പതിവിലും വൈകിയാണ് അന്നവൾ ഓഫീസിൽ നിന്നും ഇറങ്ങിയത്. നടക്കുമ്പോഴും നീഹാരികയുടെ മനസ്സിൽ അവളുടെ വലത്തേ കണ്ണിന്റെ മിടിപ്പായിരുന്നു. കുറെയേറെ ദിവസങ്ങളായി അവളെ വല്ലാതെ അസ്വസ്ഥയാക്കുകയാണ് അത്. പണ്ടുള്ളവർ പറഞ്ഞ് അവൾ കേട്ടിട്ടുണ്ട് വലത്തേ കണ്ണ് മിടിച്ചാൽ നല്ലതെന്തോ സംഭവിക്കുമെന്ന്. ടെക്കികളുടെ ഗുരുവായ ഗൂഗിളും അതു തന്നെയാ പറഞ്ഞത്. എന്തോ ഇഷ്ടമുള്ളത് സംഭവിക്കുമെന്ന്.. ഹമ്… പിന്നെ… ഇത്രയും നാൾ ആഗ്രഹിച്ചതൊന്നും സംഭവിച്ചില്ല… ഇനിയാ.. അവൾ അതോർത്തു പുച്ഛിച്ചു, ശാസ്ത്രീയമായി നോക്കിയാൽ കണ്ണിന്റെ എന്തോ പ്രശനം കൊണ്ടാണെന്ന് അവൾ ഉറപ്പിച്ചു.
ഓരോന്നോരോന്നായി ഓർത്ത് അവൾ നടന്നു.. പിന്നെ, എന്നത്തേയും പോലെ നോക്കുന്നിടത്തെല്ലാം അവന്റെ മുഖം.. എനിക്ക് വട്ടാ.. ഒരിക്കലും വരില്ലെന്ന് ഉറപ്പുള്ള ആൾക്കു വേണ്ടി വെറുതെ കാത്തിരിക്കാ.. ആര് കേട്ടാലും പറയും മോളെ അവനെ നീ മറക്കൂ… നിരഞ്ജൻ അല്ല നിന്റെ അവസാനലോകം എന്നൊക്കെ.. പറയുന്നവർക്ക് ആവാലോ.. എനിക്കല്ലേ എന്റെ വിഷമം അറിയൂ… കണ്ണ് ചെറുതായൊന്ന് നനഞ്ഞോ? ഉണ്ടാവും.. കാലം എത്ര കഴിഞ്ഞാലും നിരഞ്ജന്റെ മണവാട്ടി ആവാൻ എത്ര സ്വപ്നം കണ്ടതാ.. അങ്ങനെ മറക്കാൻ പറ്റോ? പൊടിയിൽ നിന്ന് രക്ഷപെടാൻ കണ്ണ് മൂടിക്കെട്ടി നടക്കുന്നതുകൊണ്ട് മുഖത്തെ ഭാവമാറ്റങ്ങൾ ആരും കാണില്ല എന്നൊരു സമാധാനം.
പെട്ടെന്ന് അവൾ അറിയാതെ നിന്നുപോയി., നെഞ്ചിന്റെ ഉള്ളിൽ ഒരു തീ ആളുന്ന പോലെ. തന്റെ മുന്നിൽ നിക്കുന്ന ആളെ അവൾക്കു കുറച്ചു നേരത്തേക്ക് വിശ്വസിക്കാനേ പറ്റിയില്ല.. അടിവയറ്റിൽ ഒരു നീറ്റൽ. കണ്ണീർ എവിടുന്നോ ഉറവ പൊട്ടിയ പോലെ ഒഴുകി. കാലമത്രയും കാണാൻ ആഗ്രഹിച്ച മുഖമാണോ അവളുടെ മുൻപിൽ ഉള്ളത്. ഒരു തരം മരവിപ്പിൽ നിരഞ്ജന്റെ ശബ്ദം അവൾ കേട്ടതേ ഇല്ല.. നിന്നനിൽപ്പിൽ ഭൂമി പിളർന്ന് അടിയിലേക്ക് പോകോ എന്ന് വരെ അവൾക്ക് തോന്നി.. സ്വപ്നമാണോ എന്ന് സംശയിച്ച് അവൾ ഒന്ന് പിച്ചി നോക്കി. ”നിഹാരിക നീ കാണുന്നതെല്ലാം സത്യമാണ്..”ഒരുപാട് നാളായി കേൾക്കാൻ ആഗ്രഹിച്ച നിരഞ്ജന്റെ ശബ്ദം.. കണ്ണുനീർ ധാരധാരയായി ഒഴുകാൻ തുടങ്ങി.
ഇവിടെ എന്തെങ്കിലും ആവശ്യത്തിന് വന്നപ്പോൾ അവിചാരിതമായി കണ്ടതാണോ എന്ന് അവൾ ചോദിച്ചു. അല്ല… നിന്നെ കാണാൻ വന്നതാ എന്നായിരുന്നു മറുപടി…
ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ വന്നതാണെന്ന് അവൻ പറഞ്ഞു.. കേട്ടപ്പോൾ സന്തോഷമായെങ്കിലും അതിന്റെ കാരണം അവൾ ചോദിച്ചു.. കാരണം വേറൊരു പെണ്ണിന്റെ കണ്ണീരു അതിൽ ഉണ്ടാവുമല്ലോ.. തന്റെ കുറവുകൾ കൊണ്ട് വേറൊരു പെണ്ണിനെ തേടിപ്പോയ അവനെ എല്ലാരും കുറ്റപ്പെടുത്തിയപ്പോഴും മനസ് കൊണ്ട് അവൾ സ്നേഹിച്ചിരുന്നു… വേദനിക്കാനായി സന്തോഷിച്ചവളായിരുന്നു അന്നവൾ. അവൾക്ക് കിട്ടാതെ പോയ ആ മുന്തിരിക്ക് എന്നും മധുരം ആയിരുന്നു.
ഉത്തരം അറിയാനായി അവൾ കാത്തുനിന്നു.. നിന്റെ പരിഭവങ്ങളും സ്വാർത്ഥതയും നിന്റെ പ്രണയമാണെന്ന് തിരിച്ചറിയാതെ പോയതായിരുന്നു എന്റെ തെറ്റ്.. അത് മനസിലാക്കാൻ എനിക്ക് ഒരുപാട് സമയം എടുത്തു.. അവന്റെ കുമ്പസാരം…
അപ്പോൾ ആ പെൺകുട്ടി എവിടെ എന്ന അവളുടെ ചോദ്യത്തിന് അത് മറക്കൂ എന്നായിരുന്നു അവന്റെ മറുപടി.. ശരിതെറ്റുകൾക്കിടയിലൂടെ ഒരു യാത്ര..
ഒരു നുള്ളു സിന്ദൂരം കൊണ്ട് എന്റെ നെറ്റിയിൽ നിന്റെ വിരൽതുമ്പിനോളം ചെറിയ വലിയൊരു ലോകം നീ തീർക്കുന്നതും കാത്തു ഞാൻ ഇരുന്നു.. അന്നോളം നീ വന്നില്ല.. ഇന്ന് നീ ഒറ്റപ്പെട്ടു പോയപ്പോൾ എന്നെ ഓർത്തതിന് ഒരുപാട് നന്ദി.. ഈ വിജനമായ വഴിയിൽ ഞാൻ ഉണ്ടാകും എന്ന് നീ ഓർത്തല്ലോ.. നീ ഉണ്ടാവും എന്നു അറിഞ്ഞിട്ടല്ല ഞാൻ ഈ ഭൂമിയിൽ ജനിച്ചത്! പക്ഷേ നീ ഇല്ലെന്നറിഞ്ഞപ്പോൾ എനിക്ക് ഈ ഭൂമി ഉപേക്ഷിക്കാൻ തോന്നി.. അവസാനം ഒരു അപരിചിതയെപോലെ ഞാൻ ഒറ്റപ്പെട്ടു പോയി.. ഇന്ന് ഞാൻ ആഗ്രഹിച്ചപോലെ നീ എന്റെ മുൻപിൽ നിൽക്കുമ്പോൾ എന്റെ മനസിലേക്ക് വരുന്നത് പണ്ടെപ്പോഴോ ഞാൻ വായിച്ച വരികളാണ്.
”പെണ്ണെ… ഒരു പക്ഷേ അവൻ നിന്റെ സ്വന്തമാവും.. സ്വന്തമായാൽ പ്രണയത്തിന്റെ തീവ്രത കുറഞ്ഞു പോയേക്കാം… മനസ്സുകൊണ്ടും ശരീരംകൊണ്ടും അവൻ നിന്നെ വേദനിപ്പിച്ചേക്കാം… ദേഷ്യപ്പെട്ടേക്കാം.. മറിച്ച് സ്വന്തമായില്ലെങ്കിലോ ജീവിതകാലം മുഴുവൻ ഇരട്ടി തീവ്രതയോടെ അവൻ നിന്നെ സ്നേഹിക്കും… മരിക്കുവോളം നിന്റെ സുഖത്തിനും സമാധാനത്തിനുമായി പ്രാർത്ഥിക്കും… നിനക്കു തീരുമാനിക്കാം.. ഏതു വേണമെന്ന്…”
ഒരു മനുഷ്യായുസ്സു മുഴുവനും അവന്റെ മനസിന്റെ നീറുന്ന ഓർമയായി സ്നേഹമായി കണ്ണീരായി ജീവിക്കുവാൻ നിഹാരിക തീരുമാനിച്ചു. മനസിന്റെ ഭാരം ഇറക്കി വച്ച് അവൾ യാത്ര തുടർന്നു..പണ്ട് അവനോട് പിണങ്ങുമ്പോൾ പാടാറുള്ള പാട്ടു കേട്ട്
…….പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലി..കുഞ്ഞോളെ…..
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.