പതിവു പോലെ പാർട്ടി ഓഫീസിലേക്ക് പോകാനിറങ്ങിയ സുഗുണന്റെ അടുത്തേക്ക് ഭാര്യ ജാനകി ഓടി വന്നു. അവളുടെ ഭാവം കണ്ടപ്പോൾ എന്തോ ഞെട്ടിക്കുന്ന വാർത്തയും കൊണ്ടാണ് വന്നതെന്ന് അയാൾക്കു തോന്നി. അലക്കി തേച്ച കുപ്പായത്തിന്റെ ബട്ടൻസ് ഇടുന്നതിനിടയിൽ അയാൾ ചോദ്യഭാവത്തിൽ അവളെ നോക്കുകയും മൂളുകയും ചെയ്തു.
സുഗുണേട്ടൻ അറിഞ്ഞില്ലേ, ശാരദ ടീച്ചറുടെ മകളുടെ കല്ല്യാണമാണ് വരുന്ന വെള്ളിയാഴ്ച. ഈ കോളനിയിൽ എല്ലാവരെയും അവർ വിളിച്ചു. നമ്മളോട് മാത്രം ഒരു വാക്ക് പറഞ്ഞില്ല: ജാനകി വിഷമത്തോടെ പറഞ്ഞു. കയ്യിലിരുന്ന ദോശത്തവ കൊണ്ട് അവൾ വായുവിൽ ചിത്രം വരച്ചു. അടുക്കളയിൽ ദോശ എടുക്കുന്നതിനിടയിൽ അയൽപക്കത്ത് എവിടെ നിന്നോ കിട്ടിയ ന്യൂസാണെന്ന് സുഗുണന് തോന്നി.
സുഗുണന്റെയും ജാനകിയുടെയും പഴയ അയൽക്കാരാണ് ശാരദ ടീച്ചറും കുടുംബവും. ഭർത്താവ് നേരത്തെ മരിച്ച ടീച്ചർക്ക് പ്ലസ്ടുവിലും എട്ടാം തരത്തിലും പഠിക്കുന്ന രണ്ടു പെൺമക്കളാണ് ഉണ്ടായിരുന്നത്. ഇരുവീട്ടുകാരും തമ്മിൽ അന്ന് ചില അതിർത്തി പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നു. അത് പോലീസ് കേസ് വരെയാകുകയും ചെയ്തു.
രാഷ്ട്രീയത്തിലുള്ള തന്റെ സ്വാധീനം വച്ച് സുഗുണൻ കേസ് തനിക്കനുകൂലമാക്കി. സഹായിക്കാനോ വാദിക്കാനോ ആരും ഇല്ലാതെ പോയ ടീച്ചറും കുടുംബവും അധികം വൈകാതെ വീടുമാറി പോകുകയും ചെയ്തു.
നിന്നോടിത് ആരാ പറഞ്ഞത്? സുഗുണൻ ആകാംഷയോടെ ജാനകിയുടെ മുഖത്തേക്ക് നോക്കി.
അപ്പുറത്തെ ദമയന്തി ചേച്ചി. ഇന്നലെ ടീച്ചറും മോളും വന്ന് അവരെയൊക്കെ കല്യാണം വിളിച്ചത്രേ. വരുന്ന വെള്ളിയാഴ്ച കോപ്പറേറ്റീവ് ബാങ്കിനടുത്തുള്ള സുമംഗലി ഓഡിറ്റോറിയത്തിൽ വച്ചാ കല്യാണം. പഴയ വിരോധം വച്ച് നമ്മളെ മാത്രം വിളിച്ചില്ല. ആകെ നാണക്കേടായി. ജാനകി പറഞ്ഞതു കേട്ടപ്പോൾ സുഗുണന്റെ മുഖം കോപം കൊണ്ട് ചുവന്നു തുടുത്തു.
എന്നു വച്ച്? ഞാൻ ഈ നാട്ടിലെ പ്രമുഖനായ ഒരു നേതാവല്ലേ? അങ്ങനെയുള്ള എന്നോട് അവർ ഈ കാണിച്ചത് അഹങ്കാരമാണ്. പഴയ സംഭവങ്ങളുടെ പേരിൽ നമ്മളോട് മാപ്പ് പറഞ്ഞ് കല്യാണത്തിന് പങ്കെടുക്കണം എന്നു പറയാനുള്ള സാമാന്യമായ ഒരു മര്യാദ പോലും അവർ കാണിച്ചില്ല. ഇവർ എവിടത്തെ സ്കൂൾ ടീച്ചറാണ്? ഒരു ഏൽസി സെക്രട്ടറി ആരാണെന്ന് കാണിച്ചു കൊടുക്കാം ഞാൻ. ഒന്നുമല്ലെങ്കിലും ഈ പഞ്ചായത്ത് ഭരിക്കുന്നത് എന്റെ പാർട്ടിയല്ലേ? ആ തള്ളയെയും മക്കളെയും കൊണ്ട് ഞാൻ നക്ഷത്രമെണ്ണിക്കും. ഈ സുഗുണനോടാ കളി? അയാൾ ദേഷ്യം കൊണ്ട് വിറച്ചു. ജാനകിയുടെ മുഖം സ്വൽപ്പം തെളിഞ്ഞു.
പെട്ടെന്നെന്തോ ഓർത്തത് പോലെ സുഗുണൻ ലാൻഡ് ഫോണിനടുത്തേക്ക് നടന്നു. റിസീവർ കയ്യിലെടുത്ത് ധൃതിയിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു.
ഹലോ, ജില്ലാ സെക്രട്ടറിയല്ലേ? അടുത്ത വെള്ളിയാഴ്ച ഈ രാമങ്കുഴി പഞ്ചായത്തിൽ ഒരു ഹർത്താൽ വേണം. കാരണമൊക്കെ പിന്നെ അന്വേഷിക്കാം. വിലക്കയറ്റമെന്നോ അല്ലെങ്കിൽ കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങളെന്നോ അങ്ങനെ എന്തെങ്കിലും പറയാം.
അതൊന്നും പറഞ്ഞാൽ പറ്റില്ല. എന്ത്? വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. അതുകൊണ്ട് ഒരു പഞ്ചായത്തിൽ മാത്രമായി എങ്ങനെയാണ് ഹർത്താൽ നടത്തുന്നതെന്നോ? അങ്ങനെയാണെങ്കിൽ ജില്ലാതലത്തിൽ നടത്താം, അതുമല്ലെങ്കില്‍ സംസ്ഥാന തലത്തിൽ. എന്തായാലും എനിക്കാ ടീച്ചറുടെ കല്യാണം കലക്കണം. ഈ രാമങ്കുഴിയിൽ ഒരു സൈക്കിൾ പോലും അന്ന് റോഡിലിറക്കാതിരിക്കുന്ന കാര്യം ഞാനേറ്റു. അതിനു ആരുടെയൊക്കെയാ സമ്മതം വാങ്ങേണ്ടതെന്ന് വച്ചാൽ അത് നിങ്ങൾ ചെയ്യണം. ങാ ശരി. സുഗുണൻ റിസീവർ താഴെ വച്ച് ഭാര്യയ്ക്കു നേരെ തിരിഞ്ഞു.
നീ ഹാപ്പിയല്ലേ? എല്ലാം കേട്ട് പ്രസന്നമായ ഭാവത്തോടെ നിന്ന ജാനകിയോട് അയാൾ ചോദിച്ചു. ചിരിച്ചുകൊണ്ട് അവൾ തലയാട്ടി.
അപ്പോ അന്ന് ഹർത്താലാണോ? അദ്ദേഹം സമ്മതിച്ചോ? സന്തോഷം കൊണ്ട് മതിമറക്കുന്നതിനിടയിൽ അവൾ ചോദിച്ചു.
പിന്നെ സമ്മതിക്കാതെ? ഈ സുഗുണനെ കുറിച്ച് നീ എന്താ വിചാരിച്ചിരിക്കുന്നത്? ഞാൻ അന്നീ നാട്ടിൽ ജനജീവിതം സ്തംഭിപ്പിക്കും. കുടിക്കാൻ ഒരു തുള്ളി പച്ചവെള്ളം പോലും കിട്ടില്ല ഒരുത്തനും. പിന്നെയല്ലേ കല്യാണം നടത്തുന്നത്? ഉപദ്രവിക്കരുതെന്നും പറഞ്ഞ് ആ തള്ളയും മക്കളും വന്ന് കരഞ്ഞ് ഈ കാൽ പിടിക്കുന്നത് കാണാം നിനക്ക്. സുഗുണൻ പൊട്ടിച്ചിരിച്ചു. ഭർത്താവിന്റെ ഏത് സുഖത്തിലും ദുഃഖത്തിലും പങ്കാളിയാകേണ്ട ജാനകി എന്ന ഇവിടത്തെ ഭാര്യയും അയാളുടെ ആ ചിരിയിൽ പങ്കുചേർന്നു.
ഇങ്ങനെയും ഹർത്താലുകൾ ഉണ്ടാകാം.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.