"ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ ..." പൂനിലാമഴ എന്ന സിനിമയിലെ മധുരഗാനം... ഇരുപതു വർഷങ്ങൾക്കിപ്പുറവും പുതുമ മങ്ങാതെ....
ഈ ഗാനത്തിന് മറ്റൊരു പ്രത്യേകതയുള്ളത് പാട്ടിന്റെ നീളമാണ്! ആറു മിനുട്ടും ഇരുപത്തിമൂന്നു സെക്കന്റും!
ചിതറിയ വളപ്പൊട്ടു പോലെ നമ്മിൽ വന്നു വീഴുന്ന ലക്ഷ്മികാന്ത് പ്യാരേലാലിന്റെ ഈണം...പ്രണയത്തോടൊപ്പം ഓമനത്തവും അനുഭവിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ മാസ്മരികത...
മദ്രാസിലെ പുകയുന്ന രാവിറമ്പിലിരുന്നു ഈ ഗാനം ഇന്നലെ വീണ്ടും കേട്ടു... അല്ല, കണ്ടു... പുറത്തൊരു രാമഴ പെയ്യാനൊരുങ്ങി നിൽക്കുന്ന പോലെ...
ഇവിടുത്തെ മഴയും ഹാഫ്‌സാരിയുടുത്തു മുല്ലപ്പൂ ചൂടി പോകുന്ന തമിഴ് പെൺകൊടികളെ പോലെയാണെന്നു പറഞ്ഞതൊരു സുഹൃത്താണ്. ചടുലമായി വേഗത്തിൽ നമ്മെ കടന്നു പോകും... മുടിയിൽ ചൂടിയ മുല്ലപ്പൂ മണം മാത്രം പിന്നിൽ തങ്ങി നിൽക്കും....
ഓരോ പാട്ടും ഒരു ആൽബം പോലെയാണെന്ന് പറഞ്ഞതും ഇതേ സുഹൃത്താണ്.... പാട്ടിനേക്കാൾ പലപ്പോഴും അതുണർത്തുന്ന ഓർമകളാണ് നമുക്ക് ഓരോ ഇഷ്ടഗാനങ്ങളും...
വർഷങ്ങൾക്കു പ്രകാശവേഗമാണ്.... പതിനേഴു വർഷങ്ങൾക്കപ്പുറം ബംഗളൂരുവിലെ ഒരു തണുത്തുറഞ്ഞ സായാഹ്നത്തിലേക്ക് അച്ഛന്റെ ഫോൺ കോൾ വന്നു.
"ഡാ...നീ എറണാകുളം വരെ പോകണം.. ഒരു പ്രൊപ്പോസൽ വന്നിട്ടുണ്ട്.. കുട്ടിയെ ഒന്നു പോയി കാണണം..."
"അതിപ്പോ ഇത്ര പെട്ടെന്ന് ?? ഞാൻ ബാംഗ്ലൂരിലേക്ക് വന്നതല്ലേ ഉള്ളു... പിന്നെ ഫോട്ടോയും ജാതകം ചേർക്കലുമൊക്കെ? "
"അതിനിപ്പോ നിന്നോട് ഓടിപ്പോയി കെട്ടാനൊന്നും ആരും പറയുന്നില്ല... നേരിൽ കണ്ടാൽ പോരെ? ഫോട്ടോ എന്തിനാ? പിന്നെ ജാതകമൊക്കെ ഞങ്ങൾ നോക്കിക്കോളാം.. പറഞ്ഞത് ചെയ്താൽ മതി " അച്ഛൻ ബോൾ തിരിച്ചടിച്ചു.
ഒരു വർഷം നീണ്ട മരുഭൂമിവാസവും... മറ്റു ചില ചെറിയ വിദേശ യാത്രകളും കഴിഞ്ഞു ചില മാസങ്ങൾ മുൻപാണ് ഞാൻ ഇവിടടിഞ്ഞത്...
അവസരങ്ങളുടെ നഗരം... ഇന്നത്തെ ബംഗളുരു അല്ല അന്നത്തെ ബാംഗ്ലൂർ... സായാഹ്നങ്ങളിൽ കുളികഴിഞ്ഞു ഈറൻ മാറി നിൽക്കുന്നൊരു നാടൻ പെണ്ണുപോലത്തെ നഗരം... വിജനമായ വൃത്തിയുള്ള നഗര സ്ഥലികൾ... ലാൽബാഗിൽ നിന്നും സുഗന്ധം പേറി വരുന്ന തണുത്ത രാക്കാറ്റ്...
എന്നാലും ഇത്ര പെട്ടെന്ന് വീട്ടുകാർക്കെന്തു പറ്റി !!!
ബെന്യാമിൻ തന്റെ 'അൽ-അറേബിയൻ നോവൽ ഫാക്ടറിയിൽ' പറഞ്ഞപോലെ- ഏതു നഗരത്തെ അറിയാനും അവിടുത്തെ മൂന്ന് കാര്യങ്ങൾ രുചിച്ചു നോക്കിയാൽ മതി. അവിടുത്തെ ഭക്ഷണം, മദ്യം പിന്നെ അവിടുത്തെ പെണ്ണും..
അതിൽ ആദ്യത്തേതിൽ ഞാൻ ഇത്തിരി ആക്രാന്തി ആണെന്നറിഞ്ഞു കൊണ്ട് ഇനി രണ്ടിലേക്കും മൂന്നിലേക്കും കടക്കുമെന്ന് കരുതിയിട്ടാണോ എന്തോ!!!
പോകണം പക്ഷേ എങ്ങനെ? വോൾവോ ബസ്സുകൾ സർവീസ് തുടങ്ങിയ കാലമാണ്... സൗദിയിൽവെച്ച് ഒരുതവണ കയറിയതിനു ശേഷം പിന്നെ കയറിയിട്ടില്ല...
താമസിക്കാൻ ഹോട്ടലുകൾ തപ്പിക്കൊണ്ടിരുന്നപ്പോൾ കൊച്ചിയിൽ നിന്നും കൂടെ പഠിച്ച ജൂനിയർ വിളിച്ചു. "ഏട്ടാ നാളെ പോരുകയല്ലേ...എം.ജി റോഡിലിറങ്ങി ഫോൺ ചെയ്താൽ മതി.. ഞാൻ വന്നു പിക്ക് ചെയ്യാം..."
" എടാ..എന്തൊക്കെയാടാ നടക്കുന്നത് ? ആരാടാ കക്ഷി ?!!!" അതൊക്കെ സസ്പൻസ് ഏട്ടാ എന്ന് പറഞ്ഞു അവൻ ഫോൺ കട്ടു ചെയ്‌തു...
പിറ്റേന്ന് വൈകുന്നേരം വെയിൽചാഞ്ഞ നഗരവീഥികളിലൂടെ എന്നെയും പേറി ഒരു വോൾവോ കേരളത്തിലേക്ക് കുതിച്ചു... ശീതികരിച്ച, വലിയ ഗ്ലാസ് ജനാലകളുള്ള വെള്ള വാഹനം. തൂവലിൽ ഒഴുകുന്ന പോലെ...
പതുക്കെ ഞാൻ മയങ്ങി പോയി.
ഉണർന്നപ്പോൾ വണ്ടി എവിടെയോ നിർത്തിയിരിക്കുന്നു. വെള്ളിയുരുക്കി ഒഴിച്ചപോലെ നിലാവ്... നിരത്തിന്റെ ഒരുവശം മുഴുവൻ നോക്കെത്താ ദൂരത്തോളം പൂക്കൾ... പൂ പാടങ്ങൾ... പുലർച്ചെ ഇവിടെനിന്നുള്ള പൂക്കളാണ് കലാസിപാളയം മാർക്കറ്റിൽ ലഭിക്കുന്നത്... എല്ലാത്തിനും നിലാ നിറം...
വണ്ടിയുടെ അത്താഴ സ്റ്റോപ്പാണിവിടം.
നാളെ കാണാൻ പോകുന്ന പെൺകുട്ടിക്ക് പൂക്കൾ ഇഷ്ടമായിരിക്കുമോ എന്നോർത്തുകൊണ്ടു ഞാൻ ഒരു സുഗന്ധമുള്ള ചായയും വടയും ഓർഡർ ചെയ്തു. പൂമണവും പേറി നിലാവിൽ തുഴഞ്ഞു വണ്ടി പിന്നെയും നീങ്ങി. ബസ്സിലെ പാട്ടുപെട്ടി പതിയെ പാടി..." ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ.. മണി പളുങ്കു കവിൾത്തടങ്ങൾ… "...പാട്ടിന്റെ വെണ്ണിലാ ചിറകിലേറി ഞാൻ മതിമറന്നുറങ്ങി. പിറ്റേന്ന് ഉച്ചതിരിഞ്ഞു തൃപ്പൂണിത്തുറയിലെ നാട്ടുവഴികൾ താണ്ടി ജൂനിയർ എന്നെ ഒരു വീട്ടിലെത്തിച്ചു. ദേവിയുടെ വീട്ടിൽ. പിച്ചകവും മുല്ലയും തുളസിയും ഒക്കെ നിറഞ്ഞ മുറ്റം കടന്നു ദേവിയുടെ അച്ഛന്റെ നിറഞ്ഞ ചിരിയിൽ ഞങ്ങൾ ചെന്നു ചേർന്നു. രണ്ടു ഗ്ലാസ്സുകളിൽ തണുത്ത നാരങ്ങാ വെള്ളവുമായി ദേവിയുടെ അമ്മയും വന്നു.
"നിങ്ങളൽപ്പം നേരത്തെ വന്നു... ചായ ഇപ്പൊ എടുക്കാട്ടോ..." അവർ പറഞ്ഞു.... അച്ഛനും സുഹൃത്തും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു...' അമ്മ എന്നെ സാകൂതം നോക്കിയിരിക്കുന്നു...
ചെറുതെങ്കിലും വൃത്തിയുള്ള വീട്... സ്വീകരണ മുറിയുടെ ഒരു വശത്തു നിറഞ്ഞു തുളുമ്പുന്ന ഒരു പുസ്തക അലമാരി...
"ആരാ വായിക്കാറ്? " ഞാൻ ദേവിയുടെ അമ്മയോട് ചോദിച്ചു... " എല്ലാം മോളുടെയാണ്... ടൗണിൽ പോയി കണ്ടതൊക്കെ വാങ്ങി വരും "
ഞാൻ ചിലത് ഓടിച്ചു നോക്കി... സി .രാധാകൃഷ്ണന്റെ 'കരൾ പിളരും കാലം', മുകുന്ദന്റെ 'ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു' പിന്നെ പി.വത്സലയുടെ 'നെല്ല് '
പുകയുന്ന നാലു കപ്പുകളുമായി ദേവി വന്നു... എവിടെയോ കണ്ടു മറന്ന മുഖം...
കൊലുന്നനെ നിവർന്ന ശരീരം... ഇളംനീല കോട്ടൺ ചുരിദാർ.. വെള്ള ദുപ്പട്ട..
" ഏട്ടാ ആളെ മനസ്സിലായില്ലേ ? " ജൂനിയർ ചോദിച്ചു ... ഞാൻ മിഴിച്ചിരുന്നു... "ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ക്ലാസ്സ്‌മേറ്റ്, ദേവി ...ആള് നന്നായി പാടും എഴുതും? "
ഇപ്പോൾ ഓർമ്മ വന്നു... ഫൈനൽ ഇയർ എരിഞ്ഞടങ്ങിയ അവസാന ദിനങ്ങളിൽ പരിചയപ്പെട്ടു... മിനി പ്രോജക്ടിന്റെ എന്തോ സംശയം നിവർത്തിച്ചതാണ് പരിചയപ്പെടാൻ കാരണം... അപ്പോൾ ഇവനാണ് സൂത്രധാരൻ.
പോക്കുവെയിൽ ഞങ്ങളെ തഴുകി പടിഞ്ഞാറുഭാഗത്തുള്ള തെങ്ങിൻ തോപ്പുകൾക്കിടയിൽ ഒളിക്കാൻ ശ്രമിക്കുന്നു. മുറിയിൽ ഞങ്ങൾ രണ്ടുപേർ മാത്രമായി... "ചേട്ടനെന്നെ ഇപ്പോഴും അങ്ങോട്ട് മനസ്സിലായില്ലെന്ന് തോന്നുന്നു... ആകപ്പാടെ തലക്കടിച്ച പോലെ !!!" അവൾ ചിരിച്ചു... ഞാനും..
" പാടുമല്ലേ... എന്നാ ഒരു പാട്ടു പാടുമോ ? " അങ്കലാപ്പിൽ അങ്ങനെ ചോദിക്കാനാണ് തോന്നിയത്...
"ഏതു പാട്ടു വേണം ?"
"ദേവിക്ക് ഇഷ്ടമുള്ളത് ..."
പതുക്കെ ട്യൂൺ മൂളി ശരിയാക്കി അവൾ പാടിത്തുടങ്ങി "ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ ..."
കൃത്യം ആറു മിനുട്ട് ഇരുപത്തിമൂന്നു സെക്കന്റ് അവൾ പാടിയിരിക്കണം... ഞാൻ അറിഞ്ഞില്ല..
പിന്നെ, ഇരുൾ നുരഞ്ഞു തുടങ്ങിയ നാട്ടു വഴികളിലേക്ക് ഞാനും സുഹൃത്തും ഇറങ്ങുമ്പോൾ മുറ്റത്തെ കുറ്റിമുല്ലയ്ക്കരികിൽ ശ്രുതി ചേർത്തൊരു തംബുരു പോലെ അവൾ നിന്നു...
ആ വിവാഹം നടന്നില്ല... നടക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവോ? മനസ്സിന്റെ ഗുണനപ്പട്ടികയിൽ ഉത്തരമില്ല... വിവാഹാലോചനയുടെ ഏതോ നാൾവഴികളിൽ... ഒരു ഘടികാരം പോലെ മിടിപ്പ് നിലച്ചു പോയി... ആരും ഒന്നും പറഞ്ഞില്ല...
പിന്നീട് വളരെ നാളുകൾക്കു ശേഷം അറിഞ്ഞു… ദേവിയെ ഒരു ഗൾഫുകാരൻ വിവാഹം കഴിച്ചു...
റംസാൻ ചന്ദ്രിക പതഞ്ഞൊഴുകുന്ന അറേബിയൻ രാവുകളിൽ "ആട്ടുതൊട്ടിൽ ..." എന്ന പാട്ടു ദേവി അവളുടെ ഗൾഫുകാരൻ ഭർത്താവിന് പാടി കൊടുക്കുന്നുണ്ടാകുമോ !!!!
അതെ ഓരോ പാട്ടും ഓരോ ഫോട്ടോ ആൽബങ്ങൾ ആണ്...
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.