Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് എല്ലാ സംരംഭകരും വിജയിക്കുന്നില്ല?

മലയാള സാഹിത്യത്തിത്തില്‍ മാനേജ്‌മെന്റ് പുസ്തകങ്ങളുടെ വിഭാഗം അത്ര ശക്തമല്ലെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്.  നിരവധി മോട്ടിവേഷണല്‍ പുസ്തകങ്ങള്‍ വിപണിയില്‍ എത്താറുണ്ടെങ്കിലും സമഗ്രമായ ബിസിനസ് മാനേജ്‌മെന്റ് പുസ്തകങ്ങളുടെ എണ്ണം വളരെ കുറവാണ്. ഈ ശാഖയിലേക്കുള്ള ഒരു ചുവടുവെപ്പാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിവാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്‌സ് സ്ഥാപകന്‍ സുധീര്‍ ബാബു രചിച്ച 'വരൂ നമുക്കൊരു ബിസിനസ് തുടങ്ങാം' എന്ന പുസ്തകം.

ഇന്നിന്റെ സംരംഭകനുള്ള അറിവ് നല്‍കാനാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ശ്രമിക്കുന്നത്. ഒരു ബിസിനസുകാരന്‍ എന്ന നിലയില്‍ താന്‍ ആര്‍ജ്ജിച്ചെടുത്ത അനുഭവ പാഠങ്ങള്‍ കഥപറയുന്ന മട്ടില്‍ അവതരിപ്പിക്കാന്‍ സുധീര്‍ ശ്രമിച്ചിട്ടുണ്ട് പുസ്തകത്തില്‍. 

മാനേജ്‌മെന്റ് ഇന്ന് ലോകമാകെ യുവാക്കളുടെ പഠനവിഷയങ്ങളിലെ പ്രമുഖനാണ്. മാനേജ്‌മെന്റിനെ സംബന്ധിച്ച പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ ഇക്കാലത്ത് നിരന്തരം വായനക്കാരുടെ മുന്നിലെത്തുന്നുണ്ട്. ലോകത്താകെ പുറത്തിറങ്ങുന്ന ഇത്തരം പുസ്തകങ്ങളില്‍ ഒരു നല്ല ശതമാനം ഇംഗ്ലീഷിലാണ്. ഇന്ത്യയിലാണെങ്കില്‍ മറ്റെല്ലാ നാട്ടുഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നവയുടെ ആകെ എണ്ണത്തെക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ഇവിടെ പത്തു ശതമാനം പോലും ആള്‍ക്കാര്‍ കൈകാര്യം ചെയ്യാത്ത ഇംഗ്ലീഷിലാണ് പുറത്തു വരുന്നത്. ഇവയ്‌ക്കെല്ലാം സ്വാഭാവികമായും ഒരു പൊതു ട്രെന്‍ഡാണുള്ളത്. പക്ഷെ കേരളത്തിലെ സംരംഭകന്‍ നേരിടുന്ന വ്യത്യസ്തമായ അനുഭവം ഇവയിലൊന്നും കാര്യമായി ഗണിക്കപ്പെട്ടിട്ടില്ല എന്നത് വെറും സത്യമാണ്. ഇവിടെയാണ് ലളിതമായ ശൈലിയില്‍ മാനേജ്‌മെന്റ് ആശയങ്ങളും നിഗമനങ്ങളും നമ്മുടെ മുന്നില്‍ ഈ പുസ്തകം അവതരിപ്പിക്കുന്നത്-പുസ്തകത്തിന്റെ ആമുഖത്തില്‍ കെ എല്‍ മോഹനവര്‍മ പറയുന്നു. 

അദ്ദേഹം സൂചിപ്പിച്ച പോലെ മലയാളത്തില്‍ തീര്‍ത്തും ലളിതമായി സംരംഭകത്വത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ തലങ്ങള്‍ അവതരിപ്പിക്കുന്നു എന്നതാണ്  സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പ്രസക്തി. ബിസിനസില്‍ ലാഭമാണോ മൂല്യമാണോ പ്രധാനം, ആരാണ് ഒരു യഥാര്‍ത്ഥ നേതാവ്, കുടുംബബിസിനസുകള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ എവിടെയാണ്, കുടുംബമാണോ ബിസിനസാണോ സംരംഭകന് പ്രധാനം, സ്റ്റാര്‍ട്ടപ്പുകളെ ഏങ്ങനെ സുസ്ഥിര സംരംഭമാക്കാം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന 45 ലേഖനങ്ങളാണ് പുസ്തകത്തിലുള്ളത്. 

കാറ്റിനെതിരെ തോണി തുഴഞ്ഞ് ലക്ഷ്യസ്ഥാനമണയുന്നതുപോലെ പ്രതികൂല സാഹചര്യങ്ങളുമായി മല്ലിട്ട് വിജയതീരമണഞ്ഞവര്‍ ധാരാളമുണ്ടെങ്കിലും വിജയം കയ്യെത്തിപ്പിടിക്കാവുന്നതിനപ്പുറം നില്‍ക്കുന്നതും നോക്കി പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുടെ എണ്ണം അതിലും പതിന്മടങ്ങാണെന്ന സത്യം ഈ പുസ്തകം ഓര്‍മപ്പെടുത്തുന്നു. വിജയമെന്ന മൂന്നക്ഷരത്തെ ധ്യാനിച്ച് അശ്രാന്തപരിശ്രമികളായി അനേകര്‍ മുന്നേറുന്നു. കൊടുമുടി കയറുന്നവരില്‍ തുച്ഛമായവര്‍ മാത്രം ലക്ഷ്യം കാണുമ്പോള്‍ ബാക്കിയുള്ളവര്‍ നിരാശരായി മടങ്ങുന്നു. വ്യവസായ സംരംഭങ്ങളിലും ഇതു സംഭവിക്കുന്നു. വളരെ കുറച്ചുപേര്‍ മാത്രം വിജയിക്കുമ്പോള്‍ ഒരുപാടു പേര്‍ പരാജയം രുചിക്കുന്നു. എന്തുകൊണ്ട് വിജയം എല്ലാവരെയും ഒരുപോലെ അനുഗ്രഹിക്കുന്നില്ല?-ഈ ചോദ്യത്തിനുള്ള ഉത്തരം വിശദമാക്കാനുള്ള ശ്രമവും സുധീര്‍ ബാബു നടത്തുന്നുണ്ട്. 

കേരളം ബിസിനസ്സിനും വ്യവസായത്തിനും പറ്റിയ മണ്ണല്ലെന്ന് പരക്കെ ഒരു വിശ്വാസമുണ്ട്. സ്വന്തമായി എന്തു ബിസിനസ് തുടങ്ങുന്നവനെയും ഒരു തൊഴിലാളിയെ മാത്രം വച്ച് പെട്ടിക്കട നടത്തുന്നവനെപ്പോലും വര്‍ഗ്ഗശത്രുവായ ഭീകരമുതലാളിയായി കാണുന്നത്  നമ്മുടെ സ്വകാര്യസന്തോഷമായിരുന്നു. സ്വതന്ത്രസംരംഭം തുടങ്ങി ആകെ നശിച്ച് നാറാണക്കല്ലുമായി കടക്കാരെയും പോലീസിനെയും ബന്ധുക്കളെയും കാണാന്‍ ഭയപ്പെട്ട്  മുങ്ങിയ അനവധി പേരുടെ കഥകള്‍ നമുക്കെല്ലാമറിയാം. ഇടയ്ക്ക് ചില വിജയകഥകളും ഉണ്ടായിരുന്നു. പ്രവാസികളോ മറുനാടനോ അല്ലാത്ത കേരളത്തിന് പുറത്ത് പോകാതെ തന്നെ തങ്ങള്‍ തെരഞ്ഞെടുത്ത മേഖലയില്‍ ഇതേ കേരളമണ്ണില്‍ വിജയക്കൊടി പറത്തിയവര്‍. എന്താണ് ഇവരുടെ വിജയരഹസ്യം?-മോഹനവര്‍മ്മയുടെ ഈ ചോദ്യത്തില്‍ നിരവധി യുവസരംഭകര്‍ക്കുള്ള ഉത്തരങ്ങള്‍ കൂടിയൊളിച്ചിരിപ്പുണ്ട്.

സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ ഈ കാലത്ത്,  തുടങ്ങുന്ന പല നവസംരംഭങ്ങളും അതിനേക്കാള്‍ വേഗത്തില്‍ പൂട്ടിപ്പോകുമ്പോള്‍ ഇത്തരം ബിസിനസ് മാനേജ്‌മെന്റ് ഗ്രന്ഥങ്ങള്‍ക്ക് പ്രാധാന്യമേറുന്നു. ബിസിനസ് തുടങ്ങി അതിനെ അടുത്ത തലത്തിലെത്തിക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്കും നൂതന ആശയം തലയിലുദിച്ച ഉടന്‍ മറ്റൊന്നും ആലോചിക്കാതെ സ്റ്റാര്‍ട്ടപ്പ് തുടങ്ങി ചക്രശ്വാസം വലിക്കുന്നവര്‍ക്കും ഇത് ഉപകാരപ്പെട്ടേക്കാം. 

വായിക്കുന്നവരില്‍ വിജയത്തിളക്കം  പ്രശോഭിപ്പിക്കുകയെന്ന ലക്ഷ്യത്തിലാവാം സുധീര്‍ ബാബു തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ലേഖനത്തോടു കൂടിയാണ്. പ്രചോദിതനാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് രവിശങ്കര്‍ ലേഖനത്തില്‍ വ്യക്തമാക്കിയത്. പ്രചോദിതരായ വ്യക്തികളിലൂടെ മാത്രമേ ലോകത്ത് മാറ്റങ്ങളുണ്ടാകൂവെന്ന് ഓര്‍മ്മപ്പെടുത്തുന്നു അദ്ദേഹം. 

Your Rating: