ഇന്നെനിക്കൊന്നും ചെയ്യാനില്ല. തണുത്തുറഞ്ഞൊരു ദിവസമാണ്.
ഫെയ്സ്‌ബുക്കിൽ ഒന്ന് കേറിയേക്കാം.
വെറുതെ മൊബൈലിൽ കുത്തികുത്തിയിരുന്നപ്പോൾ ഫ്രണ്ട്സ് ലിസ്റ്റൊന്നു നോക്കി. ആയിരത്തിനുമുകളിലായി. അതിൽ എഴുനൂറ്റമ്പതോളംപേർ സ്ലീപ്പിങ് ഫ്രണ്ട്സ് ആണ്. ഒരാവേശത്തിനു കേറി ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് പിന്നീട് ഉറക്കം തൂങ്ങുന്നവർ, മുറ്റത്തു രണ്ടാനയെ വാങ്ങി കെട്ടിയിരിക്കുന്ന പോലെ ഫ്രണ്ട്സിന്റെ എണ്ണത്തിൽ അഭിമാനിക്കുന്നവർ, ഒരു ലൈക് അടിച്ചാൽ ചാരിത്യ്രം നശിക്കുമെന്ന് വിശ്വസിക്കുന്ന- എല്ലാം നിശബ്ദമായി കാണുന്നവർ... അങ്ങിനെ ക്ഷുദ്രജീവികളും, പകൽമാന്യരും എല്ലാം അടക്കിവാഴുന്നൊരു ലോകത്താണ് എന്റെ ഈ സ്ലീപ്പിങ് ഫ്രണ്ട്സ്.
കുറേപേരെയങ്ങ് അൺഫ്രണ്ട് ചെയ്താലോ? എന്തിനാ അധികം? നല്ല ഫ്രണ്ട്സ് കുറച്ചുപോരേ?
എ-മുതൽ ഓരോരുത്തരായി... അങ്ങിനെ ജെ- യിലെത്തി.
ജാസ്മിൻ ജോസഫ്... കഴിഞ്ഞ എട്ടുമാസമായി ഫെയ്സ്ബുക്കിൽ ആക്ടീവല്ല!
ചിരിക്കുക മാത്രം ചെയ്യുന്ന അവളുടെ മുഖത്ത് നിറയുന്ന ഉന്മേഷത്തിന്റെ അളവെത്രയാണ്? മോണോലിസയെപ്പോലെ നീയും നിഗൂഢതകൾ കണ്ണുകളിൽ ഒളിപ്പിച്ചിരിക്കുകയാണോ ജാസ്മിൻ ജോസഫ്?
അവൾ ഒരിക്കൽ എന്റെ സുഹൃത്തായിരുന്നു. എന്നാൽ ഇന്നവൾ ഇവിടെ ഇല്ല. ഇനി ഒരിക്കലും ഇതിൽ വരികയുമില്ല. നിർജീവം... നിശബ്ദം... നിശ്ചലം.
ഞാൻ അവളുടെ പ്രൊഫൈലിൽ തൊട്ടു. ചിരിച്ചിത്രങ്ങൾ എന്റെ കണ്ണുകളിൽ ആഴത്തിൽ മുറിവേൽപ്പിച്ച് വിരലിനടിയിൽ തെന്നിമാറി. ഭർത്താവും കുട്ടികളുമൊത്ത് പാർക്കിലും, പള്ളിയിലും, നാടിന്റെ ഹരിതാഭയിലും പുഞ്ചിരിതൂകി, പുഞ്ചരിതൂകി അവസാനം സ്വന്തം വീടിന്റെ മുൻപിൽ വെയിലത്ത് പറിച്ചുനടപ്പെട്ടൊരു ചെടിപോലെ വാടിത്തളർന്നവൾ നിൽക്കുന്നു.
ജാസ്മിൻ... എന്റെ കൊച്ചേ .... നിന്റെ ഓരോചിരിക്കുള്ളിലും ഒളിഞ്ഞിരിക്കുന്നത് കള്ളനെപ്പോലെ പാത്തിരുന്ന മൃത്യുവിന്റെ ചിലമ്പൊലിയായിരുന്നല്ലോ. മണ്ണിലേക്ക് നിന്നെ വലിച്ചെടുത്ത് ഗ്രാനൈറ്റിൽ തീർത്ത കറുത്തഫലകത്തിലെ വെളുത്ത അക്ഷരക്കൂട്ടങ്ങളായി നിന്റെ ജനനവും മരണവും കുത്തിക്കിഴിച്ചുവച്ച് നിനക്ക് മാത്രം നിത്യശാന്തികുറിച്ച് കടന്നുപോയ വിധി!
ഓർമകളെ, പറയൂ ഞാൻ നിങ്ങളെ എങ്ങിനെ ചവിട്ടി പുറത്താക്കും ?
കുഞ്ഞുങ്ങളെ ആലിംഗനം ചെയ്തുനിൽക്കുന്ന ജാസ്മിൻ കൊച്ചേ ... ഞങ്ങൾ എല്ലാവരെയുംകാൾ മുൻപേ മരണം നിന്നെ ആലിംഗനം ചെയ്തല്ലോടീ.
പൂർത്തിയാക്കാത്ത ഒരു ചിത്രം പോലെ എവിടെയോ, എന്തൊക്കെയോ ബാക്കിനിർത്തി നീ മാഞ്ഞുപോയി. ചന്ദ്രികയെ വിഴുങ്ങുന്ന കാർമേഘക്കൂട്ടങ്ങൾ പോലെ നിന്റെ പ്രിയപ്പെട്ടവരിലൊക്കെ കറുത്തവാവ് സമ്മാനിച്ച് നീ മറഞ്ഞുപോയി.
അൺഫ്രണ്ട് ജാസ്മിൻ?
എന്നെ നോക്കി ഫെയ്സ്ബുക് ഒരു ചോദ്യം ചോദിക്കുകയാണ്. അപ്പോൾ എന്റെ വിരൽത്തുമ്പിൽ ഒത്തിരിയൊത്തിരി തണുപ്പുറഞ്ഞുകൂടി. നിന്റെ ചിരിക്കുന്ന മുഖത്തുനോക്കി നിന്നെ ഞാൻ എങ്ങിനെ അൺഫ്രണ്ടാക്കുമെടീ?
നീയിനി വരില്ല. ഒരിക്കലും. എങ്കിലും.....???
നിന്നെ അൺഫ്രണ്ട് ആക്കിയശേഷം എപ്പോഴെങ്കിലും വീണ്ടും നിനക്കൊരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചാൽ അത് അക്സപ്റ്റ് ചെയ്യാൻ കഴിയാതെ നിന്റെ കുഴിമാടത്തിനുമീതെ കാറ്റും, വെയിലും, മഴയുമേറ്റ് ഉയർന്നുനിൽക്കുന്ന കുരിശുപോലെയാകരുതല്ലോ.
നിന്നെ ഞാൻ അൺഫ്രണ്ട് ആക്കില്ലടീ. ഒരിക്കലും.. ഒരിക്കലും.
എന്റെ തണുത്തുറഞ്ഞ വിരൽ നിശ്ചലം. അപ്പോൾ കണ്ണുകൾ അടയുകയായിരുന്നു. മേഘക്കൂട്ടങ്ങൾ ആഗതമാകുന്നു. അതിലെവിടെയോ നീ ഒളിഞ്ഞിരിപ്പുണ്ട്. പുഞ്ചിരിതൂകി. നിഗൂഢമായ ചിരിതൂകി.
അതെ, എല്ലാം ഇരുട്ടിൽ മറഞ്ഞുപോവുകയാണ്. നിന്റെ ലോകവും എന്റെ ലോകവും.
നിന്നോടൊപ്പം അസ്തമിച്ച പാസ്‍വേഡുമായി എന്റെ ഫെയ്സ്ബുക്കിൽ നീ കിടന്നോളൂ. ചിരിച്ചോളൂ. അവസാനം എത്തും വരേയ്ക്കും.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.