെല്ലാം പ്രതീകങ്ങളാണ്.എന്ത് കൂടെയുണ്ടായാൽ ലോകം സർവൈശ്വര്യപൂർണമാകുമോ അതാണ് സീത. അതുകൊണ്ട് ലക്ഷ്മിയുടെ അവതാരംമെന്നു കല്പിച്ചു. ഭാരതീയർ ഏറ്റവും മഹത്തായ ഐശ്വര്യമായി കല്പിച്ചത് വിദ്യയെയാണല്ലോ.

ആവിദ്യയാ മൃത്യും തീർത്ത്വാ

വിദ്യയാ അമൃതമശ്നുതേ

എന്ന് ഉപനിഷത്. അവിദ്യകൊണ്ട് മർത്ത്യജീവിതം തരണം ചെയ്തു വിദ്യയിലൂടെ അമൃതത്വം പ്രാപിക്കണം. അവിദ്യയെന്നത് ഭൗതികമായ നൈപുണ്യങ്ങളും വിജ്ഞാനങ്ങളുമാണ് – ഭൗതികബലങ്ങൾ.

ഇവയെല്ലാം വേണം മനുഷ്യന്. ഇവ പരമമായ വിദ്യയിലേക്കുള്ള വഴികൾ മാത്രം. അമരത്വം വിദ്യകൊണ്ടേ കിട്ടൂ. സാക്ഷാത്തായ ബ്രഹ്മവിദ്യ. അതുതന്നെയാണ് പൂർണതയുടെ ശക്തി. ബ്രഹ്മവിദ്യയെയും ഭൗതികരതിക്കു മാത്രമായി കൈവശപ്പെടുത്തുക–അതായിരുന്നില്ലേ രാവണകാമം; ഇപ്പോഴും!

ഈ കണ്ണുകെട്ടിയ കാമം സ്വന്തം പെണ്ണിനെകൊണ്ടു തന്നെ ആത്മനാശം ചെയ്യിക്കുന്നുവെന്ന് ഒരു സൂചനയും രാമായണത്തിലുണ്ട്. വാല്മീകിരാമായണത്തിന്റെ പശ്ചിമോത്തരീയപാഠത്തിലും അധ്യാത്മ രാമായണത്തിലും ഇതിന്റെ കഥകാണാം.

തന്റെ സർവബലവുമായ പുത്രൻ മേഘനാഥനും വധിക്കപ്പെട്ടപ്പോൾ ശുക്രോപദേശപ്രകാരം ഭൂഗർഭത്തിൽ ഗുഹതീർത്ത് അവിടെ ഹോമമാരംഭിച്ചു രാവണൻ; അന്തിമജയത്തിന്. രാവണപത്നി മണ്ഡോദരിയെ മാനഭംഗപ്പെടുത്തി അംഗദൻ രാവണന്റെ ധ്യാനത്തിനു ഭംഗം വരുത്തുന്നു.

മണ്ഡോദരിയെപ്പിടിച്ചു വലിച്ചു ത

മണ്ഡനമെല്ലാം നുറുക്കിയിട്ടീടിനാൻ

വിസ്രസ്തനീവിയായ് കഞ്ചുകഹീനയായ്

വിത്രസ്തയായി വിലാപം തുടങ്ങിനാൾ

ഇങ്ങനെ മടിക്കുത്തഴിഞ്ഞും മാർവസ്ത്രമില്ലാതെയും വാനരന്റെ കയ്യിൽപ്പെട്ടുകരയുന്ന പത്നിയെ നേരിൽകാണേണ്ടി വന്നു രാവണന്. ഇതാണ് രാവണന്റെ മരണം. ഭൗതികജീവിത രതി തലയ്ക്കുപിടിച്ച ഇന്നത്തെ പരിഷ്കൃതലോകവും ഇതുപോലെ സ്വയം ഹത്യയുടെ വക്കീലാണല്ലോ.

നാണവും പത്നിയും വേണ്ടീലിവന്നു തൻ–

പ്രാണഭയംകൊണ്ടു മൂഢൻ മഹാഖലൻ

എന്ന മണ്ഡോദരി പ്രലാപം ഇന്നത്തെ അധികാരദാഹികൾ ആവർത്തിച്ചു വായിക്കാവുന്നതാണ്.