അധർമത്തലകൾ‌ ഉയരില്ല, അറിവിന്റെ പോർമുനയിൽ

അതൊരു യുദ്ധം തന്നെയായിരുന്നു. ഇൗ ഭൂമി ഇതുവരെ കണ്ടിട്ടില്ലാത്ത യുദ്ധം. സാക്ഷാൽ രാമരാവണയുദ്ധം.

‘‘രാഘവ രാവണ യുദ്ധത്തിനു സമം

രാഘവ രാവണ യുദ്ധമൊഴിഞ്ഞില്ല’’

എന്നാണ് ആ യുദ്ധത്തെക്കുറിച്ചു ദേവകൾ പറഞ്ഞതെന്നു കിളിമകൾ പാടുന്നു. ഘോരമായ യുദ്ധത്തിൽ രാമൻ പത്തു തലയുള്ള രാവണന്റെ ഓരോ തലയായി അറുക്കാൻ തുടങ്ങി. പക്ഷേ, ഒന്ന് അറുത്തു താഴത്തിട്ടാൽ ആ സ്ഥാനത്ത് ഉടൻ‌ വരും മറ്റൊരു തല.

അങ്ങനെ നൂറായിരം തലയറുത്തിട്ടും രാവണനു പിന്നെയും പത്തു തല. ഒടുവിൽ രാമൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു. രാവണൻ ഹൃദയം പിളർന്നു മരിച്ചുവീണു.

അധർമത്തിനു പത്തു തലയുണ്ടായിരിക്കാം. അതു നൂറായിരമായും മാറാം. പക്ഷേ സത്യത്തിന്റെയും ധർമത്തിന്റെയും ഒരൊറ്റ ശിരസ്സിനു മുന്നിൽ അധർമത്തിന്റെ നൂറായിരം രാവണത്തലകൾക്കും നിലനിൽക്കാനാവില്ല.

നെറികേടിന്റെ നൂറായിരം രാവണത്തലകൾ ആർത്തട്ടഹസിക്കുന്ന ഇൗ പുതുലോകത്ത് രാമകഥയിലെ ബ്രഹ്മാസ്ത്രത്തിനു പ്രസക്തി ഏറെയാണ്. ഒരർഥത്തിൽ, അറിവാകുന്ന ആയുധമാണു ബ്രഹ്മാസ്ത്രം.

സത്യത്തിന്റെയും ധർമത്തിന്റെയും പക്ഷത്തു നിലയുറപ്പിച്ച് അറിവാകുന്ന ആയുധം കൊണ്ടു പോരാടിയാലേ അധർമത്തിന്റെ തലകളറുക്കാൻ കഴിയൂ എന്ന് ആദികവി നമ്മെ ഓർമിപ്പിക്കുകയാണ്.