Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോറിക്കാരന്റെ പ്രണയം

lorry

കോഴിക്കോട് നിന്നു പുറപ്പെട്ട ബസ്സ് ഇപ്പോൾ വയനാടിന്റെ മടിത്തട്ടിലൂടെ പ്രകൃതിയോട് കിന്നാരം പറഞ്ഞ് ഓടിക്കൊണ്ടിരിക്കുകയാണ്, മനസിന് കുളിരു പകരുന്ന പുറം കാഴ്ചകളിൽ ലയിച്ച് ഞാനൊന്ന് ഇളകിയിരുന്നു. വയനാടിനോട് ചേർന്നു കിടക്കുന്ന തമിഴ്നാട്ടിലെ ദേവാല എന്ന സ്ഥലത്തേക്കാണ് ഈ ബസ്സിന്റെ യാത്ര ഒരുപാടു നാളുകൾക്കു ശേഷമാണ് ഇപ്പോൾ അങ്ങോട്ടൊരു യാത്ര. ഒരു പക്ഷേ, വയനാടിനേക്കാൾ സുന്ദരിയാണോ ദേവാല എന്നു തോന്നും.

വർഷങ്ങൾക്കു മുമ്പാണ് ദേവാലയിലെ തേയില തോട്ടത്തിലേയ്ക്ക് കൊച്ചിയിൽ നിന്നും ലോറിയിൽ ലോഡുമായി ചെല്ലുന്നത്. ഒരു കരാർ അടിസ്ഥാനത്തിലുള്ള ഓട്ടം, വാടക അൽപ്പം കുറഞ്ഞാലും ഒരു സ്ഥിരം പണി എന്നതായിരുന്നു പ്രധാനം, കൊച്ചിയിൽ നിന്ന് വളം തോട്ടത്തിലെത്തിച്ച് തിരിച്ച് ചായപ്പൊടിയുമായി മടക്കം.

ആ യാത്രയിലൊക്കെ തന്നെ സെൽവിയെ കണ്ടിട്ടുണ്ട് ചിലപ്പോൾ ദാവണിയുടുത്ത്, മറ്റു ചിലപ്പോൾ നീളൻപാവാടയും ഷർട്ടുമിട്ട് സുന്ദരിയാണവൾ ഇരു നിറം, കുസൃതിയും കളിതമാശകളുമുള്ള ഒരു വായാടിപ്പെണ്ണ്.

ഒരോ തവണ കാണുമ്പോഴും അവളോടു കൂടുതൽ അടുത്തു സംസാരിച്ചു. എന്നോട് സംസാരിക്കാനും അവർക്കിഷ്ടമായിരുന്നു എന്നു തോന്നുന്നു. കരിമഷി എഴുതിയ ആ കണ്ണുകൾ പലപ്പോഴും എന്തോ പറയാതെ പറഞ്ഞിട്ടുണ്ട്.

അവളുടെ സംസാരവും കുശുമ്പും കുസൃതിയും അറിയാതെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങി. അവളെ സ്നേഹിച്ചു തുടങ്ങി. ഞങ്ങളിൽ ഒരു പ്രണയം ജനിക്കുകയായിരുന്നു.

കൊച്ചിയിൽ നിന്നും പുറപ്പെടുന്ന ഓരോ യാത്രയിലും അവളെ കാണാനുള്ള ആകാംഷയും ആവേശവുമുണ്ടായിരുന്നു. സ്വപ്നങ്ങളുണ്ടായിരുന്നു.

തോട്ടം തൊഴിലാളിയായ ശിവണ്ണന്റെ ആദ്യ ഭാര്യ കുസുമത്തിന്റെ ഒരേ ഒരു മകളാണ് സെൽവി. പ്രസവത്തോടെ ശരീരം തളർന്ന് കിടപ്പിലായ കുസുമത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് കുട്ടികളുണ്ടാകാത്ത കാരണത്താൽ ഭർത്താവ് ഉപേക്ഷിച്ച മല്ലിയെ ഭാര്യയായി സ്വീകരിച്ചത്

മല്ലിയെ വിവാഹം കഴിച്ച് ഏറെ നാൾ കഴിയുന്നതിന് മുന്നെ കുസുമം മരണപ്പെട്ടു സെൽവിക്ക് ഏതാണ്ട് എഴുവയസ്സ് പ്രായമുള്ളപ്പോഴാണ് മല്ലിക്ക് ആ ദുരന്തം സംഭവിക്കുന്നത്

ഈ തേയില കാടുകളിൽ പതുങ്ങിയിരിക്കുന്ന ഒരു അപകടമുണ്ട്. കാടു നാടാകുമ്പോൾ ഇര തേടിയിറങ്ങുന്നവ. ഏതു സമയത്ത് എവിടെ നിന്നാണ് അത് ചാടി വീഴുക എന്നു പറയാൻ പറ്റില്ല. പലപ്പോഴും പലരും ആക്രമണത്തിന് വിധേയരായിട്ടുണ്ട്, ജീവൻ നഷ്ടമായവരും തലനാരിഴക്കു രക്ഷപ്പെട്ടവരുമുണ്ട്. 

പക്ഷേ... മല്ലിയുടെ വിധി മരണത്തിന് കീഴടങ്ങാനായിരുന്നു.

അതിൽപ്പിന്നെയാണ് ശിവണ്ണനു സ്വപ്നങ്ങൾ, നഷ്ടമായത് മദ്യത്തിന്റെ രുചിയറിഞ്ഞത്, അരോടോ പക തീർക്കാനെന്നോണം അയാൾ പതിയെ പതിയെ അത് ശീലമാക്കിയത്, പിന്നീട് ഒഴിവാക്കാൻ പറ്റാത്തത്ര ആ ലഹരിയുടെ നീരാളി കൈകളിലേക്ക് അയാൾ സ്വയം നടന്നടുത്തു ഒരിക്കലും തിരിച്ചു വരാൻ പറ്റത്ത അവസ്ഥയിൽ.

മദ്യത്തിന്റെ ലഹരിയിൽ പലപ്പോഴും അയാൾ പറഞ്ഞിരുന്നു. 

"നീ എൻ മരുമകനായി വരവേണ്ടും "

അത് കേൾക്കുമ്പോൾ മനസ്സ് അറിയാതെ പറയും 

"ഞാനല്ലാതെ വേറെ ആരാ അണ്ണാ ഉങ്കളുടെ മരുമകൻ എനിക്കൊരു ജീവിതമുണ്ടെങ്കിൽ അത് സെൽവിയുമൊത്ത് മാത്രം.,,,, "

ഒരിക്കൽ ലോഡുമായി ചെന്നപ്പോൾ മാരിയമ്മൻ കോവിലെ ഉൽസവമാണ് അന്ന് കേരളത്തിൽ ഹർത്താലും, ലോഡ് കയറ്റിയാലും അർദ്ധരാത്രി വരെ ഇവിടെ തന്നെ കിടക്കണം. ലോറിക്കാരുടെ ജീവിതം ഇങ്ങനെയാണ്, എവിടെയാണ് ഇതുപോലെ തങ്ങേണ്ടി വരിക എന്നറിയില്ല. ഊണും ഉറക്കവും വിശ്രമവുമെല്ലാം ഈ വാഹനത്തിനകത്ത് ഡൈനിങ്ങ് ഹാളും കിച്ചണും ബെഡ്റൂമും ഒക്കെ ഇതിനുളളിൽ തന്നെ.

ആ ദിവസങ്ങളിലാണ് സെൽവിയുമായി കൂടുതൽ അടുത്ത് ഇടപഴകാൻ അവസരം കിട്ടിയത്. എല്ലാവരും ഉൽസവത്തിന്റെ ലഹരിയിലാണ്.

ചാന്തും കൺമഷിയും കുപ്പിവളകളും ബലൂണുമൊക്കെയായി ഉൽസവകച്ചോടക്കാർക്കു ചുറ്റും കുട്ടികളും സ്ത്രീകളും തിരക്കു കൂട്ടുന്നു.

കോവിലിൽ പ്രാർത്ഥിക്കുന്നവരും നേർച്ചയിടുന്നവരുമായി ഒരു വിഭാഗം, ചീട്ടുകളിക്കാർ മറ്റൊരിടത്ത്, പ്രാദേശിക ക്ലബ് അവതരിപ്പിക്കുന്ന

നാടകത്തിനുള്ള തയാറെടുപ്പുകൾ സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്നു. സ്റ്റേജിൽ ഏതാനും നിമിഷങ്ങൾക്കകം നാടകം തുടങ്ങുമെന്ന മുന്നറിയിപ്പ് സ്റ്റേജിന് മുന്നിലെ നിലത്ത് ഇരിപ്പിടത്തിനായി ധൃതികൂട്ടുന്നവർ, ജാതിയും മതവുമൊന്നുമില്ലാതെ എല്ലാ ജനങ്ങളും ഉൽസവത്തിന്റെ ലഹരിയിലാണ് തോട്ടം തൊഴിലാളികൾക്ക് പുറമെ പുറത്തുള്ളവരും എത്തീട്ടുണ്ട്.

ഈ സമയം കുറച്ചു ദൂരെ മാറി തേയില തോട്ടത്തിലെ ഉയർന്നു നിൽക്കുന്ന കരിങ്കൽ പാറക്ക് കീഴെ സെൽവിയുടെ മടിയിൽ തലവെച്ച് അവളുടെ നീളമുള്ള മുടിയിൽ ചൂടിയ മുല്ലപ്പൂവിന്റെ മണവുമാസ്വദിച്ച് പാൽ നിലാവു ചൊരിയുന്ന ചന്ദ്രനെയും നോക്കി മലർന്നു കിടന്നു .....

അവിടെ നിന്ന് നോക്കിയാൽ ഉൽസവപറമ്പ് മുഴുവനായും കാണാം. നല്ല മഞ്ഞും തണുപ്പുമുള്ള നിലാവ് പരന്നൊഴുകുന്ന രാത്രി, ദൂരെ മലമുകളിലെ സായിപ്പിന്റെ ബംഗ്ലാവും അതിന് താഴെ തേയില ഫാക്ടറിയുമൊക്കെ വ്യക്തമായി കാണാം. പകൽ കാഴ്ച്ചയെക്കാൾ എത്രയോ സുന്ദരമാണ് ഈ രാത്രിയിലെ കാഴ്ച്ച.

പ്രണയമില്ലാത്തവരെ പോലും പ്രണയിക്കാൻ കൊതിപ്പിക്കുന്ന രാത്രി. ഈ സ്വപ്ന സുന്ദരമായ കാഴ്ചയ്ക്ക് അനുഭുതി കൂടിയത് സെൽവി അടുത്തുള്ളതു കൊണ്ട് കൂടിയാവാം.

നല്ല തണുപ്പും സൗകര്യവുമുണ്ടായിട്ടും അരുതാത്തതൊന്നും ചെയ്തില്ല. രണ്ടു പേരും അതിന് തയ്യാറല്ലായിരുന്നു കാരണം ഞങ്ങളിൽ പ്രണയമായിരുന്നു ആ പ്രണയ ചൂടിൽ കാമമുണ്ടാകാൻ പാടില്ല പ്രണയം, പ്രണയം മാത്രം.

അന്ന് നിലാവിനെയും മഞ്ഞിനെയും ദൂരെ കാണുന്ന മാരിയമ്മൻ കോവിലിനെയും സാക്ഷിയാക്കി ഞാൻ പറഞ്ഞതാണ് നിന്നെയല്ലാതെ മറ്റൊരു പെണ്ണിനെയും ഞാൻ ജീവിതത്തിലേക്ക് വിളിക്കില്ലാന്ന്, കാത്തു നിൽക്കണമെന്ന്.

ആ ദിവസം ഭൂമിയിലെ സ്വർഗ്ഗത്തിലെന്നപോലെയായിരുന്നു. രാത്രി ഏറെ വൈകിയാണ് അവളുമായി പിരിഞ്ഞത്, മടങ്ങാൻ ഒട്ടും താൽപ്പര്യമില്ലായിരുന്നു, അവളോടെപ്പം മഞ്ഞിനോടും നിലാവിനോടുമൊപ്പം അലിഞ്ഞു ചേരാൻ തോന്നി. ആ മടക്കയാത്രയിലാണ് താമരശ്ശേരി ചുരത്തിന്റെ അഗാതമായ ഗർത്തത്തിലേക്ക് എന്നെയും കൊണ്ട് ലോറി പതിച്ചത്.

മണിക്കൂറുകളോളം മരണത്തോടു മല്ലിട്ട് രക്തം വാർന്ന് ഒന്നനങ്ങാൻ പോലും പറ്റാതെ ലോറിക്കുള്ളിൽ, കണ്ണിൽ നിന്നും കാഴ്ചകൾ മറയുമ്പോൾ വീട്ടുകാരുടെയും കൂട്ടുകാരുടെയും മുഖങ്ങൾക്കൊപ്പം സെൽവിയും തെളിഞ്ഞു.

എത്ര സമയം അങ്ങനെ കിടന്നു എന്നറിയില്ല ബോധം തെളിഞ്ഞപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിലാണ്. പരസഹായമില്ലാതെ ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിഞ്ഞത് വർഷം ഒന്നു കഴിഞ്ഞാണ്.

യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം പിന്നെയും മാസങ്ങൾ കഴിഞ്ഞാണ് വെല്ലിംഗ്ടൺ ഐലന്റിൽ നിന്നും വളം കയറ്റി ഇതേ എസ്റ്റേറ്റിലേക്ക് പോകുന്ന ലോറിയിൽ സെൽവിയെ കാണാൻ പുറപ്പെട്ടത്. എസ്റ്റേറ്റിനോട് അടുക്കും തോറും മനസിൽ ആകാംഷയായിരുന്നു സെൽവി കാത്തിരിക്കുന്നുണ്ടാകുമോ! അതോ മറന്നോ, ഇവിടെ വരെ വന്നത് വെറുതെയാവുമോ? ശിവണ്ണൻ കുടിച്ച് കുടിച്ച് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ? തുടങ്ങി ഒട്ടനവധി ചോദ്യങ്ങൾ മനസിലൂടെ കടന്ന് പോയി

പ്രധാന റോഡിൽ നിന്നും തേയില തോട്ടത്തിലൂടെ ഗോഡൗണിലേക്കുള്ള റോഡിലേക്ക് കയറിയതും ഡ്രൈവർ സടൻ ബ്രേക്കിട്ട് വണ്ടി നിർത്തി തേയില ചെടിക്കിടയിൽ നിന്നും മുഷിഞ്ഞ പാന്റും കീറിപ്പറിഞ്ഞ ഷർട്ടുകൾ ഒന്നിനു മുകളിൽ ഒന്ന് എന്ന രീതിയിൽ ഒന്നോ രണ്ടോ ധരിച്ച് കൈയ്യിൽ ഒരു ഭാണ്ഡകെട്ടുമായി ഒരു രൂപം വണ്ടിയുടെ കുറുകെ ചാടിയതാണ്.

നീണ്ടു വളർന്ന ജഡ പിടിച്ച മുടി കൊണ്ട് മുഖം മറഞ്ഞിരിക്കുന്ന ആ രൂപം ലോറിക്കുള്ളിലേക്ക് ഒന്നു നോക്കി തേയില തോട്ടങ്ങൾക്കിടയിലൂടെ നടന്നു പോയി. വല്ല കള്ളോ കഞ്ചാവോ മൂത്ത് ഭ്രാന്തായതായിരിക്കും എന്ന് ഡ്രൈവർ പറഞ്ഞപ്പോൾ അതൊന്നും കേൾക്കാനോ മറുപടി പറയാനോ ഉള്ള മാനസിക അവസ്ഥയിലായിരുന്നില്ല സെൽവിയെ കാണണം അവൾ എന്നെയും കാത്തു നിൽക്കുന്നുണ്ടോ എന്നറിയണം രണ്ടു വർഷമായി തമ്മിലൊന്ന് കാണുകയോ സംസാരിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ട്.

തോട്ടത്തിലെ ഗോഡൗണിൽ എത്തിയ ഉടനെ ശിവണ്ണനെയാണ് അന്വേഷിച്ചത് അയാൾക്ക് കൊടുക്കാൻ ഒരു കുപ്പീം വാങ്ങീട്ടുണ്ട്. അതാകുമ്പം അയാൾക്ക് കൂടുതൽ സന്തോഷമാകും.

ലോഡിറക്കാൻ വന്ന തൊഴിലാളികളുടെ കൂടെയൊന്നും ശിവണ്ണനെ കാണാതായപ്പോൾ മനസ്സ് ഭയന്നു. ഭയന്നതു പോലെ തന്നെ സംഭവിച്ചു. അയാൾ മരിച്ചിട്ട് ഏകദേശം ഒരു വർഷമാകാറായി. കുടിച്ച് കുടിച്ച് ചോര ശർദ്ദിച്ചായിരിക്കുമെന്നാണ് കരുതിയത്. പക്ഷേ.... അയാൾ ഒരു കയറിന്റെ തുമ്പത്ത് ജീവിതം ഒതുക്കുമ്പോൾ മകളെയും കൂടെ കൂട്ടണമെന്ന് തീരുമാനിച്ചുറച്ചാണ് വീട്ടിൽ നിന്നിറങ്ങി മരണം കാത്ത് നിൽക്കുന്ന ജീവിതാവസാനത്തിലേക്കുള്ള കാലടികൾ ചെന്നവസാനിച്ച തേയില തോട്ടത്തിലെ ഒറ്റ മരചുവട്ടിലെത്തിയത്.

രണ്ട് വർഷം മുമ്പ് അതായത് സെൽവിയുമായി അവസാനമായി പിരിഞ്ഞ മാരിയമ്മൻ കോവിലെ ഉൽസവത്തിന്റെ അന്ന് രാത്രി സെൽവിയെ പുലി ആക്രമിച്ചു. ആ യാത്രയിലാണ് ലോറി അപകടത്തിൽപ്പെട്ടതും. പാതിരാത്രി വരെ എന്നോട് സംസാരിച്ച് വീട്ടിലേക്കുള്ള മടക്കത്തിലാണത് സംഭവിച്ചിരിക്കുക.

പിറ്റേ ദിവസം തേയില നുള്ളാൻ പോയ തോട്ടം തൊഴിലാളികളായ സ്ത്രീകളാണ് ശരീരമാസകലം രക്തം പൊടിഞ്ഞ് വസ്ത്രങ്ങൾ കീറിപ്പറിഞ്ഞു ബോധം നഷ്ടപ്പെട്ട നിലയിൽ തണുത്തു വിറങ്ങലിച്ച് നിൽക്കുന്ന സെൽവിയെ കാണുന്നത്. സെൽവിയെ പുലി ആക്രമിച്ച വിവരം ആ പ്രദേശത്താകെ പരന്നു. ആളുകൾ ഭീതിയിലായി. ഏതു സമയത്തും തങ്ങളുടെ നേർക്ക് തേയില ചെടികൾക്കിടയിൽ നിന്ന് പുലിയാക്രമണം ഉണ്ടായേക്കാമെന്നവർ ഭയന്നു. ആ ഭയമെല്ലാം ഇല്ലാതായത് ആശുപത്രി ഡോക്ടർമാരുടെ റിപ്പോർട്ടോടെയാണ്.

ആക്രമിച്ചത് വെറും പുലിയല്ല മനുഷ്യപുലിയാണ്, അതെ.... സെൽവിയെ റേപ്പ് ചെയ്യുകയായിരുന്നു. തോട്ടം തൊഴിലാളിയായ ഷൺമുഖത്തിന്റെ തലതെറിച്ച മകനെന്ന് തോട്ടം തൊഴിലാളികൾ പറയുന്ന സുന്ദരം. ഒടുക്കം സുന്ദരൻ അവളെ കെട്ടിക്കോളമെന്നേറ്റ് ശിവണ്ണന്റെ കാൽക്കൽ വീണു കരഞ്ഞു. കോടതിയും കേസ്സുമൊക്കെയായി നടന്നിട്ടും കാര്യമൊന്നുമില്ലെന്നും മറ്റൊരാളും മകളെ കല്യാണം കഴിക്കാൻ വരില്ലെന്നും നാട്ടുകാരിൽ ചിലരും പറഞ്ഞപ്പോൾ മുരുകണ്ണൻ സെൽവിയോട് പോലും ചോദിക്കാതെ ആ വിവാഹത്തിന് സമ്മതിച്ചു.

ഏതു രാത്രിയിലാണോ ജീവിതം ഏറ്റവും സുന്ദരവും മനോഹരവുമായി തോന്നിയത്. അതേ രാത്രിയുടെ അവസാന യാമങ്ങളിലാണ് ആ പ്രതീക്ഷയും സ്വപ്നങ്ങളുമെല്ലാം തകർന്നടിഞ്ഞ് ഇല്ലാതായതും. മരിക്കാൻ ഭയമായതുകൊണ്ടും വിധിയെ മറികടക്കാൻ കഴിയില്ല എന്ന തിരിച്ചറിവുമാകാം അതിന് വഴങ്ങുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല അവൾക്ക്. തുടക്കകാലം ഏതൊരു ഭാര്യ–ഭർതൃ ബന്ധവുമെന്നപോലെ സമാധാനപരമായിരുന്നുവെങ്കിലും അറപ്പോടെയും വെറുപ്പോടെയും മാത്രമെ കിടപ്പറയിൽ അവനു മുന്നിൽ അവൾ വഴങ്ങിയുള്ളു.

ശിവണ്ണനും ആദ്യകാലങ്ങളിൽ അവനോട് തോന്നിയ വെറുപ്പും വിദ്വേഷവും സുന്ദരൻ കൊണ്ടു വരുന്ന മദ്യക്കുപ്പിക്കു മുന്നിൽ അലിഞ്ഞ് ഇല്ലാതെയായി. പലപ്പോഴും അവർ ഒരുമിച്ചായി മദ്യപാനം. പതിയെ പതിയെ സുന്ദരനിലെ മൃഗീയ സ്വഭാവം പുറത്ത് വന്നു തുടങ്ങി.

പ്രത്യേകിച്ച് ജോലിയൊന്നുമില്ലാത്ത സുന്ദരൻ രാത്രി കാലങ്ങളിൽ മദ്യപിച്ചെത്തി അകാരണമായി മർദ്ദനം പതിവായിരുന്നു. എല്ലാം കണ്ടും കേട്ടും സഹിച്ച് പ്രതികരിക്കാൻ കഴിയാതെ ശിവണ്ണനും. ഇപ്പോൾ പഴയ വായാടിത്തവും കുസൃതിയും ചിരിയും ഒന്നുമില്ലാതെ ആരോടും പരാതിയോ പരിഭവമോ പറയാതെ തന്നിലേക്ക് തന്നെ ഒതുങ്ങി സെൽവി. സുന്ദരന്റെ വിഷവിത്താണെങ്കിലും തന്റെ രക്തവും ജീവനും ചേർന്ന ഒരു പുതുജീവന്റെ തുടിപ്പ് ഗർഭപാത്രത്തിൽ പിറവിയെടുത്തിട്ട് ആറ് മാസം കഴിഞ്ഞിരിക്കുന്നു. മാനസികമായും ശാരീരികമായും തളർന്നവൾ, ആത്മഹത്യ ഭയന്നവൾ, ഒരുപാടു തവണ അതിനെ കുറിച്ച് ചിന്തിച്ചെങ്കിലും പിറവിയെടുക്കാൻ പോകുന്ന പുതുജീവനെ സ്വപ്നം കണ്ട് ജീവിതം തള്ളി നീക്കി.

ഒരു പാതിരാത്രിയിൽ മദ്യപിച്ചെത്തിയ സുന്ദരം കിടന്നുറുങ്ങുകയായിരുന്ന സെൽവിയുടെ അടിവയറിൽ ചവിട്ടുകയായിരുന്നു

അടിവയറ്റിൽ നിന്നും രക്തം ഒഴുകി പൂർണ വളർച്ചയെത്തിയ കുഞ്ഞ് പുറത്തേക്ക് വന്ന നിലയിൽ വേദന കൊണ്ട് പുളഞ്ഞ സെൽവിയെ ആശുപത്രിയിലെത്തിക്കുമ്പോൾ സെൽവിയുടെ ജീവനെങ്കിലും ബാക്കിയാകുമോ എന്ന സംശയത്തിലായിരുന്നു അയൽക്കാർ.

ആത്മഹത്യ ഭയന്നവളുടെ അരികിലേക്ക് മരണം പോലും വഴിമാറി പോയി പകരം അവളുടെ പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ മരണം സ്വന്തമാക്കി.

ആ സംഭവത്തിന് ശേഷം സുന്ദരത്തെ ആരും കണ്ടില്ല. മാനസികനില തെറ്റിയ നിലയിലാണ് ആശുപത്രിയിൽ നിന്ന് അവൾ തിരികെയെത്തിയത്. മാറാരോഗങ്ങളെ അതിജീവിച്ച, ജീവിതത്തിലെ ദുരന്തങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചയാൾ മകളുടെ അവസ്ഥയിൽ ആകെ അസ്വസ്തനായിരുന്നു അവളെ ചികിൽസിക്കാനുള്ള പണമോ മാർഗങ്ങളോ അയാളുടെ മുന്നിൽ ഉണ്ടായിരുന്നില്ല

ഈയൊരവസ്ഥയിൽ തന്റെ കാലശേഷം മകളുടെ ജീവിതഗതിയോർത്തപ്പോൾ മകളെയും കൊന്ന് ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റൊരു വഴിയും അയാൾക്ക് മുന്നിൽ തെളിഞ്ഞില്ല.

അതിനു വേണ്ടിയാണ്, മകളെയും കൂട്ടി തോട്ടത്തിലെ ഒറ്റമരചുവട്ടിലെത്തിയത് സെൽവി അപ്പോഴും പരസ്പ്പര വിരുദ്ധമായി സംസാരിച്ചു കൊണ്ടിരുന്നു. അവൾ അമ്മയെ ചോദിച്ചു. രണ്ടാനമ്മയെ ചോദിച്ചു. അവളുടെ കുഞ്ഞിനെ ചോദിച്ചു. ചാന്തിനും കരിമഷിക്കും വാശി പിടിച്ചു.

അവരുടെ അടുത്തേക്കാണ് പോണതെന്നും അവിടെ ചെന്നിട്ട് എല്ലാം വാങ്ങി തരാമെന്നും അയാൾ അവളോട് പറഞ്ഞ് ആശ്വസിപ്പിച്ചു

കരയുന്നുണ്ടായിരുന്നു. അയാൾ മരത്തിന്റെ ചില്ലയിൽ മരണ കുരുക്ക് ഒരുക്കുമ്പോൾ കൈവിറച്ചു രണ്ടു പേർക്കുമുള്ള കുരുക്ക് തയ്യാറാക്കി അയാൾ അവസാനമായി തോട്ടത്തിലാകെ ഒന്നു കണ്ണോടിച്ചു. കഴിഞ്ഞു പോയ ഒരോ നിമിഷങ്ങളും അയാളുടെ മനസിലേക്ക് ഓടി വന്നു

അവസാനമായി മകളെ കെട്ടിപ്പിടിച്ചു, അവളുടെ നിറുകയിൽ മുത്തമിട്ടു, അയാൾ കരയുന്നുണ്ടായിരുന്നു. എന്തിനാ അപ്പാ കരയുന്നത് എന്ന അവളുടെ ചോദ്യത്തിന് അയാൾ മറുപടിയൊന്നും പറഞ്ഞില്ല.

അവളുടെ കണ്ണുകളിലെ നിഷ്കളങ്കത അയാളെ തളർത്തി, ജൻമം കൊടുത്ത മകളെ മരണത്തിലേക്ക് കൂടെ കൂട്ടാൻ അയാൾക്ക് അപ്പോൾ തോന്നിയില്ല അവളെ തനിച്ചാക്കി അയാൾ മരണത്തിലേക്ക് തൂങ്ങിയിറങ്ങി. ഒന്നും മസിലാകാതെ ഭ്രാന്തമായ മനസ്സുമായി തുങ്ങിക്കിടക്കുന്ന അച്ഛന്റെ കീഴെ അവൾ എന്തൊക്കയോ സംസാരിച്ചു കൊണ്ടിരുന്നു, ഇടക്കിടെ തൂങ്ങിക്കിടക്കുന്ന ആ ശരീരഞ്ഞെ തൊട്ടു വിളിച്ച് ''അപ്പാ..... തൂക്കം വര്ത് നമുക്ക് തിരുമ്പി പോകാം" എന്നവൾ പറയുന്നുണ്ട്. ഒരിക്കലും തിരിച്ചു വരാനാവാത്ത സ്ഥലത്തേക്ക് അയാൾ യാത്രയായി കഴിഞ്ഞിരുന്നു.

എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഒന്നനങ്ങാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയിലായി കാലുകൾക്ക് ബലം കുറഞ്ഞതു പോലെ ശരീരഭാരം ഇല്ലാതായതു പോലെ തൊണ്ടയിൽ നിന്ന് വിറച്ചു കൊണ്ടാണ് ശബ്ദം പുറത്തു വന്നത്.

സെൽവി....... അവൾ.... അവളെവിടെ? അവൾ ഈ തോട്ടത്തിലെവിടെയെങ്കിലും കാണും ഇവിടം വിട്ട് എങ്ങോട്ടും പോവാറില്ല കുറച്ച് മുമ്പുവരെ ഇവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

അപ്പോ അത് അവളായിരുന്നോ ലോറിയുടെ മുന്നിലേക്ക് ചാടിയത് ദൈവമേ .... തിരിച്ചറിയാൻ കഴിയാതെ പോയല്ലോ... നഷ്ടപ്പെട്ടുവെന്ന് തോന്നിയത് തിരിച്ചു കിട്ടും എന്നു തോന്നിയപ്പോൾ സകലശക്തിയും സംഭരിച്ച് അവളെ കണ്ട ഭാഗത്തേക്ക് ഓടുകയായിരുന്നു.

അവൾക്കു വേണ്ടിയാണ് ചുരം കയറി ഇത്രയും ദൂരം വന്നത് അവളെ കുറിച്ചുള്ള സ്വപ്നങ്ങൾകണ്ടാണ് അസ്ഥി നുറുങ്ങിയ വേദനയിലും പിടിച്ചു നിന്നത്. ജീവിക്കുന്നെങ്കിൽ അവളോടൊന്നിച്ചെന്ന് പറയാതെ പറഞ്ഞിട്ടുണ്ട് ശിവണ്ണനോട്. ആരൊക്കെ ഉപേക്ഷിച്ചാലും ആട്ടി ഓടിച്ചാലും എനിക്ക് അവൾ പ്രിയപ്പെട്ടതു തന്നെയാണ്.

അവൾ കുളിച്ചിട്ടും പല്ലുതേച്ചിട്ടുമൊക്കെ ദിവസങ്ങളായി കാണും ജഡപിടിച്ച മുടിയും നീണ്ടു വളർന്ന നഖങ്ങളും വല്ലാത്തൊരു ദുർഗന്ധവും അവളുടെ കൈയ്യിലെ ദുർഗന്ധം വമിക്കുന്ന ഭാണ്ഡകെട്ട് എടുത്ത് കളയാൻ ശ്രമിച്ചിട്ട് അതവൾ വിട്ടു തരുന്നില്ല.

എന്തായിരിക്കും ഇതിന്റെ ഉള്ളിൽ എന്നറിയാൻ തോന്നി, എന്തൊക്കെയോ മയത്തിൽ പറഞ്ഞാണ് അത് അഴിച്ചു നോക്കിയത്. കീറതുണികളും പഴകിയ ഭക്ഷണ സാധനങ്ങളും അവക്കിടയിൽ ഭദ്രമായി സൂക്ഷിച്ച ഒരു പൊതിക്കെട്ട്. അത് അഴിക്കാൻ ശ്രമിച്ചതും അവൾ തട്ടിപ്പറിച്ചു വാങ്ങി പതിയെ അവളാ പൊതി അഴിച്ചു.

ഈശ്വരാ.....

വർഷങ്ങൾക്ക് മുമ്പ് ഇവിടെ മാരിയമ്മൻ കോവിൽ ഉൽസവം നടക്കുന്നതിന്റെ അന്ന് വൈകുന്നേരം ഉൽസവകച്ചവടക്കാരിൽ നിന്നും വാങ്ങി നൽകിയ സ്ഫടികത്തിൽ തീർത്ത മാലാഖ അതിന്റെ ഒരു ചിറക് പൊട്ടിപ്പോയിരിക്കുന്നു....

അവളാമാലാഖയെ തിരിച്ചും മറിച്ചും നോക്കി നെഞ്ചോട് ചേർത്ത് ഒതുക്കി പിടിച്ചു അവളുടെ കണ്ണുകളിലെവിടെയോ പ്രതീക്ഷയുടെ ഒരു തിളക്കം ഞാൻ കണ്ടു.

അപ്പോ.... അപ്പോ അവളുടെ ഉപബോധമനസിൽ എവിടയോ ഞാനുണ്ട്.

ദുർഗന്ധം വമിക്കുന്ന അവളുടെ ശരീരത്തിനോട് അറപ്പും വെറുപ്പും തോന്നിയില്ല തന്റെ മാറിലേക്ക് വലിച്ചടിപ്പിച്ചു കെട്ടിപ്പിടിച്ചു. സന്തോഷവും ദു:ഖവും ഒന്നു ചേർന്ന നിമിഷത്തിൽ എന്റെ കണ്ണിൽ നിന്നും പൊടിഞ്ഞ നീരുറവയെ എന്തു പേര് വിളിക്കണമെന്നുമറിയില്ല.

പെട്ടന്നാണ് കുഞ്ഞിനെ മടിയിലേക്കിട്ട് സെൽവി പറഞ്ഞത് 

"മതി സ്വപ്നം കണ്ടത് അടുത്ത സ്റ്റോപ്പിൽ നമുക്കിറങ്ങാനായി "

ഇന്നാണ് മാരിയമ്മൻ കോവിലെ ഉൽസവം വർഷങ്ങളായി എന്റെ ആഗ്രഹമാണ് മാരിയമ്മൻ കോവിലെ ഉൽസവത്തിന് പങ്കെടുക്കണമെന്ന്

ഒരു പാട് നിർബന്ധിച്ചിട്ടാണ് ഈ പ്രാവശ്യം അവൾ സമ്മതം മൂളിയത്.

അവൾക്കിപ്പഴും ഭയമുണ്ട് നാടുവിട്ട് ഓടിപ്പോയ സുന്ദരം ഇവിടെ എവിടെയെങ്കിലും ഉണ്ടാകുമോ എന്ന്. ബസ്സിറങ്ങി കുഞ്ഞിനെയും തോളത്തിരുത്തി സെൽവിയുടെ പിറകെ തേയില തോട്ടത്തിലൂടെ നടക്കുമ്പോൾ അവളുടെ കണ്ണുകൾ ഭയത്തോടെ സുന്ദരത്തെ തിരഞ്ഞു കൊണ്ട് കോവിൽ ലക്ഷ്യമാക്കി നടന്നു നീങ്ങി..

Malayalam Short StoriesMalayalam literature interviews,Malayalam Poems    

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.