Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍റെ കൊമ്പന്‍

karun

ഉത്സവം കഴിഞ്ഞ്, എന്റെ കൊമ്പനാനയുമായി

പട്ടണത്തില്‍ പ്രവേശിയ്ക്കുകയായിരുന്നു ഞാന്‍. 

ഒരു പകല്‍.

തെരുവില്‍ നിന്ന് ഒരു നായയും ഒരു തെണ്ടിയും 

ഞങ്ങളുടെ പിറകെ വന്നു.

മൂന്ന് ബസ്സുകള്‍ ഞങ്ങളെക്കാള്‍ വേഗത്തില്‍ ഓടിപ്പോയി. 

ഓരോ കാറ്റും ഓരോ ബസ്സിനും പിറകെ ഓടിപ്പോയി. 

ആളുകള്‍ ചിലര്‍ ഞങ്ങളെ നോക്കി. 

ചിലര്‍ ആനയെ മാത്രം നോക്കി. 

എന്റെ കൊമ്പനെയൊ എന്നെയൊ കണ്ട് 

വഴിയിലെ അന്ധരായ ദമ്പതിമാര്‍ കൈ കൂപ്പി

എന്തോ പറഞ്ഞു. പ്രാര്‍ത്ഥനയൊ വഴിയോ.

രണ്ട് ബസ്സുകള്‍ ഞങ്ങളെക്കാള്‍ വേഗത്തില്‍ 

പിന്നെയും ഓടിപ്പോയി. രണ്ട് കാറ്റും.

നടന്ന് നടന്ന് ഞാന്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു. 

ആനയ്ക്കൊപ്പം കുളിയ്ക്കുന്ന ഒരു പുഴ, അതോ രാത്രിയോ 

കണ്‍പോളകള്‍ക്കടിയില്‍ ഇളകുന്നുണ്ടായിരുന്നു.

പട്ടണം നീണ്ടു നീണ്ടുപോയി....

മൂന്ന് ബസ്സുകള്‍ പിന്നെയും ഞങ്ങളെക്കാള്‍ വേഗത്തില്‍

ഓടിപ്പോയി. മൂന്ന് കാറ്റും.

പത്താമത്തെ തവണയും തെണ്ടി പറഞ്ഞു :

“എന്റെ കൊമ്പാനാനേ! എന്റെ പ്രിയ മിത്രമേ! നീ നടന്നുപോയ പാതകള്‍ വേണ്ടേ ഞങ്ങള്‍ക്ക് തെണ്ടാന്‍!” “നീ നടന്നുപോയ വഴി വേണ്ടേ ഞങ്ങള്‍ക്ക് നാളെയും നടക്കാന്‍?” “നീ ഇങ്ങനെ വൈകാന്‍ പാടുണ്ടോ?” “നിനക്ക് വേഗം വേഗം വന്നൂടെ?” “നിന്റെ വരവല്ലേ വരവ്” “നീ അല്ലേ കൊമ്പന്‍”

പത്താമത്തെ തവണയും തെണ്ടി ചുമച്ചു, തുപ്പി.

ഞാന്‍ നായയെ നോക്കി. നായ തെണ്ടിയെ നോക്കി.

തെണ്ടിയെ നോക്കി ഞാന്‍ കണ്ണുരുട്ടിക്കാണിച്ചു. 

ഞാന്‍ പറഞ്ഞു:

“എന്റെ കൊമ്പന്‍ നിന്നോട് ഒരക്ഷരം മിണ്ടില്ല”, “എന്റെ കൊമ്പന്റെ കാലിന്റെ ചോട്ടിലേക്ക് നീ വരരുത്” “ഒരു സമയത്തും വരരുത്!”

ആന തുമ്പിക്കൈ നീട്ടി എന്റെ തലേക്കെട്ടഴിച്ചു 

പത്താമത്തെ തവണയും വഴിയരികിലേക്കെറിഞ്ഞു 

എന്നെ നോക്കി തലയാട്ടിക്കാണിച്ചു. 

തെണ്ടി എന്നെ നോക്കി ചിരിച്ചു. 

വാലോ മോതിരമോ വേണമെന്ന് വരച്ചു കാണിച്ചു.

ആ സമയം, ആ സമയം, ആദ്യമായി...

പട്ടണത്തിനു മീതെ മാനത്തിനു തൊട്ടു താഴെ എന്റെയോ 

ആനയുടെയോ തെണ്ടിയുടെയോ നായയുടെയോ 

ദൈവം വന്നു നിന്നു.

അങ്ങനെ എനിക്ക് തോന്നി.

എന്തോ കണ്ടപോലെ നായ 

ആനയുടെ കാല്‍ച്ചോട്ടിലേക്ക് ചാടി. 

തെണ്ടി ആനപ്പുറത്തേക്ക് പറന്നു. 

വഴിയില്‍ വീണ തലേക്കെട്ട്‌ എടുത്ത്

ഞാന്‍ ഓടിവന്നു, എന്റെ കൊമ്പനൊപ്പം എത്തി.

ആ സമയം, ആ സമയം, ആദ്യമായി...

മാനത്ത് നിന്നോ മുതുകില്‍ നിന്നോ അതോ 

പകലില്‍ നിന്നോ ആന ആരെയോ പറിച്ചെടുത്തു,

വായുവിലേക്ക് ചുഴറ്റി എറിഞ്ഞു, വീണതെന്തോ 

കൊമ്പില്‍ കോര്‍ത്തു, കോര്‍ത്തതെന്തോ 

കാലിനടിയിലേക്ക് ഇട്ടു..

ചവിട്ടി..

എന്നെ തിരിഞ്ഞു നോക്കി.

പത്താമത്തെ തവണയും ഞാനതിന്റെ 

കൊമ്പില്‍ പിടിച്ചു, ചത്തവന്‍റെ ഉശിരോടെ.

അതിനോട് “നടയാനേ” എന്ന് പറഞ്ഞു. 

തെണ്ടിയെ നോക്കി ചിരിച്ചു. 

നായയെ നോക്കി ചിരിച്ചു.

വാലോ മോതിരമോ വേണ്ടതെന്ന്

രണ്ടിനോടും ചോദിച്ചു.

പിന്നെ, വളഞ്ഞു പിരിഞ്ഞു നീണ്ടുപോയ 

പകലിന്റെ ചങ്കില്‍ത്തന്നെ ചവിട്ടി.. ഒരു തവണ ആടി... 

ആടി ആടി ആടി നടന്നു.. ആടി ആടി ആടി നടന്നു 

എന്റെ കൊമ്പനൊപ്പം...