Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകൾ തിരിച്ചുവന്ന രാത്രി

rathri

മൂന്ന് വ്യാഴവട്ട കാലത്തിന് ശേഷമാണ് ഞാൻ ഈ ആശുപത്രിയിലേക്ക് വരുന്നത്. ഒരുപാട് കെട്ടിട സമുച്ചയങ്ങൾ ചേർന്ന് അത് ഇന്ന് വളരെ വികസിച്ചിരിക്കുന്നു. പണ്ട് പ്രധാന വാതിൽ വടക്ക് വശത്തായിരുന്നു. ഇന്നും ആ വാതിൽ ഉണ്ട് എങ്കിലും റോഡിനഭിമുഖമായാണ് ഇപ്പോൾ ദര്‍ശനം.

ആശുപത്രി വരാന്തയിലൂടെ നടന്ന് ലിഫ്റ്റിലൂടെ കയറി രണ്ടാം നിലയിൽ നിന്നും നടന്ന് എത്തിയത് പഴയ ബ്ലോക്കിൽ തന്നെ. പുതിയ ബ്ലോക്കിൽ എന്നാണ് റിസപ്ഷനിൽ പറഞ്ഞത്. ഹൃദ്രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനാണ് ഇപ്പോഴും എത്തപ്പെട്ടത്. മരുന്നുകളുടെയും സ്പിരിറ്റിന്റെയും നേർത്ത ഗന്ധം എന്റെ സിരകളിലൂടെ എന്നെ ഏതോ പൂർവ്വകാല സ്മരണകളിൽ കൊണ്ടെത്തിച്ചു.

മുത്തച്ഛൻ ഞാൻ ഇപ്പോൾ ഇരിക്കുന്ന മുറിയുടെ മുന്നിലെ മുറിയിൽ കിടന്നാണ് മരിച്ചത്. ഹൃദ്രോഗബാധയെ തുടർന്ന് ഏതാണ്ട് ഇരുപത്തൊന്ന് ദിവസങ്ങളാണ് അന്ന് ഞാന്‍ ആശുപത്രിയിൽ നിന്നത് മുത്തച്ഛന് കൂട്ടായി.

ഇപ്പോൾ അതേ സാഹചര്യം, അതേ ആശുപത്രി, അതേ ഫ്ലോർ, ആ മുറിയുടെ മുന്നിലെ മുറി... ഹൃദ്രോഗി... എന്നിൽ നേരിയ ഭയം അരിച്ചിറങ്ങാൻ തുടങ്ങി. വീണ്ടും ഒരു മീനമാസം. ഈ രാത്രി ഇനി ഉറങ്ങാൻ കഴിയും എന്ന് തോന്നുന്നില്ല. എന്റെ മുത്തച്ഛന്റെ ആത്മാവിന് എന്നെ കാണാൻ ആഗ്രഹം തോന്നിയതാകുമോ, എന്നെ ഇവിടെ എത്തിച്ചത്? അതോ കാലത്തിന്റെ ഒരു കരുനീക്കമോ? എനിക്ക് തരുന്ന ഒരു പാഠഭാഗമോ?

വീണ്ടും ചില സമാനതകൾ. അന്ന് ആ മീനമാസത്തിൽ എന്റെ അച്ഛന്റെ പിറന്നാളിനായി ആശുപത്രിയിൽ നിന്നും ഞാൻ എന്റെ വീട്ടിലേക്ക് പോയിട്ട് മടങ്ങി വന്നിരുന്നു. ഇന്നും ഞാൻ ആശുപത്രിയിൽ നിന്നും ഉച്ചയ്ക്ക് എന്റെ സുഹൃത്തിന്റെ അച്ഛന്റെ എൺപതാം പിറന്നാൾ ആഘോഷത്തിന് പോയാണ് വന്നിരിക്കുന്നത്.

പട്ടാളക്യാമ്പുകളിലെ പോലെ രാത്രി പത്ത് മണി ആയാൽ ലൈറ്റ് ഓഫാക്കണമെന്നാണ് ഇവിടെയും നിയമം എന്ന് അറിയാമായിരുന്നതിനാൽ ഞാൻ അത് നേരത്തേ തന്നെ ഓഫാക്കി. ദൂരെ വരാന്തയിലെവിടെയോ മിന്നി കത്തുന്ന ലൈറ്റിന്റെ നേർത്ത പ്രകാശം മുറിയിലേക്ക് വരുന്നുണ്ട്. രാത്രിയിൽ എന്തൊക്കെ സംഭവിക്കും എന്ന ആകാംഷയോടെ തിരിഞ്ഞു മറിഞ്ഞു കിടന്ന ഞാൻ ഉറക്കത്തിനായി കണ്ണടച്ചു കിടന്നു. മുത്തച്ഛന്‍ അന്ന് പറഞ്ഞ പലതും ഓർമ്മയിൽ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. മറന്നുപോയ പല വാക്കുകളും തിരിച്ചു വരുന്നു. ഞാൻ കണ്ണടച്ചു കമിഴ്ന്നു കിടന്നു.