Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂ ജനറേഷന് മുൻപ്

Train - Representational image

ട്രെയിൻ കൊല്ലത്തു നിന്ന് തിരിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞിട്ടുണ്ടാകും. ഞാനെന്റെ ഇരിപ്പിടത്തിൽ ഒന്നിളകിയിരുന്നു. ആ സീറ്റിൽ ഞാനടക്കം അഞ്ചു യാത്രക്കാർ ഇരിപ്പുണ്ട്. ചുറ്റുമുള്ള ചിലർ പുറംകാഴ്ചകൾ കാണുന്നു. മറ്റു ചിലർ എന്തൊക്കെയോ വായിക്കുന്നുണ്ട്. സ്ത്രീ യാത്രക്കാരായ ചിലർ വായും തുറന്നിരുന്ന് ഉറങ്ങുന്നു. പാവങ്ങൾ, വൈകിക്കിടന്നുറങ്ങി അതിരാവിലേ എഴുന്നേറ്റ് എല്ലാ ജോലിയും തീർത്ത് ഓടിപ്പാഞ്ഞ് വന്ന് കയറിയതായിരിക്കും. എവിടെയെങ്കിലും നിന്നാൽ ഉറങ്ങും പിന്നെയാണോ ഇരുന്നാൽ!

ഏതോ ഒരു അന്ധഗായകൻ പഴയ ഒരു ഹിന്ദി പ്രണയഗാനം നല്ല ഈണത്തോടെ ‘കട്ട’യടിച്ചു പാടുന്നതു കേൾക്കാം.

ഞങ്ങളുടെ ഇടതു ഭാഗത്ത് ഒരു മധ്യവയസ്കനും ഒരു പെൺകുട്ടിയും നിൽപ്പുണ്ട്. ഏകദേശം ഇരുപത്തൊന്ന് ഇരുപത്തി രണ്ട് വയസ്സ് തോന്നിക്കുന്ന സുന്ദരിയായ പെൺകുട്ടി. അതു കൊണ്ടുതന്നെ നേരത്തേ ശ്രദ്ധിച്ചിരുന്നു... അടുത്ത സ്റ്റേഷനിൽ എന്റെ സീറ്റിന്റെ ജനലരികിലെ സീറ്റിലിരുന്നയാൾ ഇറങ്ങി. രണ്ടാമത് ഇരുന്ന തടിച്ച കറുത്ത മനുഷ്യൻ ഉടനെ നീങ്ങി ജനലിനരികിലെ സീറ്റിലേക്കിരുന്നു, സ്വാഭാവികമായും സംഭവിക്കുന്നത് പോലെ. മൂന്നാമനായ എനിക്കും അയാൾക്കുമിടയിൽ ഒരു സീറ്റ്. 

അടുത്ത് നിന്ന മധ്യവയസ്കൻ പെൺകുട്ടിയോട് ആംഗ്യം കാട്ടി അവിടെയിരുന്നോളാൻ. അൽപം മടിച്ച് അദ്ദേഹത്തെ നോക്കിയിട്ട് ആ പെൺകുട്ടി മെല്ലെ എന്റെ വലതു വശത്ത് വന്നിരുന്നു. ഞാനാണെങ്കിൽ അങ്ങനൊരു സംഭവം നടന്നതായി ഭാവിക്കാതെ പുറത്തേയ്ക്ക് നോക്കിയിരുന്നു. ട്രെയിനിന്റെ സ്വാഭാവികമായ ഉലച്ചിലും ട്രാക്കിന്റെ വളവിലും ആ കുട്ടി യുടെ ശരീരം എന്നെ സ്പർശിച്ചു കൊണ്ടിരുന്നു, വളരെ മൃദുവായി.... ഇടയ്ക്ക് ആ കുട്ടി ചുരിദാറിന്റെ ഷാൾ നേരെയാക്കിയപ്പോഴും അങ്ങനെ സംഭവിച്ചു. അൽപം കഴിഞ്ഞപ്പോൾ എന്റെ ഇടതു ഭാഗത്തിരുന്ന യാത്രക്കാരനും ഇറങ്ങി മധ്യവയസ്കൻ ആ ഇരിപ്പിടം സ്വന്തമാക്കി. എല്ലാവർക്കുമറിയാം അയാൾ ആ പെൺകുട്ടിയുടെ ആരോ ആണെന്ന്. ഞാനും ആലോചിച്ചിരുന്നു. ഭർത്താവല്ല, ജേഷ്ഠനാണോ അതോ അമ്മാവനോ..? ഇരുന്നയുടൻ അയാൾ കൈയിലുണ്ടായിരുന്ന, മരത്തിന്റെ വലിയ പിടിയുള്ള മോഡേൺ കാലൻകുട ആ കുട്ടിയുടെ കയ്യിൽ കൊടുത്തു. അവൾ അതു വാങ്ങിയെങ്കിലും ഒരു നിമിഷം നേരത്തേയ്ക്ക് ഞങ്ങളുടെ മൂന്നാളുടേയും–ഞങ്ങൾ മൂന്നാൾ മാത്രമേ ഇതു ശ്രദ്ധിച്ചിരുന്നുള്ളൂ– പുരികങ്ങൾ ചുളിഞ്ഞു. കാരണം ആ കുട അവൾക്ക് ഒരു തരത്തിലും ചേരുന്നുണ്ടായിരുന്നില്ല. അയാൾ അത് അവളെ ഏൽപ്പിച്ചത്, അവളുടെ ‘രക്ഷാകർത്താവ്’ അവിടെയുണ്ട് എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ ആയിരിക്കണം, ഞാനങ്ങനെ ചിന്തിച്ചു. രണ്ട് നിമിഷത്തേയ്ക്ക് ഞങ്ങൾക്ക് ഒരു പു‍ഞ്ചിരിക്ക് ഇടയായി ആ സംഭവം. വളരെ രസകരമായിരുന്നു ആ സിറ്റ്വേഷൻ. എന്താന്നറിയില്ല, അപ്പോൾ തന്നെ കുട അയാൾ തിരിച്ചു വാങ്ങി. 

ട്രെയിൻ വീണ്ടും ഒരു സ്റ്റേഷൻ പിന്നിട്ടു. എല്ലാം പഴയപടി തന്നെ. സാധാരണയായി സംഭവിക്കുന്ന പോലെ ആ രക്ഷകർത്താവ്, എന്നോട് ഇടത്തോട്ട് നീങ്ങിയിരിക്കാൻ അപേക്ഷിച്ചിട്ട് എനിക്കും പെൺകുട്ടിക്കും ഇടയിൽ ഇരിക്കേണ്ടതാണ്. ഞാനും അതു ആലോചിച്ചു. പക്ഷേ അങ്ങനെയുണ്ടായില്ല. അൽപം കഴിഞ്ഞ് ജനലിനരികിലെ കറുത്ത തടിച്ച മനുഷ്യനും ഇറങ്ങി. ഇത്രയും സമയത്തിനുള്ളിൽ ഞാൻ, അറിയാതെ പോലും ആ കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാതെ മനപ്പൂർവ്വം ശ്രദ്ധിച്ചിരുന്നു. അത് അവളും ശ്രദ്ധിച്ചിട്ടുണ്ടാകണം. പക്ഷേ അവൾ മിക്കവാറും സമയങ്ങളിൽ ചുരിദാർ ഷാൾ നേരെയിട്ടും ബാഗ് തുറന്നടച്ചും കൈകൾ സ്വതന്ത്രമാക്കിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് അവൾക്ക് ജനലരികിൽ ഇഷ്ടപ്പെട്ട ഇരിപ്പിടം കിട്ടിയത്. അങ്ങോട്ട് ചേർന്നിരുന്ന് അവൾ എന്നെ നോക്കി, വെറുതെ നോക്കിയതല്ല. ‘‘ഇങ്ങോട്ട് നീങ്ങിയിരുന്നോ...എനിക്ക് കുഴപ്പോന്നുമില്ല’’ എന്നായിരുന്നു അസാധാരണമായി തിളങ്ങിയിരുന്ന ആ കണ്ണുകളിൽ നിന്ന് ഞാൻ വായിച്ചെടുത്തത്. അത് എന്റെ തോന്നലായിരുന്നോ...? എന്തായാലും ആ കണ്ണുകളിലെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി. അപ്പോഴേക്കും മധ്യവയസ്കൻ എഴുന്നേറ്റ് ജനലിനരികില്‍ നിന്ന് അവളെ പഴയ സ്ഥാനത്തേക്ക് മാറ്റി, അയാൾ അവിടിരുന്നു. എന്റെ മനസ്സിൽ ഒരു ചെറു ചിരി വിടർന്നു. അവൾ ഒരു കൊച്ചു കുട്ടിയെപ്പോലെ ചിണുങ്ങി. എങ്കിലും ആ ഇരിപ്പിടം നഷ്ടമായതിന് ഒരു അനിഷ്ടവും അവളുടെ മുഖത്ത് കണ്ടില്ല. മാത്രമല്ല, ചെറിയൊരു ആത്മവിശ്വാസം ഞാൻ ആ മുഖത്ത് കണ്ടു. ചിണുങ്ങുന്നതിനിടയിലാണ്.  

‘‘ഓ, ഈ ഡാഡി....’’ എന്ന് അവള്‍ പിറുപിറുത്തു. ശരിക്കും സുഹൃത്തുക്കളെപ്പോലെ....

കഴിഞ്ഞ രണ്ടു തവണയും അയാൾക്ക്, എനിക്കും പെൺകുട്ടിക്കും ഇടയിൽ ഇരിക്കാമായിരുന്നിട്ടും അങ്ങനെ ചെയ്യാതിരുന്നതു എന്നോടുള്ള വിശ്വാസം കൊണ്ടോ അതോ മകളോടുള്ള വിശ്വാസം കൊണ്ടോ...? എന്തായാലും അതോടു കൂടി പെൺകുട്ടി കൂടുതൽ സ്വതന്ത്രയായതായി എനിക്ക് തോന്നി. അതിനിടയിൽ വടയും ചമ്മന്തിയും വാങ്ങിക്കൊടുത്തു അയാൾ അവൾക്ക്. മുകളിലെ ബർത്തിൽ കിടന്നിരുന്ന ഒരാളിൽ നിന്ന് മലയാള മനോരമ ദിനപത്രവും ഞായറാഴ്ച സപ്ലിമെന്റ് ‘ശ്രീ’ യും അയാൾ വാങ്ങി വായിക്കാൻ തുടങ്ങി. ബോറടിച്ചിട്ടായിരിക്കണം, പെൺകുട്ടി ‘ശ്രീ’ എടുത്ത് മറിച്ചു നോക്കി. സീറ്റിൽ ഒന്നുകൂടി വികസിച്ചിരുന്നു. ഇപ്പോൾ അവളുടെ കൈ വിശ്രമിക്കുന്നതു എന്റെ മടിയിലിരിക്കുന്ന ബാഗിന് മുകളിലാണ്. സ്വന്തം മടിത്തട്ട് പോലെ....

പുറത്തെ വിരസമായ കാഴ്ചകൾ കണ്ടു മടുത്ത ഞാൻ അവളുടെ കൈയിലിരിക്കുന്ന ‘ശ്രീ’ യിലേക്ക് കണ്ണോടിച്ചു. കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റ് സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ഫീച്ചർ ആയിരുന്നു അവൾ വായിച്ചിരുന്നത്. ട്രെയിനിന്റെ  ചാഞ്ചാട്ടത്തിൽ എനിക്ക് അക്ഷരങ്ങളിൽ കണ്ണുറപ്പിക്കാൻ ബുദ്ധിമുട്ടായിരുന്നു. അവൾ പെട്ടെന്ന് അടുത്ത പേജിലേക്ക് കടന്നു. എനിക്ക് ആദ്യ പേജ് നഷ്ടമായി. എന്റെ കണ്ണിന്റെ ചലനവും മുഖത്തിന്റെ ഉയർച്ച താഴ്ചയും, ഞാനും അത് വായിക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലാക്കിക്കൊടുത്തിട്ടുണ്ടാകണം. ഫീച്ചറിന്റെ മൂന്നാം പുറം കഴിഞ്ഞ് നാലാം പുറത്തെത്തിയപ്പോൾ അവൾ പത്രം നിവർത്തിപ്പിടിച്ചു, അധികം ചാഞ്ചാടാതെ....എന്റെ ചുണ്ടിന്റെ കോണിൽ ഒരു ചിരി ഊറി വന്നു. ഇടയ്ക്ക് ഞാൻ അവളുടെ കണ്ണുകളിലേക്ക് പാളി നോക്കി. അവളുടെ കൃഷ്ണമണികൾ കണ്ണുകളുടെ ഇടതുവശത്തേക്ക് കൂടുതൽ അടുത്തിരുന്നു, മിക്കപ്പോഴും നാലാമത്തെ പുറം വായിക്കുമ്പോൾ അവൾ ഒരു വിരൽ, വായിക്കുന്ന ഓരോ വരിയുടേയും അടിയിൽക്കൂടി ഓടിച്ചിരുന്നു. ‘ഞാനിവിടെയെത്തി....വേണമെങ്കിൽ ഒപ്പം വായിച്ചു പോരെടാ ചെറുക്കാ...’ എന്നായിരുന്നിരിക്കണം ആ അടയാളത്തിന്റെ അർത്ഥം. എന്തായാലും ആ പേജ് മറിയ്ക്കാൻ അവൾ കുറച്ചു സമയമെടുത്തു. എനിക്ക് ഇതെല്ലാം രസകരമായ നിമിഷങ്ങളായിരുന്നു. പിന്നീട് അവൾ കൂടുതൽ വാചാലയായി ഡാഡിയോട്. തമാശകളും സംസാരവും പൊടി പൊടിക്കുന്നു.... മിക്കവാറും പെൺകുട്ടികളിലും ഇതുപോലുള്ള അവസരങ്ങളിൽ ശരീരഭാഷയ്ക്കു ഒരു മാറ്റമുണ്ടാകും..?

ഈ സമയത്ത് എന്റെ ഫോണിൽ രണ്ട് കോളുകൾ വന്നിരുന്നു. ഞാൻ ഇറങ്ങാറായ സ്റ്റേഷന് വളരെയടുത്തെത്തിയെന്ന് ഞാൻ ഫോണിൽ പറഞ്ഞു. നെറ്റ് വർക്ക് പ്രശ്നം കാരണം കോൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒരു കോൾ ഞാൻ അങ്ങോട്ട് വിളിച്ചു. എന്റെ സംസാരവും ശരീരഭാഷയും കണ്ടാൽ അറിയാം മറുവശത്ത് ഒരു പെൺകുട്ടിയാണെന്ന്. എനിക്ക് ഇറങ്ങേണ്ട സ്റ്റേഷൻ അടുത്തെത്തിയെന്ന് ഞാൻ പറഞ്ഞതിലൂടെ അടുത്തിരുന്നവർക്ക് മനസ്സിലായി. എന്നാൽ പെൺകുട്ടി വളരെ അസ്വസ്ഥയായി കാണപ്പെട്ടു. ഇത്രയും നേരം സന്തോഷവതിയായിരുന്ന പെൺകുട്ടി പെട്ടെന്ന് താടിക്ക് കൈ കൊടുത്ത് ഇരിക്കുന്നു. ഞാൻ ആ കണ്ണുകളിലേക്ക് ശ്രദ്ധിച്ചു നോക്കി. എന്റെ ഇടതുവശത്തെ ജനലിന് അപ്പുറത്തേക്ക് ആണ് നോട്ടമെങ്കിലും ആ കണ്ണുകളിൽ ഞാനുണ്ടായിരുന്നു, എനിക്കറിയാം. ഒരു നിമിഷം എന്റെ മനസ്സിലും ഒരു നീറ്റൽ.... അവൾ കണ്ണുകൾ ഒന്നു മുറുക്കിയടച്ചിരുന്നെങ്കില്‍ ഒരുപക്ഷേ, നിറഞ്ഞു നിന്നിരുന്ന നീർക്കണങ്ങൾ കവിളിലൂടെ ഒലിച്ചിറങ്ങിയേനേ....! മുഖം മുട്ടിലമർത്തി കുറച്ചുനേരം ഇരുന്നു അവൾ. പിന്നെ നിവർന്ന് കണ്ണുകൾ അടച്ച് മുഖമുയർത്തി പുറകിലേക്ക് ചാരിയിരുന്നു. എന്തായിരുന്നു അപ്പോൾ അവളുടെ മുഖഭാവം എന്ന് ശ്രദ്ധിച്ചെങ്കിലും എനിക്കത് മനസ്സിലാക്കാനായില്ല. ട്രെയിനിന്റെ വേഗത കുറഞ്ഞു തുടങ്ങി. ഞാൻ മുടി മാടിയൊതുക്കി. ഇറങ്ങാൻ തയ്യാറെടുത്തു. വീണ്ടും അവളുടെ പഴയ നോട്ടം. കൈ തെരുപ്പിടിക്കൽ... ഡാഡി അവളെ തോളിൽ ചേർത്ത് പിടിച്ച് തന്നോട് അടുപ്പിച്ചു, തല ചായ്ച്ചു കിടക്കുന്നതിനായി. പെട്ടെന്ന് അവൾ ദേഷ്യത്തോടെ അയാളുടെ കൈ പിടിച്ചു മാറ്റി... സാവധാനം, തനിയെ അയാളുടെ ചുമലിലേക്ക് ചാഞ്ഞു... കണ്ണുകൾ അടച്ചു. പുറത്ത് ചാറ്റൽ മഴ ശക്തി പ്രാപിച്ചു തുടങ്ങി. ഞാൻ എഴുന്നേറ്റു. എനിക്കു മുൻപേ അഞ്ചെട്ടാളുകൾ ഇറങ്ങാൻ ഉണ്ടായിരുന്നു. ഞാൻ തിരിഞ്ഞു നോക്കി. അവൾ അതേ കിടപ്പു തന്നെ, കണ്ണടച്ചു കൊണ്ട്. ഞാനിറങ്ങുന്നത് കാണാതിരിക്കാൻ വേണ്ടിയായിരുന്നോ അവൾ കണ്ണടച്ചു കിടന്നത്..? എനിക്ക് മുമ്പിലുള്ള ആൾ നീങ്ങിയപ്പോൾ ഞാനാഗ്രഹിച്ചു, അവളെന്നെ ഒരിക്കൽക്കൂടി നോക്കിയിരുന്നെങ്കിൽ....

ന്യൂ ജനറേഷന് ശേഷം

ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ട പെൺകുട്ടിയെ, യുവാവ് വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ടു പോയി മൃഗീയമായി പീഢിപ്പിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ഗുരുതരാവസ്ഥയിൽ... യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ...! 

--- --- ---

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.