ഒരു കഥാപാത്രം കഥാകാരനെക്കാൾ പ്രശസ്തനാവുക. സാങ്കല്പികനായ കഥാപാത്രത്തിന് അദ്ദേഹം താമസിച്ചുവെന്നു കരുതപ്പെടുന്ന വിലാസത്തിലേക്ക് കത്തുകൾ നിരന്തരം വരുക, ആളില്ലാത്ത കത്തുകൾ ആദ്യമൊക്കെ നിത്യവും ചുമന്നും പിന്നീട് എഴുത്തുകാരന് നൽകിയും ചിലതൊക്കെ ഇല്ലാതാക്കിയും കൊറിയർ കമ്പനികൾ , അല്ലാതെ വേറെ നിവൃത്തിയില്ല. പറഞ്ഞു വരുന്നത് എഴുത്തുകാരനെക്കാൾ പ്രശസ്തനായ കുറ്റാന്വേഷകൻ ഷെർലക് ഹോംസിനെ കുറിച്ചാണ്. ജൂലൈ 7 ന് ഷെർലക് ഹോംസിന്റെ എഴുത്തുകാരൻ സർ ആർതർ കോനൻ ഡോയലിന്റെ ഓർമ്മദിനമാണ്, പക്ഷെ ആരാണീ ആർതർ കോനൻ ഡോയൽ എന്നു ചോദിച്ചാൽ ഇപ്പോഴും അറിയാത്തവർ ഉണ്ടാകും. പക്ഷെ ഷെർലക് ഹോംസിനെയോ അദ്ദേഹത്തിന്റെ അനുയായി ഡോ. വാട്സനേയോ അറിയാമോ എന്നു ചോദിച്ചാൽ, പിന്നെ.. കുറെ കേസുകളൊക്കെ തെളിയിച്ചിട്ടുള്ള ആളല്ലേ.. എന്നാകും പലരുടെയും ഉത്തരം. ഇത്രയുമൊക്കെ പോരെ ഒരു എഴുത്തുകാരൻ അംഗീകരിക്കപ്പെടാൻ.

ലണ്ടനിലെ ബേക്കർ സ്ട്രീറ്റിലെ 221 നമ്പർ വീട്ടിൽ നിന്നായിരുന്നില്ല ഹോംസിന്റെ തുടക്കം. 1887 ൽ ഒരു സുവനീറിൽ വന്ന ചെറുകഥയോടെയായിരുന്നു ഹോംസിന്റെ കാലം ആരംഭിക്കുന്നത്. വളരെ കൃത്യതയും സൂക്ഷ്മവുമായ ഹോംസിന്റെ നിരീക്ഷണങ്ങൾ കുറ്റാന്വേഷണ ഏജൻസികളെ പോലും അമ്പരപ്പിക്കുകയും ഡോയൽ ജീവിച്ചിരുന്നപ്പോൾ തന്നെ ഹോംസ് പുസ്തകങ്ങൾ റഫറൻസ് പുസ്തകങ്ങളായി കുറ്റാന്വേഷണ തലങ്ങളിൽ ഉപയോഗിക്കുകയും ചെയ്തു തുടങ്ങി. ഹോംസിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായി പ്രത്യേക്ഷപ്പെട്ട വാട്സനായി എഴുത്തുകാരൻ സ്വയം സങ്കല്പിച്ചിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. നായകന്റെ കീഴിൽ അങ്ങനെ എല്ലാ വിധത്തിലും എഴുത്തുകാരൻ ഒതുങ്ങിപ്പോയി എന്നും പറയാം.
ഹോംസിന്റെ അമിതപ്രശസ്തി കാരണം ഡോയൽ തുടർന്നു എഴുതിയ പുസ്തകങ്ങൾ ഒന്നും തന്നെ വായനക്കാർ ശ്രദ്ധിച്ചതേയില്ല. അവസാനം നിവൃത്തികെട്ടു ഹോംസിനെ ഒരു കേസിന്റെ അന്വേഷണത്തിനൊടുവിൽ ഡോയൽ കൊലപ്പെടുത്താനും തയ്യാറായി. എന്നാൽ തുടർന്നു നടന്നത് എഴുത്തുകാരന് പോലും സങ്കല്പിക്കാനാകാത്ത കാര്യങ്ങളായിരുന്നു. ഹോംസിന്റെ ആരാധകർ വക വധഭീഷണി പോലും എഴുത്തുകാരന് ലഭിച്ചതിനെ തുടർന്നു ഹോംസിനെ വീണ്ടും ജീവൻ വയ്പ്പിച്ചു ഡോയലിനു തിരികെയെത്തിക്കേണ്ടി വന്നു. അത്രയധികം സ്വാധീനം ഷെർലക് ഹോംസ് എന്ന കുറ്റാന്വേഷകന് വായനക്കാരുടെ മനസ്സിലുണ്ടായിരുന്നു.
ഷെർലക് ഹോംസ് മാത്രമല്ല ഡോയലിന്റെ മികച്ച കൃതി. എഴുത്തുകാരൻ എന്നതിലുപരി ശാസ്ത്രകാരനും വൈദ്യനും ഒക്കെയായിരുന്നു അദ്ദേഹം. നിരവധി ശാസ്ത്ര സംബന്ധിയായ നോവലുകൾ എഴുതിയിട്ടുണ്ടെങ്കിലും വായനക്കാർ ഒരിക്കലും അത്തരം എഴുത്തുകളുടെ പേരിൽ ഡോയലിനെ പരിചയപ്പെട്ടിട്ടേയില്ല. എഴുത്തുകാരൻ ആയിരിക്കുമ്പോഴും ഡോക്ടർ ആയിരിക്കുമ്പോഴും ഒരു ഇംഗ്ലീഷുകാരൻ കലാകാരന്റെ മകനായ ഡോയൽ മികച്ച ഒരു സ്പോർട്സ്മാനും ആയിരുന്നു.
ക്രിക്കറ്റിലും ഫുട്‍ബോളിലും ഏറെ താൽപ്പര്യത്തോടെ ഇടപെട്ട ഡോയൽ ഇരുടീമിലെയും സജീവ സാന്നിധ്യവുമായിരുന്നു. ഇതൊക്കെയാണെങ്കിലും ഏതൊരു നാട്ടിലും ഡോയലിനെ ഓർക്കണമെങ്കിൽ അവിടെ ഹോസിന്റെ പേര് വേണം. വാട്സന്റെ മുഖവുമായി ഹോംസ് എന്ന സുഹൃത്തിനൊപ്പം അന്വേഷങ്ങൾക്കായി നടക്കുന്ന ഒരു മുഖമാണ് ഇന്നും ഡോയൽ എന്ന പേരിനൊപ്പം മനസിലേക്കെത്തുന്നതും. അതൊരു പുരസ്കാരമാണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ ആർതർ കോനൻ ഡോയലിനു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്കാരം.