Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടുംകൈ  

x-default

ജീവിതം ഇനി എന്ത്, എങ്ങനെ എന്നുള്ള ഒരു സങ്കീര്‍ണ്ണമായ പ്രതിസന്ധി നേരിടുമ്പോഴാണ് ഞാന്‍ അവളെ പരിചയപ്പെടുന്നത്. ദീപ്തി. അവളുടെ കണ്ണുകളില്‍ എപ്പോഴും ഒരു തിളക്കമുണ്ടായിരുന്നു. കരഞ്ഞിട്ടെന്നപോലെ. അവസാനമായി എന്റെ കൈകളില്‍ ചത്തുമലച്ചു വീണപ്പോളും ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. കണ്‍പോളകള്‍ ഞാന്‍ ബലമായി കൂട്ടിയടച്ചപ്പോള്‍ ഇരുവശത്തേക്കും കണ്ണീര്‍ച്ചാലുകള്‍ തുറന്നു. പാവം.. ഏറെ വേദനിച്ചിട്ടുണ്ടാകും. കൈകള്‍ കൊണ്ട് ഞാന്‍ സ്വയം ശ്വാസം മുട്ടിച്ചു നോക്കി. ഏയ്‌, അത്രയ്ക്കൊന്നുമില്ല. പെണ്ണല്ലെ, ഓവറാക്കിയതാവും. 

ദീപ്തിയെ ഞാന്‍ സ്നേഹിച്ചിരുന്നു. രണ്ടാഴ്ചയോളം പഴക്കമുള്ള സ്നേഹം. സ്ത്രീസംസര്‍ഗമില്ലാത്ത ആണുങ്ങള്‍ക്ക് ചിരിച്ചു കാണിക്കുന്ന ഏത് കഴുപ്പെട്ട സാധനത്തിനോടും തോന്നുന്ന ആ സ്നേഹം. പരിചയപ്പെട്ടിട്ട് ഏറെയായില്ലെങ്കിലും അവള്‍ നല്ലവളാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ വിശ്വസിച്ചതും ഈ മുറിയില്‍ എന്നെ കാണാന്‍ വന്നതും അതിനാലാണല്ലോ.      

ഞാന്‍ ഓര്‍ക്കുന്നു, പരിചയപ്പെട്ട അന്ന് യാത്ര പറയുന്നതിനു മുന്നെ അവള്‍ എന്നോട് ചോദിച്ചു, “തനിക്ക് ചാവാന്‍ പേടിയാണോ?”

“അതെ, പേടിയാണ്. മരണത്തിന്റെ അപ്പുറത്തുള്ള ആ അജ്ഞതയുണ്ടല്ലോ, ഒരു മതിലിനപ്പുറം നടക്കുന്നത് ഇപ്പുറത്തുള്ള ഞാന്‍ അറിയാതെ പോകുന്ന ആ അവസ്ഥ, ഓർമ്മ വെച്ചന്നുമുതല്‍ ഞാനതിനെ ഭയപ്പെടുന്നു.”

“താനിങ്ങനെ പേടിച്ചാലോ, കുറേ ജീവിച്ചാല്‍ പിന്നെ മടുപ്പിക്കലാണ്. ചെയ്യാനുള്ളത് ചെയ്താല്‍ അങ്ങ് പോയേക്കണം. കടിച്ചുതൂങ്ങി നില്‍ക്കുന്നത് എന്തിനാ?”

ദീപ്തി, നീ അന്നങ്ങനെ ചോദിച്ചത് യാദൃശ്ചികമായാണോ എന്നറിയില്ല, പക്ഷെ നിന്റെ മരണത്തില്‍ നീ സംതൃപ്തയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിനക്കറിയാമായിരുന്നു ഇതിങ്ങനൊക്കെ തന്നെ അവസാനിക്കുമെന്ന്. എനിക്ക് മരിക്കാന്‍ പേടിയാണെന്ന് പറഞ്ഞിരുന്നില്ലേ? അവിചാരിതമായി ഇടകലര്‍ന്ന നമ്മുടെ വിധിയില്‍ ഒരാള്‍ ഇവിടെ യാത്ര അവസാനിപ്പിച്ചേ മതിയാകൂ. അതൊരിക്കലും ഞാനായിരുന്നില്ല.  

കൊലപാതകം ആത്മഹത്യയാക്കി മാറ്റാന്‍ എളുപ്പമാണ്. അവളുടെ മഞ്ഞ ഷാള്‍ കൊണ്ട് ഞാന്‍ സീലിംഗ് ഫാനില്‍ ഒരു തൂക്കുകയറുണ്ടാക്കി. ഇനി അവളെ ഒരു കായക്കുല പോലെ കെട്ടിത്തൂക്കണം. ഒരു സ്ടൂളും മറച്ചിടണം. കഴിഞ്ഞു. എന്നെ കാണാന്‍ വന്നതാണെന്നും, ഞാന്‍ ടോയിലെറ്റില്‍ പോയ തക്കം നോക്കി തൂങ്ങി മരിച്ചതാണെന്നും മൊഴി കൊടുക്കാം. വിശ്വസിക്കാതിരിക്കില്ല. ഇല്ലെങ്കിലും എനിക്ക് പുല്ലാണ്. നഗരത്തിലെ ഏതു ഡോക്ടര്‍ വേണമെങ്കിലും “മെന്റലി ഇന്‍സേന്‍” എന്നെന്നെ സര്‍റ്റിഫ് ചെയ്യും. കൂടിപോയാല്‍ ആറുമാസത്തെ ഹോസ്പിറ്റല്‍ വാസം, പുതുപുത്തനായി ഞാന്‍ തിരിച്ചെത്തും. ചിലപ്പോള്‍ മുടിയൊക്കെ പറ്റെവെട്ടിയെന്നിരിക്കും. എന്തെങ്കിലുമാവട്ടെ. മരിക്കാതിരുന്നാല്‍ മതി. ഒരു പക്ഷെ ആ മതിലിനപ്പുറം ദീപ്തി എന്നെ കാത്തുനില്‍പ്പുണ്ടെങ്കിലോ? 

കുറിപ്പത്രയും വായിച്ച് ഞാനത് എവിഡന്‍സ് ബാഗില്‍ നിക്ഷേപിച്ചു. ഇതെന്റെ ക്രൈംസീനാണ്. അകത്തെ മുറിയില്‍ എന്നെ കാത്ത് മണിക്കൂറുകള്‍ പഴകിയ ഒരു ജഡവും അതിനു കാവലായി കിറുക്കനായ ഒരു യുവാവും കാണും. മനുഷ്യനെത്ര വിചിത്രമായാണ് ചിന്തിക്കുന്നത്. നൂറുപേരില്‍ തൊണ്ണൂറ്റിഒന്‍പതു പേര്‍ക്കും തോന്നാത്തത് എങ്ങനെ ഒരാള്‍ക്ക് മാത്രമായി തോന്നുന്നു? ഒരു കാന്‍സര്‍ കോശത്തെ പോലെ, ആ ഒരാള്‍ ബാക്കിയുള്ള ഭൂരിഭാഗത്തെയും അസ്വസ്ഥമാക്കുന്നു. സ്റ്റേറ്റ് അതിന്റെ അധികാരം എന്നെ പോലുള്ളവരില്‍ നിക്ഷേപിച്ചത് ഇത്തരം ‘അനോമലികളെ’ കണ്ടെത്തി ഇല്ലാതാക്കാനാണ്. 

“കോണ്‍സ്റ്റബിള്‍, ബോഡി താഴെയിറക്കിയൊ? “

“സാറിനെ കാത്തുനില്‍ക്കുകയാണ്.”

ഞാനും കോണ്‍സ്റ്റബിളും കൂടെ അകത്തെ മുറിയിലേക്ക് നടന്നു. ഫാനില്‍ നിശ്ചലമായി തൂങ്ങിക്കിടക്കുന്ന യുവതി. മുപ്പതിനടുത്ത് പ്രായം. ഒറ്റനോട്ടത്തില്‍ ആത്മഹത്യയായി തോന്നുമെങ്കിലും ഇത് ചെയ്ത വിദ്വാന്‍ താഴെ തറയില്‍ കുത്തിയിരിക്കുന്നുണ്ടല്ലോ. കഷണ്ടി കയറിതുടങ്ങിയ തല പ്രായം തോന്നിപ്പിക്കുന്നു. പക്ഷെ, ആ 

തൂങ്ങിക്കിടക്കുന്ന ഷര്‍ട്ടിന്റെ കൈകള്‍...ദൈവമേ, ഇയാളുടെ കൈകളെവിടെ?

“ സര്‍ ഇയാള്‍ നോര്‍മലാണ്. ഒരു ആക്സിഡന്റില്‍ കൈ രണ്ടും മുട്ടിനു താഴെ വെച്ച് മുറിച്ചുകളയേണ്ടി വന്നു.”

അടുത്തുചെന്ന് ഞാന്‍ അയാളെ സൂക്ഷിച്ചുനോക്കി. ആ കൂസലില്ലായ്മയാണ് എന്നെ ഞെട്ടിച്ചത്. ഇവിടെ നടന്നതൊന്നും അയാള്‍ക്ക് ബാധകമല്ലെന്ന മട്ട്. ഒന്ന് തലയുയര്‍ത്തി നോക്കിയിട്ട് പിന്നെയും അയാള്‍ കാല്‍വിരലുകളില്‍ നോക്കിയിരുപ്പായി.

“ മിസ്റ്റര്‍, ദീപ്തിയുടെ മരണം ഒരു കൊലപാതകമാണെന്ന് ഞാന്‍ സംശയിക്കുന്നു. അങ്ങനെയല്ലെന്ന് തെളിയിക്കേണ്ടത് ഇപ്പോള്‍ നിങ്ങളുടെ ആവശ്യമാണ്‌. പറയൂ, എന്താണ് ശെരിക്കും സംഭവിച്ചത്?”

“ സര്‍ ആരാണ് ദീപ്തി? എനിക്കറിയില്ല.”

“ഈ മരിച്ച യുവതിയുടെ പേര് ദീപ്തി എന്നല്ലേ?”

“ അല്ലല്ലോ സര്‍, ഇത് വന്ദനയാണ്, മൈ വൈഫ്‌.”

“ അപ്പോള്‍ ഈ എഴുത്തില്‍ പറയുന്ന ദീപ്തി?”

“ സര്‍ ഏതെഴുത്ത്?”

“ നിങ്ങളുടെ ടേബിളില്‍നിന്നും കിട്ടിയ ഈ എഴുത്ത്”, ഞാന്‍ എവിഡന്‍സ് ബാഗ് പൊക്കി കാണിച്ചു. കോണ്‍സ്റ്റബിളും അയാളും ബാഗിലേക്കും എന്‍റെ മുഖത്തേക്കും മാറി മാറി നോക്കി.

“ സര്‍ ബാഗ് എംപ്റ്റിയാണ്, അതില്‍ ഒന്നുമില്ലല്ലോ.”

അതെങ്ങനെ എംപ്റ്റിയാവും? ഞാന്‍ എഴുത്ത് ഇതില്‍ തന്നെയാണല്ലോ ഇട്ടത്. അതോ പാന്‍റ്സിന്‍റെ പോക്കറ്റിലോ? അല്ല, ടേബിളില്‍ തന്നെ എന്‍റെ കണ്ണടക്കവറിനു താഴെ... അതെങ്ങനെ എന്‍റെ കണ്ണടക്കവറാകും? ദീപ്തി മരിച്ചത് ഇവിടെ വെച്ചല്ലെ? ആണോ? മഞ്ഞനിറത്തിലുള്ള ഷാളില്‍ അവള്‍ തൂങ്ങിയാടുന്നത് എട്ടാംനിലയിലെ എന്‍റെ അപ്പാര്‍ട്ട്മെന്റിലല്ലേ? അതെങ്ങനെ സംഭവിക്കും? ദീപ്തിയെ എനിക്കിഷ്ടമായിരുന്നല്ലോ...രണ്ടാഴ്ച്ചയോളം പഴക്കമുള്ള ഇഷ്ടം... നില്‍ക്കൂ... ആരാണ് ദീപ്തി?? 

Malayalam Short StoriesMalayalam literature interviews,Malayalam Poems