എല്ലാരും പറയുന്നു
ഞാൻ വലുതായെന്ന്,
കുട്ടിക്കളി മാറ്റാനായെന്ന്,
പോത്തുപോലെ വളർന്നെന്ന്,
മീശ മുളച്ച് നരച്ച് തുടങ്ങിയെന്ന്.
രണ്ടു കുട്ട്യോൾടെ തന്തയായെന്ന്.!
അമർത്തിത്തുടച്ചു കണ്ണാടി.
തിരിച്ചും മറിച്ചും ചാഞ്ഞും ചെരിഞ്ഞും
പിന്നെയും പാളിനോക്കി.
എല്ലാം ശരിയാണല്ലോ,
ഒരു വാലും രണ്ട് കൊമ്പുമുണ്ടായിരുന്നേല്‍
ഏതെങ്കിലും വല്ല്യപെരുന്നാളിന്
നാട്ടാര് കുരുമുളകിട്ടു വെച്ചേനെ..
അമ്മാതിരി പോത്തിന്‍റെ വലിപ്പം.
എത്ര പറിച്ചെടുത്താലും
കറുകപ്പുല്ല് പോലെ തഴച്ച് വളരുന്ന
മീശരോമകുറ്റികള്‍.
വവ്വാൽ നക്കിയ അടക്കാക്കുരു പോലെ
നീണ്ടു വളഞ്ഞ താടിക്കൂട്ടങ്ങള്‍.
കൊട്ടത്തേങ്ങയുടെ മൂട് മാതിരി
മുടി പൊഴിഞ്ഞുവീഴുന്ന മൊട്ടത്തല.
പഞ്ചായത്തുനിരത്തുകൾ പോലെ
കുണ്ടുകുഴികൾ കവിളുകളിൽ.
ചിന്തകൾ കൂട്ടിയിട്ട കൺമൂലകൾ.
ചുളിവ് ചിത്രമെഴുതിയ നെറ്റിത്തടങ്ങൾ.
ചെമ്പരത്തി വാടിയ ചുണ്ടുകൾ.
എപ്പഴാണു ഞാനിത്ര വളർന്നത്?
എന്നാണാവോ എന്നിലെ കുട്ടിത്തം
ഇങ്ങനെ ഇമ്മിണിബല്യ മനുഷ്യനായത്?
പൊന്നുമ്മയുടെ മടിത്തട്ടിലുറങ്ങുന്നുണ്ട്
ഇന്നുമെന്റെ സുഖമുള്ള ഇന്നലെകൾ.
മുലപ്പാലിന്റെ തേൻരുചിയുണ്ട് ചുണ്ടത്ത്,
കണ്ണിമാങ്ങാചുനയുണ്ട് മൂക്കത്ത്,
അണ്ണാറക്കണ്ണനുണ്ട് മാങ്കൊമ്പത്ത്,
മണ്ണുപുരണ്ട കടലാസുപന്തുണ്ട്
മഴതോർന്ന വടക്കെമുറ്റത്ത്,
പുത്തൻപുള്ളിക്കുട വീണുകിടപ്പുണ്ട്
സ്‌കൂൾ വഴിയിലെ പാടവരമ്പത്ത്,
പുള്ളികണ്ണുള്ള തലക്കൊള്ളിമീനുണ്ട്
തെന്നാലിക്കുളത്തിലെ പായൽചോട്ടില്‍,
മുറിഞ്ഞ ജീവൻ പിടഞ്ഞ് തീർക്കുന്നുണ്ട്
മണ്ണിരകുഞ്ഞ് ചൂണ്ടകൊക്കില്‍,
പുളിയച്ചാറിന്റെ വഴുവഴുപ്പുണ്ട്
കള്ളിനിക്കറിന്റെ ഇടത്തെ കീശയില്‍,
കേട്ടെഴുത്തിന് ടീച്ചർ തന്ന വട്ടപ്പൂജ്യമുണ്ട്
വക്ക്പൊട്ടിയ സ്ളേറ്റില്‍,
മുമ്പിലെ ബെഞ്ചിലെ ഉണ്ടക്കണ്ണിയുടെ
സ്നേഹത്തോരനുണ്ട് ചോറ്റുപാത്രത്തില്‍,
എന്നിട്ടുമെപ്പോഴാണാവോ
ഞാനിത്ര വളർന്ന് വലുതായത്?
വെറുതെ കൊതിച്ചുപോവുന്നു,
ഞാൻ വളരാതിരുന്നിരുന്നെങ്കിലെന്ന്..
എന്നും ഒരു കുഞ്ഞായിരുന്നെങ്കിലെന്ന്.!
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.