ചാരുലതയുടെ ആദ്യരാത്രിയായിരുന്നു അന്ന്. അവള്‍ ഒരു ഗ്ലാസ് പാലുമായി മുല്ലപ്പൂക്കൾ കൊണ്ടലങ്കരിച്ച തന്റെ മണിയറയിലേക്ക് നമ്രശിരസ്കയായി പ്രവേശിക്കുമ്പോൾ അവളുടെ കാന്തന്‍ പട്ടാളക്കാരൻ ശങ്കരൻകുട്ടി അവളെയും പ്രതീക്ഷിച്ച്, അക്ഷമനായി, കണ്ണിലെണ്ണയൊഴിക്കാതെ കാത്തിരിക്കുകയായിരുന്നു. അവളെ കണ്ടപ്പോൾ അയാളുടെ മുഖം വിടർന്നു. ചാരുലത നാണത്തോടെ പാൽ ഗ്ലാസ് അയാൾക്ക് നീട്ടി. ശങ്കരൻകുട്ടി അത് വാങ്ങി അടുത്തുള്ള മേശപ്പുറത്ത് വെച്ചു.
“ലത ഇരിക്കൂ..” അയാൾ അവളുടെ കൈ പിടിച്ച് കിടക്കയിൽ തന്റെ അടുത്തിരുത്തി.
“എന്തേ വൈകിയത്? ഞാൻ എത്ര നേരമായി ലതയേയും പ്രതീക്ഷിച്ച് ഇരിക്കുന്നു...” ശങ്കരൻകുട്ടി പരിഭവത്തോടെ പറഞ്ഞു.
“അതു പിന്നെ..... അയൽക്കാർ...” പരസ്യത്തിലെ നവവധുവിനെ പോലെ ചാരുലത നാണത്തോടെ മുഖം മറച്ചു. അതിലെ വരനെ പോലെ അയാൾ തന്റെ കൈ പിടിച്ചു മാറ്റുമെന്നവൾ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല.
തന്റെ ഭാര്യ എന്തുമാത്രം സുന്ദരിയും സുശീലയുമാണെന്ന് ശങ്കരൻകുട്ടിക്ക് തോന്നി. അവളെ കിട്ടിയതിൽ അയാൾ അഭിമാനം കൊണ്ടു. നാട്ടിലെ അറിയപ്പെടുന്ന ബ്ലേഡ് പലിശക്കാരനായ ശ്രീധരൻ നായരുടെ ഏകമകളാണ് ചാരുലത.
ശങ്കരൻകുട്ടിയാണെങ്കിൽ പട്ടാളക്കാരനാണ്. കഴിഞ്ഞ രണ്ടു വർഷമായി മിസോറാമിലാണ് അയാള്‍ ജോലി ചെയ്യുന്നത്. ആഴ്ചകൾക്ക് മുമ്പ് ലീവിൽ വന്ന അയാൾ ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ തിരിച്ചുപോകും. അതിനു മുമ്പായി അയാളുടെ വിവാഹം നടത്തണം എന്ന് അച്ഛനും അമ്മയും നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ശങ്കരൻകുട്ടിയുടെ ജ്യേഷ്ഠനായ കൃഷ്ണൻകുട്ടി മുൻകയ്യെടുത്ത് ചില ബ്രോക്കർമാരെ ഏർപ്പാടാക്കി, ചില വിവാഹ ബ്യൂറോകളിലും പേർ രജിസ്റ്റർ ചെയ്തു. അടുത്ത വരവിൽ മതി കല്യാണമെന്ന് ശങ്കരൻകുട്ടി ഒരുപാട് പറഞ്ഞെങ്കിലും മറ്റുള്ളവർ വഴങ്ങിയില്ല. ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അയാൾ വിവാഹത്തിന് സമ്മതം മൂളി. ഒരുപാടു പേരെ പെണ്ണ് കണ്ടെങ്കിലും അയാൾക്കെന്തോ ചാരുലതയെ മാത്രമാണ് ബോധിച്ചത്.
“എനിക്കു തോന്നി. അങ്ങനെ സ്ഥലകാല ബോധമില്ലാത്ത കുറച്ചുപേർ എവിടേയും ഉണ്ടാകും. ഞാനും ഒരു വിധത്തിലാ ഫ്രണ്ട്സിന്റെ അടുത്തു നിന്ന് രക്ഷപ്പെട്ടത്. നമ്മുടെ ഇന്നത്തെ രാത്രിയുടെ രസം കൊല്ലാനായിരുന്നു അവരുടെ പ്ലാൻ.” ശങ്കരൻകുട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു. ചാരുലതയും ആ ചിരിയിൽ പങ്കുചേർന്നു. ചിരിക്കുമ്പോൾ അവൾക്ക് ഏഴഴകാണെന്ന് അയാൾക്ക് തോന്നി.
“ഓ വാതിലടച്ചില്ലല്ലോ.. ഞാനത് അടക്കട്ടെ..” അയാൾ എഴുന്നേറ്റ് വാതിലടച്ച് കുറ്റിയിട്ടു.
“ഇല്ലെങ്കിൽ ചേട്ടന്റെ മോനുണ്ടപ്പുറത്ത്... കിച്ചു.. ആറു വയസ്സേയുള്ളൂ. ഭയങ്കര വികൃതിയാ. എന്നാലും ഞങ്ങൾ നല്ല കമ്പനിയാ കേട്ടോ. ഇന്നലെ വരെ അവൻ ഇവിടെ എന്റെ കൂടെയാ കിടന്നിരുന്നത്. ഇന്നു മുതൽ അതു പറ്റില്ലല്ലോ.. പക്ഷേ അതൊന്നും പറഞ്ഞാൽ അവന് ചിലപ്പോള്‍ മനസ്സിലാകില്ല.” ശങ്കരൻകുട്ടി പറഞ്ഞു.
ചാരുലതയുടെ മുഖത്ത് ആദ്യരാത്രിയുടെ അങ്കലാപ്പുണ്ടെന്ന് അയാൾക്ക് തോന്നി. അയാൾ അടുത്തിരുന്ന് പതുക്കെ അവളുടെ കൈകൾക്ക് മേലെ തന്റെ കൈ വെച്ചു. ഒന്നു പകച്ച അവൾ പെട്ടെന്നു തന്നെ തന്റെ കൈകൾ പിൻവലിച്ചു. അത് ആസ്വദിച്ചു കൊണ്ട് ശങ്കരന്‍കുട്ടി ചോദിച്ചു. “ലതയ്ക്ക് ഈ വീട് ഇഷ്ടപ്പെട്ടോ?” അവൾ തലയാട്ടി.
“ഞാനിത്രയൊക്കെ പറഞ്ഞിട്ടും ലതയെന്താ ഒന്നും മിണ്ടാത്തത്? എന്നോടൊന്നും പറയാനില്ലേ?” അയാളുടെ ചോദ്യം കേട്ടപ്പോൾ ചാരുലത പതുക്കെ മുഖമുയർത്തി അയാളുടെ കണ്ണുകളിലേക്ക് നോക്കി.
“ചേട്ടൻ പറഞ്ഞോളൂ. ഞാൻ എല്ലാം കേൾക്കുന്നുണ്ട്...” അവൾ പറഞ്ഞു.
“പെൺകുട്ടികൾ കല്യാണം കഴിഞ്ഞു വരുമ്പോൾ ആദ്യമൊക്കെ ഇങ്ങനെയായിരിക്കും, അല്ലേ? വീടും വീട്ടുകാരെയും വിട്ട് പുതിയ ഒരു സ്ഥലത്തേക്ക് വരുമ്പോഴുള്ള അങ്കലാപ്പ്. എനിക്ക് നിങ്ങളുടെ മനശാസ്ത്രമൊന്നും അറിയില്ല. അതാ ചോദിച്ചത്. അതൊക്കെ പോട്ടെ, ഇവിടെയുള്ള ബാക്കിയുള്ളവരെയൊക്കെ ലത പരിചയപ്പെട്ടോ?” ശങ്കരന്‍കുട്ടി അവളുടെ മുഖം തന്റെ നേരെ തിരിച്ചു കൊണ്ട് ചോദിച്ചു. കണ്ടു മറന്ന ഏതോ പ്രണയ സിനിമയിലെ നായികയുടെ മുഖഛായ അവൾക്കുണ്ടെന്ന് അപ്പോൾ അയാൾക്ക് തോന്നി.
“ഉവ്വ്” അവൾ പതുക്കെ പറഞ്ഞു.
“എന്നെ കൂടാതെ, ഇവിടെ അച്ഛനും അമ്മയും ചേട്ടനും ചേട്ടത്തിയുമൊക്കെയുണ്ട്. പിന്നെ ഞാന്‍ നേരത്തെ പറഞ്ഞ കിച്ചുവും.. ചേട്ടന്‍ മെഡിക്കൽ കോളജിൽ അറ്റണ്ടറാണ്. സുഖമില്ലാത്ത അച്ഛന്റെയും അമ്മയുടെയും കാര്യങ്ങൾ ഇതുവരെ നോക്കി നടത്തിയിരുന്നത് ഏട്ടത്തിയാണ്. ഇനി ലത വേണം അതെല്ലാം ചെയ്യാൻ.. തനിക്കത് ബുദ്ധിമുട്ടാവുമോ?” പാൽ പകുതി കുടിച്ചു കൊണ്ട് അയാൾ ചോദിച്ചു.
പുറത്തെ കനത്ത നിശബ്ദതയിൽ, ഈ ലോകത്ത് അപ്പോൾ തങ്ങൾ മാത്രമാണ് ഉണർന്നിരിക്കുന്നത് എന്ന് ശങ്കരൻകുട്ടിക്ക് തോന്നി. പടയാളിയാണെങ്കിലും അയാൾക്ക്, സാധാരണ പട്ടാളക്കാരെ പോലെ, പേടിപ്പെടുത്തുന്ന കൊമ്പൻമീശയില്ലല്ലോ എന്ന് ചാരുലത ഇടയ്ക്ക് ഓർത്തു. പക്ഷേ ആ മുഖത്ത് നല്ല ഗാംഭീര്യമുണ്ട്. സ്നേഹസമ്പന്നനുമാണെന്ന് അവൾക്ക് തോന്നി.
“ഇല്ല... ചേട്ടന്റെ അച്ഛനമ്മമാർ എനിക്ക് എന്റെ അച്ഛനമ്മമാരെ പോലെത്തന്നെയാണ്. എനിക്കൊരു ബുദ്ധിമുട്ടുമില്ല.” ഒടുവിലെപ്പോഴോ അവൾ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോൾ ശങ്കരന്‍കുട്ടിയുടെ മുഖത്ത് സന്തോഷം നിറഞ്ഞു. അയാൾ നീട്ടിയ ഗ്ലാസ് വാങ്ങി ബാക്കി കുടിച്ചതിനുശേഷം അവൾ തിരിഞ്ഞപ്പോഴേക്കും അയാൾ അത് വാങ്ങി മേശപ്പുറത്ത് വെച്ചു. എന്നിട്ട് പതുക്കെ അവളെ തന്നിലേക്കടുപ്പിച്ചു. ചാരുലത സാവധാനം അയാളുടെ മാറിലേക്ക് മുഖം ചായ്ച്ചു. അവളെ ഒന്നുകൂടി ചേർത്തു പിടിച്ച് അയാൾ പുറകോട്ട് മറിഞ്ഞു.
സമയത്തിന്റെ നാഴിക പിന്നിടുമ്പോഴേക്കും ശങ്കരന്‍കുട്ടിയെ നിദ്രയുടെ ബലിഷ്ഠമായ കരങ്ങൾ വരിഞ്ഞു മുറുക്കി കഴിഞ്ഞിരുന്നു. ആദ്യം ഉറങ്ങിയെങ്കിലും ഒരു പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ട് ചാരുലത പലപ്പോഴും ഞെട്ടിയുണർന്നു. അപ്പോഴൊക്കെ മംഗലാപുരത്തെ ഏതോ സ്വകാര്യ ആശുപത്രിയുടെ അകത്തളങ്ങളിൽ ജനിക്കും മുമ്പേ ഒടുങ്ങേണ്ടി വന്ന ഒരു കുഞ്ഞിലേക്കാണ് അവളുടെ മനസ്സ് പോയത്. എല്ലാം ഇട്ടെറിഞ്ഞു ജയകാന്തന്റെ കൂടെ മൈസൂറിലേക്ക് തീവണ്ടി കയറിയ ആ രാത്രി അവളുടെ കണ്ണുകളിൽ മിന്നി മറഞ്ഞു. അവസാനം ശ്രീധരൻ നായരുടെ ഗുണ്ടകൾ കാലുകൾ വെട്ടി മാറ്റിയ ജയകാന്തന്റെ അപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഓർത്ത് ചാരുലതയുടെ നെഞ്ച് പിടച്ചു. ഒടുവിൽ ഭൂതകാലമറിയാതെ തന്നേ സ്നേഹിക്കുന്ന ശങ്കരൻകുട്ടി ചേട്ടനെക്കുറിച്ചോർത്തപ്പോൾ അവൾക്ക് വല്ലാത്ത കുറ്റബോധം തോന്നി.
മൂന്നര മാസം കഴിഞ്ഞുള്ള ഒരുച്ചവെയിലത്ത്, ഗെയ്റ്റിനു മുന്നിൽ വന്നു നിന്ന ഓട്ടോയിൽ നിന്നു ചാടിയിറങ്ങി, നൂറിന്റെ നോട്ട് കൊടുത്ത് ബാക്കി വാങ്ങാൻ നിൽക്കാതെ താഴോട്ടുള്ള വഴിയിറങ്ങി, ആകെ പരവശനായി വന്നു കയറിയ ശ്രീധരൻ നായർ, അകത്തെ മുറിയിൽ അഴിഞ്ഞുലഞ്ഞ മുടിയുമായി, എല്ലാം നഷ്ടപ്പെട്ടവളെ പോലെയിരിക്കുന്ന ചാരുലതയെ ഒന്നു നോക്കി. അയാൾ കണ്ണുകൾ കൊണ്ട് ഏറെ തിരഞ്ഞെങ്കിലും വേറെയാരെയും അവിടെയെങ്ങും കണ്ടില്ല. ചാരുലത അച്ഛനെ കണ്ടപ്പോൾ ഒരു ശത്രുവിനെ പോലെ തുറിച്ചു നോക്കി.
“മോളെ, ഞാൻ കേട്ടത്...?” അവളുടെ ഇരിപ്പ് കണ്ട് ആശങ്കയോടെ ശ്രീധരൻ നായർ ചോദിച്ചു.
“സത്യമാണ്, അച്ഛാ... ഇനി ശങ്കരന്‍കുട്ടി ചേട്ടൻ വരില്ല. അയാൾക്ക് മിസോറാമിൽ വേറെ ഭാര്യയും കുട്ടികളുമുണ്ട്. എല്ലാം കാണിച്ച് കുറച്ചുമുമ്പ് അയാളുടെ കത്തുണ്ടായിരുന്നു.” അവൾ മേശപ്പുറത്ത് സായി ബാബയുടെ പടത്തിനടുത്ത്, ഭഗവദ്ഗീതയുടെ പുസ്തകത്തിനു താഴെ മടക്കി വെച്ച കടലാസിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
“എന്നിട്ട് എവിടെ ബാക്കിയുള്ളവരൊക്കെ? എല്ലാത്തിനെയും ഞാൻ..” അയാൾ രോഷം കൊണ്ട് അടുത്ത മുറിയിലേക്ക് കുതിച്ചു. അയാൾക്ക് എല്ലാവരെയും കൊല്ലാനുള്ള പക തോന്നി.
“അവിടെയാരെയും നോക്കണ്ട, അച്ഛാ.. അവരാരും ഇവിടെയില്ല. വിവരമറിഞ്ഞു ഇവിടത്തെ അച്ഛന്റെ അസുഖം കൂടി. എല്ലാവരും ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയിരിക്കുകയാണ്. നമ്മളെ പോലെ തന്നെ, ഇവിടെയുള്ളവരെയും പറ്റിക്കുകയായിരുന്നു അച്ഛൻ എനിക്കായി കണ്ടുപിടിച്ച എന്റെ ഭർത്താവ്.” അവളുടെ വാക്കുകളിൽ പകയുടെ ലാഞ്ചനയുണ്ടെന്ന് ശ്രീധരൻ നായർക്ക് തോന്നി. അയാൾ നിരാശയോടെ അടുത്തുള്ള കസേരയിൽ ഇരുന്നു.
പണ്ട് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ഇറങ്ങി തിരിച്ച ചാരുലതയെ ദിവസങ്ങൾക്കകം തേടിപ്പിടിച്ച്, കാമുകനെ കൊട്ടേഷൻകാരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്ത്, തിരികെയെത്തിച്ച കാര്യം അയാൾ ഓർത്തു. അന്ന് ജീവച്ഛവമാക്കിയ ജയകാന്തന്റെയും പിന്നീട് ജനിക്കും മുമ്പേ ഒടുക്കിയ ആ പിഞ്ചുകുഞ്ഞിന്റെയും ശാപം തന്റെയും മകളുടെയും മേലുണ്ടാവുമോ എന്നയാൾ ആശങ്കപ്പെട്ടു.
ചാരുലതക്കെന്തോ തന്റെ അവസ്ഥയിൽ അത്ര വിഷമം തോന്നിയില്ല. എല്ലാത്തിനും കാരണക്കാരൻ തന്റെ അച്ഛൻ തന്നെയാണെന്ന് അവൾ വിശ്വസിച്ചു.
“അയാൾ എല്ലാവരും കരുതിയ പോലെ പട്ടാളക്കാരനൊന്നും ആയിരുന്നില്ല. എന്തോ കുഴപ്പം കാണിച്ചതിന്റെ പേരില്‍ പണ്ടേ അവിടെ നിന്നു പിരിച്ചു വിട്ടതാണ്. പിന്നെ മിസോറാമിൽ തന്നെ എന്തോ ഹോട്ടൽ നടത്തി കഴിയുകയായിരുന്നു. അതിന്റെ പഴയ ഉടമസ്ഥന്റെ മോളെയാ അയാൾ കെട്ടിയത്. ഒരു ഹിന്ദിക്കാരി..” ചാരുലത തുടർന്നു പറഞ്ഞു.
മകളുടെ പേരിൽ തനിക്ക് പറ്റിയ അബദ്ധത്തിൽ ശ്രീധരൻ നായർക്ക് നാണക്കേടും അവളുടെ ഭാവിയിൽ വേവലാതിയും തോന്നി. പെട്ടെന്ന് എന്തോ ഓർത്ത പോലെ, അയാൾ മുഖമുയർത്തി അവളോടു ചോദിച്ചു.
“മോളെ നിനക്കു സ്ത്രീധനമായി തന്ന അമ്പത് പവൻ ഇവിടെ തന്നെയുണ്ടല്ലോ അല്ലേ? അതോ അതും കൊണ്ടാണോ ആ കാലമാടൻ മുങ്ങിയത്?”
നാട്ടുകാരിൽ നിന്ന് കൊള്ളപലിശയുടെ പേരിൽ പിഴിഞ്ഞുണ്ടാക്കിയ മുതലാണ് അതെന്ന് അയാൾ പക്ഷേ പറഞ്ഞില്ല. അല്ലാതെ തന്നെ അവൾക്ക് എല്ലാം അറിയാമായിരുന്നു. പുറത്തെ കത്തിക്കാളുന്ന വെയിലിനെക്കാളും കടുത്ത ചൂടാണ് അച്ഛന്റെ നെഞ്ചിലെന്ന് അപ്പോൾ അവൾക്ക് തോന്നി.
“ഇവിടെ നിന്നു പോകുന്നതിനു മുമ്പ് തന്നെ ബാങ്കിൽ വെയ്ക്കാനെന്നും പറഞ്ഞ് അയാളതെല്ലാം എന്റെ കയ്യിൽ നിന്ന് ഊരി വാങ്ങിയിരുന്നു. അതെല്ലാം വിറ്റെന്നു കുറച്ചു മുമ്പ് അലമാര തപ്പിയപ്പോൾ സ്വർണ്ണക്കടയിലെ ഒരു രസീത് കണ്ടപ്പോഴാ ഞാനറിഞ്ഞത്.” അഴിഞ്ഞുലഞ്ഞ മുടി ഒതുക്കി കെട്ടിക്കൊണ്ട്, ചാരുലത പറഞ്ഞു. അത് പറഞ്ഞപ്പോഴാണ് അവളുടെ മനസ്സ് ആദ്യമായി അൽപമെങ്കിലും പിടച്ചത്. എങ്കിലും തനിക്ക് കരച്ചിൽ വരുന്നില്ലല്ലോ എന്നവൾ അത്ഭുതത്തോടെ ഓർത്തു.
ശ്രീധരൻ നായർ തലയിൽ കൈയും വെച്ച് എന്താണ് ചെയ്യേണ്ടതെന്നറിയാതെ തളർന്നിരുന്നു. അച്ഛൻ തന്റെ പേരിലെഴുതി വെച്ച വീടും സ്ഥലവും ശങ്കരന്‍കുട്ടി നേരത്തെ തന്നെ സ്വന്തം പേരിലാക്കിയതും പിന്നീട് അതിന്റെ പവർ ഓഫ് അറ്റോർണി കൊടുത്ത് ഒരു ബ്ലേഡ് കമ്പനിയിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്തതുമൊക്കെ കത്തിലുണ്ടെന്ന് പക്ഷേ അവൾ പറഞ്ഞില്ല. അല്ലാതെ തന്നെ പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന ആപ്തവാക്യത്തിന്റെ ശരിക്കുള്ള അർത്ഥം അയാൾ മനസ്സിലാക്കിയിരുന്നു.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.