Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവനി– വാഴ്‌‌വ്

x-default

പതിവില്ലാതെ മഴ പെയ്യുന്നുണ്ടായിരുന്നു, ടാക്സിക്കു പുറത്തെ കാഴ്ചകൾക്ക് കുറുകെ മഴത്തുള്ളികൾ മറപിടിച്ചു കൊണ്ടേയിരുന്നു. ഇങ്ങനെയാണെങ്കിൽ അതിവൈകാതെ തന്നെ, മരുഭൂമിയിൽ മഴ പെയ്യുന്നു എന്ന ക്ലിഷേ ഡയലോഗുകൾ ഒക്കെ മാറ്റിപിടിക്കേണ്ടി വരും, ഒരാഴ്ചയായി പെയ്തോണ്ടിരിക്കുകയാണ് മഴ.

ഷെറാട്ടൺ ഹോട്ടലിനു അരികിൽ കാറൊതുക്കി ഇറങ്ങുമ്പോള്‍ മഴ മാറിയിരുന്നു. അരികിലൂടെ പഞ്ചാര മണലിലേക്ക് ഞാൻ ഇറങ്ങി. നീലയും പച്ചയും കലർന്ന കടൽ...

തെളിഞ്ഞ വെള്ളം, തെളിഞ്ഞ ആകാശം. കൊതിപ്പിക്കുന്ന കടൽ. എടുത്തുചാടി ഒരുകുളി പാസാക്കാൻ തോന്നിപ്പോകും ആർക്കും .

ഞാൻ കുറച്ചു നേരത്തെയാണ്. ഇനിയും അരമണിക്കൂർ കൂടെ ഉണ്ട് അവനെത്താൻ.

കാലങ്ങൾക്കു ശേഷം ഒരു ഒത്തുചേരൽ ! സ്കൂൾ മുതൽ കോളജ് വരെ കൂട്ടുനടന്ന സൗഹൃദം. ഒരു പെണ്ണിനും ആണിനും വെറും സുഹൃത്തുക്കൾ മാത്രമായിരിക്കാൻ കഴിയില്ല എന്നു പറഞ്ഞ സമൂഹത്തിന്റെ വീക്ഷണങ്ങളെ ഒക്കെ തകർത്തെറിഞ്ഞവർ. അതായിരുന്നു ഞങ്ങൾ.

കാലത്തിന്റെ അനിവാര്യത പോലെ, വർഷങ്ങൾക്കിപ്പുറം കല്യാണവും കുട്ടിയും ഒക്കെയായി ഞാൻ എന്റെ മാത്രം ലോകത്ത് ആയിപോയി, അവിടെ ഞാൻ നിർത്തിവെച്ച ഞാനുണ്ട്, എന്റെ ഇഷ്ടങ്ങളുണ്ട്. അങ്ങനെ അതിലേക്കൊരു എത്തിനോട്ടം ആണിന്ന്. ഇന്നത്തേക്ക് ഞാനാ പഴയ ദേവൂട്ടി ആകണം, അവന്റെ പഴയ ദേവൂട്ടി.

അടിപിടിയും അസൂയപ്പെടലും പരിഭവങ്ങളും ഒക്കെയായി ഒരു സായാഹ്നം .

അന്നൊക്കെ അവന്റെ ഡയലോഗുകൾക്ക് മുന്നിൽ അടിപതറി മുഖം താഴ്ത്തുമ്പോൾ, അടുത്ത് വന്നു പതിയെ എന്റെ താടിപൊക്കി തൊട്ടാവാടി എന്ന് വിളിക്കുമായിരുന്നു അവൻ.

എന്റെ മിസിസ് ടൈറ്റിൽ ഒരകൽച്ച ഉണ്ടാക്കിയിരിക്കുന്നുണ്ട്. അറിയാം എന്നാലും...

എല്ലാർക്കും ഉള്ള പോലെ എന്റെ ഗോ ടു പേഴ്സൺ ആണ് അവൻ, ആൽബർട്ട്, ഞങ്ങളുടെ ആൽബിച്ചൻ.

ചെരുപ്പഴിച്ചു മാറ്റി പഞ്ചാര മണലിലേക്ക് കാലെടുത്തു വെച്ചു. മഴ നനച്ചിട്ട മണലും തണുത്ത കാറ്റും, ഒരു നിമിഷം, ഞാൻ എന്നിലേക്കു മടങ്ങി....!!

...........................................

അങ്ങകലെ കാറ്റിന്റെ കൈപിടിച്ചു ഒരു കൊച്ചുതിര പിറവികൊള്ളുന്നുണ്ടായിരുന്നു, തോട്ടുമാറി മറ്റൊന്ന്, അതിനൊപ്പം മറ്റൊന്ന് അവയൊന്നായി ചേർന്ന്, തീരത്തേക്ക് ഒരുമിച്ചുവന്നടിഞ്ഞു. ഒരു ചോദ്യം മറുചോദ്യത്തിനോട് കൈകോർത്തു വലിയൊരു എമണ്ടൻ ചോദ്യമായി നെഞ്ചിലേക്കു വന്നിടിച്ചു.

അവൾ, പഴേ ദേവൂട്ടി.. സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. പറച്ചിലുകൾക്കിടയിലെപ്പോഴോ എന്റെ പ്രണയദിന സന്ദേശത്തിന്റെ കഥയും വന്നു, ഞാൻ മറന്നു തുടങ്ങിയ ആ കഥ.

അവിടെ മുറിഞ്ഞതാണ് എന്റെ ചിന്തകൾ. ഒഴുക്ക് മാറി, അവളെ കണ്ട സന്തോഷം മാറി, പരിഭവം ഏറ്റുവാങ്ങിയതും ഒക്കെയും ഞാൻ മറന്നു..

ഇനി എന്റെ പ്രണയത്തിന്റെ മറുപുറം സൂക്ഷിപ്പുകാരിക്ക് കൈമാറിയെത്തിയ ഫോട്ടോയ്ക്ക് പിന്നിൽ ഇവളായിരുന്നോ..?

ഞങ്ങളുടെ  ഇഷ്ടം പാതിവഴിയിൽ മുറിഞ്ഞു പോകാൻ കാരണം ഇവളായിരുന്നോ?

ആകെ മൂന്നു പേർക്കെ ഞാൻ അയച്ചുള്ളു ആ ഫോട്ടോ. ബാക്കി രണ്ടുപേരും അത് തുറന്നു പോലും നോക്കിക്കാണാൻ ചാൻസില്ല. പിന്നെ ഇവൾ വഴി തന്നെയാണോ ആ ഫോട്ടോ..!!

അപ്പോൾ ഞാൻ മറന്നു തുടങ്ങിയ എന്റെ വലിയ നഷ്ടത്തിന്റെ ഉത്തരവാദി നീ തന്നെയാണല്ലേ?

തീരത്തടിഞ്ഞു നുരഞ്ഞു പൊന്തുന്ന കടലിലേക്കു ഞാൻ നോക്കി... എന്റെ ഉള്ളിലെ അമർഷം, അതും നുരയുകയാണ്‌.... കടലിനോടു മൽസരിച്ചു കൊണ്ട് .

"ആണായിരുന്നു നീയെങ്കിൽ നിന്റെ മുഖം ഈ പൂഴിയിൽ പുതഞ്ഞേനെ..." ഇരുന്നയിരുപ്പിൽ നിന്ന് പിടഞ്ഞെണീറ്റു അവൻ പൊട്ടിത്തെറിച്ചു. അവിടെ അൽപം മാറി ഇരിക്കുന്ന മലയാളി കുടുംബത്തിന്റെ ശ്രദ്ധ, അവരിലേക്കു മാറി.

അവൻ നിർത്തിയില്ല.

ഇങ്ങനെ വഞ്ചനകൾ തുടരാൻ പെൺവർഗത്തിനെ കഴിയൂ. നീയും നിന്റെ ഓർമപുതുക്കലും, പോയി തുലയെടി... പിറുപിറുത്തു കൊണ്ട് അവൻ തിരിഞ്ഞു നടന്നു,.

എന്തെന്നില്ലാത്ത ആവേഗം ഉണ്ടായിരുന്നു അവന്റെ കാലുകൾക്ക്. ബാക്കി നടന്ന പ്രോസസ്സിംഗ് ഒക്കെ അവന്റെ മനസ്സിൽ ആയതോണ്ട് ദേവികയ്ക്ക് ഒന്നും മനസിലായില്ല. അവളിതുവരെ അവളുടെ ജീവിതത്തിലെ "ബിഗ് മൊമെന്റ്‌സ്‌" അതിനെ പറ്റി ഒക്കെ പറഞ്ഞോണ്ടിരിക്കുകയായിരുന്നു.

ഒരു നിമിഷം, അവൻ പറയുമ്പോലെ "ട്യൂബ്‌ലൈറ്റ്" ആയി അവളിരുന്നു... അങ്ങനെ മിന്നി തെളിഞ്ഞ ചിന്തേം കൊണ്ട്.. പിന്നെ അവൻ കാഴ്ചയിൽ നിന്നകലുന്നത് കണ്ട് അവൾ പിന്നാലെ ഓടി.

എന്ത് പറ്റി അബിച്ച, നിനക്കെന്താ പെട്ടെന്ന് പറ്റിയെ, അല്ല, ഞാനല്ലേ മിണ്ടികൊണ്ടിരുന്നേ,.. നിനക്കു എന്താ പറ്റിയെ..

അലക്ഷ്യമായി എന്നാൽ ദ്രുതവേഗത്തിൽ അവൻ നടന്നു കൊണ്ടിരുന്നു. പിന്നിൽ വന്നവന്റെ കൈ പിടിച്ച് അവള്‍ വീണ്ടും, നിനക്കെന്താ പറ്റിയെ, പെട്ടെന്ന്... ഒക്കെ ഓക്കെ ആയിരുന്നല്ലോ.

അവൻ കുതറി മാറി. വീണ്ടും നടന്നു. പ്ലീസ് ഡാ... എന്താടാ ഇങ്ങനെ...  പകുതി വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ കെഞ്ചി.

വിട്ടു പോ നീ... അവൻ വീണ്ടും ആക്രോശിച്ചു.

അസ്തമയസൂര്യനും ഉറങ്ങാൻ ഒരുങ്ങുന്ന കടലും പിന്നെ കൂടണയുന്ന പറവകളും ഒന്ന് നിശബ്ദമായി.

പ്ലീസ് ഡാ, ആൾക്കാര് ശ്രദ്ധിക്കുന്നു, നീ വാ ഇരിക്ക്...

പാതി തളർന്ന മുഖത്തോടെ അവൾ കെഞ്ചി. കൂടെ ചെന്ന്, ഒരു നിശ്വാസത്തിൽ ഒക്കെ പറഞ്ഞു തീർത്തു ...

............................

അരികിലാണെങ്കിലും ഞാൻ അവളിൽ നിന്ന് ഒരുപാട് ദൂരം അകന്നു കഴിഞ്ഞിരിക്കുന്നു.

ഇടറിക്കൊണ്ട് അവൾ തുടങ്ങി, അറിയോടാ നിനക്കു, പ്രതീക്ഷകളില്ലാതെ മറ്റുള്ളവരെ സ്നേഹിക്കുന്നതിന്റെ സുഖം, നീയൊക്കെ കളിയാക്കുമ്പോലെ കെട്ടിയോനും കുട്ടിം മാത്രമുള്ള ഒരു ലോകം, ആ ലോകത്തിലെ പരിഭവങ്ങളും ഇഷ്ടങ്ങളും ആ കൊച്ചു കൊച്ചു നിമിഷങ്ങളുമായൊരു ലോകം .... അവൾ തുടർന്നുകൊണ്ടിരുന്നു ...

..................................

മദ്യവും മദിരാശിയും പിന്നെ പെണ്ണും, ചൊല്ല് അതെപടി ജീവിതത്തിൽ., അങ്ങനെ ആയിരുന്നു ചെന്നൈ ജീവിതം. അന്നത്തെ ഒരു രാവിൽ, ഒരു പാർട്ടിയിൽ, ഇത്തിരി കൂടിപോയ ഡച്ച് കറേജിന്റെ പുറത്തു നടന്ന ആ ഫോട്ടോപിടുത്തം.

കലങ്ങിയ കണ്ണുകളുമായി, ഇന്നർ ബനിയനിൽ ഞാനും പുറകിൽ നിന്ന് എന്നെ ചേർത്ത് പിടിച്ചവളും... കൂട്ടത്തിലാരോ വച്ച് തന്ന പ്ലക്കാർഡ് ഞാൻ കയ്യിൽ പിടിച്ചു. I Love You മാറ്റി I Love to cheat You. എന്ന് അതിനിടയ്ക്ക് ആരോ മാറ്റിവച്ചിരുന്നു.

ഒന്നുമോർക്കുന്നില്ല ഞാൻ, വാട്സാപ്പിൽ ഫ്രീക്വന്റ്ലി കോണ്ടക്റ്റഡ് ആളുകള്‍ക്ക് അത് ഫോർവേഡ് ചെയ്തത് മാത്രം ഓർമയുണ്ട്. അത്രെയേ ഉളളൂ...

പിറ്റേന്ന് രാവിലെ കെട്ടിറങ്ങിയപ്പോ, "ഐ ഹെയ്റ്
യു ബൈ ഫോറെവർ" എന്നൊരു സിംഗിൾ മെസ്സേജും ഇട്ടു അവൾ പോയി.

ഒരേ സ്റ്റേഷനിലെ ഇറങ്ങു എന്ന് വാശിപിടിച്ചവൾ, പാതിവഴിക്ക് അങ്ങട് ഇറങ്ങിപ്പോയി... ശൂന്യത ആയിരുന്നു മനസ്സിൽ. ചെയ്യാൻ മടിച്ച പലതും ചെയ്യാൻ എന്നിൽ ഊർജ്ജത്തെ നിറച്ചവൾ.. പലതും അവളുടെ നിമിഷനേരത്തെ കടാക്ഷങ്ങൾക് വേണ്ടി മാത്രമായിരുന്നു. അവളുടെ ചുണ്ടിന്റെ കോണിൽ വിരിയുന്ന ആ ചിരിക്കു വേണ്ടി മാത്രമായിരുന്നു... ഞാൻ..!!

പുലരുന്ന പുലരികളിൽ, മായാത്ത സന്ധ്യകളിൽ അരികിലെന്നും വേണമെന്നാശിച്ചു, ഒന്നും അറിയില്ലായിരുന്നു, അവൾ മാത്രം, അവളുടെ വികാരങ്ങളെ മാത്രം.... 

അറിഞ്ഞത് ഇത്ര മാത്രം, മുറുകെ പിടിച്ചിരുന്ന എന്നെ ഞാൻ ആക്കിയിരുന്ന മൂല്യങ്ങളിൽ നിന്നുമെന്റെ പിടി അയഞ്ഞു തുടങ്ങിയിരുന്നു. ഇരുത്തിച്ചിന്തിക്കാൻ ഒരു നിമിഷം പോലുമില്ലായിരുന്നു....

ഒരു നാൾ വാട്സാപ്പ് unblock  ചെയ്‌ത് അവള്‍ എനിക്ക് ആ ചിത്രം അയച്ചു, "ഇതാണ് നിന്നെ എനിക്ക് വീണ്ടും പഴയതു പോലെ കാണാൻ ആവാത്തെ " എന്ന ഒരു അടികുറിപ്പോടെ.....

നേരിട്ട് കാണാൻ ശ്രമിച്ചു ഒരുപാട്, പരാജയപ്പെട്ടു വീണ്ടും വീണ്ടും ..

പ്രണയിക്കുന്നതിനേക്കാൾ, പ്രണയത്തിൽ നിന്ന് പഠിക്കാൻ ആണ് ഏറെയുള്ളത്. വീണിടത്തു നിന്ന് ഞാൻ കരകയറാൻ പഠിച്ചു തുടങ്ങി. "FALL IN LOVE " ആണല്ലോ...! ഹാ ആ പ്രയോഗം തന്നെ എത്ര അർത്ഥവത്താണ് ...

അതെ അതൊരു വീഴ്ച തന്നെ ആണ്...!!

..............................................................................................

കടലും ആകാശവും ചേരുന്നിടം തിരഞ്ഞു കണ്ണും നട്ടിരിക്കുന്ന അവനെയവൾ കൈ തട്ടി വിളിച്ചു, കഴുത്തു വീണ്ടും ചെരിച്ചു അവൻ അവളെ നോക്കി. ഇത്രയും നേരം അവളെന്തോ പറയുന്നുണ്ടായിരുന്നു,.. അവളുടെ മുഖഭാവങ്ങളിൽ നിന്നും അതാണ് മനസ്സിലാകുന്നത്.

കാൽമുട്ടുകൾ ഒന്നൂടെ ചേർത്തുപിടിച്ചു, ഒന്നൂടെ മുന്നോട്ട് ആഞ്ഞിരുന്ന് അവൾ തുടങ്ങി. ശരി നീ ഇവിടെ ആണേലും അല്ലേലും, ഒരു കാര്യോം കൂടെയുണ്ട് പറയാൻ.. പ്രത്യേകിച്ച്  ഗുണമുണ്ടോ എന്നറിയില്ല എന്നാലും പറയുവാ...

എന്റെ ഊഹം ശരി ആണേൽ നിന്റെ കഥാനായിക, റേച്ചൽ, എന്റെ കെട്ടിയോന്റെ ഫ്രണ്ടിന്റെ പെങ്ങളാ, അവളുടെ കല്യാണം ചെറുതിലെ പറഞ്ഞു വെച്ചിരുന്നതും ആണ്. ആറു മാസം മുന്നേ അവളുടെ കെട്ട് കഴിഞ്ഞു. അവര് പണ്ടേ ഫ്രണ്ട്‌സ് കൂടെ ആണ്.

അപ്പൊ ആകെ കണക്കുകൂട്ടി നോക്കുമ്പോ ഇറ്റ് ഈസ് എ വെൽ പ്ലാൻഡ് ബ്രേക്ക് അപ്പ്....!!!

ഒക്കെ ?!!

സമയോം  സന്ദർഭവും ഒത്തു വന്നപ്പോ,,,, പകുതി നിർത്തി അവൾ പറഞ്ഞു.. ആ സില്ലി ഫോട്ടോ ഒരു കാരണം ആയെന്നെ ഞാൻ കരുതുന്നുള്ളൂ ..!!

......................................

മനസ് അവളെ വെറുക്കാൻ പഠിച്ചുതുടങ്ങിയിരിക്കുന്നു. ശരിതെറ്റുകളുടെ ആപേക്ഷികത മറന്നു, എന്റെ ഭാഗത്തെ ശരികൾ കുന്നുകൂട്ടിവെച്ചു. വെറുത്തു തുടങ്ങിയിരുന്നുവെങ്കിലും

ഇടയ്ക്ക് പറയാതെ വന്നു ചിന്നിപെയ്യുന്ന മഴയ്ക്ക്, ഇടയ്ക്കത്തെ തോന്നലുകളിൽ തുടങ്ങുന്ന യാത്രകൾ എത്തി നിൽക്കുന്ന പുൽമേടുകളുടെ അരികുകൾക്ക്‌, എന്തിനു ഈ സായന്തന സൂര്യന്റെ ഇമചിമ്മലുകൾക്ക് കൊണ്ടുവരുവാൻ ആകുമായിരുന്നു, എന്റെ പ്രണയത്തെ.. സത്യത്തെ ...

ഇനി അടച്ചു പൂട്ടാം, ചതിയുടെ, അരക്കു സീൽ പതിച്ചു മാറ്റിവെക്കാം ...

...................................................

കണ്ണ് നിറച്ചു, മാപ്പു പറഞ്ഞ് എന്റെ സൗഹൃദം മുന്നിലുണ്ട്....

എന്നും എന്റെ കൂടെ നിന്നവൾ ....

മുഖം കുനിച്ചു കാവലിരുന്നു, കലങ്ങിയ കണ്ണുകൾ എന്നിൽ നിന്ന് മറയ്ക്കാൻ ശ്രമിച്ചുകൊണ്ട്, ഞാൻ അരികത്തേക്ക് നീങ്ങി അവളുടെ കീഴ്താടി പിടിച്ചു മുഖം ഉയർത്തി.

"പോട്ടെടാ തൊട്ടാവാടി, ഒക്കെ ശരിയാകും ലെ .....!!"

നിശ്വാസങ്ങൾക്കിടയിലും അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി വിടർന്നു.. നിഗൂഢമായ ആ ചിരി.....!!!

Malayalam Short StoriesMalayalam literature interviews,Malayalam Poems

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.