Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധ്രുതി

alarm

മനസിന്‍റെയും ശരീരത്തിന്‍റെയും പരിമിതികള്‍ കണ്ടെത്താനായി ഞാന്‍ ഉറക്കമുപേക്ഷിച്ചു. ആദ്യ 24 മണിക്കൂറുകളില്‍ എണ്ണാവുന്നതിലധികം കോട്ടുവാവിട്ടെങ്കിലും അൽപം പോലും ഞാന്‍ ഉറങ്ങിയില്ല. പിറ്റേന്നൊരു വ്യാഴാഴ്ചയായിരുന്നു. 36 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തലക്ക് കനം കൂടി കൂടി വന്നു. ശബ്ദം, ത്രിമാനസ്വഭാവം കൈവരിച്ചത് പോലെ. മനസ്സില്‍ നിന്നും അണപൊട്ടി ചിന്തകള്‍ പലവഴിക്കൊഴുകി.

അന്നുരാത്രിയായപ്പോള്‍ കണ്‍പോളകള്‍ കനം വന്നുതൂങ്ങി. ഉറങ്ങാതിരിക്കാനായി ഞാന്‍ ഒരു സിനിമ കണ്ടു. അത് കഴിഞ്ഞ് ഒരെണ്ണം കൂടെ. അതും കഴിഞ്ഞപ്പോള്‍ മൂന്നാമാതൊരെണ്ണം. ആ സിനിമക്കിടയിലാണ് താഴെ പറയുന്ന കാര്യങ്ങള്‍ സംഭവിച്ചത്. 

പട്ടി കുരയ്ക്കുന്നത് ആദ്യം ഞാന്‍ കാര്യമാക്കിയില്ല. പിന്നീടാണ് കുരയുടെ ശബ്ദവിന്യാസത്തിലെ വ്യതിയാനം ഞാന്‍ ശ്രദ്ധിച്ചത്. എന്തോ കണ്ട് ഭയപ്പെടുന്നപോലെയാണ് പട്ടി കുരയ്ക്കുന്നത്. ഇനി വല്ല പാമ്പോ മറ്റോ ആണൊ?

ക്ലോക്കില്‍ മണി മൂന്നായിരിക്കുന്നു. ഉറക്കമില്ലാത്ത 48 മണിക്കൂറുകള്‍. കോണിപ്പടികള്‍ ഇറങ്ങിച്ചെന്ന് ജനാലകര്‍ട്ടന്‍ മാറ്റി നോക്കി. നിലാവെളിച്ചത്തില്‍ പ്രകൃതി പൂത്തുലഞ്ഞുനില്‍ക്കുന്നു. രണ്ടുവീടപ്പുറമുള്ള മേനോന്റെ പറമ്പിലെ ഏഴിലംപാല പൂത്ത മണം, വായുവിലാകെ നിറഞ്ഞു. പട്ടി അതിന്റെ കൂട്ടില്‍ കേറിനിന്ന് കിഴക്കോട്ട് നോക്കി ഉച്ചത്തില്‍ കുരയ്ക്കുന്നു. പറമ്പതിരില്‍ മതിലിനോട് ചേര്‍ന്ന് എന്തോ കണ്ട് പേടിച്ചിട്ടാണ് കുര. കിഴക്കോട്ട് നോക്കുമ്പോള്‍ ഇരുട്ട് മാത്രം. കവുങ്ങും വാഴയും തെങ്ങുമെല്ലാം ചേര്‍ന്ന് നിലാവില്‍ സൃഷ്ടിച്ച ഭീകരമായ നിഴലുകള്‍ തണുത്ത ഇളംകാറ്റില്‍ ആടിയുലഞ്ഞു. എനിക്ക് കുളിരുകേറി. പട്ടി കുര നിര്‍ത്തിയിരുന്നില്ല. അച്ഛനെ വിളിക്കണോ എന്ന് സംശയിച്ചുനില്‍ക്കുമ്പോഴാണ് ഞാന്‍ ആ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഫ്രിഡ്ജിന് മുകളിലിരിക്കുന്ന ചെറിയ ടൈംപീസില്‍ സൂചികള്‍ പിന്നിലേക്ക് കറങ്ങുന്നു. കണ്ണ് തിരുമ്മിനോക്കി. മാറ്റമില്ല. സമയം 3.05-ല്‍ നിന്നും 3-ലേക്ക് പോവുകയാണ്. ഹാളിലെ ക്ലോക്കില്‍ നോക്കി. അവിടെ കുഴപ്പമില്ല. ഈ ടൈംപീസിനിതെന്തു പറ്റി? അത് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കുന്നതിനിടെ പെട്ടെന്ന് സൂചികളുടെ ചലനം നിലച്ചു. കൃത്യം മൂന്നില്‍ തന്നെ. 

ദൂരെയെവിടെയോ ഒരു കാലങ്കോഴി കൂവി. മനസിലാക്കാന്‍ കഴിയാത്ത സംഗതികളെ മനുഷ്യന്‍ ഭയപ്പെടുന്നു. ഞാനും പേടിച്ചു. എന്റെ ധമനികളില്‍ അഡ്രിനാലിന്‍ ഇരച്ചുകയറി. കോണിപ്പടികള്‍ ചാടിയോടി ഞാന്‍ കിടക്കയില്‍ പോയിവീണു. പുതപ്പുകൊണ്ട് തലയടക്കം ഞാന്‍ മൂടി. ഹൃദയമിടിപ്പിന്റെ താളം നേര്‍ത്തുവരുന്നതിനൊപ്പം ഞാനുറങ്ങിപോയി.  

രാവിലെ തല പൊങ്ങിയില്ല. പൊള്ളുന്ന പനി. മുത്തശ്ശി വന്ന് തൊട്ടുനോക്കി. കൺപോളകൾ അകത്തി കൃഷ്ണമണിയില്‍ സൂക്ഷിച്ചു നോക്കി. “ഈ ചെക്കനെന്തോ കണ്ടു പേടിച്ചിരിക്കണൂ.”

പിന്നെ മുത്തശ്ശിയുടെ വക ചികിത്സയായി. എന്നെ കുത്തിപൊക്കി അടുപ്പിനരികിലേക്ക് കൊണ്ടുപോയി. ഉപ്പും മുളകും കൂട്ടി മൂന്നുവട്ടം ഉഴിഞ്ഞെടുത്ത് അടുപ്പിലേക്കിട്ടു. കരിയുന്ന വറ്റല്‍മുളകിന്റെ മണം മൂക്കിലാകെ നിറഞ്ഞു. ഞാന്‍ തുടരെ തുടരെ തുമ്മി.

അടുത്തത്‌ ജോത്‌സ്യന്റെ ഊഴമായിരുന്നു. നാരായണന്‍ ഇളയത് കവടി നിരത്തി. “കണി കാണും നേരം” പാടി തുടങ്ങിയ മൊബൈലിനെ മിണ്ടാതാക്കി. സൗരമണ്ഡലത്തെ രാശിപലകയിലാവാഹിച്ച് ഒരുനിമിഷം ചിന്തയിലാണ്ടു.

“ഇപ്പൊ സമയദോഷോന്നുല്യ. കൊള്ളാനും തള്ളാനും പറ്റാത്ത സ്ഥിതിവിശേഷാണ്. അല്ലെടോ?"

ഞാന്‍ ചിരിച്ചുകാണിച്ചു. അങ്ങേരെന്താണാവോ ഉദേശിച്ചത്‌?

ഉടനെ അടുത്ത ചോദ്യം,” ഇന്നലെ താന്‍ വല്ലതും കണ്ടോ?”

കഥ ഇളയതിനോടും ഒരാവര്‍ത്തി പറഞ്ഞു. “ ഇളയതെ, ഇനി ദേവീടെ കെട്ടിയെഴുന്നള്ളിപ്പെങ്ങാനും?” മുത്തശ്ശി സംശയം പോലെ പറഞ്ഞുനിര്‍ത്തി.

“ സമയോം ദിവസോം സൂചിപ്പിക്കണതും മറ്റൊന്നല്ല. എന്നാലും പെട്ടന്നൊരു അനുഭവംണ്ടാവാന്‍ കാരണം വേണംല്ലോ..“

ഒന്നും പിടികിട്ടാതെ ഞാന്‍ അച്ഛനെ നോക്കി. പേപ്പര്‍ വായിക്കുകയാണെന്ന വ്യാജേന അച്ഛന്‍ ഇളയത് പറയുന്നതും കേട്ടിരിക്കുകയാണ്. 

“എടാ കൊളേങ്ങാട്ടേ കുടുംബ പരദേവത, അവര് ഈ വെളുപ്പിനെ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നള്ളിപ്പ്ണ്ടാകുംന്ന് ഒരു വിശ്വാസംണ്ട്. സമയം വെച്ച നോക്കുമ്പോ ഓക്കേയാണ്. അതും വെള്ളിയാഴ്ച. കിഴക്കേ അതിരിലേക്കല്ലേ പട്ടി നോക്കി കുരച്ചത്? സംശയല്ല്യ, ഭഗോതി അമ്പലത്തിലേക്ക് പോയതാവും.” അച്ഛനൊരു പരിഹാസച്ചിരി.

കാര്യമെന്തെന്നാല്‍, പറമ്പിന്റെ റീസര്‍വേ നടത്തിയപ്പോള്‍ കിഴക്കേ അതിരില്‍ രണ്ടടി വീതിയില്‍ ഒരു പുറമ്പോക്ക് വഴി കണ്ടെത്തിയിരിക്കുന്നു. ഉദ്ദേശം രണ്ടര സെന്റ്‌ ഭൂമി നമുക്ക് നഷ്ടം. നടപ്പ് മാര്‍ക്കറ്റ്‌ വില പ്രകാരം രൂപ 20 ലക്ഷത്തോളമാണ് പോയത്. പണ്ടുപണ്ട് നമ്പൂരിമാര്‍ അടുത്തുള്ള അമ്പലത്തിലേക്ക് പോകാന്‍ ഉപയോഗിച്ചിരുന്ന വഴിയാണത്രെ. നമ്പൂരിക്കുള്ളത് അച്ഛന്‍ ദേവിക്ക് കൊടുത്തു.  

“ഇതൊന്നും ചിരിച്ചുതള്ളേണ്ട കാര്യങ്ങളല്ല. അനുഭവങ്ങളുണ്ടായിട്ടുള്ളോര് ഇപ്പളും ജീവനോടെയ്ണ്ട്. വിശ്വാസമില്ലേല്‍ വേണ്ട. ഈ ചെക്കന്റെ നല്ലേനുംന്ന് കരുതി മിണ്ടാണ്ടിരിക്ക.” അച്ഛന്‍ സൈലന്റ് മോഡിലായി.    

“കൊളേങ്ങാട്ടേ കാരണവരെ വിളിച്ച് ഒരു കലശം കഴിക്കാം. ആലോഹ്യങ്ങളുണ്ടായിട്ടുണ്ടെല്‍ അതങ്ങട് തീരട്ടെ.” ഇളയത് പ്രതിവിധി നിശ്ചയിച്ചു.

“അതെ, കാരണവര്‍ വരട്ടെ, രണ്ടു പറയാനുണ്ട്.”,അച്ഛന്‍ പറഞ്ഞു. പറമ്പ് കൊളേങ്ങാട്ട്ന്നു വാങ്ങിയതാണ്. 30 കൊല്ലം പഴക്കമുള്ള വിശ്വാസവഞ്ചന!!! കാരണവര്ടെ കാര്യം തീരുമാനമായി.

ഉച്ചക്കൊന്നു മയങ്ങി. വൈകിട്ട് ചുക്കുകാപ്പി കുടിച്ചപ്പോള്‍ അല്‍പ്പം ഉന്മേഷം തോന്നി. ഇത്തിരി ‘കാറ്റ്’ കൊള്ളാമെന്നുവെച്ച് മുറ്റത്തേക്കിറങ്ങി. ഇന്നല്‍പ്പം നേരത്തെയാണ്. നിൽക്കാന്‍ വയ്യ. ഉമ്മറത്തെ ചവിട്ടുപടിയില്‍ ഇരിക്കേണ്ടിവന്നു. അപ്പോഴാണ്‌ രണ്ടു വീടപ്പുറമുള്ള അനില്‍കുമാര്‍ സൈക്കിളില്‍ വന്നത്. പത്തിലെത്തിയിട്ടെയുള്ളൂ. എന്നാലും പയ്യന് സയന്‍സില്‍ ഒടുക്കത്തെ വിവരമാണ്. സയന്‍സ് പുസ്തകങ്ങളെ വായിക്കൂ, സയന്‍സ്ഫിക്ഷന്‍ സിനിമയെ കാണൂ. 

“വയ്യെടോ, പനി പിടിച്ചു”, ഞാന്‍ അങ്ങോട്ട്‌ കേറിപറഞ്ഞു. അനിലിന്റെ വീട്ടുകാര്‍ക്ക് കണ്ണുവെക്കണ സ്വഭാവമുണ്ടത്രെ. പാരമ്പര്യമായി അനിലിനും ആ കഴിവ് കിട്ടിയിട്ടുണ്ടെന്നാണ് മുത്തശ്ശി പറയാറുള്ളത്. ഈ കൂട്ടരെ കണ്ടാലുടനെ അങ്ങോട്ട്‌ എന്തെങ്കിലും പറയണം. പിന്നെ അവരെന്തുപറഞ്ഞാലും ഏശില്ലത്രെ. ഇപ്പൊ എനിക്കും ശീലമായി. അനിലിനെ കണ്ടാല്‍ ഉടനെ എന്തെങ്കിലും പറഞ്ഞുപോവും.

“അമ്മ പറഞ്ഞു. എന്തോ കണ്ടുപേടിച്ചൂന്നാലോ ജനസംസാരം.” അനിലിനൊരു വഷളന്‍ ചിരി. ഞാന്‍ കഥ മുഴുവന്‍ അവനോടും പറഞ്ഞു. ഇനി അവന്‍ ശാസ്ത്രീയവിശകലനം നടത്തട്ടെ.

മുഴുവന്‍ കേട്ടുകഴിഞ്ഞപ്പോള്‍ അനില്‍ സൈക്കിള്‍ സ്റ്റാന്റിട്ട് നിര്‍ത്തി. പടിതുറന്ന് അകത്തേക്ക് വന്നു. അല്‍പ്പനേരത്തെ നിശബ്ദതയില്‍ അവന്‍ അന്തരീക്ഷത്തിലെ ഉദ്വേഗത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. പിന്നെ പറഞ്ഞുതുടങ്ങി.” ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കണം. ചേട്ടന്‍ കരുതുന്നതുപോലെ മാടമ്പള്ളിയിലെ മനോരോഗി.. “

“നിന്റെ അച്ഛനായിരിക്കും. എടുത്തോണ്ട് പോടാ.”

“സോറി ചേട്ടാ ഒരു നിമിഷം ഞാന്‍ എന്നെത്തന്നെ മറന്നു. ആ ചേട്ടന്റെ പ്രശ്നത്തെ മൂന്ന് തരത്തില്‍ അപഗ്രഥിക്കാം.”

“ച്ചെ, മൂന്നേ ഉള്ളൂ? “

“കേട്ടു നോക്ക്. ആദ്യത്തെ കേസില്‍ ചേട്ടന്‍ പറഞ്ഞതൊക്കെ ഉള്ളതാണെന്ന് വിചാരിക്കാം”

“അത്ര ബുദ്ധിമുട്ടി നീ വിശ്വസിക്കണ്ട.”

“ഏയ് പറയട്ടെന്നേ..സമയം പിന്നോട്ട് പോയി. ഈയിടെയായി ഞാന്‍ ടൈം ഡൈലേഷനിലാണ് കൂടുതല്‍ റിസര്‍ച്ച് നടത്തുന്നത്. അതായത് സമയത്തിന്റെ സ്വാഭാവികമായ ഒഴുക്ക് നഷ്ടപ്പെടല്‍. ഒരു സിനിമ സ്ലോ മോഷനില്‍ കാണുന്നപോലെ. ഗുരുത്വാകര്‍ഷണകിണറുകളുടെ സാമീപ്യം മൂലം ഇങ്ങനെ സംഭവിക്കാം”

പാര്‍വതി ഓഫീസില്‍ നിന്നും മടങ്ങിയെത്തി. ഗേറ്റ് അടക്കാന്‍ വേണ്ടി തിരിഞ്ഞപ്പോള്‍ എന്നെനോക്കി ഒന്നുചിരിച്ചു. പിന്നെ അവളുടെ വീട്ടിലേക്ക് കയറിപ്പോയി. പനിച്ചൂടില്‍ ഒരു കുളിര്. അങ്ങനെ അന്നത്തെ ദിവസവും സഫലമായി. ഉത്സാഹത്തോടെ ഞാന്‍ അനിലിനെ നോക്കിയപ്പോള്‍ അവന്‍ എന്റെ ഭാവവ്യത്യാസങ്ങള്‍ നോക്കിനില്‍പ്പാണ്. എന്തിന് അവന്റെ സമയം കളയുന്നു എന്ന ഭാവം മുഖത്ത്. 

“കിണറിന്റെ അവിടെയല്ല മതിലിന്റെ അവടെക്കാ പട്ടി നോക്കികുരച്ചത്.”

“ബഞ്ച് ഓഫ് കോക്കനട്ട്. അവളെ നോക്കി അധികകാലം ഇരിക്കണ്ടി വരില്ല. അതിന്റെ കല്യാണം ഏതാണ്ട് ഉറപ്പിച്ചെന്നാ അമ്മ പറഞ്ഞത്.”

“ചേച്ചീന്ന് വിളിയെടാ. നീ അതുവിട്‌. എന്തോ കിണറിന്റെ കാര്യം പറഞ്ഞല്ലോ.”

“അതീ ഗ്രാവിറ്റെഷണല്‍ വെല്‍. ഈ തമോഗര്‍ത്തങ്ങളൊക്കെ ഇല്ലേ, അതിനടുത്തൊക്കെ സമയം വളരെ പതിയെ മാത്രെ പോകൂ. പക്ഷെ സമയം പിന്നോട്ട് പോകുന്ന പ്രതിഭാസം ആദ്യമായിട്ടാ കേള്‍ക്കുന്നത്. അത് സാധ്യമല്ലെന്നല്ല. സ്ഥലകാല തുടര്‍വീഥിയില്‍ ഒരു വളവ് ഉണ്ടായാല്‍ ടൈം ഡൈലേഷന്‍ എന്ന പോലെ ടൈം ട്രാവലും പോസ്സിബിളാണ്. പക്ഷേ അത്തരമൊരു പ്രതിഭാസം ഇവിടെ സംഭവിച്ചെങ്കില്‍ എന്ത്കൊണ്ട് മറ്റു ക്ലോക്കുകളില്‍ അത് അനുഭവപ്പെട്ടില്ലാ??”

“അത്രേം പവര്‍ കാണൂലായിരിക്കും.”

“സാധ്യത തള്ളുന്നില്ല. പിന്നെ പട്ടി കുരച്ചത്, നമുക്ക് കാണാന്‍ പറ്റാത്തത് പട്ടികള്‍ക്ക് കാണാന്‍ പറ്റുംന്നല്ലേ. കാഴ്ച്ച എന്നുപറയുന്നതിനേക്കാള്‍ അവര്‍ക്കത്‌ ഫീല്‍ ചെയ്യും. ഭയപ്പെട്ടുകൊണ്ടുള്ള കുര അതിനു മനസിലാക്കാന്‍ സാധിക്കാത്ത ഒരു സാന്നിധ്യം അനുഭവപ്പെട്ടത് കൊണ്ടുതന്നെ.”

“അപ്പോള്‍ നീ പറഞ്ഞു വരുന്നത്..”

“അതായത് നമ്മുടെ ത്രിമാനങ്ങള്‍ക്കും ചതുര്‍മാനങ്ങള്‍ക്കുമപ്പുറത്തുള്ള ഒരു മാനം..”

“അതേതു മാനം?”

“വിമാനം, പറയണത് കേള്‍ക്കോ? ഇളയത് പറയണ പോലെയാണ് കാര്യങ്ങളെങ്കില്‍ പഞ്ചമാനങ്ങളിലും പ്രഭാവം സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു എന്‍ടൈറ്റിയുടെ പ്രസന്‍സില്‍ ഇന്നലെ നടന്നതൊക്കെ പ്രായോഗികമാണ്. അതല്ല എന്ന് തെളിയിക്കാന്‍ ശാസ്ത്രം ഇനിയും വളരേണ്ടിയിരിക്കുന്നു.”

“ ഒന്ന് ചോയ്ച്ചോട്ടെ, ഇന്റര്‍സ്റ്റെല്ലാര്‍ എത്ര വട്ടം കണ്ടു?? ”

“എത്ര വട്ടം എന്നതല്ല, എത്രത്തോളം ഉള്‍ക്കൊണ്ടു എന്നതാണ് മിസ്റ്റര്‍, പ്രധാനം.”

“ഓഹോ..എന്നാ അടുത്ത നിഗമനം പറ.”

“ ചേട്ടന്‍ 48 മണിക്കൂര്‍ ഉറങ്ങിയില്ലല്ലോ. 24 മണിക്കൂര്‍ കൊണ്ടുതന്നെ 10% ആല്‍ക്കഹോള്‍ ബ്ലഡില്‍ ഉള്ളപോലെയാകും. കിണ്ടിയാകുംന്ന്.”

“എനിക്കതിന് നല്ല കപ്പാസിറ്റിയാ.”

“അതെനിക്കറിഞ്ഞൂടാ..48 മണിക്കൂര്‍ ഒക്കെ ആകുമ്പോള്‍ കുറെക്കൂടെ കഠിനമായ രീതിയില്‍ ശരീരത്തെ ബാധിക്കാം. ഹാലുസിനെഷന്‍സ് അനുഭവപ്പെടാം. ഇന്നലെ അങ്ങനെ എന്തെങ്കിലും സംഭവിച്ചതാകും.”

“ഓരോ സെക്കന്റും എനിക്കോര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. എനിക്ക് 100% ഉറപ്പാണ്‌ എന്റെ മതിഭ്രമമല്ലെന്ന്.”

“പട്ടി കുരച്ചത് വേറെ ആരും കേട്ടില്ലല്ലോ.”

“ മൂന്നു മണി നേരത്ത് എല്ലാരും നല്ല ഉറക്കമല്ലേ?”

“ എന്നാലും വേറാരും കേള്‍ക്കാത്തത് സംശയാജനകമാണ്.”

“പാലപ്പൂവിന്റെ മണം വന്നതോ? നീ ചെന്ന് നോക്ക് മേനോന്റെ പറമ്പിലെ പാല പൂത്തിട്ട്ണ്ടോന്ന്.”

“അതുപിന്നെ കേള്‍വിയും കാഴ്ചശക്തിയും ഉറക്കമില്ലായ്മ മൂലം നേരെ ചൊവ്വേ പ്രവര്‍ത്തിക്കില്ലാന്നാ ശാസ്ത്രം പറയുന്നെ. ഘ്രാണശക്തിയെ പറ്റി ഒന്നും പറയുന്നില്ല.”

“അപ്പൊ അതും തീരുമാനമായി. ഇനിയെന്താ?”

“ ഇനി എന്റെ റാഷനലിസ്റ്റ് സമീപനമാണ്. പട്ടി കുരച്ചത് പെരുച്ചാഴിയെയോ പാമ്പിനെയോ കണ്ടിട്ടാകും. പാല പൂത്തത് യാദൃശ്ചികം മാത്രം.

“അപ്പൊ ടൈം പീസോ?”

“ ബാറ്ററി തീരാന്‍ നേരത്ത് ചില ക്ലോക്കുകള്‍ അല്‍പ്പം പിന്നോട്ടോടാറുണ്ട്. പെട്ടന്നുതന്നെ നിക്കേം ചെയ്യും.എനിക്ക് ഏറ്റവും സ്വീകാര്യം ഈ പറഞ്ഞ വിശകലനമാണ്. പക്ഷെ ചേട്ടന് ഇതില്‍ ഏതുള്‍ക്കൊള്ളാന്‍ തോന്നുന്നു എന്നതാണ് പ്രധാനം.”

“ശരി. എന്നോട് പറഞ്ഞതിരിക്കട്ടെ. ഇത് വേറെ ആരോടും പറയണ്ട.”

“അപ്പൊ ശരി, പിന്നെ കാണാം. വീട്ടില്‍ ഒരു വേംഹോള്‍,”

“എന്ത്?”

“ചെതല്‍ തുളച്ചുകയറി കട്ടളയില്‍ ഒരു ഓട്ട. ചെതലുപൊടി വാങ്ങണം.”

അനിലിന്റെ സൈക്കിള്‍ പോയതും, പാര്‍വതി പടിക്കലെത്തി.

കാറ്റിന് പാലപ്പൂക്കളുടെ മണം. പടികടന്നുവരുന്ന പാര്‍വതി.

“ഇന്നത്തെ പത്രം ഉണ്ടോ? ഒരു കാര്യം നോക്കാനാ.”

“അകത്തുണ്ട്. കേറി എടുത്തോളൂ. എനിക്ക് വയ്യ. പനിയാണ്.”

എന്തോകണ്ട് പേടിച്ചതല്ലേ? ”, കണ്ണുകളില്‍ വിടരുന്ന കുസൃതിച്ചിരി. ദിവസം ഒന്നുകൂടെ സഫലമായി. പത്രമെടുത്തു പുറത്തേക്ക് വന്നവള്‍ എന്റെ അരികില്‍ നിന്ന് വായന തുടങ്ങി. പേജുകള്‍ മുന്നോട്ടും പിന്നോട്ടും മറിച്ചു. ഞാന്‍ പത്രത്താളുകളില്‍ മറഞ്ഞിരിക്കുന്ന അവളുടെ മുഖം മനസില്‍ പുനസൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെട്ടന്നവള്‍ ആരോടെന്നില്ലാതെ പറഞ്ഞു,

”എന്റെ കല്യാണം ഉറപ്പിക്കാന്‍ പോവാണ്.”

“അനുമോദനങ്ങള്‍ പാര്‍വതി. ദീര്‍ഘസുമംഗലീ ഭവ.”

“താങ്കള്‍ക്കെന്തെങ്കിലും പ്ലാനുണ്ടോ?”

"കടുത്ത പനിമൂലം തല പൊക്കാന്‍ വയ്യാത്ത ഈ പാവത്തിനെ ചോദ്യശരങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കല്ലേ.”

പത്രം നാലായി മടക്കി എന്റെ മടിയിലേക്കെറിഞ്ഞ്‌, കണ്ണുകള്‍ രണ്ടു ചെറിയ തീപന്തങ്ങളാക്കി, എന്നെ ആ രോഷാഗ്നിയില്‍ ദഹിപ്പിച്ചു ചാരമാക്കി ഗേറ്റടക്കാതെ ദേവി പാര്‍വതി അവളുടെ വീട്ടിലേക്ക് മടങ്ങി. ആരെങ്കിലും വന്നു ഗേറ്റടക്കുന്നത് വരെ അവിടെ കാവലിരിക്കാന്‍ ഞാനും തീരുമാനിച്ചു.       

ചൊവ്വാഴ്ച വൈകിട്ട് കലശം വെച്ചു. അപ്പോഴേക്കും പനിയൊക്കെ മാറി ഞാന്‍ ഉഷാറായി. കൊളെങ്ങാട്ടെ പറമ്പിലെ കൂറ്റന്‍ മാവിന്‍ചുവട്ടിലെ മൂലപ്രതിഷ്ഠയ്ക്കുമുന്നില്‍ ഇളയതും സഹകര്‍മികളും കലശപരിപാടി തുടങ്ങി. മഞ്ഞളും കരിയും കര്‍പ്പൂരവും കൊണ്ട് കളങ്ങള്‍ തീര്‍ത്തു. മണ്‍കുടങ്ങളില്‍ പഞ്ചഭൂതങ്ങളെ ആവാഹിച്ചു. അനില്‍ ഹാന്‍ഡിക്യാം വെച്ച് എല്ലാം പകര്‍ത്തുന്നുണ്ടായിരുന്നു.

കൊളെങ്ങാട്ടെ ഇപ്പോഴത്തെ കാരണവര്‍ ശിവശങ്കരന്‍ കുളിച്ചീറനുടുത്തുവന്നു. അച്ഛന്‍ എല്ലാത്തിനും മുന്നില്‍ തന്നെയുണ്ടായിരുന്നു. ശിവശങ്കരനുമായി അൽപം മുന്നെ നടത്തിയ ചര്‍ച്ചയില്‍, പുറമ്പോക്കിന്റെ പട്ടയം എങ്ങനെയെങ്കിലും ഒപ്പിച്ചുതരാമെന്ന് വാക്കു കൊടുത്തിരുന്നു. ഒരു തലവേദന നമുക്കുവേണ്ടി വേറൊരാള്‍ ഏറ്റെടുക്കുകയെന്നത് വളരെ സുഖകരമായ ഒരു ഏര്‍പ്പാടാണ്. ആ സന്തോഷം അച്ഛന്റെ മുഖത്ത് കാണുകയും ചെയ്തു.

മണി 6.30 ആയി. കര്‍മ്മങ്ങള്‍ തുടങ്ങി. കത്തിച്ചുവെച്ച നിലവിളക്കുകളും ചെരാതുകളും കൂടെ ഇരുട്ടില്‍ സൃഷ്ടിച്ച പ്രകാശവലയത്തില്‍ പാര്‍വതി നിര്‍വികാരയും നീര്‍ദോഷം പിടിച്ചവളെപോലെയും കാണപ്പെട്ടു. അവളുടെ അച്ഛനും അമ്മയും അവളോടോപ്പമുണ്ടായിരുന്നു. മുത്തശ്ശിയെ കണ്ടപ്പോള്‍ അവള്‍ അടുത്തേക്ക് ചെന്നു. എന്നാല്‍ മുത്തശ്ശിയുടെ പിന്നില്‍ നില്‍ക്കുന്ന എന്നെ ഗൗനിച്ചില്ല. ദേവീകോപം ശമിച്ചിട്ടില്ല.   

കലശപൂജ ഇഴഞ്ഞുനീങ്ങി. സമയം 8 കഴിഞ്ഞിരുന്നു. ഹാന്‍ഡിക്യാം അടച്ചുവെച്ച് അനിലും ഒരു മൂലക്കിരിപ്പായി. ഒന്നും സംഭവിക്കാനില്ല. അര്‍ച്ചനക്കായി പൂവും ഇലയും കയ്യില്‍പിടിച്ചു പ്രാര്‍ത്ഥിച്ചു നിന്നിരുന്ന ശിവശങ്കരന് വിറതുടങ്ങിയത് പെട്ടെന്നായിരുന്നു. കൂടിനിന്നവര്‍ ഒന്നകന്നു നിന്നു. ഇളയത് മന്ത്രം നിര്‍ത്തി, ശിവശങ്കരനെ നോക്കിയിരുപ്പായി.

“ആരാ? ആരാന്നു പറയാ.” ഇളയത് ഉറക്കെ ചോദിച്ചു.

പെട്ടെന്ന് മുത്തശ്ശി “ദേവീ”ന്ന് ഉറക്കെ വിളിച്ചു. നോക്കിയപ്പോള്‍ പാര്‍വതിക്കും വിറ. വിറ പിന്നെ തുള്ളലായി. അവളുടെ അച്ഛനും അമ്മയും ഞെട്ടി. ശിവശങ്കരനും ഞെട്ടിക്കാണും. അങ്ങേരുടെ വിറ പതിയെ പതിയെ നോര്‍മലായി മാറി. പാര്‍വതിയുടെ കെട്ടിവെച്ചിരുന്ന ചുരുണ്ടമുടി മുഖത്തും ചെവികളിലുമായി പാറി പറന്നു കിടന്നു. ഇപ്പോള്‍ ആ കണ്ണുകള്‍ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയാം. രണ്ടു ചെറിയ തീപന്തങ്ങള്‍.

“ഹും...” തുള്ളുന്നതിനിടെ പാര്‍വതി ഉറക്കെ മൂളി.

“ദേവിയാ. സംശയല്ല്യ.” മുത്തശ്ശി അവളെ പ്രോത്സാഹിപ്പിച്ചു.

അന്തംവിട്ടുനില്‍ക്കുന്ന അനിലിനെ ഞാന്‍ തട്ടിവിളിച്ചു,”ക്യാമറ എടുക്കെടാ.”

ഇളയത് ചോദ്യാവലി നിവര്‍ത്തി,”ആരാ മച്ചിലെ ഭഗോതിയാണോ? “പാര്‍വതി, “ ഹ്മ്മ്മ്മ്മം..”.      

“ കലശം ദര്‍ശിക്കാന്‍ വന്നതാണോ? “ , നിശബ്ദത.

“ പ്രതിഷ്ഠ അമ്പലത്തിലേക്ക് മാറ്റണംന്നാണോ? “ , “ ഹ്മ്മ്മ്മ്മ്മം.. “.

( പാര്‍വതി തുള്ളലിന്റെ ശക്തി കൂട്ടിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്കിടെ തല വട്ടം ചുഴറ്റുന്നുണ്ട്.)

“കലശകര്‍മ്മങ്ങളൊക്കെ മംഗളായില്ല്യെ? “. “ ഹ്മ്മ്മ്മ്മം ..” .

“എല്ലാവരേം അനുഗ്രഹിക്കാ.. എല്ലാവര്‍ക്കും നല്ലത് വരുത്താ, അമ്മേ ദേവീ ”. തുള്ളി തുള്ളി പാര്‍വതി ഇളയതിന്റെ കളത്തിലെത്തി. സൂഷ്മവും മനോഹരവുമായ ആ നിറവിന്യാസങ്ങള്‍ അവളുടെ കാലടികള്‍ പതിഞ്ഞ് മഞ്ഞയും കറുപ്പും വെളുപ്പുമായി അവശേഷിച്ചു.

ഇതിനിടെ അവള്‍ രണ്ടു വിളക്കുകളും തട്ടിമറിച്ചിട്ടു. അവളുടെ പാവാടയില്‍ ചെറുതായി തീ പടര്‍ന്നിരുന്നു. രംഗം അവസാനിപ്പിക്കാനായി ഉച്ചത്തില്‍ അലറിക്കൊണ്ട് അവള്‍ ഓടി. ഓടി വന്നു എന്റെ ദേഹത്ത് കുഴഞ്ഞുവീണു. വാടിയ ചേമ്പില പോലെ. കൈകളില്‍ അവളെ താങ്ങിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ വളരെ പതുക്കെ ഒരു നിശ്വാസം ഞാന്‍ കേട്ടു,” തീ കെടുത്ത്,പൊള്ളുന്നു.”

മുത്തശ്ശി പാര്‍വതിയുടെ മുടിയിഴകള്‍ മാടിയൊതുക്കി. കയ്യില്‍ പറ്റിയ വിയര്‍പ്പുതുള്ളികള്‍ കുടഞ്ഞെറിഞ്ഞു. പാര്‍വതിയുടെ അമ്മയോട് പറഞ്ഞു,” ഏയ് കുട്ടിക്കൊന്നൂല്യ”, പിന്നീടെന്നെ നോക്കി,” ഇവരെ വീട്ടിലാക്ക് മോനെ.”

“അത് ഞാന്‍ കൊണ്ടോക്കോളാം, നീ ഇത്തിരി തണുത്ത വെള്ളം കൊണ്ടുവാ, കൊച്ചിന് ബോധം വരട്ടെ.” പാര്‍വതിയുടെ അച്ഛന്‍ നയിസായി എന്നെ ടാക്കിള്‍ ചെയ്തു. വെള്ളമെടുക്കാന്‍ പോകുന്ന എന്റെ മുഖത്തേക്ക് അനില്‍ ഹാന്‍ഡിക്യാം ഫോക്കസ് ചെയ്തുകൊണ്ടേയിരുന്നു.

പിറ്റേന്ന് പാര്‍വതിയെ കണ്ടില്ല. വ്യാഴാഴ്ച വൈകിട്ട് പത്രം തേടി അവള്‍ വന്നു. യാദൃശ്ചികമെന്ന് പറയട്ടെ, ഞാന്‍ പത്രവും വായിച്ച് ഉമ്മറത്ത് തന്നെയുണ്ടായിരുന്നു!!

“ഈ കണക്കിന് അടുത്തുതന്നെ താങ്കളുടെ അച്ഛന്‍ മാതൃഭൂമി വരുത്തിക്കാന്‍ തുടങ്ങും.” ഞാന്‍ പരിഹസിച്ചു ചിരിച്ചു. പ്രതികരണമില്ല.

പത്രം മറിച്ചുനോക്കുന്നതിനിടെ അവള്‍ പറഞ്ഞു,” ആ ആലോചന വേണ്ടാന്ന് വെച്ചു.”

“അടുത്ത ആലോചന വരുമ്പോള്‍ എന്തുചെയ്യും? അപ്പൊ കലശം കണ്ടൂന്ന് വരില്ല.”

“വേറെ എന്തെങ്കിലും വഴി കാണും. അന്നേരം ഞാന്‍ കണ്ടുപിടിച്ചോളും. താങ്കള്‍ക്ക് ഇതൊന്നും ബാധകമല്ലല്ലോ.”

 ഇക്കുറി ഞാന്‍ സൈലന്റായി.

“ താങ്കള്‍ക്ക് പ്രായവും പക്വതയും, സര്‍വോപരി ഒരു ജോലിയുമായിട്ട് അടുത്തെങ്ങാന്‍ എന്നെ കെട്ടാന്‍ സൗകര്യപ്പെടുമോ?”

“എല്ലാം ശരിയാക്കിതരാം. ഒരു രണ്ടുകൊല്ലം കൂടെ സമയം താ.”

“രണ്ടുമാസം തരാം. അതുകഴിഞ്ഞാല്‍ ആദ്യം വരുന്ന ചെക്കനെ കെട്ടും ഞാന്‍.” വീണ്ടും തീപ്പന്തങ്ങള്‍. ഭസ്മീകരിക്കപ്പെട്ട ഞാന്‍.

ഗേറ്റ് അടക്കാന്‍ തിരിഞ്ഞപ്പോള്‍ അവള്‍ വിളിച്ചുപറഞ്ഞു,” ഇന്ന് ഉറക്കമിളക്കണ്ടാ. വെള്ളിയാഴ്ച്ച ദേവിയിറങ്ങും. പിന്നേം പനിപിടിക്കും.”

അകത്തേക്ക് കടന്നു വാതിലടക്കുമ്പോള്‍ ഞാന്‍ ചിരിക്കുകയായിരുന്നു. എല്ലാ ദിവസവും എന്നെ കടാക്ഷിക്കുന്ന ദേവിയുള്ളപ്പോള്‍ എന്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണം? എന്റെ ദേവി, പാര്‍വതി. വൈകുന്നേരങ്ങളില്‍ കണ്ണുകളില്‍ കുസൃതിചിരിയുമായി അല്ലെങ്കില്‍ കോപാഗ്നിയുമായി, പ്രതീക്ഷയും നിരാശയും തരാറുള്ള, എനിക്ക് വേണ്ടി ഏതറ്റം വരെ പോകാനും തയ്യാറാണെന്ന് തെളിയിച്ച, പ്രിയ പാര്‍വതി. 

കോണിപ്പടികള്‍ കയറുമ്പോള്‍ ഞാന്‍ ഫ്രിഡ്ജിന് മുകളിലിരിക്കുന്ന ടൈംപീസില്‍ നോക്കി. സമയം ഇപ്പോഴും മൂന്നുമണി തന്നെ. അതിനു പിന്നിലെ മൂടിയുരി ബാറ്ററികളിലൊന്നു ഞാന്‍ തിരിച്ചിട്ടു. പോസിറ്റിവില്‍ നിന്ന് നെഗറ്റിവിലെക്കുള്ള സര്‍ക്യുട്ട് പൂര്‍ണ്ണമായി. ഇലക്ട്രോണ്‍ പ്രവാഹം അനിയന്ത്രിതമായി തുടങ്ങി. സൂചികള്‍ മുന്നിലേക്കുതന്നെ നീങ്ങിത്തുടങ്ങി.  

*********            

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.