മാധ്യമങ്ങളിൽനിന്നും ക്യാമറകളിൽനിന്നും അകന്നുനിൽക്കുന്ന ലോകപ്രശസ്ത ജപ്പാൻ എഴുത്തുകാരൻ ഹാരുകി മുറകാമിയുടെ കഴിഞ്ഞദിവസം പതിവു ലംഘിച്ചു; ഒരു നിബന്ധനയോടെ. വീഡിയോ കാമറകൾ പാടില്ല. ലോകമെങ്ങും ആരാധകരുള്ള എഴുത്തുകാരൻ സ്റ്റിൽ കാമറകളുടെ വെളിച്ചത്തിൽ പ്രഖ്യാപിച്ചു: എഴുത്തിലെ തന്റെ സ്മരണകളും സ്മാരകങ്ങളും പൂർവവിദ്യാലയത്തിൽ സംരക്ഷിക്കാനുള്ള തീരുമാനം. മുറകാമിയുടെ നോവലുകളുടെ ആദ്യ കയ്യെഴുത്തുപ്രതികൾ, വിവർത്തനങ്ങൾ, വിപുലമായ സംഗീതശേഖരം എന്നിവയാണു സംരക്ഷിക്കാനും പുതുതലമുറയ്ക്കു കൈമാറാനും തീരുമാനിച്ചിരിക്കുന്നത്.
എന്റെ കൃതികളെക്കുറിച്ചു പഠിക്കാനാഗ്രഹിക്കുന്നവർക്ക് ഞാൻ കൈമാറുന്ന വസ്തുതകൾ പ്രയോജനപ്പെടുന്നതിൽ എനിക്കു സന്തോഷം മാത്രമേയുള്ളൂ. വസെദ സർവകലാശാല അധികൃതർക്കൊപ്പം നടത്തിയ അപൂർവമായ പത്രസമ്മേളനത്തിൽ മുറകാമി പറഞ്ഞു. അദ്ദേഹത്തിന്റെ പൂർവ വിദ്യാലയമായ വസെദ സർവകലാശാലയിലാണ് മുറകാമിയുടെ എഴുത്തിലെ ഓർമകൾ സംരക്ഷിക്കാൻ പദ്ധതിയിടുന്നത്.
സാംസ്കാരിക വിനിമയത്തിനും തുറന്ന ചർച്ചകൾക്കുമുള്ള സ്വതന്ത്രവും സ്വഛവുമായ അന്തരീക്ഷമാണ് മുറകാമിയുടെ മനസ്സിൽ. ഇപ്പോൾ 69 വയസ്സുള്ള എഴുത്തുകാരൻ വസെദ സർവകലാശാലയിൽനിന്ന് 1975–ൽ ബിരുദം പൂർത്തിയാക്കുന്നതിനുമുമ്പുതന്നെ എഴുതിത്തുടങ്ങിയിരുന്നു. 1979–ൽ ആദ്യനോവൽ പുറത്തുവന്നു– ഹിയർ ദ് വിൻഡ് സിങ്. 1987 ൽ പുറത്തുവന്ന നോർവീജിയൻ വുഡ്സ് മുറകാമിയെ ലോകപ്രശസ്തനാക്കി. കാഫ്ക ഓൺ ദ് ഷോർ ആണ് മാസ്റ്റർപീസ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന കില്ലിങ് കുമ്മന്തത്തോരെ എന്ന നോവൽ അമിത അശ്ളീലവർണനകളുടെ പേരിൽ വിവാദത്തിലാണ്. ചില രാജ്യങ്ങളിൽ ഈ നോവൽ നിരോധിച്ചിരിക്കുകയാണ്. അമേരിക്കയിൽ അടുത്തിടെ നോവൽ പ്രസിദ്ധീകരിച്ചിരുന്നു.
മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് മുറകാമി ഒരു പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നത്. കൃത്യമായി പറഞ്ഞാൽ 37 വർഷങ്ങൾക്കുശേഷം. ന്യൂയോർകിൽ പുസ്തതക പ്രകാശനച്ചടങ്ങിൽ അടുത്തിടെ പങ്കെടുത്തിരുന്നെങ്കിലും എക്കാലവും മാധ്യമങ്ങളിൽനിന്ന് അകന്നുനിൽക്കാൻ ഇഷ്ടപ്പെട്ടയാളാണു മുറകാമി. വർഷങ്ങളായി നോബേൽ സമ്മാനം ലഭിക്കാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന എഴുത്തുകാരൻ കൂടിയാണ് മുറകാമിയുടെ കൃതികളിൽ സംഗീതത്തിന്റെ അന്തർധാരയുമുണ്ട്. നാലു പതിറ്റാണ്ടായി വീട്ടിലും ഓഫിസ് മുറിയിലും കുന്നുകൂടിക്കിടക്കുന്ന പേപ്പറുകളും പുസ്തകങ്ങളും സൂക്ഷിക്കാൻ സ്ഥലമില്ലാതെവന്നതോടെയാണ് സംരക്ഷിക്കാൻ ഒരു സ്ഥലത്തെക്കുറിച്ച് ഈ വർഷമാദ്യം എഴുത്തുകാരൻ ചിന്തിച്ചുതുടങ്ങിയത്.
കയ്യെഴുത്തുപ്രതികളും പുസ്തകങ്ങളും സംഗീതശേഖരവും എന്റെ കാലത്തിനുശേഷം നശിക്കുന്നതുകാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അവ സംരക്ഷിക്കാനും സൂക്ഷിക്കാനും എനിക്കു മക്കളുമില്ല. എന്റെ പ്രിയപ്പെട്ട അക്ഷരങ്ങൾ ഏറ്റെടുക്കാൻ മുന്നോട്ടുവന്ന സർവകലാശലയോട് കടപ്പാട് – മുറകാമി പറഞ്ഞു.
ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമെത്തുന്ന മുറകാമിയുടെ ആരാധകർക്ക് പ്രിയപ്പെട്ട ഇടമായി സംരക്ഷിത സ്മാരകം ഒരുക്കാനാണ് പദ്ധതിയിടുന്നതെന്ന് യുണിവേഴ്സിറ്റി അധികൃതരും വ്യക്തമാക്കി.