അന്ന് പതിവിലും നേരത്തെ പോകുവാൻ സാധിക്കുമെന്നു കരുതിയാണ് രാവിലെ തന്നെ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്തു തീർത്തത്..
പഴയപോലെ തുടർച്ചയായി നിൽക്കാൻ സാധിക്കുന്നില്ല, ആ… പ്രായമായി വരികയല്ലേ...
"സിസ്റ്റർ, ഞാൻ ഓൺകോളജി വാർഡിലെ ഡോക്ടർ സൈമണുമായി സംസാരിച്ചിട്ടുണ്ട്, എബിജി നോക്കിയിട്ട് അദ്ദേഹം പേഷ്യന്റിനെ ഷിഫ്റ്റ് ചെയ്യും, ഞാൻ ഡ്യൂട്ടി റൂമിൽ ഉണ്ടാകും"
അഞ്ചു നിമിഷം മുൻപാണ് ക്യാൻസർ രോഗവിദഗ്ധൻ ഡോക്ടർ സൈമൺ തന്നെ ഐസിയുവിലേക്കു വിളിച്ച് ആ സ്ത്രീയുടെ കാര്യം സൂചിപ്പിച്ചത്. മാരക രോഗം മജ്ജയിൽ ബാധിച്ച ആ സ്ത്രീ മരണത്തോട് അടുത്തിരിക്കുന്നു. സിരകളിലെ രക്തത്തിന്റെ പരിശോധനക്ക് ശേഷമേ യന്ത്രങ്ങളാൽ ജീവനെ നിലനിർത്താൻ സാധിക്കുമോ എന്നു തീരുമാനിക്കേണ്ടതുള്ളു.
ഒരു ഐസിയു ഡോക്ടർ ആകുമ്പോൾ നേരത്തും കാലത്തും പോകാൻ പറ്റില്ല എന്ന് അറിയാഞ്ഞിട്ടല്ല, ഇന്ന് ശനിയാഴ്ച ആണ്, മോൾ വിളിക്കുന്ന ദിവസം. ഭർത്താവും ഒത്തു വിദേശത്തേക്ക് പോകുമ്പോൾ അമ്മയില്ലാതെ വളർന്ന മോളുടെ കണ്ണ് നിറഞ്ഞിരുന്നില്ല, മരുന്നിന്റെ മണം മുതൽ മരണത്തിന്റെ മണം വരെ അനുഭവിച്ചിട്ടുള്ള ഡോക്ടർ ഹരീന്ദ്രവർമ എന്ന തന്റെയും.
ഡ്യൂട്ടി റൂമിലെ തണുത്ത ഇരിപ്പിടത്തിൽ ഇരുന്നു വരാൻ പോകുന്ന രോഗിയുടെ മുൻകാല പരിശോധനാഫലങ്ങൾ മറിച്ചു നോക്കുമ്പോൾ ഒരു മാസം മുന്നേ കണ്ട ആ സ്ത്രീയുടെ മുഖം മനസ്സിലേക്ക് കടന്നു വന്നു.
അന്ന് ഡോക്ടർ സൈമണിന്റെ ഒരു രോഗിയുടെ ശ്വാസകോശ സംബന്ധമായ പരിശോധനയ്ക്കു വേണ്ടി ആയിരുന്നു വാർഡിൽ പോയത്, പതിമൂന്നാം നമ്പർ കട്ടിലിലെ മെലിഞ്ഞു ഉണങ്ങിയ സ്ത്രീ, അവരുടെ കണ്ണുകളിലും കൺപോളകളിലും കഷ്ടപ്പാടുകളുടെ നേർചിത്രം വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു.
എന്നാൽ ഒരു ഭിഷഗ്വരന് പലപ്പോളും രോഗങ്ങളെയെ ചികിത്സിക്കാൻ സാധിക്കാറുള്ളു, രോഗിയുടെ ശരീരത്തെയും. ആ സ്ത്രീയോടൊപ്പം കട്ടിലിൽ ഒരു നീല കണ്ണുള്ള അഴുക്കു പുരണ്ട കുപ്പായമുള്ള ഒരു പാവ കൂടി ഉണ്ടായിരുന്നു. ആശുപത്രി ശുചിത്വം പ്രഥമ പരിഗണന നൽകി പരിപാലിക്കാറുള്ള താൻ അന്ന് നഴ്സുമാരോട് കയർത്തത് സ്വാഭാവികം ആയിരുന്നു,. ശരീരത്തിന്റെ പ്രതിരോധ ശക്തിയെ അടിച്ചമർത്തുന്ന ജീവൻരക്ഷ മരുന്നുകൾ നൽകിക്കൊണ്ടിരിക്കുന്ന ആ സ്ത്രീയുടെ ശരീരത്തിൽ ഒരു അണുബാധയ്ക്കു കരണമാവാൻ അത് മതിയാകും.
തന്റെ ഉറക്കെയുള്ള സംസാരത്തിനിടയിൽ കുട്ടിയുടുപ്പിട്ട, അഞ്ചു വയസ്സ് തോന്നുന്ന ഒരു പെൺകുട്ടി ഭയം നിറഞ്ഞ കണ്ണുകളുമായി വന്നു. ആ പാവയുമായി പുറത്തേക്കു നടന്നു. അവളുടെ ഇടം കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരുപിടി മുഷിഞ്ഞ പത്തു രൂപ നോട്ടുകളും ഉണ്ടായിരുന്നു.
അന്ന് മുഴുവനും തിരക്കായിരുന്നു, ഐസിയുവിലെ തണുപ്പുള്ള അന്തരീക്ഷത്തിൽ ജീവൻ രക്ഷായന്ത്രങ്ങളിലേക്കു രോഗികളെ നീളമുള്ള കുഴലുകളുമായി ബന്ധിപ്പിക്കുമ്പോൾ രോഗവും രോഗിയും പോലും യന്ത്രങ്ങൾ തന്നെ ആണോ എന്ന് തോന്നി.
നീണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ ആ കുട്ടി ആരോ കൊടുത്ത ഒരു നേന്ത്രപ്പഴവും കഴിച്ചുകൊണ്ടു വരാന്തയിലെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്നു. തന്നെ കണ്ടതും ആ കുട്ടി കക്ഷത്തിൽ ചേർത്തു പിടിച്ചിരുന്ന ആ പാവക്കുട്ടിയെ പേടിയോടെ പിന്നിലേക്ക് മാറ്റിപ്പിടിച്ചു,
മനസിന്റെ കോണിൽ തന്റെ മോളുടെ കുട്ടികാലം കടന്നു വന്നു, അമ്മയോടൊപ്പം കിടക്കേണ്ട പ്രായത്തിൽ തന്റെ നെഞ്ചിലെ ചൂട് മാത്രം ലഭിക്കാൻ വിധിക്കപ്പെട്ട മോളുടെ കുട്ടികാലം, ആ ഓർമകൾ ആവാം എന്നെ ആ കുട്ടിയുടെ മുന്നിൽ നിശ്ചലമാക്കിയത്.
"മോളുടെ കൂടെ ആരാ ഉള്ളത്?" ഞാൻ ചോദിച്ചു,
"അമ്മ" പേടിയോടെ അവൾ മറുപടി പറഞ്ഞു.
" അമ്മ എവിടെ ?" അവൾ അടച്ചിട്ട ക്യാൻസർ വാർഡിന്റെ ചില്ലു വാതിലിനു നേരെ കൈ ചൂണ്ടി.
" മോളുടെ അച്ഛനോ ?"
" സ്വർഗത്തിൽ പോയ് " കൂടുതൽ ചിന്തിക്കാതെ അവൾ പറഞ്ഞു.
മനസ്സിൽ ഒരു ചെറിയ നോവ് തോന്നിയപ്പോൾ അവളുടെ പേടി മാറ്റുവാൻ ഒരു ചെറു ചിരിയോടെ ഞാൻ ചോദിച്ചു "മോളുടെ പാവക്കുട്ടിയെ അങ്കിളിനു തരുമോ ? "
നിഷേധാത്മകമായി കണ്ണുകളടച്ചു കാണിച്ച അവൾ പറഞ്ഞു.
"അമ്മയും സ്വർഗത്തിൽ പോവാന്ന് പറഞ്ഞു അപ്പൊ മിനിക്കുട്ടീടെ സമ്മാനം ആയി അച്ഛന് കൊടുത്തു വിടാൻ ആണ് ഇത് "
എന്ത് പറയണം എന്നറിയാതെ ആ കുട്ടിയുടെ മുടിയിൽ തലോടി കൊണ്ട് അഞ്ഞൂറിന്റെ ഒരു നോട്ട് അവൾക്കു നേരെ നീട്ടി. അവൾ അതു വാങ്ങാതെ തന്റെ കൊച്ചു കൈകളിൽ ചുരുട്ടി പിടിച്ച മുഷിഞ്ഞ പത്തു രൂപ നോട്ടുകൾ കൈ തുറന്ന് കാട്ടി.
" അമ്മ സ്വർഗ്ഗത്തിൽ പോയി വരുംവരെ എനിച്ചു പാപ്പം തിന്നാൻ കാശ് ഉണ്ട് " അവൾ പറഞ്ഞു.
എന്റെ കയ്യിലെ അഞ്ഞൂറിന്റെ ആ നോട്ടിനെക്കാൾ നൂറു മടങ്ങു വിലയുണ്ട്, ആ മുഷിഞ്ഞ പത്തു രൂപ നോട്ടുകൾക്കെന്നു എനിക്കു മനസ്സിലായി.
" ഡോക്ടർ, പേഷ്യന്റിനെ ഷിഫ്റ്റ് ചെയ്തിട്ടുണ്ട്, എബിജി റിസൾട്ട് വളരെ മോശമാണ്, വെന്റിലേറ്റർ റെഡി ആക്കിയിട്ടുണ്ട് "
നേഴ്സിന്റെ വാക്കുകൾ എന്നെ ഓർമകളിൽ നിന്നു ഉണർത്തി.
ഐസിയുവിലേക്കു ഓടുമ്പോൾ പുറത്തുള്ള ബെഞ്ചിൽ നീലക്കണ്ണുള്ള പാവയെയും ചേർത്തു പിടിച്ചു അവൾ ഇരിപ്പുണ്ടായിരുന്നു.
യന്ത്രങ്ങളിൽ നിന്നുള്ള നീളമേറിയ കുഴലുകൾക്കോ, ഉരുണ്ട കുപ്പികളിൽ നിന്നും രക്തക്കുഴലുകളിലൂടെ കടന്നു പോകുന്ന മരുന്നുകൾക്കോ,
ആ അമ്മയുടെ അസ്ഥികൾ തെളിഞ്ഞ നെഞ്ചിൽ ആഞ്ഞമർത്തി ഹൃദയത്തെ ഉണർത്താൻ ശ്രമിച്ച എന്റെ കൈകൾക്കോ അവരുടെ ആത്മാവിനെ ഭൂമിയിൽ പിടിച്ചു നിർത്താൻ സാധിച്ചില്ല.
കൈകൾ കഴുകി തുടച്ച് എന്നത്തേയും പോലെ മരണപത്രം തയ്യാറാക്കാൻ കടലാസു കെട്ടുകളുമായി ഇരുന്നു. ആവശ്യമായ എഴുത്തു കുത്തുകൾ തീർത്തതിന് ശേഷം ഡ്യൂട്ടി റൂമിലേക്ക് നടന്ന എന്റെ കണ്ണുകൾ ആ പാവക്കുട്ടിയെയും അവളെയും തിരഞ്ഞു. ഇടനാഴിലെ ഇരിപ്പിടങ്ങളെല്ലാം ഒഴിഞ്ഞു കിടന്നിരുന്നു.
കംമ്പ്യൂട്ടർ അടങ്ങിയബാഗും വണ്ടിയുടെ ചാവിയുമായി നീണ്ട ഇടനാഴിയിലൂടെ നടന്നപ്പോൾ പതിഞ്ഞ ഒരു പിൻവിളി കേട്ടു
"അങ്കിൾ "
തിരിഞ്ഞു നോക്കിയ എന്റെ മുന്നിൽ കണ്ണു നീരിൽ കുതിർന്ന മുഷിഞ്ഞ ഉടുപ്പുമായി നിന്ന അവളുടെ ഒക്കത്തു അപ്പോൾ നീല കണ്ണുള്ള ആ പാവക്കുട്ടി ഇല്ലായിരുന്നു.
ആ കൊച്ചു വലം കയ്യിൽ ചുരുട്ടിപ്പിടിച്ച മുഷിഞ്ഞ പത്തു രൂപ നോട്ടുകൾ എന്റെ നേരെ നീട്ടിയ അവൾ ഒട്ടിയവയറിൽ മറുകൈ ചേർത്തു പിടിച്ചു. അവളുടെ മുന്നിൽ മുട്ട് കുത്തി നിന്നു ആ കൈകൾ ചേർത്തു പിടിച്ചു ഡോക്ടർ ഹരീന്ദ്ര വർമ എന്ന ഞാൻ ആദ്യമായി പൊട്ടി കരഞ്ഞു.
തളർന്നു ഉറങ്ങാൻ തുടങ്ങിയ അവളെ നെഞ്ചോടു ചേർത്തുകൊണ്ടു വീട്ടിലേക്കുള്ള വഴിയേ അയാൾ കാറോടിച്ചു പോയി.
അപ്പോളും ഒരുപിടി മുഷിഞ്ഞ നോട്ടുകൾ ആശുപത്രി വരാന്തയിൽ ചിതറി കിടപ്പുണ്ടായിരുന്നു.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.