ഉണർന്നിട്ടു നേരം കുറെ ആയി.. എഴുന്നേൽക്കാൻ മടിയോടെ അനു വീണ്ടും തലേ രാത്രിയിലെ സ്വപ്നത്തെ കൂട്ടുവിളിച്ചു... മറക്കാൻ കഴിയുന്നില്ല... കണ്ണു ചിമ്മാതെ തന്നെ നോക്കി കിടക്കുന്ന കുരുന്ന്. ചുണ്ടുകളിൽ ഇറക്കാത്ത പാൽ തുള്ളികൾ. കുഞ്ഞു വായിലേക്ക് പാൽതുള്ളികൾ ഇറ്റിച്ചപ്പോൾ കൈകാലുകൾ ഇളക്കി അവൻ ചിരിച്ചു. അറിയാതെ അനുവിന്റെ ചുണ്ടിൽ ഒരു ചെറു ചിരിമൊട്ടിട്ടു. ആ ഓർമയിൽ പോലും ചുരത്തുന്നു മാറിടം. അറിയാതെ വലതു കൈ ഇടതു മാറിലേക്ക് നീണ്ടു. ശക്തമായ ഒരു ഞടുക്കം നെഞ്ചിനുള്ളിൻ!!! ശൂന്യമായ മാറിൽ കൈ പരതുമ്പോൾ ചുണ്ടിൽ അൽപം മുൻപ് മൊട്ടിട്ട പുഞ്ചിരി വിരിയാതെ വിറങ്ങലിച്ചു. ഓർമയിൽ കഴിഞ്ഞ രാത്രിയിലെ സ്വപ്നത്തിന്റെ പ്രകാശത്തിനു മുകളിലേക്ക് വീണ കരിമ്പടം.
കറുത്ത കരിമ്പടം... അല്ല... കറുത്ത ഞണ്ടുകൾ... അവയുടെ കൂട്ടം ഒരു കരിമ്പടം പോലെ തന്നെ പൊതിയുന്നു. അവ പതിയെ കാലുകൾ മുറുക്കുകയാണ്. തൊണ്ടയിൽ ഒരു തിക്കുമുട്ടൽ. കഴിഞ്ഞ കുറെ മാസങ്ങൾ... കടന്നു പോയ പരീക്ഷണങ്ങൾ... എന്താണ് കരച്ചിലു വരുന്നുണ്ടോ തനിക്ക്... ഇല്ല... ഒക്കെ കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ തന്നെ കരച്ചിലിനു എന്ത് അർത്ഥം. നെഞ്ചിനുള്ളിലെ തിക്കുമുട്ടൽ അൽപം കുറയ്ക്കാം എന്നല്ലാതെ നഷ്ടപ്പെട്ടതൊന്നും തിരികെ കിട്ടില്ലല്ലോ. ചുടു നിശ്വാസങ്ങൾക്കും കരച്ചിലിനും ഒന്നും ഇനി എന്റെ ജീവിതത്തിൽ സ്ഥാനമില്ല. ബന്ധുക്കളുടെയും കൂട്ടുകാരുടേയും ശബ്ദം ചുറ്റും മുഴങ്ങുകയാണ്... "ഒന്നുസമ്മതിക്കണം, അനുവിനെ എന്ത് ധൈര്യമാണ്. ഞാൻ വല്ലതുമായിരുന്നെങ്കിൽ കേട്ടപ്പോഴേ വീണു പോയേനേ".
ഒരു നിമിഷം അനു തിരഞ്ഞു, തന്നിലെ ധൈര്യം... ശരിയാണോ താൻ ധൈര്യശാലി ആണോ അല്ല ഒട്ടും അല്ല. വേദനയിൽ നിലവിളിക്കുന്ന ഭയക്കുന്ന വെറും സാധാരണക്കാരി. പിന്നെ എന്തായിരുന്നു ആ വികാരം. മറ്റൊന്നും ഒന്നും ചെയ്യാൻ കഴിയാതെ വരുമ്പോൾ അല്ലെങ്കിൽ നിസഹായതയിൽ പകച്ചു പോകുമ്പോൾ ഉണ്ടാകുന്ന നിസംഗത. അതിനു ധൈര്യമെന്ന് മറുപേരുണ്ടോ അറിഞ്ഞുകൂടാ.
*** *** ***
അതിവേദനയുടെ അവസ്ഥയിൽ അലറി കരഞ്ഞിരുന്നു. അത് ധൈര്യമില്ലായ്മ ആയിരുന്നോ ആയിരിക്കാം ചിലപ്പോൾ അല്ലായിരിക്കാം. അതും അറിഞ്ഞുകൂടാ.
തണുപ്പ് നിറഞ്ഞ കാത്തിരിപ്പു മുറികളിൽ കീമോകളുടെ ഊഴം കാത്ത് ഇരിക്കുമ്പോൾ കടന്നു വരുന്നവരുടെ മുഖങ്ങളിൽ അല്ലായിരുന്നു തന്റെ കണ്ണുകൾ ആദ്യം എത്തുക ... വലതോ അതോ ഇടതോ... അതോ രണ്ടുമോ... പതിയെ കണ്ണുകൾ മുഖത്തേക്ക്... പരിചിത മുഖങ്ങൾ... പുതിയ മുഖങ്ങൾ... ചിലരുടെ കണ്ണുകളിൽ ഭയം, ചിലർക്ക് സങ്കടം, ഉത്കണ്ഠ, ചിലരിൽ നിസംഗത, മറ്റു ചിലരിൽ ആകട്ടെ എല്ലാം തകർന്ന ഭാവം. കൂടുതലും ഇത്തരം വികാരങ്ങൾ ഏഷ്യൻരാജ്യക്കാരുടെ മുഖങ്ങളിൽ ആണ് കാണുന്നതും. കൂടുതലും അറബി വീടുകളിൽ ജോലിക്കായി വന്നവരാണ്. പാവങ്ങൾ അവരുടെ മുഖങ്ങൾ കാണുമ്പോൾ നെഞ്ചുനീറും. അറബികൾ വ്യത്യസ്തരാണ്. അവർ പലപ്പോഴും തമാശ പറയുകയും ഉച്ചത്തിൽ ചിരിക്കയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. രോഗവും ആഘോഷമാക്കുന്നവർ. ഒരു തരത്തിൽ അവരുടെ ചിന്തകളാണ് ശരി. ഏതായാലും രോഗം അറിഞ്ഞു. ഇനിയും ബാക്കി ഉള്ള നാളുകൾ ആഘോഷമാക്കുക. അതെ അതുതന്നെയല്ലെ വേണ്ടതും. കരഞ്ഞിരിക്കുന്നതിലെന്തർത്ഥം... ഭൂമിയിൽ ജന്മം കിട്ടിയാൽ ഒരു മരണം അനിവാര്യത ആണ്. അത് സ്വീകരിച്ചേ മതിയാവൂ
ഒരിക്കൽ രോഗമറിഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ച ഒരു സുഹൃത്തിനോട് പറയുക ഉണ്ടായി ഏതായാലും കാൻസർ ആയതു നന്നായി. പെട്ടന്ന് തീരില്ലല്ലോ. കടമയൊക്കെ ചെയ്തു തീർക്കാൻ സമയമുണ്ട്. അപകടമോ ഹാർട്ട് അറ്റാക്ക് വല്ലതുമോ ആണെങ്കിൽ ഒന്നും ചെയ്തു തീർക്കാതെ ഓർക്കാപ്പുറത്ത് പോകേണ്ടി വന്നേനേ... സുഹൃത്തിനോടൊപ്പം ചിരിക്കുമ്പോൾ ഉള്ളിൽ തേങ്ങുകയായിരുന്നു... ദൈവത്തോട് കേഴുകയായിരുന്നു ആയുസ്സ് മുറിഞ്ഞു പോകരുതേ എന്ന്.
ഓരോ കീമോയും കഴിയുമ്പോഴും, ഓരോ റേഡിയേഷനും കഴിയുമ്പോഴും വിരലുകൾ കണക്കു കൂട്ടി... ഇനിയും എത്ര ബാക്കി... ചുറ്റും ഇരിക്കുന്ന മുഖങ്ങളിലും കാണാം ഓരോ ദിവസവും കഴിഞ്ഞു കിട്ടുന്നതിന്റെ ആശ്വാസം.
*** *** ***
“ഷുനു മുഷ്കിൽ" ആരോ തോളിൽ തട്ടി ചോദിച്ചു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് കണ്ണുകളിൽ ഭയം നിറഞ്ഞ വെളുത്തു തുടുത്ത നേപ്പാളി സുന്ദരി. ഏതോ അറബി വീട്ടിലെ വേലക്കാരി ആണ്.
അറിയാവുന്ന അറബിയിൽ പറഞ്ഞു ബ്രസ്റ്റ് ക്യാൻസർ ആണെന്ന്. ഇന്ത്യക്കാരിയാണെന്ന് മനസ്സിലായപ്പോൾ പിന്നെ സംസാരം ഹിന്ദിയിലായി. അവൾക്കും ക്യാൻസർ ആണ്. പേര് "ഭഗോതി" നാട്ടിൽ നിന്നും വന്നിട്ട് വെറും ആറു മാസമേ ആയിട്ടുള്ളു... പാവം കിടപ്പിലായ ഭർത്താവിനെക്കുറിച്ചും പറക്കമുറ്റാത്ത കുഞ്ഞുങ്ങളെക്കുറിച്ചും പറഞ്ഞപ്പോൾ കണ്ണുകളിൽ തുളുമ്പി വീഴുന്ന വേദന. സാരമില്ല, എല്ലാം ശരിയാകും.
പറയുമ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു... ദൈവമേ ദയ കാട്ടണേ... അടുത്ത കസേരയിൽ ശാന്തി. ശ്രീലങ്കനാണ് അതിനപ്പുറത്ത് മാർഗരറ്റ്, ഗോവൻ. പിന്നെ ഫരിയാൽ, സിറിയൻ. അതുകഴിഞ്ഞ് മറിയം, ഈജിപ്ത്യൻ. അങ്ങനെയങ്ങനെ ഒറ്റ മുലച്ചികളുടെ, അല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കണ്ണകിമാരുടെ കൂട്ടം.
ചിലപ്പതികാരത്തിലെ കോവാലന്റെ കണ്ണകി അല്ലിത്, മധുരയെ ചുട്ടുകരിക്കാൻ കണ്ണുകളിൽ അഗ്നിയോടെ പ്രതികാര ദാഹത്തോടെ മാറിടം പറിച്ചെറിഞ്ഞ കണ്ണകി അല്ല.... നിസ്സഹായതയും നിസ്സംഗതയും ഭയവും ദൈന്യതയും കണ്ണുകളിൽ നിറച്ച കണ്ണകിമാർ.... ഉടലുമുഴുവൻ വെന്തു വെണ്ണീറാവാതിരിക്കാൻ വേദനയോടെ മാറിടം പറിച്ചെറിഞ്ഞ കണ്ണകിമാർ. അവരുടെ നെടുവീർപ്പുകൾ, തേങ്ങലുകൾ... മനുഷ്യന്റെ സ്വാർത്ഥലാഭത്തിന്റെ മായം നിറഞ്ഞ ഭക്ഷണത്തിന്റെ ഇരകൾ... പുതിയ നൂറ്റാണ്ടിന്റെ കണ്ണകിമാർ... ക്ലോക്കിന്റെ ശബ്ദം ചിന്തയെ ഉണർത്തി... നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് ക്ലോക്കിലേക്ക് നോക്കി, ആറുമണി.
ഭർത്താവിന്റെയും മകന്റെയും മുറിയിൽ നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ല. അവർ എഴുന്നേറ്റിട്ടുണ്ടാവില്ലേ ഇതുവരെയും... ഓ.. ഇന്ന് വാരാന്ത്യ അവധി ദിവസം ആണല്ലോ... അവർ എഴുന്നേൽക്കാൻ വൈകും. തനിക്ക് കുറേനാളായി വാരാദ്യവും അന്ത്യവും എല്ലാം ഒരുപോലെ... ഉറക്കം പിണങ്ങി മാറുന്ന രാവുകളും മയങ്ങുന്ന പ്രഭാതങ്ങളും... ഇന്നെന്തോ പ്രഭാത മയക്കം കൂട്ടുവന്നില്ല. പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു പഴയ ഓർമ്മയിൽ മുടി വാരിക്കെട്ടാൻ കൈ ഉയർത്തി... ശൂന്യമായ തലയിലൂടെ വിരലോടിച്ചു... പഴയ ആൽബത്തിലെ ഫോട്ടോ കണ്ട് മോൻ ഇന്നലെ ചോദിച്ചു
*** *** ***
..അയ്യോ അമ്മക്ക് ഇത്രയും മുടി ഉണ്ടായിരുന്നോ... ഉണ്ടായിരുന്നു പണ്ട്... ഇടതൂർന്ന നീളമുള്ള മുടിയിൽ അഹങ്കരിച്ചിരുന്ന പഴയ നാളുകൾ... അത് ഇവിടെ അറബി നാട്ടിൽ വന്നപ്പോഴേ കുറെ പോയിരുന്നു.... അതുകൊണ്ട് കീമോ ചെയ്തു പൊഴിഞ്ഞു പോയപ്പോൾ അത്ര സങ്കടം
തോന്നിയില്ല. എല്ലാം ഇത്രയേ ഉള്ളൂ... മനുഷ്യന് അഹങ്കരിക്കാൻ ഒന്നുമില്ല ഭൂമിയിൽ...
പ്രഭാതമായിട്ടും ഇരുട്ട് മാറുവാൻ മടിച്ചു നിൽക്കുന്ന മുറി... തന്റെ ജീവിതവും ഇതുപോലെ ആണോ? ഇരുട്ട് മാറാതെ... വെളിച്ചമില്ലേ എങ്ങും? അല്ല ചാരിയിട്ട കതകിന്റെ ഇത്തിരി പോന്ന വിടവിലൂടെ വെളിച്ചത്തിന്റെ നേർത്തൊരു കീറ് അരിച്ചു വരുന്നു. പതിയെ കതകുപാളികൾ മലർക്കെ തുറന്ന് പ്രഭാതത്തിന്റെ നിറഞ്ഞ പ്രഭയിലേക്ക് നോക്കിയപ്പോൾ വെളിച്ചത്തിന്റെ കിരണങ്ങൾ തന്റെ ഉള്ളിലേക്കും നിറയുന്നതറിയുകയായിരുന്നു. തന്റെ മുൻപിൽ നീണ്ടു കിടക്കുന്ന പ്രഭാതങ്ങളിലേക്ക് ആശ്വാസത്തോടെ കാലെടുത്തുവെച്ചു അനു...
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.