Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദികളാകാൻ വരൂ; നാടിന്റെ ദാഹം തീർക്കാൻ

‘നദികളാകാൻ ക്ഷണിക്കുന്നു’ എന്ന നോവലിന് ഒരു അവതരണക്കുറിപ്പ് വേണം. നോവലിസ്റ്റ് ബാലൻ വേങ്ങര തിരഞ്ഞെടുത്തത് എഴുത്തുകാരൻ കെ.ജയകുമാറിനെ. നോവൽ വായിക്കുംതോറും ജയകുമാറിന്റെ മനസ്സിൽ ആശങ്കകൾ നിറഞ്ഞു. എഴുതാൻ അശക്തനാകുന്നതുപോലെ. വായിച്ചുതീർത്തപ്പോൾ ഉറപ്പായി. വലിയൊരു ദൗത്യം തന്നെ കാത്തിരിക്കുന്നു. മഹത്തായ ഒരു വെല്ലുവിളി. ആദിവാസികളുടെ ജീവിതകഥകൾ ഇതിനുമുമ്പു പലരും നോവലുകളുടെ ഇതിവൃത്തങ്ങളാക്കിയിട്ടുണ്ട്; വയനാടിന്റെ ഭൂമിക പശ്ചാത്തലവും. പക്ഷേ, ബാലൻ വേങ്ങര ആവിഷ്കരിക്കുന്ന ജീവിതകഥകളും കഥാപാത്രങ്ങളും ഇത്ര ആധികാരികതയോടെ മലയാള നോവലിൽ മറ്റാരും പറഞ്ഞുവച്ചിട്ടില്ലാത്തത്. വയനാടിന്റെ വന്യഭംഗിക്കുള്ളിൽ അരങ്ങേറുന്ന ചൂഷണത്തിന്റെയും വിശ്വാസഭംഗങ്ങളുടെയും സ്വാർഥതയുടെയും നിരാർദ്രതയുടെയും കഥകൾ വൈകാരികമായ ഉൺമയോടെ ആലേഖനം ചെയ്തിരിക്കുന്നു. സമൂഹം വായിക്കേണ്ട, ചിന്തിക്കേണ്ട, ഓർമയി‍ൽ കൊണ്ടുനടക്കേണ്ട പൊള്ളുന്ന സത്യം. കണ്ടിട്ടും കാണാതെപോയ, പൂർണമായി മനസ്സിലാക്കാത്ത മണ്ണിന്റെയും ജീവന്റെയും ചുടലത്തീയോളം ചൂടുള്ള സത്യം.

പ്രതിബദ്ധത ഒരു എഴുത്തുകാരന് പലരീതിയിൽ ഉണ്ടാകാം. ബാലൻ വേങ്ങരയുടെ പ്രതിബദ്ധത ഉറവെടുത്തത് അനുഭവങ്ങളിൽനിന്ന്. നേരിട്ടു കണ്ടും കേട്ടും അറിഞ്ഞ അനുഭവങ്ങളിൽനിന്ന്. മലപ്പുറം ജില്ലയിൽ ജനിച്ച കഥാകൃത്തായ ബാലൻ ജോലിയുടെ ഭാഗമായി വയനാട്ടിൽ എത്തുന്നു. അവിടെ അദ്ദേഹത്തിന്റെ തുറന്ന കണ്ണുകൾ കണ്ടത് അടിച്ചമർത്തപ്പെട്ട ആദിമജനതയുടെ ദുരിതങ്ങൾ. പുൽപ്പള്ളിയിലും ചുണ്ടേലും വൈത്തിരിയിലും പൂക്കോടും സുഗന്ധഗിരിയിലും തരിയോടും മേപ്പാടിയിലും കൽപറ്റയിലും പതിമൂന്നു വർഷങ്ങൾ ആദിമജനതയുടെ കാൽപാടുകൾ പിന്തുടർന്നപ്പോൾ കണ്ട യാഥാർഥ്യങ്ങൾ. നേരിൽ കണ്ട കാഴ്ചകൾ കേട്ടറിഞ്ഞതെല്ലാം കെട്ടുകഥകളെന്നു തെളിയിച്ചു. അറിഞ്ഞ യാഥാർഥ്യങ്ങൾ സമൂഹത്തിനു പകർന്നുകൊടുക്കേണ്ടതു കടമായി എഴുത്തുകാരൻ ഏറ്റെടുത്തു. പൊതുസമൂഹത്തിനു പ്രവേശിക്കാനാകാത്ത ആദിമജനതയുടെ ജീവിതത്തിന്റെ അകത്തളങ്ങളിലേക്കു ബാലൻ അക്ഷരങ്ങളുടെ പ്രകാശവുമായി കടന്നുചെന്നു. കരുത്തിന്റെ വാക്കുകളിൽ, കാരുണ്യത്തിന്റെ ഭാഷയിൽ, യാഥാർഥ്യത്തിന്റെ ഉൾക്കരുത്തിൽ നിലനിൽപിനുവേണ്ടി പൊരുതുന്ന ജനതയ്ക്കും ഇല്ലാതായിക്കൊണ്ടിരിക്കുന്ന മണ്ണിനും ബാലൻ പുസ്തകം സമർപ്പിക്കുന്നു: നദികളാകാൻ ക്ഷണിക്കുന്നു. 

പൊള്ളുന്ന യാഥാർഥ്യങ്ങൾപോലും കാൽപനികതയുടെ മേലുടുപ്പിടുവിച്ച്, ഭാവനയുടെ തൊങ്ങലുകൾ ചാർത്തി അവതരിപ്പിക്കുന്ന പതിവുവഴികളിൽനിന്നു മാറിനടക്കുന്ന നോവലിസ്റ്റിനെ നദികളാകാൻ ക്ഷണിക്കുന്നു എന്ന നോവലിൽ കാണാം. വയനാട് എന്ന വന്യഭൂമിയിൽ ജീവിക്കാൻ പടപൊരുതുന്ന ജനതയാണു ബാലന്റെ കഥാപാത്രങ്ങൾ. പ്രിയപ്പെട്ടവർ മരിച്ചാൽ അടക്കാൻ സ്വന്തമായി ആറടിമണ്ണുപോലും സ്വന്തമായിട്ടില്ലാത്ത പാവങ്ങൾ. ആനയും കാട്ടുപോത്തും കടുവയുമുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്കു നിരന്തരമായി ഇരയാകുന്നവർ. ശരീരം തുളയ്ക്കുന്ന തണുപ്പും നിലകിട്ടാതെ വീഴ്ത്തുന്ന കാറ്റും മറ്റു പ്രകൃതിപ്രതിഭാസങ്ങളും താണ്ഡവമാടുന്ന നിസ്സഹായ ജൻമങ്ങൾ. അവരുടെ ജീവിതം ഇതാദ്യമായി അവരുടെതന്നെ ഭാഷയിൽ ബാലൻ അവതരിപ്പിക്കുന്നു.

ആദ്യഅധ്യായങ്ങളിൽ സംഭാഷണങ്ങൾ അപരിചിതമായി തോന്നുമെങ്കിലും വായന പുരോഗമിക്കുമ്പോൾ മണ്ണിന്റെ മക്കളുടെ ഭാഷ ഏതുദേശത്തുള്ളവർക്കും പരിചിതമായി അനുഭവപ്പെടും. സ്നേഹത്തിന്റെ, കണ്ണുനീരിന്റെ, നിസ്സഹായതയുടെ ജീവിതങ്ങൾ ഉൾക്കൊള്ളാൻ ഭാഷ തടസ്സമല്ലാതെയാകുന്നത് അത്ഭുതത്തോടെ അറിയും. നോവലിലെ പ്രധാനകഥാപാത്രമായ കാവിരി ചൂഷണം ചെയ്യപ്പെടുന്ന, ഇരയാക്കപ്പെടുന്ന എല്ലാക്കാലത്തെയും മനുഷ്യന്റെയും സ്ത്രീത്വത്തിന്റെയും പ്രതീകമാണ്.

മഴ കോരിച്ചൊരിയുന്ന രാത്രിയിൽ അകാലത്തിൽ അന്തരിച്ച പ്രിയപ്പെട്ടവന്റെ മൃതദേഹത്തിനു കാവലിരിക്കുന്ന കാവിരി. എല്ലാവരാലും അവഗണിക്കപ്പെടുമ്പോൾ സ്വന്തം വീടിന്റെ മുറിയിൽ കുഴികുത്തി ഏകമകന്റെ സഹായത്തോടെ മൃതദേഹം സംസ്കരിക്കുന്ന സ്ത്രീ. അവളപ്പോൾ ഗർഭിണിയുമാണ്. വയറ്റിൽ വളർന്നുവരുന്ന കുഞ്ഞിനെ കവിരി പലപ്പോഴും മറക്കുന്നു. അതവളുടെ കുറ്റമല്ല. ജീവിതം കാവിരിയോട് ആവശ്യപ്പെടുന്നത് കഠിനമായ ജോലികൾ. അതിനിടെ, ഇനിയും ജനിച്ചിട്ടില്ലാത്ത കുട്ടിയെ കിനാവുകണ്ടിരിക്കാൻ കാവിരിക്കാകുന്നില്ല. ഏകാശ്രയമായി വളർത്തിക്കൊണ്ടുവന്ന മകൻ മരിക്കുമ്പോൾ, പത്തുമാസം ചുമന്ന മകൾ അധികൃതരുടെ അവഗണനയിൽ ഭൂമിയുടെ വെളിച്ചം കാണാതെ അന്തരിക്കുമ്പോൾ അനുഭവങ്ങളെ ശപിച്ച്, ജീവിതത്തിനു പുറം തിരിഞ്ഞിക്കുന്നില്ല കാവിരി. താനുൾപ്പെട്ട ജനതയ്ക്കു ഭീഷണി ഉയർത്തി, പ്രിയപ്പെട്ടവരിൽ പലരെയും കടിച്ചുകീറിയ കടുവയെത്തേടിപ്പോകുന്ന കാവിരി മലയാള നോവൽ സാഹിത്യം ഇതുവരെകണ്ട സ്ത്രീകഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തയാകുന്നു.

കാവിരി മനസ്സിൽ കോരിയിടുന്നതു വേദനയുടെ കനലുകളല്ല. കണ്ണുനീർ പ്രവാഹങ്ങൾക്കു വഴിയൊരുക്കുകയല്ല. നിസ്സഹായതയുടെ ദ്വീപിൽ ഉപേക്ഷിക്കുകയല്ല. കീഴടക്കാനാകാത്ത, അജയ്യമെന്നു കരുതുന്ന ശക്തിയോടും എതിർത്തുനിൽക്കാൻ, അടരാടാൻ, അവസാനശ്വാസം വരെ പോരാടാൻ, കീറിമുറിക്കപ്പെട്ട സ്വന്തം ശരീരം പോലും ആയുധമാക്കുന്ന, തോൽവിയിലും തോൽക്കാത്ത മനുഷ്യസ്നേഹത്തിന്റെ ഒരിക്കലും അണയാത്ത പന്തം കൊളുത്തുകയാണ്. വായിക്കുന്നവരുടെ മനസ്സിൽ പോരാട്ടത്തിന്റെ ആളുന്ന പന്തം കൊളുത്തിവയ്ക്കാൻ അപൂർവം പുസ്തകങ്ങൾക്കേ കഴിയൂ.

ബാലൻ വേങ്ങരയുടെ നദികളാകാൻ ക്ഷണിക്കുന്നു ഒന്നല്ല, ഒരായിരം അഗ്നിസ്ഫുലിംഗങ്ങളാൽ അടിച്ചമർത്തപ്പെടുന്ന സഹജീവികളോടു പ്രതിബന്ധതയുള്ളവരായിരിക്കാൻ ആസ്വാകരെ പ്രാപ്തരാക്കുന്നു. വായന സാമൂഹികപ്രതിബദ്ധതയുള്ള കർതവ്യമായി പരിണമിക്കുന്നു. സ്വപ്നങ്ങളുടെ ശാദ്വലതീരങ്ങൾ മാത്രമല്ല സാഹിത്യത്തിന്റെ ഭൂമികയെന്നു തെളിയിക്കുന്ന നോവൽ. കിനാവുകളുടെ നിലാവിൽ അലിഞ്ഞ നീലവാനങ്ങൾ മാത്രമല്ല അടുത്തുവരുന്ന ദുരന്തങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനും അക്ഷരങ്ങൾക്കു കരുത്തുണ്ടെന്നു തെളിയിക്കുന്ന നോവൽ. 

ബാലൻ വേങ്ങരയുടെ എഴുത്തിനു പരിമിതികൾ ഉണ്ടായിരിക്കാം. തെറ്റുകളും കുറവുകളും കണ്ടെത്താനുമായേക്കും. പക്ഷേ, അവയൊക്കെ നിഷ്പ്രഭമാക്കുന്ന ജീവിതത്തിന്റെ നേർക്കാഴ്ച നോവലിനെ സമൂഹം അംഗീകരിക്കുന്ന, ആദരിക്കുന്ന അപൂർവമായ സാഹിത്യപ്രവർത്തനമാക്കിമാറ്റുന്നു. എഴുത്തുകാരനു ജീവനുണ്ടെന്നും അക്ഷരങ്ങൾക്കു ജീവശ്വാസമുണ്ടെന്നും തെളിയിക്കുന്ന ജീവിതത്തിൽനിന്നു വലിച്ചുചീന്തിയ ഏട് . 

Your Rating: