Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യരാത്രിയുടെ തിരുത്തൽ 

x-default

കരിങ്കല്ലു കൊണ്ടു കെട്ടി തടിയിൽ തട്ടികൾ തീർത്ത പീടിക തിണ്ണയുടെ പരുപരുത്ത തറയിൽ മൂന്നു പേരും ചമ്രം പതിഞ്ഞു ഇരുന്നു. കൈയ്യിൽ കരുതിയ വെളുത്ത ചോക്ക് കഷ്ണം കൊണ്ടു നിലത്തു കളങ്ങൾ വരച്ച എബിച്ചൻ തന്നെ ആണ് നിറഞ്ഞു നിന്ന നിശബ്ദതക്കു വിരാമം കുറിച്ചത്. 

"ബാങ്കിന്റെ വലതു ഭാഗത്താണ് വായനാശാല, അതിനു അടുത്ത് തന്നെ ചായ പീടികയും, ചായ പീടികയിൽ എട്ടു മണിയോടു കൂടി ആളുകൾ പിരിയും "

നിലത്തു വരച്ച കളങ്ങൾ ചൂണ്ടി കാട്ടി അയാൾ വിശദ്ധീകരിച്ചു. 

" എനിക്കു തോന്നുന്നത് രാത്രി പതിനൊന്നു കഴിയാതെ പിൻവാതിൽ വഴി കയറാൻ സാധിക്കില്ല എന്നാണ്, സെക്യൂരിറ്റി ഉറങ്ങാൻ കിടക്കാതെ പോകുന്നത് അപകടമാണ് " ഗൗരവത്തോടെ സിങ്കം വിനു പറഞ്ഞു നിർത്തി. ഞാൻ ഒരു കോട്ടുവായ ഇടുക അല്ലാതെ ഒന്നും സംസാരിച്ചില്ല.  

"പക്ഷേ, ആദ്യം നമ്മൾ തീരുമാനിച്ചതു പോലെ വായനശാലയുടെ താക്കോൽ കൈയ്യിലുള്ള ശിവദാസൻ ചേട്ടനെ കൈയ്യിലെടുക്കണം, ഇപ്പോൾ അയാൾ ചായ പീടികയിൽ ഉണ്ടാകും "

മൂന്നു പേരും വേഗം നടന്നു, ആരും ഒന്നും സംസാരിച്ചില്ല, ചെറുതായി ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു എങ്കിലും എന്റെ ചെന്നിയിലൂടെ വിയർപ്പു ചാലുകൾ ഒഴുകി. കാരണം ഞാൻ ആണ് തുടക്കക്കാരൻ, ഞാൻ ആയിരുന്നു ആദ്യം മറ്റു രണ്ടു പേരോടും പറഞ്ഞതും.....!!

രാത്രിക്കു കനം വയ്ക്കാൻ എന്ന പോലെ എവിടെ നിന്നോ കുറെ കട വവ്വാലുകൾ ശബ്ദമുണ്ടാക്കി പറന്നു പോയി, ഞങ്ങളുടെ നടപ്പിന് വേഗം കൂടി വന്നു. 

ചായപ്പീടികയുടെ അവസാന തട്ടി മാത്രം പൊക്കി വച്ചുകൊണ്ടു ഉണ്ണിയേട്ടൻ കണക്കെഴുതുന്നുണ്ടായിരുന്നു. ഏതോ ഒരു മാസിക മറിച്ചു നോക്കുന്ന ശിവദാസൻ പുറത്തേക്കു ഇറങ്ങാൻ ഞങ്ങൾ കാത്തു നിന്നു. എന്‍റെ നെഞ്ച് പട പട മിടിക്കുന്നുണ്ടായിരുന്നു.... ഞാൻ വിനുവിന്‍റെ കൈകളിൽ മുറുകെ പിടിച്ചു. എന്‍റെ പങ്ക് ആരെങ്കിലും അറിഞ്ഞാലോ.... !! 

പുറത്തേക്കിറങ്ങിയ ശിവദാസനെ എബിച്ചൻ മാടി വിളിച്ചു, മങ്ങിയ വെളിച്ചത്തിലെ നിഴലുകളിൽ നോക്കി ഒന്ന് സംശയിച്ചു ഏങ്കിലും അയാൾ ഇരുട്ടിലേക്ക് നടന്നു വന്നു... !!

പദ്ധതി ഇട്ട പോലെ തന്നെ അരയിൽ കരുതിയിരുന്നത് ഞാൻ എബിച്ചന് കൈമാറി... !!

ശിവദാസനെയും കൂട്ടി അയാൾ വഴിവിളക്കിന്റെ മങ്ങിയ വെട്ടത്തിലേക്കു നീങ്ങി നിന്നു, എന്തൊക്കയോ സംസാരിക്കുന്ന അവർ പരസ്പരം തർക്കിക്കുന്നുണ്ടായിരുന്നു. അവസാനം ഞാൻ കൈമാറിയ കടലാസുകൾ അയാളെ മറിച്ചു കാണിച്ചു. ശേഷം രണ്ടു പേരും തിരികെ വന്നു. 

"കൃത്യ സമയത്തു ഞാൻ സ്ഥലത്ത് ഉണ്ടാകും, കോഴി കൂവും മുന്നേ തിരികെ എത്തുകയും വേണം" ഒരു ബീഡി കത്തിച്ചു കൊണ്ടു ഇത്രയും പറഞ്ഞു അയാൾ നടന്നകന്നു. ദീർഘ നിശ്വാസം വിട്ടുകൊണ്ട് ഞങ്ങളും. 

കുന്നിൻ മുകളിൽ ആയിരുന്നതിനാൽ മൈലുകൾക്കു അപ്പുറത്ത് പാലാ പള്ളിയിൽ മണി അടിക്കുന്നത് കേൾക്കാമായിരുന്നു, പതിനൊന്നു വട്ടം എണ്ണിയ ഞാൻ ശബ്ദമുണ്ടാക്കാതെ വീടിന്‍റെ  പുറത്തു കടന്നു. ഇട്ടിരുന്ന കറുത്ത കുപ്പായത്തിന്‍റെ വലതു കൈ തെറുത്തു വച്ചു ഞാൻ പതിയെ നടന്നു. 

പാറ കുളത്തിന്‍റെ അടുത്തുള്ള കുറ്റിക്കാടിന് അടുത്തു വരെ എത്തിയപ്പോളേക്കും പരിഭ്രമവും ഭയവും മൂലം ഞാൻ പാതി പ്രാണൻ ആയിരുന്നു. മറ്റു രണ്ടു പേരും അവിടെ കാത്തു നിന്നിരുന്നു. എബിച്ചന്‍റെ കൈയ്യിൽ ഒരു കറുത്ത തുണിയും ഉണ്ടായിരുന്നു.... എന്തിനെന്നു ഞാൻ ചോദിച്ചില്ല. 

പാതിരാ കോഴി കൂവുന്നത് ഞങ്ങൾ വ്യക്തമായി കേട്ടു. ലോകം സുഖ സുഷുപ്തിയിലേക്കു കടന്നിരുന്നു, അപ്പോൾ മഴക്ക് സ്വൽപം കനം വച്ചു എന്ന് തോന്നി. 

ബാങ്കിന്‍റെ സെക്യൂരിറ്റി ഉറങ്ങി എന്ന് ഉറപ്പു വരുത്തിയ മൂവരും വായനശാലയുടെ പിൻവാതിലിൽ എത്തി, എബിച്ചൻ വാതിലിൽ പതിയെ മുട്ടി, ആദ്യം മൂന്ന്, പിന്നെ രണ്ട്, അവസാനം ഒന്ന് എന്ന ക്രമത്തിൽ....!!! 

പിന്നീടു ഞങ്ങൾ രണ്ടു പേരെയും നോക്കി പതിയെ ചിരിച്ചു, എബിച്ചന്‍റെ  ബുദ്ധി വൈഭവത്തിലും തന്ത്രത്തിലും ഞങ്ങൾക്ക് അഭിമാനം തോന്നി. 

ശിവദാസേട്ടൻ വാതിൽ തുറന്നു, ആദ്യം തന്നെ വിനു ആ കറുത്ത തുണി കൊണ്ടു ജനാലകൾ മറച്ചു, നാലു പേരും പരസ്പരം സംസാരിച്ചില്ല. പുറത്തു ശക്തമായി മഴ പെയ്തുകൊണ്ടിരുന്നു. 

രാത്രി എത്രാം യാമത്തിലേക്കു കടന്നു എന്ന് അറിയില്ല കാരണം ഞങ്ങളുടെ ചിന്തകൾ കാടു കയറിക്കൊണ്ടിരുന്നിരുന്നു. 

ചിന്തകൾക്കും പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട് ഘടികാരത്തിൽ പന്ത്രണ്ടു വട്ടം മണി ചിലച്ചു. മൂവരും പരസ്പരം നോക്കി, നിഴലുകൾ പോലുള്ള മുഖങ്ങളിലെ ആറു കണ്ണുകൾ പരസ്പരം കൂട്ടി മുട്ടി. ശിവദാസൻ ടെലിവിഷൻ പ്രവർത്തിപ്പിച്ചു വളരെ ചെറിയ ശബ്ദത്തിൽ വച്ചു. എന്തൊക്കയോ ആംഗലേയത്തിലും മലയാളത്തിലും തെളിഞ്ഞു വന്നു, ഞങ്ങൾ ഉദ്വേഗഭരിതരായി നിന്നു. അവസാനം തെളിഞ്ഞ വാക്കുകൾ കണ്ട നാലുപേരും ഞെട്ടിത്തരിച്ചു നിന്നു. 

.............................................................. 

അന്ന് കാലത്തെ ആ ഭാഗത്തു പത്രം വരുത്തുന്ന ഒരേയൊരാൾ ആയ ഈപ്പച്ചൻ ചേട്ടന്‍റെ വീട്ടിൽ പാല് കൊടുക്കാൻ ചെന്ന ഞാൻ ആണ് പത്രത്തിൽ അത് ആദ്യം കണ്ടത്, ദൂരദർശനിൽ രാത്രി പന്ത്രണ്ടു മണിക്ക് മലയാള ചലച്ചിത്രം

"ആദ്യരാത്രി ". 

ചിത്രം പാലായിൽ സിനിമ കൊട്ടകയിൽ വന്നപ്പോൾ കാണാൻ സാധിച്ചിരുന്നില്ല, പടം മറ്റേതല്ലേ... !! നാട്ടുകാരറിഞ്ഞാൽ.. !!

"പിള്ളേച്ചാ അനിയച്ചാര്  ***** പടം കാണാൻ പാലായിൽ പോയിന്നു കേട്ടു " എന്നിട്ടു അർത്ഥം വച്ചുള്ള ചിരിയും, പോരെ പൂരം. പിന്നെ വീട്ടിൽ കേറാൻ കൊള്ളാമോ.. 

വടക്കേലെ രാഘവൻ സാറിന്‍റെ വീട്ടിലും, അമ്പാട്ട് കൃഷ്ണേട്ടന്‍റെ വീട്ടിലും കഴിഞ്ഞാൽ പിന്നെ ചായക്കട ഗോപൻ ചേട്ടനും വായനശാലയിലും ആണ് ടെലിവിഷൻ ഉള്ളത്.  കാണാൻ ഒരു വഴിയും ഇല്ലാ. 

സംഗതി അത്മാർത്ഥ സുഹൃത്തും അഭ്യുതകാംഷിയുമായ സിങ്കം വിനുവിനെ അറിയിച്ചു, കൊച്ചു പള്ളിലെ പെരുന്നാളിന് ഒരു നാടകം കളിച്ച വകേൽ കിട്ടിയ പേരാണ് സിങ്കം എങ്കിലും ആള് സിങ്കം ആണ് എന്തിനും, വിശ്വസ്തനും. 

"നമ്മളെ കൊണ്ടു കൂട്ടിയാൽ കൂടില്ല, എബിച്ചനെ ഒരു പോംവഴി കാണാൻ പറ്റു " അവൻ പറഞ്ഞു. 

പഠനം നിറുത്തി, പരസഹായത്തിനെന്നപോലെ പലചരക്കു കട നടത്തി പത്നി സമ്മേതം അതിവസിക്കുന്ന ജ്യേഷ്ഠന്‍റെ സഹപാഠി ആയിരുന്നെങ്കിലും എബിച്ചൻ ഞങ്ങളുടെ സുഹൃത്തും വഴികാട്ടിയും ആയിരുന്നു, പാലാ ചന്ത പോലും ഒറ്റയ്ക്ക് ദർശിച്ചിട്ടില്ലാത്ത ഞങ്ങൾക്ക് തീവണ്ടിയിൽ വരെ കയറിയ അദ്ദേഹം അനിഷേധ്യനായിരുന്നു. 

അപസർപ്പക നോവലുകൾ ഒരേ ഇരുപ്പിൽ വായിച്ചു തീർത്തിരുന്ന എബിച്ചന്‍റെ കുശാഗ്ര ബുദ്ധിയിലും കൗശലത്തിലും ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. കറുത്ത ഉടുപ്പുകളും, ജനൽ മറക്കാനുള്ള തുണിയും, വാതിലിലെ മുട്ടിന്‍റെ രീതിയും, വായനശാലയിലെ ടെലിവിഷനും എല്ലാം അദ്ദേഹത്തിന്റെ കുശാഗ്രബുദ്ധിയുടെ സംഭവനകളായിരുന്നു. 

ചായപീടികേലെ ഉണ്ണിച്ചേട്ടന് സുപരിചിതനായ തന്‍റെ വല്യപ്പൻ വറീത് മാപ്ല പാൽ കാശു വാങ്ങാൻ പോകുമ്പോൾ പറയാൻ കോഡ് വാക്ക് പറഞ്ഞു വിടാറുള്ള എബിച്ചന്‍റെ കുതന്ത്രം അപസർപ്പക നോവലുകളിലെ ഡിറ്റക്റ്റീവുകളെ കടത്തി വെട്ടുന്നതായിരുന്നു. 

അങ്ങനെ ആണ് പാതിരാവിലെ മഴയുടെ തണുപ്പിൽ ഞങ്ങൾ വായനശാലയിലെ ടെലിവിഷൻ മുറിയിൽ എത്തിപ്പെട്ടത്.

..........................

എന്റെ മുഖത്തേക്ക് മൂവരും തുറിച്ചു നോക്കിയതിനു കാരണമായ വാക്ക് ഇങ്ങനെ ആയിരുന്നു 

"അതിരാത്രം "

എന്‍റെ മടിയിലെ പത്രം വീണ്ടും തീപ്പെട്ടി കൊള്ളിയുടെ വെളിച്ചത്തിൽ വായിച്ചു നോക്കി ഉറപ്പു വരുത്തിയ ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരുന്നു.... ചലച്ചിത്രം അവസാനിക്കും വരെ. 

കോഴി കൂവുമ്പോൾ പുറത്തിറങ്ങിയ ആരും അപ്പോളും ഒന്നും മിണ്ടിയില്ല. നിശ്ശബ്ദതയായിരുന്നു ആ രാത്രിയുടെ ഏറ്റവും മികച്ച സംഭാവന എന്ന് എനിക്കു തോന്നി. 

"എങ്കിലും എങ്ങിനെ.......?. !!!! എബിച്ചൻ ആത്മഗതം ചോദിച്ചു. 

അതിരാവിലെ സൈക്കിൾ ചവിട്ടി അന്നത്തെ പത്രവുമായി കടന്നു വന്ന ജോയിച്ചന്‍റെ കൈയ്യിലെ പത്രത്തിൽ നിന്നും അതിന്‍റെ ഉത്തരവും ലഭിച്ചു. 

"തിരുത്തൽ -ആദ്യരാത്രി എന്നത് അതിരാത്രം എന്ന് തിരുത്തി വായിക്കുക "

തല കുനിച്ചു കുന്നു കയറി മൂവരും നടന്നപ്പോൾ കിഴക്ക് വെള്ള കീറി തുടങ്ങിയിരുന്നു.

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.