Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നം പോലൊരു കുടുംബിനി...

x-default

പുലര്‍ച്ചെ അഞ്ചു മണിക്കുണര്‍ന്നാല്‍ പിന്നെയൊരോട്ടപ്പാച്ചിലാണ്..... കുളിച്ച് തുളസിത്തറയില്‍ വിളക്കും വെച്ച് സൂര്യനുദിക്കും മുന്‍പേ മണ്‍പാത്രങ്ങളോട് കഥപറയാന്‍ അടുക്കളയിലേക്കൊരോട്ടമാണ്.....

ഈ വീട്ടില്‍ വന്നു കേറിയ അന്നു തൊട്ടുള്ള ശീലമാണ്....

കുഞ്ഞുങ്ങള്‍ കൂടി ആയപ്പോള്‍ ഈ പരക്കംപാച്ചിലിനോടുള്ള ഇഷ്ടം കൂടിയിട്ടേ ഉള്ളു.....

ആഗ്രഹിച്ചതിനും അപ്പുറത്താണ് ഈ ജീവിതമെനിക്ക്.....

എന്‍റെ തങ്കകുടങ്ങളുടെ കാര്യത്തിലും ഒരു സ്വപ്ന സാക്ഷാല്‍ക്കാരം പോലെയാണ്, ഇരട്ടകുട്ടികള്‍ വേണമെന്നുള്ളത് അത്ര വലിയ മോഹമായിരുന്നു.....

ഉണ്ണിയേട്ടന്‍റെ താലിക്ക് മുന്നില്‍ തലകുനിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഒരു വിവാഹം.., അതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല.....

ഇന്ന് സ്നേഹത്തിന്‍റെ അതിര്‍ വരമ്പുകള്‍ കടന്ന് എന്നില്‍ നിന്നൊഴുകുന്ന പാലാഴി ഉണ്ണിയേട്ടനിലേക്കാണ്.....

ശ്ശെ... സ്വപ്നം കണ്ട് നിന്ന് ദോശ കരിഞ്ഞു....

ഇനി അമ്പലത്തിലേക്കൊന്ന് ഒാടിപോയി വരാം...

ആഹാ... ദേ കണ്ടില്ലേ ഇതുവരെ എണീറ്റിട്ടില്ല.. സ്കൂളില്‍ പോകേണ്ടതാ എന്നൊരു വിചാരവും ഇല്ല....

അമ്മു.. ചിന്നു.. എണീക്ക്.. മതി ഉറങ്ങിയത്... നേരം വൈകി... ബസ്സ് ഇപ്പൊ വരും... എണീക്ക്....

എണീറ്റാലും രണ്ടിനോടും അത് ചെയ്യ് ഇത് ചെയ്യ് എന്ന് പറയണം ആല്ലെങ്കില്‍ പല്ല് പോലും തേക്കാതെ അവിടിരിക്കും....

എല്ലാം കഴിഞ്ഞ് എന്തേലുമൊന്ന് വാരികൊടുക്കുമ്പോഴേക്കും ബസ്സിങ്ങ് വരും.....

പിന്നെ കഴിച്ചാലായി ഇല്ലെങ്കിലായി ബാഗും എടുത്ത് ഒരോട്ടമാ....

ഞാനും ഉണ്ണിയേട്ടനും കൂടി പോയാല്‍ അമ്മയുടെ കാര്യാ കഷ്ടം പിള്ളേര് വരുന്നതു വരെ തനിയെ ഇരിക്കണം...

പിള്ളേര് വന്നാലും അവരങ്ങ് ട്യൂഷന് പോകും....

എനിക്കാണേല്‍ വന്നു കഴിഞ്ഞാല്‍ പിടിപ്പത് പണിയും കാണും....

അലക്കും കുളിയും കഴിഞ്ഞ് പിള്ളാരെയും കുളിപ്പിച്ചാല്‍ സമാധാനമായി ഇത്തിരി നേരം അമ്മയോട് വര്‍ത്താനം പറയാം....

സന്ധ്യ ആയാല്‍ വിളക്കു വെച്ച് ഉമ്മറത്തിരുന്ന് നാമം ചൊല്ലി കഴിഞ്ഞാല്‍ പിള്ളേര് പിന്നെ കഥകള്‍ കേള്‍ക്കാനായി അമ്മയുടെ പിന്നാലെ കൂടും.....

ഇതെന്താപ്പോ ഒരു മഴ....?????

കറണ്ടും പോയി... ഉണ്ണിയേട്ടനെ കണ്ടില്ലല്ലോ ഇതുവരെ.....

പൂമുഖത്ത് തന്നെ വഴിയിലേക്ക് നോക്കി ഞാനിരുന്നു.....

മഴതുള്ളികളില്‍ ഒന്നുരണ്ടെണ്ണം എന്‍റെ മുഖത്തേക്കും വീണു......

മോളേ... എണീറ്റ് മുറ്റം തൂക്ക്.... അമ്മ ഇത്തിരി താമസിച്ചു... കുളിച്ച് വരുമ്പോളേക്കും നീ മുറ്റം തൂക്ക്.. വിളക്ക് കത്തിക്കണം...

ഏ... വിളക്കോ...??? വിളക്ക് വെച്ചല്ലോ..... അല്ല എന്‍റെ തങ്കകുടങ്ങളെവിടെ.....???? വിളക്കെവിടെ....??? മഴയെവിടെ....???? ഉണ്ണിയേട്ടനെവിടെ.....???

ശ്ശെ.... എന്ത് പണിയാ അമ്മ കാണിച്ചത്...??? നല്ലൊരു സ്വപ്നമായിരുന്നു..... നശിപ്പിച്ചു....

അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലിരിക്കാതെ പോയി മുറ്റം തൂക്ക് പെണ്ണെ എന്നു പറഞ്ഞ് മൂക്കില്‍ പിടിച്ചൊന്ന് കുലുക്കി... നെറുകയില്‍ ഒരുമ്മയും തന്ന് അമ്മ പോയി....

ഇനിയിപ്പൊ ബാക്കി നമുക്ക് ഇന്ന് രാത്രി കാണാം... അമ്മേടെ തല്ല് കൊള്ളാതെ ഞാന്‍ പോയി മുറ്റം തൂക്കട്ടെ..

Malayalam Short StoriesMalayalam literature interviews,Malayalam Poems     

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.