Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാഷ് (#) ടാഗുകൾ ഇല്ലാത്ത കാത്തിരിപ്പുകൾ

x-default

കോഴിക്കോടിന്റെ തറവാട് മണം വിട്ടു. യാത്ര തുടങ്ങീട്ടു രണ്ടു മണിക്കൂറായി. ജനശതാബ്ദി ആയോണ്ട് പുള്ളി പക്കാ പ്രൊഫെഷനലാണ്, റെസ്പോൺസീവും, ആ വെള്ള പെയിന്റിൽ തന്നെ ഉണ്ട് ഒരു അച്ചടക്കം.. അല്ലാതെ പരശുറാമിനെപോലെ നമ്മളേം വലിച്ചു തോന്നുമ്പോൾ തോന്നുമ്പോൾ ഇഴഞ്ഞു പോകുകയൊന്നുമില്ലല്ലോ. ഇന്ന് വീട്ടിൽ നിന്ന് റയ്​ൽവേസ്റ്റേഷനിൽ ഇത്തിരി നേരത്തെ എത്തിയിരുന്നു. ഒറ്റക്കാണ് നമ്മൾ വീട്ടിലെങ്കിൽ പോലും വീട് നമുക്കു അത് വിട്ടുപോവാനുള്ള അനുവാദം തരില്ല. പിന്നെ വെറുതെ യാത്രാനുമതിക്ക് കാത്തു നിന്നില്ല. മാത്രവുമല്ല മകളുടെ അടുത്തേക്കാണ് പോവുന്നതെങ്കിലും ഒറ്റക്ക് പോവുന്നതിന്റെ ഒരു തത്രപ്പാട് ആണ് മനസ്സിൽ. 

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എപ്പോളത്തെയും പോലെ നല്ല തിരക്കുണ്ട്. ട്രെയിൻ വരാൻ ഇനിയും ഒരു മണിക്കൂർ ഉണ്ട്. ഇന്ന് ഞാനടങ്ങുന്ന സ്ത്രീ സമൂഹത്തിനു സ്വാതന്ത്ര്യവും സമത്വവും ഒരുപാടു കൂടിയെന്നും അതിലേറെ സുരക്ഷിതത്വം കുറഞ്ഞെന്നുമുള്ള പരമ സത്യം എന്റെ ബോധമനസ്സിനെ ലേഡീസ് റെസ്റ്റിങ് റൂമിലേക്ക് കൊണ്ടുപോയി (സ്വാതന്ത്ര്യം കൂടുമ്പോൾ സുരക്ഷിതത്ത്വം കുറയുമോ സഹോദരാ?). വിശ്രമം വേണ്ടപ്പോൾ സ്വയം ഇഷ്ടത്തോടെ വിശ്രമിക്കാൻ അനുവാദമുള്ള വനിതകൾ നമുക്കിടയിൽ കുറവായതിനാൽ വിശ്രമ മുറിയിലെ പല സീറ്റുകളും കാലിയായിരുന്നു. ഈ റൂമിനെ സ്ത്രീകളുടെ കാത്തിരിപ്പു മുറിയെന്നും പറയാറുണ്ട്. ഏതു പേരാണ് ഇതിനു കൂടുതൽ ചേരുക എന്നറിയില്ല, എന്നാലും അവിടെ വിശ്രമം ആവശ്യമുള്ള മുഖങ്ങൾ തന്നെയായിരുന്നു ഞാൻ കണ്ടത്. പിന്നെ എല്ലാവരുടേയും മുഖത്തു ചില കൗമാരകാരികളൊഴികെ എന്തൊക്കെയോ കാത്തിരുന്ന് നിരാശരായതിന്റെ നിഴൽപാടുകൾ തെളിഞ്ഞു നിന്നിരുന്നു. ഒന്ന് ചുറ്റും നോക്കി സാരമില്ല എല്ലാം ശരിയാവും എന്ന ഒരു നിശ്വാസത്തോടെ ഞാനും ഒരു സീറ്റിൽ ഇരിപ്പുറപ്പിച്ചു.

വെറുതെ ഇങ്ങനെ ഇരിക്കുകയല്ലേ. വീട്ടിൽ നിന്നും എടുക്കാൻ ഒന്നും മറന്നിട്ടില്ല എന്ന് ഒന്നുകൂടി ബാഗ് നോക്കി ഉറപ്പു വരുത്തി. പുറത്തു പ്ലാറ്റ്ഫോമിലൂടെ കൈകൾ കോർത്തും തോളുരുമ്മിയും നടന്നുപോയ ആൺകുട്ടികളും പെൺകുട്ടികളും സമത്വത്തെ വീണ്ടും ഓർമിപ്പിച്ചെങ്കിലും ഈ മുറിയിലിരിക്കുന്ന കണ്ണുകൾ മാത്രം പുറത്തു കാട്ടി തന്റെ ഐഡന്റിറ്റി മറച്ചു പിടിക്കാൻ വിധിക്കപ്പെട്ട കറുത്ത പർദ്ദയിലെ വെളുത്ത മൊഞ്ചത്തി ഇത്താത്ത നെഞ്ചിലൊരു നീറ്റലുണ്ടാക്കി. ഇങ്ങനെ ഓരോന്ന് ഓർത്തിരുന്നപ്പോളാണ് നല്ല ഉയരമുള്ള മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ ഒരു മധ്യവയസ്കൻ ഞങ്ങളുടെ ഇടയിലേക്ക് വാതിൽ കടന്നു മടിച്ചു മടിച്ചു നടന്നു വന്നത്. അപ്പോൾ തന്നെ ശാന്തരായി കുറുകി കൊണ്ടിരുന്ന പ്രാവിൻക്കൂട്ടം ഒരു ഉയർന്ന ശബ്ദം കേട്ടാൽ ഭയത്താൽ ചിതറി പറക്കുന്നപോലെ ഞങ്ങളും ആരൊക്കെയോ ഒച്ച വച്ചു തുടങ്ങി. മുപ്പതോളം വരുന്ന അവിടെ ഉണ്ടായിരുന്ന വനിതകൾ നീതിക്കും അവകാശത്തിനും വേണ്ടി എപ്പോളൊക്കെയോ തങ്ങൾ ദീർഘ നിശ്വാസങ്ങളിൽ ഒളിപ്പിച്ച ഉറച്ച ശബ്ദം ഉയർത്തി തുടങ്ങി.. ഇയാളെന്താണ് ഇവിടെ, ഇത് സ്ത്രീകൾക്കു മാത്രമുള്ള സ്ഥലമാണ്, പുറത്തു പോകു, പൊലീസിനെ വിളിക്കും അങ്ങനെ അങ്ങനെ, എല്ലാത്തിലും ഭയത്തിന്റെ നേരിയ സീൽകാരമുണ്ടായിരുന്നു. എന്നാൽ അയാൾ താനിപ്പോളും എല്ലാ പൗരുഷത്തോടും (യഥാർത്ഥ പുരുഷന്റെ അർത്ഥമറിയാത്തവൻ ) കൂടിയവനാണ് എന്ന് തെളിയിക്കാനുള്ള വേദിയാണ് ഈ മുറിയെന്ന തോന്നലിൽ എന്തൊക്കെയോ ചേഷ്ടകൾ (അറപ്പുളവാക്കുന്ന ) അരങ്ങേറ്റി ഒരു പ്രത്യേക സായൂജ്യത്തോടെ ഇറങ്ങിപ്പോയി. ആകെ മനസ്സ് അസ്വസ്ഥമായി. ദീർഘനിശ്വാസങ്ങളും പിറുപിറുക്കലുകളും മുറിയിൽ നിറഞ്ഞു. വിശ്രമ മുറിയിലും വിശ്രമം നിഷേധിക്കപ്പെടുകയാണല്ലോ ഈശ്വരാ. പെട്ടെന്നാണ് അടുത്തിരുന്ന ആ കാത്തിരിപ്പുകാരി എന്നോടായി പറഞ്ഞത്.. ഒരു രക്ഷയും ഇല്ലാതായല്ലോ നമ്മൾക്കൊന്നും. എന്തോ ഞരമ്പ് രോഗിയാ. പോലീസിനെ പിടിപ്പിക്കണം. ഇതിനൊക്കെ ഏതു നിയമമാണെന്നോ ആരെയാ എങ്ങനെയാ കാണേണ്ടതെന്നോ ആർക്കറിയാം !!

ഞാൻ അവരെ നോക്കി, ഒരു കുടുംബിനി ആണ്, അതിന്റെ ചുവന്ന സീൽ നെറ്റിയിലുണ്ട്. എല്ലാത്തിനും നിയമങ്ങളുണ്ട് നോക്കാൻ ആളുകളുണ്ട്, നമ്മൾ അതിനെ കുറിച്ച് കുറച്ചെങ്കിലും ബോധവാന്മാർ ആയിരിക്കേണ്ടതാണെന്നും ഞാൻ അവരോടു പറഞ്ഞു. നിയമത്തെകുറിച്ചൊക്കെ ചേച്ചിക്കറിയുമോ എന്ന അവരുടെ ചോദ്യത്തിന് സ്വന്തം ആയി എഴുതപ്പെടുന്ന നിയമങ്ങൾക്കേ നമുക്കിവിടെ വല്ലതും ചെയ്യാനൊക്കു എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അത്യാവശ്യമൊക്കെ അറിയാമെന്നു അവരോടു പറഞ്ഞു.

കാത്തിരുന്നു മഴ കിട്ടിയ ഒരു ചെടി പോലെ അവൾ ഒന്ന് ഇളകിയിരിന്നു. ഇരുണ്ട സുന്ദരിയായിരുന്നു അവളുടെ മുഖത്തു ഒരു കുളിർമ ഏറ്റത് പോലെ അവൾ പറഞ്ഞു പെയ്തു തുടങ്ങി. അവൾ ഇവിടെ റയിൽവേയിൽ സ്വീപ്പർ ആണ്. ഇതേ പോലെ ആരോടും പരിഭവമില്ലാതെ ഇതേ പോസ്റ്റിൽ ജോലി ചെയ്യുന്ന അവളുടെ സുഹൃത്തിനെ കുറച്ചാണ് അവൾ പറഞ്ഞു തുടങ്ങിയത്. ബസ് ജീവനക്കാരനായ ഭർത്താവും നാലു വയസ്സുകാരൻ മകനും അമ്മായിയമ്മയും നാത്തൂനും അടങ്ങുന്ന കുടുംബം. പകൽ മുഴുവൻ യാത്രക്കാരുടെ മുഴുവൻ മാലിന്യങ്ങളും കളഞ്ഞു റയിൽവേ സ്റ്റേഷനും ചുറ്റുപാടും വൃത്തിയാക്കി തന്റെ പരിഭവങ്ങളും പരാതികളും അതേ മാലിന്യ ബാസ്കറ്റിൽ കളഞ്ഞു ജീവിക്കുന്നവർ. അവർക്കു ഒരേ ഒരു കാത്തിരിപ്പേ ഉള്ളു. തന്റെ കുടുംബത്തിന്റെ.. നാളെയെങ്കിലും തനിക്കും ട്രാക്കിലല്ലാതെ പ്ലാറ്റ്ഫോമിൽ മാത്രം ട്രെയിൻ കാത്തിരിക്കാം എന്ന പ്രതീക്ഷ. അങ്ങനെ വീട്ടിലെത്തുന്ന സുഹൃത്തിനു വീട്ടിലും ഒരു സ്വീപ്പർ റോൾ ആണത്രേ. അവിടുള്ള മുഴുവൻ പണി ചെയ്താലും തന്റെ മകന് അവൻ കാത്തിരിക്കുന്ന മിഠായി കൊടുക്കുമ്പോൾ അവൻ നൽകുന്ന ഒരു സ്നേഹ ഉമ്മ മാത്രമാണ് അവൾക്കു ആ കുടുംബവുമായുള്ള ബന്ധം. താൻ അറിഞ്ഞും അറിയാതെയും കഥാപാത്രമാവുന്ന അമ്മായിയമ്മയുടെയും നാത്തൂന്റെയും പരാതികളിൽ നല്ലൊരു മകനും ആങ്ങളയുമായി രാത്രികളിൽ ഭർത്താവ് വാക്കുകളും കൈകാലുകളും കൊണ്ടു തന്റെ മേൽ രംഗം നിറഞ്ഞാടി തകർക്കുമ്പോളും മകൻ ഉണരരുതെ എന്ന പ്രാർത്ഥനയും കണ്ണീരും മാത്രമാണ് അവളുടെ സ്ഥിരം റോളുകൾ. കാണികൾ അമ്മയുടെയും നാത്തൂന്റെയും കൂടെ കൂടിയും കുറഞ്ഞുമിരിക്കും. ഡ്യൂപ്പ് ഇല്ലാതെ ചെയ്യുന്ന റോളുകൾ ആയതിനാൽ അയാളുടെ പ്രഹരം കാരണം ദേഹമാസകലം നുറുങ്ങുന്ന വേദനയാണ്. ഈ ഒരു സീരിയലിൽ നിന്നാണ് അവളൊരു നീതി ആഗ്രഹിക്കുന്നത്. വിശ്രമം ആഗ്രഹിക്കുന്നത്. ഇതിനു നിയമത്തിന്റെ വഴിയിലൂടെ നീങ്ങിയാൽ തന്റെ മകൻ നഷ്ടമാകുമോ എന്ന മാറിൽ വിങ്ങുന്ന വേദനയാണ് അവളെ അലട്ടുന്നത്.

എല്ലാം കേട്ടപ്പോൾ ഞാൻ അവളോട്‌ തീർച്ചയായും നിയമത്തിന്റെ വഴിയേ പോകണമെന്നും മകനെ നഷ്ടമാവില്ല എന്ന ഉറപ്പോടെ ചില ഉപദേശങ്ങളും കോണ്ടാക്ട്സും കൊടുത്തു. ഞാൻ ആ കാത്തിരിപ്പുകാരിയെ ഒന്നുകൂടെ ശ്രദ്ധിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു. എന്തിനു!! സുഹൃത്തിന്റെ കഥയാണ് എന്നോട് അവൾ പറഞ്ഞത്. എന്നിട്ടും കണ്ണുകൾ ഒഴുകുന്നു. ഞാൻ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾ മുഖം തിരിച്ചു കണ്ണു തുടച്ചു. ഞാൻ അവളോട്‌ അവളെ കുറിച്ചു ചോദിച്ചപ്പോൾ മാരീഡ് ആണ്, ഒരു മകനുണ്ട് എന്നും പറഞ്ഞു. മകന് നാലു വയസ്സാണോ എന്നോ സുഹൃത്ത് ഇപ്പോൾ എവിടെയാണെന്നോ ഞാൻ ചോദിച്ചില്ല. തന്നെയോ തന്റെ കുടുംബത്തിന്റെയോ പ്രശ്നങ്ങൾ നേരിട്ടു ഒരാളുടെ മുന്നിലും വിഴുപ്പലക്കാൻ ഇഷ്ടമില്ലാത്ത വള്ളത്തോളിന്റെ ഭാരത സ്ത്രീകൾ തൻ ഭാവശുദ്ധിയുടെ ഉദാത്തമാണ്‌ എന്റെ അരികിൽ നിന്നും കണ്ണുകൾ തുടച്ചു ബാഗിൽ മകനുള്ള മിഠായി ഭദ്രമാക്കി വെക്കുന്നത് എന്നു ഞാൻ അറിഞ്ഞു. അവരാണ് ശരി. കാരണം അവർക്കു ഒരേ മുഖങ്ങളാണ്.ചുറ്റുപാട് വൃത്തിയാക്കി കഴിയുന്ന കാക്കകളെ പോലെ കടും നീല നിറത്തിലുള്ള യൂണിഫോമിൽ എത്തുന്ന സ്വീപേഴ്സിനെ മുഖമെടുത്തു ആരും വേർതിരിക്കാറില്ല എന്നു തന്നെയാണ് എന്റെ അറിവ്. അവർ ദിനം പ്രതി ചെയ്യുന്ന ഈ മഹത്തായ ശുചീകരണ കർമ്മത്തിനു അവർ #സ്വച്ഛഭാരത് എന്ന ടാഗുമായി സെൽഫിയെടുത്ത് സമൂഹമാധ്യമത്തിൽ കയറി ഇറങ്ങാറില്ല. അവർ അനുഭവിക്കുന്ന റാസിസമോ ഫാസിസമോ ഒന്നും ആരും ചോദിക്കാറില്ല. ആദരിക്കാറുമില്ലാ. ഇങ്ങനെ ഹാഷ് ടാഗുകളില്ലാത്ത എത്രയോ കാത്തിരിപ്പുകാരികൾ നമുക്കു ചുറ്റുമുണ്ടെന്ന പരമസത്യവുമായി ജനശതാബ്ദി ഇതാ ആലുവ സ്റ്റേഷൻ എത്താറായി. നേരം ഇരുട്ടി തുടങ്ങി. വേഗം വീട് എത്തണം. #ടാഗിൽ ഒരു ഇരയാവൻ വയ്യ.

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.