Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഗ്ഗി ബാങ്ക്

story-image

ഛോട്ടാ ഭീമിന്റെ ചിത്രം ശീലയിലും മുകൾവശത്ത് കമ്പി കൂർത്തു നിൽക്കുന്നതുമായ ഒരു ചുവപ്പ് കാലൻകുട.അതു പ്രധാന അധ്യാപികയുടെ മുമ്പിൽ സമർപിച്ച് രണ്ടാം തരം – ബി ക്ലാസ് ടീച്ചർ, ഗീത ആശങ്കയോടെ നിന്നു. കുത്തുവിളക്കേറ്റ ആരോമലിനെപ്പോലെ വയറ്റിലെ മുറിവിനു ചുറ്റും കെട്ടുമായി ഷർട്ടിടാത്ത ഇരയും ‘പ്രിൻസിപ്പാൽ റൂമി’നെ അലങ്കരിച്ചിരുന്ന ട്രോഫികളുടെ എണ്ണമെടുക്കുന്ന നിലയിൽ കുറ്റവാളിയും അവർക്കൊപ്പമുണ്ടായിരുന്നു.

ഇരയുടെ വയറിലെ ചോരയിൽ കുതിർന്ന പഞ്ഞി കണ്ട് ,മലയാളം പറഞ്ഞാൽ ഫൈനുള്ള സ്കൂളിലെ പ്രിൻസിപ്പൽ തന്റെ സന്യാസ ദീക്ഷ പോലും വിസ്മരിച്ചു ശുദ്ധ മലയാളത്തിൽ അലറി.

‘‘ആവൂ എന്തായിത്!!!? കുട്ടീ, കുടകൊണ്ടിങ്ങനെ കുത്താമോ?’’

‘‘പറയൂ കുട്ടീ, കുടകൊണ്ടിങ്ങനെ കുത്താമോ?’’

പ്രാസഭംഗി നിറഞ്ഞ ഈ വാചകം ഒരു കവിതാ ശകലം പോലെ പലയാവർത്തി ദർശനു നേരെ ഉയർന്നു. ദർശനാവട്ടെ ‘‘കുത്താമോ?’’ ‘‘കുത്താമോ?’’ എന്ന ആവർത്തനം കേട്ട് ഇനിയും കുത്തണോ, അതോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ കുടയെയും കൂട്ടുകാരനെയും മാറി മാറി നോക്കി....

ക്ലാസിൽ അച്ചടക്കം നടപ്പിലാക്കാത്ത ടീച്ചർക്കുള്ളതായിരുന്നു ശേഷമുള്ള ശകാരം. ആംഗലേയത്തിലുള്ള പ്രിൻസിപ്പലിന്റെ കടുത്ത ശകാരം റേഡിയോയിൽ കുട്ടിക്കാലത്തു കേട്ടിരുന്ന ഇംഗ്ലീഷ് ന്യൂസിന്റെ സ്മരണ ഉണർ‌ത്തും. അവർ പറയുന്നതു കേട്ടാൽ ദർശനെക്കൊണ്ടു കിഷനെ കുത്തിച്ചത് താനാണെന്നു തോന്നും. ഗീതയ്ക്ക് ദേഷ്യം വന്നു.

ഓരോ ക്ലാസിലും അൻപതിനടുത്തു കുട്ടികളുണ്ട്. തുറന്ന കൂടയിൽ വിൽക്കാൻ വച്ചിരിക്കുന്ന ,അപ്പോൾ മാത്രം വിരിഞ്ഞ മഞ്ഞ കോഴിക്കുഞ്ഞുങ്ങളെപ്പോലെ കലപില കൂട്ടുന്നവരാണു ചെറിയ കുട്ടികൾ. ചലനാത്മകമാണ് അവരുടെ ക്ലാസുകൾ. സ്കൂളിൽ കുട്ടികൾക്കു ശാരീരിക ശിക്ഷ നൽകാൻ ഇക്കാലത്ത് നിയമം അനുവദിക്കാത്തതിനാൽ വടിയും അടിയും പാടില്ല. അച്ചടക്കത്തോടെ ക്ലാസ് കൊണ്ടുപോവുക എന്നത്, രാവണൻ കോട്ടയിലേക്ക് ചെറിയ ഗോളങ്ങളെ കയറ്റുന്ന കളിപോലെയാണ്. ഒന്നിനെ വട്ടംചുറ്റി വഴിക്കു കൊണ്ടുവരുമ്പോഴേക്കും മറ്റേത് ഊർന്നു പോയിട്ടുണ്ടാവും. ഇനി എല്ലാരെയും ഒരിടത്തെത്തിച്ചെന്ന് വിചാരിക്കുക അപ്പോഴേക്കും ആ പിരിയഡ് കഴിഞ്ഞിട്ടുണ്ടാവും...

‘‘ചുട്ട രണ്ടെണ്ണം ഈമാതിരി അക്രമികളുടെ ചന്തിക്കു പെടച്ചാൽ അച്ചടക്കം താനേ വരും...’’ ഗീത ഈർഷ്യയോടെ വിചാരിച്ചു. ഉടൻതന്നെ സ്വയം തിരുത്തുകയും ചെയ്തു. ഇഷ്ടപ്പെട്ടു തിരഞ്ഞെടുത്ത ജോലിയാണ് അധ്യാപനം. ഭാവിയെ സൃഷ്ടിക്കുന്ന ഭൂമിയിലെ ദൈവങ്ങൾ...തുടങ്ങിയിട്ടേയുള്ളു താൻ. നെറ്റ്, പിഎച്ച്‍ഡി, കോളജധ്യാപനം റെയ്ഞ്ച് കിട്ടാതെ സ്വപ്നങ്ങൾ ക്യൂവിലാണ്. ഗീത സ്വയം പുഞ്ചിരിച്ചു.

ഇതങ്ങനെ വിട്ടാൽ പറ്റില്ലല്ലോ രണ്ടാം ക്ലാസുകാർ പോലും ഇങ്ങനെ കുത്തും കൊലയും തുടങ്ങിയാൽ...?

‘‘ദർശൻ ബ്രിങ് യുവർ നോട്ട് ബുക്ക്’’ ക്ലാസിൽ എത്തിയ ഉടനെ ഗീത ആവശ്യപ്പെട്ടു.

‘‘ഹേർട്ട് നോ ലിവിങ്ങ് തിങ്:

ലേഡി ബേർഡ്, നോർ ബട്ടർഫ്ലൈ,

നോർ മോത്ത് വിത്ത് ഡസ്റ്റി വിങ്,

നോർ ക്രിക്കറ്റ് ചിർപ്പിങ് ചിയേർലി...’’

ക്രിസ്റ്റിന ജോർജിന റോസെറ്റിയറുടെ വരികൾ ഗീത ദർശന്റെ ബുക്കിൽ എഴുതി, അവനെക്കൊണ്ടു വായിപ്പിച്ചു. എന്നിട്ടു ചോദിച്ചു.

‘‘മനസ്സിലായോ?’’

‘‘ഉം...’’

‘‘എന്ത്?’’

‘‘ബട്ടർ ഫ്ലൈയെയും മറ്റു ജീവികളെയും വേദനിപ്പിക്കാൻ പാടില്ലാന്ന്,’’ അവൻ നാണത്തോടെ പറഞ്ഞു.

‘വേദന’ എന്ന വാക്ക് അവൻ ഉച്ചരിച്ചത് ആ വാക്കിനു പോലും വേദനിക്കാത്തത്ര മൃദുവായാണെന്ന് ഗീതയറിഞ്ഞു.

‘‘കിഷനെ കുത്തുമ്പോൾ കിഷനും ഒരു ബട്ടർഫ്ലൈ ആണെന്ന് മോൻ കരുതണം...’’

അവൻ തലയാട്ടി

‘‘ഈ ലൈൻസ് ട്വന്റി ഫൈവ് ടൈംസ് എഴുത്, ആസ് എ പണിഷ്മെന്റ്...’’ ഗീത നിറചിരിയോടെ പറഞ്ഞു.

ആ അധ്യയന വർഷം അവസാനിക്കാറായപ്പോൾ ദർശൻ ഗീതയോടു ചോദിച്ചു. ‘‘നെക്സ്റ്റ് ഇയറും ടീച്ചറാവോ എന്റെ ക്ലാസ് ടീച്ചർ’’

ഉത്തരം പറയാതെ ഗീത എന്നത്തെയും പോലെ അവന്റെ കവിൾ ചുവപ്പിൽ പിച്ചി.

‘‘എനിക്ക് ടീച്ചറെ ഭയങ്കര ഇഷ്ടാണ്.’’

പക്ഷേ അപ്പോൾ എന്തുകൊണ്ടോ അവന്റെ മുഖം വാടിയിരുന്നു. ആത്മാവ് കൊണ്ടു മാത്രം മണക്കാൻ കഴിയുന്ന ഒരു സുഗന്ധം തന്റെ ചുറ്റും പരക്കുന്നതായി ഗീതയ്ക്കു തോന്നി...

പിന്നത്തെ രണ്ടു കൊല്ലം ഉപരിപഠനാർഥം ഗീത സ്കൂളിൽ നിന്നു ലീവെടുത്തു. ലീവിനു ശേഷം പുതിയ അധ്യയന വർഷം സ്കൂളിൽ തിരിച്ചെത്തിയപ്പോൾ ആകസ്മികമായി ദർശന്റെ ക്ലാസ് ചാർജ് തന്നെ കിട്ടി. ഇപ്പോൾ അവൻ ചിരിക്കാറേയില്ല. കവിളും ചുവപ്പും വറ്റിയിരിക്കുന്നു. പഠനം വളരെ മോശം. അവന്റെ മാതാപിതാക്കൾ വിവാഹ ബന്ധം വേർപെടുത്തിയത്രേ. അബദ്ധത്തിൽ പോലും കണ്ടുമുട്ടരുതെന്ന വാശിയിൽ രണ്ടു പേരും രണ്ട് വിദൂര സ്ഥലങ്ങളിലാണ്. കുട്ടി മുത്തശ്ശനോടൊപ്പം നാട്ടിലൊറ്റയ്ക്ക്. കണ്ണുകളിൽ ആണ്ടു നോക്കിയാൽ ഒരു കുഞ്ഞു ഹൃദയമിരുന്ന് കരയുന്നതു കാണാം...ഗീതയെ അവൻ മറന്നിട്ടുണ്ടായിരുന്നില്ല.

സ്കൂളിൽ കുട്ടികൾ നടത്തുന്ന ഒരു ‘ചാരിറ്റി ക്ലബ്’ ഉണ്ട്. ജന്മദിനങ്ങളിലും മറ്റും എല്ലാവർക്കും ചെറിയ തുക സംഭാവന ചെയ്യാം. അനാഥാലയങ്ങളിലേക്കും മറ്റും ആ തുക പിന്നീടു കൈമാറും. അക്കൊല്ലം ദർശന്റെ ക്ലാസിലെ ഒരു കുട്ടിയുടെ അമ്മയുടെ ചികിൽസാർഥം ലക്ഷങ്ങൾ ആവശ്യമാണെന്ന് എല്ലാവരും അറിഞ്ഞു. അവരെ ചാരിറ്റി ക്ലബ് വഴി സഹായിക്കാൻ സ്കൂളിൽ തീരുമാനിച്ചു.

‘‘പിഗ്ഗി ബാങ്ക്’’ കുട്ടികൾ ആർത്തു വിളിച്ചു. ചില്ലറ നിക്ഷേപിക്കുന്ന മുതുകിൽ ദ്വാരം കീറിയൊരു പന്നിക്കുട്ടിയുടെ ബൊമ്മയുമായി ചാരിറ്റി ക്ലബിലേക്ക് ദർശൻ വന്നിരിക്കുകയാണ്. സംഭാവനയ്ക്കു പണം ചോദിച്ചപ്പോൾ മുത്തശ്ശൻ കൊടുത്തിട്ടുണ്ടാവില്ല. അപ്പോൾ എടുത്തുകൊണ്ട് പോന്നതാവും, പന്നിയുടെ വയറു പൊളിച്ച് എണ്ണി നോക്കിയപ്പോൾ ഞെട്ടിപ്പോയി. നാലാക്കി മടക്കിതിരുകിയ നൂറുമഞ്ഞൂറുമടക്കം അയ്യായിരത്തി ഇരുന്നൂറ്റി പതിനേഴു രൂപയുണ്ട്! എന്തായാലും കുട്ടിയുടെ വീട്ടിലറിയിക്കാൻ തീരുമാനിച്ചു.

വയറു പൊളിഞ്ഞ ‘പിഗ്ഗി ബാങ്ക്’ എന്ന ഇരയും കുറ്റവാളിയും ഒരു കൂമ്പാരം കാശും വീണ്ടും പ്രിൻസിപ്പലിനു മുമ്പിൽ സമർപ്പിച്ചു ഗീത നിന്നു. ഈ പ്രാവശ്യം ദർശന്റെ മുത്തശ്ശൻ വന്നിട്ടുണ്ട്.

‘‘കുരുത്തം കെട്ടവനാണു മാഡം, മൂടിക്കെട്ടിയ പോലിങ്ങനെ നടക്കും. ആരോടും ഒന്നും മിണ്ടില്ല. ജനിപ്പിച്ചവർക്കോ വേണ്ട...വയസ്സുകാലത്ത് എനിക്കു പ്രാരബ്ധത്തിനു വേണ്ടി ഓരോന്ന്...സൈക്കിള്‍ വാങ്ങണംന്ന് പറഞ്ഞ് പലപ്പോഴായി എടുത്തുവച്ച പൈസയാണ്. ആരോടും  പറയാതെ എടുത്തുകൊണ്ടു വന്നിരിക്കാണ്....’’

‘‘എനിക്കു സൈക്കിൾ വേണ്ട’’ ഉറപ്പിച്ചു പറഞ്ഞ് ദർശൻ മുറിക്കു പുറത്തേക്ക് വേഗത്തിൽ നടന്നു. ഗീത പിന്നാലെ ചെന്നു.അവൻ ഇടനാഴിയിലെത്തിയിരുന്നു...‘‘നിൽക്കൂ, മുത്തശ്ശനോട് പറഞ്ഞിട്ട് എടുക്കാരുന്നില്ലേ ?...’’

ഉത്തരമില്ല.

വലിയ മാറാപ്പു ഭാണ്ഡങ്ങൾ കൂട്ടിയിട്ടതുപോലുള്ള കിഴക്കൻ മലനിരകളെ മേഘങ്ങൾ പൊതിഞ്ഞിട്ടുണ്ട്. മഴ വരുമെന്നുറപ്പുതരുന്ന ഒരു തണുത്ത കാറ്റ് ഇടനാഴിയിൽ ചൂളം കുത്തുന്നു.എന്നിട്ടും ദർശൻ വിയർത്തിരിക്കുന്നു.

‘‘നിനക്ക് എന്നോട് സംസാരിച്ചുകൂടേ...’’ ഗീതയ്ക്കു വേദന തോന്നി. അപമാനപ്പെട്ടവന്റെ നൊമ്പരം പേറുന്ന കണ്ണുകൾ ഗീതയ്ക്കു നേരെ ഉയർന്നു.

‘‘ടീച്ചറേ...കിഷന്റെ അമ്മയ്ക്കു വയ്യാന്ന് കേട്ടപ്പോൾ...ഞാൻ...പാതി നിർത്തിയിട്ട് അവൻ മൃദുവായി ചൊല്ലാൻ തുടങ്ങി.

‘‘ഹേർട്ട് നോ ലിവിങ് തിങ്...

ലേഡി ബേർഡ്, നോർ ബട്ടർഫ്ലൈ..."രണ്ടാം ക്ലാസിൽ വച്ച് ഗീത ശിക്ഷയായി നൽകിയ ആ വരികൾ ദർശനിൽ നിന്നു തൂകിപ്പരന്നു. ഒരു ജീവനെപ്പോലും വേദനിപ്പിക്കാനാവാത്ത, എല്ലാവരെയും സഹായിക്കാൻ വെമ്പുന്ന ഒരായിരം സ്നേഹക്കുഞ്ഞുങ്ങൾ പൂമ്പാറ്റച്ചിറക് വിടർത്തി ദർശന്റെ പിഗ്ഗി ബാങ്കിൽ നിന്നു പറന്നുയർന്ന് അവിടമാകെ നിറയുന്നത് അപ്പോൾ ഗീതയ്ക്കു കാണാമായിരുന്നു. പക്ഷേ, അവ പരത്തിയത് ആ ഗന്ധം തന്നെ ആയിരുന്നു. ആത്മാവു കൊണ്ടു മാത്രം മണത്തറിയാൻ കഴിയുന്ന സ്നേഹത്തിന്റെ സുഗന്ധം...

 Read more Malayalam Literature NewsMalayalam Book ReviewMalayalam Literature Magazine