Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനരാത്രങ്ങൾക്കപ്പുറം

‘‘ഇന്നീ വേദനയ്ക്കൊരു സുഖമുണ്ട്’’

ആരോടെന്നില്ലാതെ അവൾ പറഞ്ഞു. ഋതുമതിയായ വേളയിൽ, എല്ലു നുറുങ്ങുന്ന വേദനയിൽ താൻ ശപിച്ച ദൈവത്തോടവളിന്ന് മാപ്പ് പറഞ്ഞു. 

കഴിഞ്ഞു പോയ ഏഴു രാവുകളും കൊഴിയുന്ന ഈ പകലും തന്റേത് മാത്രമെന്നവൾക്ക് തോന്നി. ഇതിനു മുൻപ് ഇഴഞ്ഞു നീങ്ങിയിരുന്ന പകലുകളിൽ നിന്നും ആരോ ഒരുത്തന്റെ കരവലയത്തിലൊതുങ്ങുന്ന രാത്രിയിൽ നിന്നും അവളുടെ മാത്രം ചിന്തകളും സ്വപ്നങ്ങളും ഉള്ള കുറച്ചു ദിന–രാത്രങ്ങൾ. തന്റെ ആർത്തവത്തെ അന്നുമുതലാണവൾ പ്രണയിച്ചു തുടങ്ങിയത്. 

അവൾ ഒന്ന് ചുരുണ്ടു കൂടി, പാതി മയങ്ങിയ കണ്ണുകളിൽ പക, ദേഷ്യം, സ്നേഹം, കാത്തിരിപ്പ്! പതിയെ എഴുന്നേറ്റു, കുറച്ചു മുൻപാരോ കൊണ്ടു വന്ന ഒരു ഗ്ലാസ് ചൂടുവെള്ളം; അതവൾ തന്റെ നാഭിയോടടുപ്പിച്ചു, എന്തെന്നില്ലാത്തൊരനുഭൂതി.

അവൾ കണ്ണാടിയിലേക്ക് നോക്കി, നിവർന്നു നിൽക്കാൻ വയ്യ.... എന്തോ ഓർത്തവളൊന്ന് ചിരിച്ചു. പിന്നെ തന്റെ തണുത്ത കൈകളാൽ കരിയെഴുതിക്കറുത്ത കണ്ണിനു താഴെ ഒന്നു തടവി, ഇല്ല; കണ്ണുനീരിന്റെ തിരുശേഷിപ്പുകൾ മാഞ്ഞിരിക്കുന്നു, നിറങ്ങളില്ലാത്ത ആ മുറിയിൽ ചായക്കൂട്ടുകളില്ലാത്ത തന്റെ  വിളറിയ സൗന്ദര്യമവളൊന്നാസ്വദിച്ചു. അവസാന രാത്രിയിൽ വന്നയാൾ സമ്മാനിച്ച മുറിപ്പാടിൽ ഇന്നും ചോര കട്ടപിടിച്ചു കിടപ്പുണ്ട്.... അവളതിലൊന്ന് തൊട്ടു... അത് ഉണങ്ങാത്തതു പോലെ.... ഇനിയിന്നി പകലുകൂടി..... അവൾ തിരിഞ്ഞു നടന്നു,.... മുല്ലപ്പൂക്കളില്ലാത്ത, പട്ടുതുണി വിരിക്കാത്ത, തന്റെ മുഷിഞ്ഞ കട്ടിലിലേക്ക്....വേച്ച് വേച്ചവളതിൽ വീണു. ആദ്യമാണ് നീണ്ടുനിന്ന ഈ വേദന.... അന്നാദ്യമായ്, ഒരു കുഞ്ഞിനു ജന്മം നൽകാനവൾ കൊതിച്ചു, ആരോ പറഞ്ഞുകേട്ട പേറ്റുനോവാണു താൻ അനുഭവിക്കുന്നതെന്നവൾക്ക് തോന്നി. ആ കണ്ണുകളടഞ്ഞു, മയങ്ങവെ അവളിലൊരു ഭ്രൂണം ജനിച്ചു...

പൊടുന്നനെ തുറന്നിട്ട ജനലിനെ തകർത്ത് കാറ്റും മഴയും വന്നു... മേഘങ്ങൾ ഇരുണ്ടു, സന്ധ്യയുടെ ഏഴാം യാമത്തിൽ ഒരിക്കലും ജനിക്കപ്പെടാത്ത ആ ഭ്രൂണവും ഇല്ലാതായി.....

പകരം, അലസമായി കിടന്ന മുടിവാരിക്കെട്ടിയ, ചുവന്ന വട്ടപ്പൊട്ടുകുത്തിയ, മുറുക്കി ചുവപ്പിച്ച ചുണ്ടിൽ വശ്യമായ പുഞ്ചിരിയുള്ള ഒരുവൾ പ്രത്യക്ഷപ്പെട്ടു.... വീണ്ടും പല നിറങ്ങളിൽ അവളുടെ മുറിവാതിൽ അലങ്കരിക്കപ്പെട്ടു. അതിനു വെളിയിൽ കാൽപെരുമാറ്റങ്ങൾ വന്നു പൊയ്ക്കൊണ്ടിരുന്നു....

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.