Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകന്റെ കത്ത്, അച്ഛന്റെയും

x-default

പ്രിയപ്പെട്ട അച്ഛന്,

അച്ഛന് സുഖമാണല്ലോ? ഞങ്ങള്‍ ഇവിടെ അങ്ങനെ കഴിയുന്നു. അമ്മയ്ക്ക് ഇപ്പോള്‍ എന്നോട് പണ്ടത്തെ പോലെ യാതൊരു സ്നേഹവുമില്ല. ഏതു നേരവും വീട്ടില്‍ വഴക്കാണ്. മടുത്തു എനിക്കീ ജീവിതം. കോളജില്‍ ഞാന്‍ ഇപ്പോള്‍ ഫൈനല്‍ ഇയര്‍ ആണെന്നറിയാമല്ലോ. കഴിഞ്ഞ മാസം ക്ലാസിലെ മറ്റുള്ള കുട്ടികളുടെ കയ്യില്‍ ഉള്ളത് പോലെ ഒരു ടച് സ്ക്രീന്‍ മൊബൈല്‍ വാങ്ങാന്‍ പണം അയച്ചു തരണമെന്ന് പറഞ്ഞു എഴുതിയിട്ട് അച്ഛന്‍ അയച്ചു തന്നത് മുന്നൂറു രൂപയാണ്. അത് കൊണ്ട് എന്റെ ഇപ്പോഴത്തെ മൊബൈലിന്റെ ബില്‍ പോലും അടയ്ക്കാന്‍ ആകില്ല. അച്ഛനും എന്നോട് സ്നേഹമില്ലാതെ ആയോ? എത്ര കാലമായി ഞാന്‍ പറയുന്നു എനിക്ക് ഒരു ബൈക്ക് വാങ്ങി തരണമെന്ന്? എന്റെ പ്രായത്തില്‍ ഉള്ള റോഷനും, സുനിലും, പ്രദീപും ഒക്കെ ബൈക്കില്‍ ചെത്തി നടക്കുന്നത് കാണുമ്പോള്‍ എനിക്കും ഒരു ബൈക്ക് വാങ്ങണമെന്ന് ആഗ്രഹമുണ്ടാവില്ലേ? അതെന്താണ് അച്ഛന്‍ മനസ്സിലാക്കാത്തത്. അമ്മയോട് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഒന്നുകില്‍ ചീത്ത പറയും അല്ലെങ്കില്‍ ചുമ്മാ കരഞ്ഞു കാണിക്കും. അച്ഛന് എന്റെ പ്രയാസം മനസ്സിലാകുമല്ലോ. അതെല്ലാം പോട്ടെ. എനിക്കീ വീട്ടില്‍ യാതൊരു സ്വാതന്ത്ര്യവും ഇല്ല. രാത്രി വൈകി ഇരുന്നു ടിവി കണ്ടാലോ ഉറക്കെ ഒന്ന് പാട്ട് വച്ചാലോ അമ്മ വന്നു ചീത്ത പറയും. കറന്റ് ബില്‍ കൂടുമത്രേ. ഒന്ന് സിനിമക്ക് പോകണം എന്ന് പറഞ്ഞതിന് ഇന്നലെയും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. ഇങ്ങനെ സ്വാതന്ത്ര്യം പോലും ഇല്ലാതെ കൂട്ടില്‍ അടച്ച കിളിയെ പോലെ ജീവിക്കാന്‍ എനിക്കാവില്ല. 

അതും സാരമില്ല എന്ന് വയ്ക്കാം, രണ്ടാഴ്ച മുന്‍പ് ഒരവധി ദിവസം, എന്റെ കൂടുകാരെ എല്ലാം വീട്ടില്‍ വിളിച്ചു ആഹാരം കൊടുക്കണം എന്ന് ഞാന്‍ അമ്മയോടു പറഞ്ഞു. അമ്മ ഉണ്ടാക്കിയത് എന്താണെന്നറിയാമോ? അവിയലും, ചോറും, തോരനും ഒക്കെ. ക്ലാസ്സില്‍ എല്ലാവരോടും ഞാന്‍ വീമ്പു പറഞ്ഞിരുന്നത് ഞങ്ങള്‍ക്ക് മീനും ഇറച്ചിയും ഇല്ലാതെ ആഹാരം ഇറങ്ങില്ല എന്നായിരുന്നു. അന്ന് ഞാന്‍ ശരിക്കും നാണം കെട്ടു. ഇതൊക്കെ അമ്മ മനപൂര്‍വം ചെയ്യുന്നതാണ്. കൂട്ടുകാരുടെ മുന്‍പില്‍ എന്നെ കൊച്ചാക്കാന്‍ വേണ്ടി. അച്ഛന്‍ പോയതിനു ശേഷമാണ് അമ്മയ്ക്ക് എന്നോട് തീരെ സ്നേഹമില്ലാതെ ആയത്. ഇങ്ങനെ കഷ്ടപ്പെടാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു? അച്ഛനറിയാമോ, കഴിഞ്ഞ മാസം കോളജീന്ന് ടൂർ പോകാന്‍ ഇരുന്നതാ. ക്ലാസ്സിലെ എല്ലാവരും പോയപ്പോള്‍ എന്നെ മാത്രം അമ്മ വിട്ടില്ല. അവര്‍ പോയിട്ട് വന്നു വിശേഷങ്ങള്‍ പറഞ്ഞപ്പോള്‍ കൊതി ആയി. എനിക്കും ഉണ്ടാവില്ലേ മറ്റു സ്ഥലങ്ങള്‍ കാണണമെന്ന് ആഗ്രഹം. ഈ പട്ടിക്കാട് അല്ലാതെ ഞാന്‍ പുറത്ത് എവിടെയാണ് പോയിട്ടുള്ളത്? എന്റെ സന്തോഷങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ഈ വീട്ടില്‍ യാതൊരു വിലയുമില്ല. ഇതെല്ലാം ഞാന്‍ ഇപ്പോള്‍ അച്ഛനോട് പറയുന്നത് അച്ഛനെങ്കിലും എന്നെ മനസ്സിലാകുമല്ലോ എന്ന് കരുതിയാണ്. അടുത്ത തവണ വരുമ്പോള്‍ അച്ഛന്‍ ഇതിനെല്ലാം ഒരു പരിഹാരം കാണണം.

സ്നേഹപൂര്‍വ്വം 

മകന്‍ 

കളിയിക്കല്‍ വീട് , 

തോന്നക്കര 

**************************************************************************

എന്റെ പ്രിയപ്പെട്ട മകന് അച്ഛന്‍ എഴുതുന്നത്‌,

മോനും അമ്മയ്ക്കും സുഖമാണോ? അച്ഛൻ ഇവിടെ സുഖമായി കഴിയുന്നു. നിന്റെ കത്ത് കിട്ടി. നീ പറഞ്ഞതൊക്കെ വായിച്ചപ്പോള്‍ വിഷമം തോന്നി എങ്കിലും പലതും എനിക്ക് മനസ്സിലായില്ല. നിന്റെ പ്രശ്നങ്ങളും നീ അനുഭവിക്കുന്നതും ഒന്നും എനിക്ക് മനസ്സിലാകില്ല. കാരണം, അതൊന്നും ഒരു ദുരിതമായി ഞാന്‍ കരുതുന്നില്ല. ടച്ച് സ്ക്രീന്‍ മൊബൈല്‍ വാങ്ങണം എന്ന് പറഞ്ഞു നീ മുന്‍പ് അയച്ച കത്ത് കിട്ടിയിരുന്നു. അതിനു വേണ്ടി ഞാന്‍ എന്നാല്‍ കഴിയുന്ന വിധം പണവും അയച്ചിരുന്നു. അതാണ്‌ ആ മുന്നൂറു രൂപ. ആ മുന്നൂറു രൂപ എനിക്ക് വെറുതെ കിട്ടിയതല്ല, രണ്ടു മാസം ഇവിടെ കഷ്ടപെട്ടതിനു കിട്ടിയ കൂലി ആണ്. കഷ്ടപ്പാട് എന്ന് പറയുമ്പോള്‍ മോന്‍ കരുതുന്നത് പോലെ ടിവി കാണാതെ ഒരിടത്ത് ഇരിക്കുകയോ പാട്ട് കേള്‍ക്കാതെ വിഷമിക്കുകയോ കൂട്ടുകാരുടെ കൂടെ സിനിമക്ക് പോകാന്‍ കഴിയാത്തതോ ഒന്നുമല്ല. ഇവിടെ കല്ല്‌ പൊട്ടിച്ചും, മരം വെട്ടിയും, മുറികള്‍ കഴുകിയും, അധികാരികളുടെ ആട്ടും തുപ്പും തല്ലും കൊണ്ടും അച്ഛന്‍ സമ്പാദിച്ചതാണ് ആ പണം. അത് മോന്റെ ഇപ്പോഴത്തെ ഫോണിന്റെ ബില്‍ അടക്കാന്‍ പോലും തികഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. അടുത്ത മാസം കുറച്ചു മണിക്കൂര്‍ കൂടുതല്‍ പണി എടുത്തു അച്ഛന്‍ കുറച്ചു കൂടുതല്‍ പണം അയക്കാം. 

അമ്മയ്ക്ക് നിന്നോട് യാതൊരു സ്നേഹക്കുറവും ഇല്ല. പണ്ടത്തെ പോലെ ഉള്ള സ്നേഹം പ്രകടിപ്പിക്കുന്നുണ്ടാവില്ല എന്ന് മാത്രം. ഒരാള്‍ മറ്റൊരാളോട് സ്നേഹവും സന്തോഷവും ഒക്കെ പ്രകടിപ്പിക്കുന്നത് അയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയെ അടിസ്ഥാനമാക്കി ഇരിക്കും. അത് മനസ്സിലാക്കാനുള്ള പ്രായം ഒക്കെ നിനക്ക് ആയി. അതിന്റെ പേരില്‍ ആരോടും വിദ്വേഷം സൂക്ഷിക്കാന്‍ പാടില്ല. മോന്റെ കൂട്ടുകാര്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മ ഉണ്ടാക്കി കൊടുത്തത് ചോറും അവിയലും തോരനും ഒക്കെ ആണെന്ന് പറഞ്ഞല്ലോ. അത് വളരെ മോശമായി പോയി. പക്ഷെ അച്ഛന്‍ കുറെ വര്‍ഷങ്ങളായി ഇവിടെ കഴിക്കുന്നത്‌ വെറും ഉപ്പിടാത്ത കഞ്ഞി മാത്രമാണ്. അത് വച്ച് നോക്കുമ്പോള്‍ നിന്റെ കൂട്ടുകാര്‍ക്ക് ദേഷ്യം തോന്നാന്‍ ഇടയില്ല. എന്നാലും ഇനി വീമ്പു പറയുമ്പോള്‍ ഓര്‍ക്കുക, നിനക്ക് ഇപ്പോള്‍ കിട്ടുന്ന സൗകര്യം പോലും കിട്ടാത്തവര്‍ നമുക്ക് ചുറ്റും ഒരുപാട് പേരുണ്ടെന്ന്.. 

എങ്കിലും നിന്റെ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. നിനക്ക് പുതിയ പുതിയ സ്ഥലങ്ങള്‍ കാണണമെന്നും, ടൂര്‍ പോകണമെന്നും ഒക്കെ കൊതി തോന്നുന്നുണ്ടാവും. അച്ഛനും കൊതിയാവുന്നുണ്ട്. ഒന്ന് പുറത്തിറങ്ങി നടക്കാന്‍. അൽപം ശുദ്ധ വായു ശ്വസിക്കാന്‍. നമ്മുടെ അമ്പലത്തിന്റെ മുന്നില്‍ ഉള്ള അരയാല്‍ മരത്തിന്റെ ചുവട്ടില്‍ വെറുതെ അൽപം കാറ്റും കൊണ്ടിരിക്കാന്‍. പക്ഷെ കൊതിച്ചതെല്ലാം നമുക്ക് ലഭിക്കണമെന്നില്ലല്ലോ. എങ്കിലും പരിശ്രമിച്ചാല്‍ ലഭിക്കാത്തതായി ഒന്നുമില്ല. നിന്റെ കൂട്ടുകാര്‍ ടൂര്‍ പോയ സ്ഥലം ഒക്കെ അവിടെ തന്നെ ഉണ്ടാവും. മോന് എപ്പോ വേണമെങ്കിലും അവിടെ പോകാം. പക്ഷേ അച്ഛന്റെ കൊതി ഇനി മാറുമെന്നു തോന്നുന്നില്ല. ജീവിതം അങ്ങനെയാണ്. നമുക്ക് ചുറ്റും ഉള്ള നന്മകളും സൗന്ദര്യവും പലപ്പോഴും നമുക്ക് കാണാന്‍ ആകില്ല. അതൊക്കെ തിരിച്ചറിയുമ്പോള്‍ ഒരുപാട് വൈകിയിട്ടുണ്ടാവും. നീ വളര്‍ന്നു. വലിയ കുട്ടി ആയി. ഇനിയെങ്കിലും ജീവിതം എന്താണെന്ന് മോന്‍ തിരിച്ചറിയണം. മൊബൈല്‍ ഫോണും, ബൈക്കും, സിനിമയും ഒക്കെ ഇല്ലാതെയും ജീവിക്കാം. പക്ഷേ, സ്നേഹവും സമാധാനവും ഇല്ലാതെ ജീവിക്കാനാവില്ല. പണ്ടെങ്ങോ ചെയ്തു പോയ തെറ്റിന്റെ പേരില്‍ അച്ഛന്‍ നഷ്ടപ്പെടുത്തിയത് ഒരു ജീവിതമാണ്. എന്നാല്‍ അര്‍ത്ഥ ശൂന്യമായ വാശിയുടെയും വൈരാഗ്യത്തിന്റെയും പേരില്‍ നീ ഇപ്പോള്‍ നഷ്ടപ്പെടുത്തുന്നത് നിന്റെ ജീവിതമാണ്. ഇനി നാം തമ്മില്‍ നേരിട്ടു കണ്ടാലും ഇല്ലെങ്കിലും, ഈ വാക്കുകള്‍ നീ ഇപ്പോഴും ഓർമിക്കുക്ക. അമ്മയെ സ്നേഹിക്കുക, സംരക്ഷിക്കുക, അത് പോലെ തന്നെ മറ്റുള്ളവരെയും.

ഈശ്വരന്‍ മോനെ അനുഗ്രഹിക്കട്ടെ

എന്ന്,

സ്നേഹപൂര്‍വ്വം,

അച്ഛന്‍,

പൂജപ്പുര സെന്‍ട്രല്‍ ജയില്‍,

തിരുവനന്തപുരം 

********************************************************

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.