എല്ലാവരും കാത്തിരിക്കുന്നവരാണ്. എന്തിനൊക്കെയോ വേണ്ടി കാത്തിരിക്കുന്നവര്‍. അല്ലെങ്കില്‍ ജീവിതം മുഴുവന്‍ കാത്തിരിപ്പല്ലേ. അവസാനിക്കാത്ത പ്രാര്‍ത്ഥനയാകുന്നു ജീവിതം എന്ന് ബഷീര്‍ എഴുതിയതിനെ അവസാനിക്കാത്ത കാത്തിരിപ്പാകുന്നു ജീവിതം എന്ന് തിരുത്തിപറയാന്‍ തോന്നുന്നു.
കാത്തിരിപ്പുകളെല്ലാം ജീവിതത്തില്‍ അവശേഷിപ്പിക്കുന്നത് എന്താണ്? ആദ്യമൊക്കെ ഇത്തിരി പ്രത്യാശ, പ്രതീക്ഷ.. പിന്നെ പതുക്കെ പതുക്കെ മനസ്സില്‍ അരിച്ചിറങ്ങുന്ന വിഷാദത്തിന്റെയും നിരാശതയുടെയും ഇരുട്ടുകാലുകള്‍. കാലം കഴിയും തോറും കാത്തിരിപ്പിന്റെ തീവ്രത കുറയുന്നു. പ്രതീക്ഷകളില്‍ മങ്ങല്‍ ഏല്ക്കുന്നു.
പക്ഷേ എത്രകാലം കഴിഞ്ഞിട്ടും കാത്തിരിപ്പിന്റെ തീവ്രതയും ഹൃദയത്തിന്റെ തീക്ഷ്ണതയും ഒട്ടും ഒളിമങ്ങാതെ സൂക്ഷിക്കാന്‍ കഴിയുന്നവര്‍ എത്ര പേരുണ്ടാവും? അറിയില്ല. പക്ഷേ വിമല അങ്ങനെയൊരാളാണ്. കാത്തിരിപ്പിന് അന്ത്യമില്ലെന്ന് ജീവിതം കൊണ്ട് കാണിച്ചുകൊടുത്തവള്‍. അറിയില്ലേ വിമലയെ..എംടിയുടെ കാവ്യസുന്ദരമായ മഞ്ഞ് എന്ന ലഘുനോവലിലെ നായികയെ?
ഓരോ മലയാളിയും തന്റെ കാത്തിരിപ്പുകള്‍ക്ക് സൗന്ദര്യം കണ്ടെത്തിയ കൃതിയാണ് മഞ്ഞ്. അത് അവനെ കാത്തിരിക്കാന്‍ പഠിപ്പിച്ചു. പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പുകള്‍ക്ക് ജീവിതത്തില്‍ സൗന്ദര്യമുണ്ടെന്ന് പഠിപ്പിച്ചു. നിരാശതകളില്‍ മനസ്സ് മടുക്കാതെ കാത്തിരിക്കാന്‍ പഠിക്കേണ്ടതുണ്ടെന്ന് അവനെ ഓര്‍മ്മിപ്പിച്ചു. അങ്ങനെ ഓരോ മലയാളിയുടെയും കാത്തിരിപ്പിന്റെ പുസ്തകമായി മഞ്ഞ് മാറി.
എംടിയുടെ മറ്റെല്ലാ കൃതികളെയും അതിജീവിച്ചുനില്ക്കുന്ന കൃതിയാണ് മഞ്ഞ്. നാലുകെട്ടും അസുരവിത്തും മനുഷ്യാവസ്ഥയുടെ ഒപ്പം ഒരു കാലഘട്ടത്തിന്റെ കൂടി കഥ പറയുന്നതിനാല്‍ അത് ക്രമേണ ചിലപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി പരിഗണിക്കപ്പെട്ടേക്കാം. പക്ഷേ മഞ്ഞ് അങ്ങനെയല്ല. അത് മനുഷ്യവംശത്തിന്റെ മുഴുവന്‍ ഭാവപൂര്‍ണ്ണിമയുടെ കഥയാണ്. മനുഷ്യനുള്ളിടത്തോളം നിലനില്ക്കുന്ന കഥ. കാത്തിരിക്കാനും സ്‌നേഹിക്കാനും അവന് കഴിയുന്നിടത്തോളം അതിജീവിച്ചുനില്ക്കുന്ന കഥ.
വരും വരാതിരിക്കില്ല..അതാണ് മഞ്ഞിന്റെ ഹൃദയതാളം.
ജീവിതത്തിലെ തിക്താനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരാള്‍ക്കും അത് പ്രതീക്ഷയുടെ തിരിനാളം വച്ചുനീട്ടുന്നു, ഇനിയും ഇരുട്ടിലൂടെ കൈവിളക്കുമായി കടന്നുപോകാന്‍.
ഒമ്പതുവര്‍ഷത്തെ കാത്തിരിപ്പാണ് വിമലയുടേത്. എവിടേയ്‌ക്കോ പോയി മറഞ്ഞിരിക്കുന്ന സുധീര്‍കുമാര്‍ മിശ്രയ്ക്ക് വേണ്ടിയാണ് വിമല കാത്തിരിക്കുന്നത്. അയാള്‍ ചിലപ്പോള്‍ ചതിയനായിരിക്കാം.. വഞ്ചകനായിരിക്കാം. പുതിയ പൂക്കള്‍ തേടി അയാള്‍ മറ്റെവിടേയ്‌ക്കോ പോയിട്ടുമുണ്ടാവാം. പക്ഷേ വിമല പറയുന്നു, വരും വരാതിരിക്കില്ല. അതാണ് കാത്തിരിപ്പ്,അതാണ് സ്‌നേഹം..അതാണ് വിശ്വാസം.
വിമലയുടേതിന് സമാനമായ മറ്റൊരു കാത്തിരിപ്പും മഞ്ഞ് വരച്ചുകാണിക്കന്നുണ്ട് ബുദ്ദുവിന്റെ കാത്തിരിപ്പാണത്. ആരും ഇറങ്ങുകയോ കയറുകയോ ചെയ്യാതെ ബോട്ട് നീങ്ങിയപ്പോഴും വിമല പറയുന്നുണ്ട് വരും വരാതിരിക്കില്ല.
മലയാളികളുടെ മനസ്സിലേക്കാണ് മഞ്ഞ് പെയ്തിറങ്ങിയത്. വര്‍ഷമിത്ര കഴിഞ്ഞിട്ടും ഇനിയും വര്‍ഷമെത്ര കടന്നുപോയാലും മനസ്സില്‍ മഞ്ഞുപെയ്യുന്ന ഒരനുഭവം നല്കാന്‍ ഇതുപോലൊരു മറ്റൊരു കൃതിയില്ല. അതെത്ര എംടിയുടെ മഞ്ഞ്.