സ്വന്തമായി ഒരു കാന്‍വാസ് ഇല്ലാത്തവന്‍, അതു തേടി കണ്ടുപിടിക്കേണ്ടിയിരിക്കുന്നു... എന്‍റെ ചുവരുകള്‍ എനിക്കു നഷ്ടമായിരിക്കുന്നു....
അങ്ങനെയാണ് ഞാന്‍ ചുവരുകള്‍ തേടിയുള്ള യാത്ര ആരംഭിച്ചത്... ആ യാത്രയില്‍ പല നാടുകള്‍ കണ്ടു... പല നാട്ടുകാരെയും... ചിലര്‍ എന്‍റെ പേരും നാടും ചോദിച്ചു.. ആരോടും ഒന്നും പറഞ്ഞില്ല... എല്ലാ ചോദ്യങ്ങളും അവഗണിക്കുകയായിരിന്നു, മനപ്പൂര്‍വം...
മനസ്സില്‍, ഞാന്‍ കണ്ട ലോകത്തിന്‍റെയും, എന്‍റെയും ചരിത്രം മാത്രമായിരിന്നു, അത് ചുവരുകളില്‍ വരച്ചു തീര്‍ക്കുക എന്നത് മാത്രമായിരിന്നു ലക്ഷ്യം.....
ഇന്ദിരയുടെ മരണശേഷവും, അതിനു മുന്‍പും എല്ലാവര്‍ക്കും ഞാനൊരു അന്യന്‍ ആയിരിന്നു... ഏകമകളായ കാര്‍ത്തിക പോലും എന്നോട് ഒരു അന്യതാഭാവം സൂക്ഷിച്ചിരിന്നു... അതിലെനിക്ക് പരിഭവമില്ലായിരിന്നു... ഒരു കലാകാരന്‍ നേരിടേണ്ടി വരുന്ന മറ്റു തിരസ്കാരങ്ങള്‍ക്കും അവമതിക്കും കൂട്ടത്തില്‍ ഇതും കൂടെ എന്നേ തോന്നിയിട്ടുള്ളൂ....
എന്‍റെ ഓര്‍മ്മയില്‍, ഒരിക്കലും എനിക്ക് ബന്ധങ്ങളില്‍ മാത്രം ഒതുങ്ങാനും അതില്‍ മാത്രം ജീവിക്കാനും അറിയില്ലായിരിന്നു..
എന്തുകൊണ്ടെന്നാല്‍ ഞാനൊരു കലാകാരനായിരിന്നു...
അച്ഛനെയും അമ്മയെയും കുറിച്ചോര്‍ക്കുമ്പോ, ഒരിക്കലും നന്നാകാത്ത മകനെ ശപിക്കുന്ന ചില ഭത്സനങ്ങള്‍ ആണ് ഓര്‍മ്മയില്‍ മുഴങ്ങുന്നത്.. .നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും, ബാക്കി കുടുംബക്കാരെ പോലെ ഞാന്‍ മാത്രം നന്നായില്ല, അതായിരിന്നു പ്രധാനപരാതി... പക്ഷേ, എന്‍റെ മനസ്സ് അവര്‍ കണ്ടില്ല.. എന്‍റെ സ്നേഹം അവര്‍ കണ്ടില്ല... എന്നെ അവര്‍ കണ്ടില്ല.. അവര്‍ എനിക്ക് എത്ര പ്രിയപ്പെട്ടവര്‍ ആയിരുന്നെന്നു അവരറിഞ്ഞില്ല... ഞാനത് പറയാനും പോയില്ല....
അതു തന്നെയായിരിന്നു, കെട്ടിയേല്‍പ്പിച്ച ദാമ്പത്യത്തിലും സംഭവിച്ചത്... എനിക്കിഷ്ടം നിറങ്ങളോടായിരിന്നു എന്നു പറഞ്ഞായിരിന്നു ആദ്യകാല പരിഭവങ്ങള്‍.. പിന്നീട് അതുവളര്‍ന്നു എന്നിലെ കലാകാരനെ കൊന്നു കുഴിച്ചുമൂടിയില്ലെങ്കില്‍ കുടുംബം തകരും എന്ന് മനസ്സിലാക്കിയപ്പോഴാണ് ഞാന്‍ യാത്രകള്‍ ഒരു ശീലമാക്കുന്നത്... ഒരു ഒളിച്ചോട്ടം എന്നു വേണമെങ്കില്‍ പറയാം. സത്യത്തില്‍ ഇന്ദിരയ്ക്കു അതൊരാശ്വസവുമായിരിന്നു. അവള്‍ക്കു കൂട്ടിനു കാര്‍ത്തികയും അമ്മായിയുമുണ്ട്....അവരുടെ ആ ലോകത്ത് അവര്‍ സന്തുഷ്ടരായിരിന്നു....
രണ്ടും മൂന്നും മാസങ്ങള്‍ നീളുന്ന യാത്രകള്‍... സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍... തിരികെ വീട്ടിലെത്തുമ്പോള്‍ ഉത്തരേന്ത്യന്‍ ഗലികളില്‍ നിന്ന് വിലപേശി വാങ്ങിച്ച നിറം മങ്ങിയ ഉടുപ്പകളിലോ, പാവകളിലോ ഒന്നില്‍ പോലും തൊടാതെ കാര്‍ത്തി മാറി നില്‍ക്കുമായിരിന്നു.... ഇന്ദിരയും അതൊന്നും ശ്രദ്ധിക്കില്ലായിരിന്നു...
വാരണാസിക്കടുത്ത് ലോഹ്തയില്‍ ഒരു ചിത്രകലാക്യാമ്പില്‍ പങ്കെടുത്തു കഴിഞ്ഞ്, നെയ്യിന്‍റെ മണമടിക്കുന്ന തെരുവിലെ ഒറ്റമുറിയില്‍, ഭാംഗിന്‍റെ ലഹരിയില്‍ അവിടുത്തെ കടുംനിറങ്ങളും നിഴലുകളും കോറിയിടാനോരുങ്ങുമ്പോൾ മനസ്സിലേക്ക് ഇന്ദിരയുടെ മുഖം ഓടിക്കയറി വന്നു... വരയ്ക്കാന്‍ കഴിയുന്നില്ല.. താഴത്തെ ജിലേബിക്കടയുടെ അരികിലുള്ള തുറന്ന ബൂത്തിലെ അഴുക്കു പിടിച്ച ഫോണെടുത്തു പഴയ സുഹൃത്തും, നാട്ടുകാരനും, കവിയുമൊക്കെയായ മാനസനു വിളിച്ചു....
ഇന്ദിര മരിച്ചിട്ട് ഇന്ന് മൂന്നാമത്തെ ദിവസമായിരിക്കുന്നു.... ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ലത്രേ... അതു കൊണ്ട് രണ്ടാം ദിവസം ദഹിപ്പിച്ചു...
എത്രയും പെട്ടന്ന് നാട്ടിലേക്ക് പോകാന്‍ തോന്നിയെങ്കിലും എന്തിന് എന്ന ചോദ്യം ബാക്കിയായി... ആരുമില്ല കാണാനും കേള്‍ക്കാനും...
വരാണാസിയിലെ വിളറിയ നിറങ്ങളും, മുഷിഞ്ഞ മണവുമുള്ള തെരുവുകളുടെ ഹൃദയവും അതിന്‍റെ കടുംനീലഞരമ്പുകളിലെ ചോരയും എന്‍റെ കാന്‍വാസിലേക്ക് പകര്‍ന്ന് അന്ന് ഞാനെഴുതി.... മതിവരുവോളം.....
പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് നാട്ടിലെത്തിയത്... കാര്‍ത്തികയെ നോക്കാനെന്ന പേരിലോ മറ്റോ ഇന്ദിരയുടെ വകയിലെ ഒരു കുടുംബം വീട്ടില്‍ സ്ഥിരതാമസമാക്കിയിരിന്നു.... കാര്‍ത്തികയെ പ്രതീക്ഷിച്ച് കുറെ നേരം വരാന്തയിലിരിന്നു. ഇന്ദിരയെ ദഹിപ്പിച്ച മണ്ണില്‍ തുമ്പച്ചെടികള്‍ വളര്‍ന്നിരിക്കുന്നു, അവയിലെ വെളുത്ത പൂക്കളില്‍ തുമ്പികള്‍ വട്ടമിട്ടു പറക്കുന്നു.... കുറെ നേരം അങ്ങനെയിരിന്നുവെങ്കിലും ആരും വന്നില്ല.
പൂര്‍ണ്ണമാകുന്ന തിരസ്കാരങ്ങള്‍ക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചിട്ട് എന്നന്നേയ്ക്കുമായി ഞാനെന്‍റെ വീടിനോട് വിട പറഞ്ഞു..
ഒരിക്കല്‍, വര്‍ഷങ്ങള്‍ നീണ്ട യാത്രകള്‍ക്കൊടുവില്‍ ഷൊര്‍ണ്ണൂര്‍ സ്റ്റേഷനില്‍ വച്ചാണ് മാനസനെ കണ്ടത്... അയാള്‍ പറഞ്ഞ വിശേഷം അറിഞ്ഞപ്പോള്‍ തന്നെ യാത്ര മതിയാക്കി നേരെ നാട്ടിലേക്ക് തിരിച്ചു...
ഓഡിറ്റോറിയത്തിലെ തിക്കിലും തിരക്കിലും പെടാതെ ഒരു മൂലയിലെ മേശമേല്‍ വിളമ്പിയ ഇലയിലെ ഭക്ഷണം കഴിക്കവേ എനിക്ക് ചുറ്റും ഒരു നിശബ്ദത പടരുന്ന പോലെ... താടിയും മുടിയും നീട്ടി വളര്‍ത്തി പ്രാകൃതനായ എന്നെ ആരോ തിരിച്ചറിഞ്ഞിരിക്കുന്നു, എല്ലാ കണ്ണുകളും എന്നിലാണ്... ഭക്ഷണം കഴിച്ച് കൈകഴുകി തിരികെ ഇറങ്ങുന്നതിനു മുന്‍പേ സ്റ്റേജിലേക്ക് ഒന്ന് പാളി നോക്കി.. അവിടെ കാര്‍ത്തികയും വരനും തിരക്കിലാണ്.. ആരൊക്കെയോ ചുറ്റും നില്‍ക്കുന്നു, ഫ്ലാഷുകള്‍ മിന്നുന്നു... എങ്ങും ആഹ്ലാദം മാത്രം... അവള്‍ കാണുന്നതിനു മുന്നേ ഇവിടുന്ന് പോകണം... ഇല്ലെങ്കില്‍ ഈ സന്തോഷകരമായ നിമിഷങ്ങള്‍ നശിപ്പിക്കാനായിട്ട് അച്ഛന്‍ വലിഞ്ഞുകയറി വന്നിരിക്കുന്നുവെന്ന് അവള്‍ക്കു തോന്നും.
അനന്തമായ യാത്രകള്‍ തുടര്‍ന്നു.... കാലവും ഋതുക്കളും എന്നെ പിന്തുടര്‍ന്നില്ല...
വീണ്ടും വര്‍ഷങ്ങള്‍ക്കു ശേഷം ആണ് കാര്‍ത്തികയേയും കൊച്ചുമകന്‍ അവിനാഷിനെയും കാണുന്നത്... അന്നു നാട്ടിലെ ആധാരമാഫിസിലേക്ക് മാനസന്‍റെ കാറില്‍ പോകവേ അയാള്‍ പറഞ്ഞു.
“എടോ ഹരി താനിത് വല്ല്യ കാര്യമാക്കി എടുക്കണ്ട.... ഒന്നാലോചിച്ചാല്‍ ആ കുട്ടി പറഞ്ഞതില്‍ എന്താണ് തെറ്റ്... താനെവിടെയെങ്കിലും കിടന്നു തട്ടിപ്പോയാല്‍ പിന്നെ ഭാഗം വെക്കലൊന്നും നടക്കില്ല... പേപ്പര്‍ വര്‍ക്ക് ഒക്കെ വല്ല്യ ബുദ്ധിമുട്ടാകും... അവള്‍ ചോദിച്ചത് വസ്തുവിന്‍റെ പകുതിയല്ലെ..? കേട്ടപ്പോള്‍ ന്യായമാണെന്ന് എനിക്കും തോന്നി... അതാ തന്നെ തിരഞ്ഞു പിടിച്ചു വിളിച്ചത്”...
ഞാന്‍ ഒന്നും മിണ്ടിയില്ല.
“നമ്മളെയൊന്നും ആര്‍ക്കും വേണ്ടാടോ...ഞാനിപ്പോ ഒരു വരി പോലും എഴുതാറില്ല”...അയാള്‍ പറഞ്ഞു...
വണ്ടി വളവു തിരിഞ്ഞപ്പോൾ എബ്രഹാമിന്‍റെ പുസ്തകക്കട ഇരുന്നിടം ഇടിച്ചു നിരത്തിയിരിക്കുന്നതായി കണ്ടു...
“മാനസേ, വളവിലെ പുസ്തകക്കട എന്തിയേടോ”..? ഞാന്‍ ചോദിച്ചു...
“ഓ..എബ്രഹാം മരിച്ചു പോയെടോ... അറ്റാക്കായിരിന്നു”..
വീണ്ടും ചരിത്രങ്ങള്‍ അവശേഷിപ്പിച്ചു കൊണ്ട് ഓരോരുത്തരായി നഷ്ടപ്പെടുകയാണ്... എനിക്ക് എന്നെ എന്നേ നഷ്ടമായിരിക്കുന്നു....
മാനസനോട് പറഞ്ഞ പോലെ അയാള്‍ എല്ലാം എഴുതി തയ്യാറാക്കിയിരിന്നു... സ്വത്തു മുഴുവന്‍ മകളുടെ പേരിലാക്കി കൊടുത്ത് ആരോടും ഒന്നും പറയാതെ തിരികെ എന്‍റെ ലോകത്തേക്ക് യാത്രയാകവേ ഒരു പുതിയ കാന്‍വാസ് ഞാന്‍ തിരഞ്ഞെടുക്കുകയായിരിന്നു....
ചുവരുകള്‍...!!
ദേശസഞ്ചാരത്തിനിടയില്‍, ഞാന്‍ ചില ചുവരുകള്‍ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. എല്ലാവരും ദിനേന കാണുന്നതും എന്നാലേറ്റവും വൃത്തികേടായിട്ടുമുള്ള ചുവരുകള്‍.... മൂത്രഗന്ധം വമിക്കുന്ന, തെറിയും പോസ്റ്ററുകളാലും നിറഞ്ഞ് പായല്‍ പിടിച്ചവ...
അത് വൃത്തിയാക്കി ആര്‍ക്കും വേണ്ടാത്ത കരിക്കട്ട കൊണ്ട് ഞാനെന്‍റെ ചരിത്രം ആ ചുവരുകളില്‍ പകര്‍ത്താന്‍ തുടങ്ങി..
എല്ലാവരും കാണട്ടെ, ഹരിശങ്കരന്‍ എന്ന ചിത്രകാരന്‍റെ ജീവിതം.. ഞാന്‍ ആരോടും പറയാതെ മാറ്റി വച്ച എന്‍റെ ചരിത്രം...
ഞാന്‍ ആരുടെയോ ചുവരുകളില്‍ തീര്‍ത്ത എന്‍റെ ചരിത്രം ചിലര്‍ ക്യാമറകളിലാക്കി.. ചിലര്‍ പണം സമ്മാനിച്ചു, ചിലരാകട്ടെ അടുത്തു കൂടി പേരും മറ്റും ചോദിച്ചു.... ഒന്നിനും മറുപടി നല്‍കാതെ ഞാന്‍ അടുത്ത ചുവരുകള്‍ക്കായി എന്‍റെ യാത്ര തുടര്‍ന്നു.... എല്ലാ ചോദ്യങ്ങളും അവഗണിക്കുകയായിരിന്നു മനപ്പൂര്‍വ്വം... ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ ഞാന്‍ തീര്‍ത്ത എന്‍റെ ചിത്രങ്ങളായിരിന്നു...
ആ നീണ്ട യാത്രയില്‍ ഒരിക്കല്‍, ആദ്യമായി വളരെ വൃത്തിയുള്ള ഒരു ചുവര്‍ കണ്ണിലുടക്കി.
ഇത് എന്‍റെ അവസാനത്തെ ചുവരാണ്... വയ്യാതായിരിക്കുന്നു., കൈകളില്‍ മനസ്സെത്തുന്നില്ല... ഓര്‍മ്മകളുടെ നിറം കുറഞ്ഞിരിക്കുന്നു.. ഇത് എനിക്ക് വരച്ചു തീര്‍ക്കാനാവുമോ എന്നറിയില്ല... എന്നാലും അവസാന ശ്വാസം വരെ ഞാന്‍ ശ്രമിക്കും...
കൈകള്‍ വിറയ്ക്കുന്നു... കണ്ണുകളില്‍ ഇരുട്ട് കയറുന്നുവോ....
ഓര്‍മ്മ തെളിയുമ്പോൾ കട്ടിലില്‍ അടുത്തിരിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ മുഖമാണ് കണ്ടത്.. ഏതോ ആശുപത്രിയാലെണെന്നു മനസ്സിലായി.. ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു... അതു കണ്ട് അയാളുടെ കണ്ണുകള്‍ വിടര്‍ന്നു...
“അച്ചാച്ചന് എന്നെ മനസ്സിലായോ..? ഞാനാ അവിനാഷ്”....
കാര്‍ത്തികയുടെ മകന്‍..!! ഞാനവന്‍റെ വിരലുകളില്‍ മുറുകെപ്പിടിച്ചു... പാവം, അവന്‍ ചോരയെ തിരിച്ചറിഞ്ഞിരിക്കുന്നു... പക്ഷേ, മകനെ നീയറിയുക... ഞാനൊരു കലാകാരനാണ്, ഞാന്‍ ആരെയുമാശ്രയിക്കില്ല.. നിങ്ങളുടെ വഴികള്‍ ഒന്നും എന്‍റെ വഴികളേയല്ല...
കൈയ്യിലെ സഞ്ചിയില്‍ ചുരുട്ടി വെച്ചിരുന്ന ചില ചിത്രങ്ങളും, നാരുകള്‍ വലിഞ്ഞു പൊട്ടിയ ഒന്ന് രണ്ട് ബ്രഷും, പണ്ട് വാരണാസിയില്‍ നിന്ന് വാങ്ങിച്ചിട്ട് കാര്‍ത്തികയ്ക്ക് കൊടുക്കാന്‍ കഴിയാതെ പോയതുമായ ഒരു കൂത്തുപാവയും അവനു സമ്മാനിച്ചിട്ട് മഞ്ചേശ്വരത്തേക്ക് എന്ന് കള്ളം പറഞ്ഞു പിരിഞ്ഞു....
യാത്രയല്ലേ ജീവിതം..? അത് തുടര്‍ന്നു കൊണ്ടേയിരിക്കണം.... ചരിത്രങ്ങള്‍ ഇനിയും ഒരുപാട് ബാക്കിയാണ്....
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.