Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാത്രിയുടെ ഓർമ്മകൾ

love

ഇന്ന് പതിവിലും അധികം ഞാൻ കുടിച്ചിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്നു. അവൾ വീട്ടിൽ തനിച്ചാണ് എന്ന കാര്യം മദ്യത്തിന്റെ മയക്കത്തിൽ ഞാൻ മറന്നു. ടൗണിൽ നിന്നുള്ള ലാസ്റ്റ് ബസിൽ കയറി, സീറ്റ് കിട്ടിയതു കൊണ്ട് ഒന്നു മയങ്ങി പോയി.

ലാസ്റ്റ് സ്റ്റോപ്പ് എത്തിയപ്പോൾ ബസിലെ കിളിയാണ് എന്നെ ഉണർത്തിയത്. ഇറങ്ങേണ്ട സ്ഥലം കുറച്ചു മുന്നേ കഴിഞ്ഞു. എന്തായാലും നടക്കുക തന്നെ. 

അവളുടെ താൽപര്യം കൊണ്ടാണ് ടൗണിൽ നിന്ന് ഒരുപാട് ഉള്ളിലോട്ടുള്ള വീട്ടിൽ താമസിക്കുന്നത് ഇവിടെ ജീവിതം എല്ലാ അർഥത്തിലും കുറച്ചുകൂടി ലളിതമാണ്. നിഴലിനെ നടന്നു തോൽപ്പിക്കുന്നതിന് മുമ്പ് എന്റെ വീട് എത്തി. അവൾക്ക് ഒട്ടും ഇഷ്ടമല്ല ഞാൻ കുടിക്കുന്നത് ഭർത്താവിനു ഭാര്യയോടുള്ള സ്നേഹം കലർന്ന ഒരു പേടി ഉണ്ടല്ലോ അത് എനിക്കും ഉണ്ടായിരുന്നു. വാതിൽ മെല്ലെ തുറന്നു അകത്തു കയറി ലൈറ്റ് ഇട്ടു. 

അവളുടെ മുൻപിലാണ് പെട്ടത് അവൾ ഒന്നും പറഞ്ഞില്ല എപ്പോഴത്തെയും പോലെ എന്നെ നോക്കി ചിരിച്ചു. ഇന്ന് അവളുടെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയായിരുന്നു. കുടിച്ചത് അറിഞ്ഞ് അവൾ പിണങ്ങുമ്പോൾ എന്ത് പറയും എന്ന ചിന്തയായിരുന്നു മനസ്സു നിറയെ. അവളോട് ഒന്നും മിണ്ടാതെ ഞാൻ റൂമിലേക്ക് നടക്കുമ്പോൾ ചേട്ടൻ എവിടെ ആയിരുന്നു എന്ന ചോദ്യം കേട്ടതു പോലെ തോന്നി. തിരിഞ്ഞു നോക്കിയപ്പോൾ അത് വെറും ഒരു തോന്നൽ ആയിരിന്നു എന്ന് മനസ്സിലായി. അവൾ പിറന്നാളിന് സമ്മാനിച്ച ഷർട്ടിൽ മദ്യം പടർത്തിയതിന് എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി മദ്യത്തിന്റെ മണമാണ് ഇന്നെനിക്ക് ! 

കുറച്ച് അധികം കുടിച്ച കാര്യം അവളോടു പറഞ്ഞു. കുടിച്ചു കഴിഞ്ഞാൽ അത് അവളോട് പറയാതെ എനിക്ക് ഒരു സമാധാനം കിട്ടില്ല.

എന്റെ ഈ കുമ്പസാരം ആയിരുന്നു അവൾക്കും എനിക്കും ഇടയിൽ ഉണ്ടായ പിണക്കങ്ങൾക്ക് എപ്പോഴും കാരണം, അവളോട് മാത്രം ഒന്നും മറച്ചു പിടിക്കാൻ കഴിയില്ലായിരുന്നു. 

ഇല്ല ഇപ്പോൾ അവൾ എന്നോട് പിണങ്ങാറില്ല പരാതിയും പറയാറില്ല. ഇപ്പോൾ ചിരിക്കാറാണു പതിവ്. ഈ നിമിഷവും അവൾ എന്നെ നോക്കി ചിരിക്കുകയാണ്. ഞാൻ ആദ്യമായി വാങ്ങിയ ക്യാമറയിൽ എടുത്ത ഫോട്ടോയാണ്, അന്നു തന്നെ ഞാൻ ഫ്രെയിം ചെയ്തിരുന്നു ആ ഫോട്ടോ. ഇന്ന് ഇത് എനിക്ക് ഒരു കൂട്ടാണ് ഞാൻ ഇവിടെ ഒരിക്കലും തനിച്ചല്ല എന്റെ ശ്രീകുട്ടിയും അവളുടെ ഓർമ്മകളും ഇവിടെ ഇന്നും ബാക്കിയാണ്.

Malayalam Short StoriesMalayalam literature interviews,Malayalam Poems   

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.