Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾ

x-default

കുറച്ചു മുമ്പാണ് അവൾ വിളിച്ചത്.

'പപ്പാ...  സ്കൂൾ ബസ്സ് വഴിയിൽ കേടായി. പപ്പ ഉടൻ വരണം '

ലൊക്കേഷൻ പറഞ്ഞു തന്ന് അവൾ ഫോൺ വെച്ചു. ഉടൻ തന്നെ ഓഫീസിൽ നിന്നിറങ്ങി ഓട്ടോ പിടിക്കാൻ ധൃതിപ്പെട്ടു നടന്നു. തലങ്ങും വിലങ്ങും ഓടുന്ന വാഹന പ്രളയത്തിൽ ഇരമ്പുന്ന നഗരം!

അവൾക്ക് ഫോൺ ചെയ്തപ്പോൾ കുറെ നേരം റിങ് ചെയ്ത് ഫോൺ സ്വിച്ച് ഓഫ് ആയതായി അറിയിപ്പ് കിട്ടി. അയാൾക്ക്‌ ആകെ ആധി മൂത്തു .

ഈയിടെ ടിവിയിലും പത്രത്തിലും ഒക്കെ വരുന്ന വാർത്തകളൊന്നും അത്ര പന്തിയല്ല.  ചെറിയ കുട്ടികൾക്ക് പോലും രക്ഷയില്ലാത്ത കാലമാണ്. കഴിഞ്ഞ ദിവസം സ്കൂൾ ടോയ്‌ലെറ്റിൽ കൊല്ലപ്പെട്ട സ്കൂൾ കുട്ടിയുടെ വാർത്ത അയാളെ അത്രമാത്രം ഞെട്ടിച്ചുകളഞ്ഞിരുന്നു.

മകൾ പഠിക്കാൻ മിടുക്കിയാണ്. എന്നും രാവിലെ അവളെ സ്കൂൾ ബസ്സ് കയറ്റി വിട്ടശേഷമാണ് അയാൾ ഓഫീസിലേക്ക് പോകാറ്. ഒരു ഒമ്പതാം ക്ലാസ്സുകാരിയുടെ പക്വതയൊന്നും അവൾക്കുള്ളതായി അയാൾക്ക്‌ തോന്നിയിട്ടില്ല. അവളുടെ അമ്മയ്ക്കാണെങ്കിൽ  അവൾ ഇന്നും ഒരു ചെറിയ കുട്ടിയാണ്.

പെട്ടെന്ന് അയാളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി. അപ്പുറത്ത് അവളാണ് .

'പപ്പാ ഞാനെന്റെ ഫ്രണ്ടിന്റെ കൂടെ പോവ്വാണ്. പപ്പ ഇങ്ങോട്ടിപ്പം വരണ്ട. പിന്നെ ഞാനിന്നു വരില്ല കേട്ടോ. അമ്മയോട് പറയണേ....'

വിറയാർന്ന ശബ്ദത്തോടെ അതും പറഞ്ഞവൾ പെട്ടെന്ന് ഫോൺ വെച്ചു. അയാൾക്ക്‌ നാവിറങ്ങി പോയതുപോലെ തോന്നി.

അപ്പോൾ എതിരെ പാഞ്ഞു വന്ന ഒരു ബുള്ളറ്റ് ബൈക്കിന്റെ പുറകിൽ ഒരു മിന്നായം പോലെ അവൾ!

അയാളുടെ ശിരാതന്ത്രികളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ബുള്ളറ്റിന്റെ ഇടിവെട്ടുന്ന ശബ്‍ദം അകന്നകന്നു പോയി.

Malayalam Short StoriesMalayalam literature interviews,Malayalam Poems