വേഷം മാറി വന്ന ദൈവം
ചെളികുഴഞ്ഞ മണ്ണിലേക്ക്
ചവിട്ടിത്താഴ്ത്തിക്കളഞ്ഞയാളുടെ
ശ്രാദ്ധമൂട്ടാണ് ഓണം.
പൂക്കളായ പൂക്കളെ മുഴുവൻ
ഇറുത്തു മാറ്റിയാലും
വസന്തം വരുമെന്നതിന്റെ വിളംബരമാണത്.
ഒറ്റച്ചവിട്ടിനാൽ മഹാബലിപുരമുണ്ടാക്കിയ
ആൾമാറാട്ടക്കാരന്റെ അണികൾ
ആയുധവുമായി വന്നു
വെടികൊണ്ടടച്ചു
ഒരായുസ്സിന്റെ പുസ്തകം.
ഓണമായിരുന്നു,
എന്റെ ചോറിൽ കല്ലുകടിക്കുന്നു.
ചോറുരുള കൊണ്ടുപോലും
വായടക്കരുതെന്ന് കല്പിച്ച്
തൂശനിലയുടെ പരപ്പിൽ നിന്ന്
ചുരുട്ടിയുയർത്തിയ മുഷ്ടികൾ
നിലവിട്ടു പൊങ്ങുന്നു
ഒന്നൊന്നായി ഇറുത്തു മാറ്റിയാലും
ചോര മഴയുടെ ചൂടുപറ്റി വിരിയുന്ന
ഒരായിരം പൂക്കളിലൂടെ
വസന്തം വരികതന്നെചെയ്യുമെന്ന്
ഇനി ഏത് ഭാഷയിലാണ് ദൈവമേ
നിന്നോടും നിന്റെ കൂട്ടരോടും
പറഞ്ഞു തരേണ്ടത് ?
Read More Articles on Malayalam Literature & Books to Read in Malayalam