പല്ലവി പറയുന്നതെല്ലാം അശോക് തലയാട്ടി കേട്ടുകൊണ്ടിരുന്നു. കുട്ടികൾ രണ്ടുപേരും മേശമേൽ നിവർത്തി വച്ചിരിക്കുന്ന പുതിയ അറ്റ്ലസിലൂടെ രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേയ്ക്കു വിരലോടിച്ചു കളിക്കുന്നു. അയലത്തെ വീട്ടില്‍ പുതുതായി വന്ന താമസക്കാരെ പരിചയപ്പെടാന്‍ ഇന്നു രാവിലെ പല്ലവിയും കുട്ടികളുമാണ് പോയത്. ഇന്നു വൈകിട്ട് ഓഫീസില്‍ നിന്നു വന്നപ്പോള്‍ അവിടുത്തെ വിശേഷങ്ങളാണ് ഒരു ചൂടുചായയുടെ അകമ്പടിയോടെ പല്ലവി അശോകിനു കരുതിവച്ചത്. അശോക് ബാങ്ക് ഉദ്യോഗസ്ഥനാണ്. രണ്ടു കുട്ടികളും പിന്നെ തന്റെ പല്ലവിയും ഉള്‍പ്പെട്ട കുടുംബം. പറയത്തക്ക അപശ്രുതികളൊന്നുമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഇന്നു രാവിലെ അയലത്തെ വീട്ടില്‍പ്പോയിട്ട് പല്ലവിക്ക് ഏറെ ഇഷ്ടപ്പെട്ടത് അവിടുത്തെ ചില്ലലമാരയിലിരുന്ന 'ലാഫിംഗ്ബുദ്ധ'യുടെ പ്രതിമയാണ്. ചൈനീസ് വാസ്തുശാസ്ത്രമനുസരിച്ച് ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ വീട്ടില്‍ ഐശ്വര്യം കൊണ്ടുവരുമത്രേ. അതിനെക്കുറിച്ചറിഞ്ഞതിനു ശേഷമാണ് പല്ലവിയുടെ ആവശ്യങ്ങളുടെ ലിസ്റ്റില്‍ ഒന്നു കൂടിയിടം പിടിച്ചത്. ഒരു ചൈനീസ് ബുദ്ധനെ വാങ്ങണം. അവളുടെ നിര്‍ബന്ധം കൂടി വന്നപ്പോള്‍ അശോകിനും തോന്നി ഒരെണ്ണം വാങ്ങിയേക്കാം. ഇനി അതിന്റെ കുറവുകൊണ്ട് ഐശ്വര്യക്കേടുണ്ടാകേണ്ട. ഓഫീസില്‍ നിന്നു വരുംവഴി അലങ്കാര വസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ക്കയറി. ആവശ്യം പറഞ്ഞപ്പോഴേക്കും പല വലുപ്പത്തിലുള്ള ശില്‍പങ്ങള്‍ എടുത്തു മുന്നില്‍ നിരത്തി. പക്ഷേ അത് അശോക് വിചാരിച്ച ബുദ്ധനായിരുന്നില്ല. കുടവയറും മൊട്ടത്തലയുമായി വേദിയിലിരുന്നു 'വാതാപി' പാടുന്ന ചെമ്പൈ ഭാഗവതരെ ഓര്‍മ്മിപ്പിക്കുന്ന രൂപമായിരുന്നു അവയ്ക്ക്. അതാണത്രേ ഭാഗ്യം കൊണ്ട് വരുന്ന ചൈനീസ് ബുദ്ധന്‍!. തെറ്റു പറ്റിയത് തനിക്കാണെന്ന് അശോകിന് മനസ്സിലായി. താനുദ്ദേശിച്ചത് ഗൗതമബുദ്ധനെയായിരുന്നു.
ഭാഗ്യം കൊണ്ടുവരുന്ന ചൈനീസ് ബുദ്ധനും താനുദ്ദേശിച്ച ഗൗതമബുദ്ധനും രണ്ടു വ്യത്യസ്ത വ്യക്തികളാണത്രേ. എന്തുകൊണ്ടോ ഈ കുടവയറന്‍ പ്രതിമ അശോകിനെ അത്രകണ്ട് ആകര്‍ഷിച്ചില്ല. മിണ്ടാതെ കടയില്‍ നിന്നും ഇറങ്ങി. "പ്രതിമ വാങ്ങിയില്ലേ"? എന്ന പല്ലവിയുടെ ചോദ്യത്തിന് കൂടുതല്‍ വിശദീകരണമൊന്നും നല്‍കാതെ "ഇല്ല" എന്ന ഒറ്റ വാക്കിലൊതുക്കി മറുപടി. പക്ഷേ ഇപ്പോള്‍ അശോകിനും തോന്നിത്തുടങ്ങിയിരിക്കുന്നു: ഒരു ബുദ്ധപ്രതിമ വാങ്ങണം. പല്ലവിയുടെ ആഗ്രഹത്തിലുള്ള ചൈനീസ് ബുദ്ധനെയല്ല. മറിച്ച് ധ്യാനത്തിലിരുന്നു പുഞ്ചിരിക്കുന്ന സാക്ഷാല്‍ ശ്രീബുദ്ധന്റെ പ്രതിമ.
പല കടകളിലും തിരക്കി, പക്ഷേ അശോകിന്റെ മനസിലുള്ളത് പോലെയൊന്നു ലഭിച്ചില്ല. ഇപ്പോള്‍ അശോകിന് ഉറക്കം നഷ്ടപ്പെട്ടു തുടങ്ങി. ഉണര്‍ത്തുന്നത് ബുദ്ധനാണ്, ബുദ്ധന്റെ ചിരിയാണ്. ആദ്യമാദ്യം അദ്ദേഹം സ്വപ്നത്തിലേയ്ക്ക് കടന്നു വന്നു എന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. ഒരോദിവസം കഴിയും തോറും പൊട്ടിച്ചിരിയിലേയ്ക്കത് വളരാന്‍ തുടങ്ങി. പ്രതിമ തേടി നടക്കുന്ന തന്നെ കളിയാക്കുന്നത് പോലെയുള്ള ചിരി. വിട്ടു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല അശോക്. പ്രതിമ അന്വേഷിച്ചുള്ള യാത്രകളുടെ ദൈർഘ്യമേറി വന്നു. പക്ഷേ വിചാരിച്ച പോലെയൊന്നു എവിടെയും കണ്ടില്ല. സ്രാവിനു പിന്നാലെ പോകുന്ന കിഴവന്‍ സാന്റിയാഗോയുടെ കടല്‍സഞ്ചാരങ്ങള്‍ പോലെ അശോക് തന്റെ ശ്രമം തുടര്‍ന്നു കൊണ്ടേയിരുന്നു.
ഒരു ദിവസം ഓഫീസില്‍ നിന്നു മടങ്ങി വരുമ്പോള്‍ നേരമേറെ വൈകിയിരുന്നു. അവിചാരിതമായാണ് അശോക് ആ കാഴ്ച കണ്ടത്. റോഡരുകിൽ തിരക്കൊഴിഞ്ഞ സ്ഥലത്ത് കുറേ നാടോടി പ്രതിമവിൽപനക്കാര്‍ തമ്പടിച്ചിരിക്കുന്നു. അവരുടെ കൂടാരങ്ങള്‍ക്ക് മുന്‍പില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന പ്രതിമകളില്‍ കണ്ണ് തറഞ്ഞു. അതാ അക്കൂട്ടത്തിലിരുന്നു പുഞ്ചിരിക്കുന്നു താന്‍ തിരക്കുന്ന ആള്‍. ഒന്നല്ല ഒരു ഡസനോളം വരും. അശോക് ആഹ്ലാദത്തോടെ അവിടെ ഇരുന്ന നാടോടിയോടു വില തിരക്കി. താന്‍ വിചാരിച്ചതിലും വളരെക്കുറവ്! എങ്കിലും വെറുതെ വിലപേശിക്കൊണ്ട് അവ ഓരോന്നായി എടുത്തു നോക്കി. വിലപേശലിനിടെ കണ്ണ് പതുക്കെ കൂടാരത്തിനുള്ളിലേയ്ക്ക് നോക്കി. കീറത്തുണി കൊണ്ട് പുതച്ചു കിടത്തിയിരിക്കുന്ന രണ്ടു കുട്ടികള്‍ സുഖമായി ഉറങ്ങുന്നു. മൂലയില്‍ അവരുടെ ശിൽപനിർമ്മാണ സാമഗ്രികള്‍ കൂട്ടി വച്ചിരിക്കുന്നു. വീട്ടിലെ പതുപതുത്ത മെത്തയിൽ, ഏസിയുടെ തണുപ്പില്‍ സുഖമായി ഉറങ്ങുന്ന തന്റെ കുട്ടികളെ ഓര്‍ത്തു. എത്രയും പെട്ടെന്നു അവരെക്കാണണം അശോകിന് തോന്നി. കൈയ്യിലിരുന്ന പ്രതിമ താഴെ വച്ചു.
ഞാൻ പ്രതിമ വാങ്ങുന്നില്ലെന്ന് അയാള്‍ക്ക് തോന്നിക്കാണും. പ്രതീക്ഷ കൈവിടാതെ അയാള്‍ വീണ്ടും വിലകുറയ്ക്കാന്‍ തുടങ്ങി. ഞാനൊന്നും കേള്‍ക്കുന്നുണ്ടായിരിന്നില്ല അനേകം ശിൽപങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ആ നാടോടി ഏതോ ഭൂതകാലത്തില്‍ നിന്ന് കടന്നു വന്ന ആരെയോ ഓര്‍മ്മപ്പെടുത്തി. അയാള്‍ സംസാരിക്കുന്ന ഭാഷ എനിക്ക് അവ്യക്തമായി തോന്നി. ഞാന്‍ പോക്കറ്റിൽ നിന്നും പേഴ്സെടുത്ത് അതിലിരുന്ന നോട്ടുകള്‍ വലിച്ചെടുത്തു. എത്രയെന്നെണ്ണി നോക്കിയില്ല. അതയാളുടെ കയ്യിലേക്ക് വച്ചു കൊടുത്തിട്ട് വേഗം തിരിച്ചു നടന്നു വണ്ടിയെടുത്തു. എന്തൊക്കേയോ വിളിച്ചു പറഞ്ഞു കൊണ്ട് അയാള്‍ പിന്നാലെ ഓടുന്നുണ്ടായിരുന്നു. തിരിഞ്ഞു നോക്കിയില്ല. വേഗം വീട്ടിലെത്തണം. കുട്ടികളെ കാണണം.
വീട്ടിലെത്താന്‍ ഒരുപാട് താമസിച്ചിരുന്നു. പല്ലവി അസുഖകരമായ ഒരു നോട്ടത്തിലൂടെ അവളുടെ ദേഷ്യം കാണിച്ചു. കുട്ടികള്‍ ഉറങ്ങിയിരുന്നു. ഞാന്‍ അവരുടെ നെറുകയിൽ മെല്ലെത്തലോടി. അത്താഴം കഴിഞ്ഞ് ഉറങ്ങാന്‍ ധൃതി ആയിരുന്നു. എത്രയും പെട്ടെന്നു സ്വപ്നത്തിലെ ബുദ്ധനെക്കാണണം. അൽപം താമസിച്ചാണെങ്കിലും പതിവു പോലെ അദ്ദേഹം കടന്നു വന്നു. പക്ഷേ ഇന്ന് അദ്ദേഹം ചിരിക്കാതെ നിസംഗനായി എന്റെ കണ്ണുകളിലേയ്ക്ക് നോക്കി നിൽക്കുകയാണുണ്ടായത്. ഞാൻ അദ്ദേഹത്തെ നോക്കി ചിരിക്കാന്‍ തുടങ്ങി. എന്നെ അൽപനേരം നോക്കി നിന്നശേഷം അദ്ദേഹം പിന്തിരിഞ്ഞു നടന്നു. ഞാൻ അദ്ദേഹത്തെ അനുഗമച്ചു. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന മരുഭൂമിയിലൂടെ കുറേ ദൂരം നടന്നു കഴിഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്നു തിരിഞ്ഞു നിന്നു. എന്നിട്ട് വലതു കൈ മെല്ലെയുയര്‍ത്തി എന്നോട് പറഞ്ഞു. "മതി ഇനി നീ തിരിച്ചു പോകൂ ഇതിനുമപ്പുറം നിനക്ക് പ്രവേശനമില്ല. ഈ മണൽപ്പരപ്പ് കാലത്തെ രണ്ടായി പകുക്കുന്നു. ഇതിനപ്പുറം കടന്നാല്‍ പിന്നെ നിനക്ക് മടങ്ങിപ്പോകാനാവില്ല. സിദ്ധാർത്ഥനുപേക്ഷിക്കുമ്പോള്‍ യശോധരയ്ക്ക് ഒരു രാജ്യം സ്വന്തമായുണ്ടായിരുന്നു. പക്ഷേ, പല്ലവിയ്ക്ക്........" അദ്ദേഹം മുഴുമിച്ചില്ല. അല്‍പ നിമിഷത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു. "ബുദ്ധന്‍ നടന്ന വഴിയിലൂടെ വീണ്ടുമൊരു സഞ്ചാരം ഇനി വേണ്ട. കലിംഗത്തിൽ നിന്ന് പണ്ട് അശോകൻ നടന്ന വഴിയിലൂടെ നീ പോവുക. ബുദ്ധനെ അറിഞ്ഞവന്റെ വഴി....." ഇത്രയും പറഞ്ഞു അദ്ദേഹം തിരിഞ്ഞു നടന്നു. കാറ്റിൽ ഉലയുന്ന കാവി വസ്ത്രം സ്വയം ഇല്ലാതാകുന്ന അഗ്നി നാളം പോലെ ചെറുതായി ചെറുതായി വന്നു. ആ വലിയ മരുഭൂമിയില്‍ ഞാൻ മാത്രമായി. അങ്ങു ദൂരെ ആകാശവും മണൽപ്പരപ്പും തമ്മില്‍ച്ചേരുന്നു എന്നു തോന്നിക്കുന്നയിടത്ത് എന്റെ കാഴ്ചകള്‍ അവസാനിച്ചു. അവിടുത്തെ ആകാശത്തിനു ഞാനിതുവരെ കാണാത്ത ഒരു നിറമായിരുന്നു. കാറ്റിന്റെ ശക്തി കൂടിക്കൂടി വന്നു. എനിക്കു ചുറ്റും ആലിലകൾ പൊഴിയാൻ തുടങ്ങി. ഒന്നിനു പുറകേ ഒന്നായി അനേകമനേകം ആലിലകൾ.
രാവിലെ പല്ലവിയും പാത്രങ്ങളും തമ്മില്‍ അടുക്കളയില്‍ കലപില കൂട്ടുന്ന ഒച്ച കേട്ടാണ് അശോക് ഉണര്‍ന്നത്. തുറന്നു കിടന്ന ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. ആകാശത്തിനു ഇന്നലെ സ്വപ്നത്തില്‍ കണ്ട, പേരറിയാത്ത, അതേ നിറം. അമ്പരപ്പോടെ കിടക്കയില്‍ നിന്നുമെഴുന്നേറ്റ്. ജനലിനടുത്തു വന്നു. ഇല്ല. വെറും തോന്നലായിരുന്നു. വീണ്ടും കിടക്കാൻ ഒരുങ്ങുമ്പോഴാണ് അതു കണ്ടത്. തുറന്നു കിടക്കുന്ന ജനലിന്നരികിൽ ഒരു ആലില. കൗതുകത്തോടെ ആ ആലില കൈയ്യിലെടുത്ത് അശോക് ആലോചിച്ചു: " ഇവിടെ അടുത്ത് എവിടെയാണ് ആൽമരമുള്ളത്"?
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.