Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണഗണിതം

മുനിസിപ്പാലിറ്റിയുടെ ശ്‌മശാനത്തിൽ ഇലക്ട്രിക് തീനാളങ്ങൾക്ക് സുഹൃത്തിന്റെ ശരീരം അവന്റെ മൂന്നു വയസ്സുകാരൻ മകനെ കൊണ്ട് കർമങ്ങൾ ചെയ്യിച്ചു വിഴുങ്ങാൻ കൊടുക്കുമ്പോൾ നഷ്‌ടമായ സുഹൃത്തിനേക്കാൾ കരഞ്ഞു തളർന്ന അവന്റെ മകൻ സ്വരൂപിനെ കുറിച്ചായിരുന്നു ആന്റണിയുടെ ചിന്ത. അന്യമതസ്ഥയെ കല്യാണം കഴിച്ചതു കൊണ്ട് പള്ളി സെമിത്തേരിയിൽ പെട്ടിയിൽ കിടത്തി അടക്കേണ്ട ശരീരം ആണ് ഇപ്പോൾ സർക്കാരിന്റെ തീനാളങ്ങളിൽ എരിഞ്ഞത്. ബന്ധുക്കൾ ഒക്കെ എതിർ ചേരിയിൽ ആയതിനാൽ ആരും വന്നില്ല. ചുരുക്കം ചില നാട്ടുകാരും കൂട്ടുകാരും മാത്രം മോഹൻ ജോർജ് എന്ന മോഹന് അന്ത്യ യാത്ര പറഞ്ഞു. മതത്തിനു മനുഷ്യനേക്കാൾ വിലയുള്ള ഈ ലോകത്ത് ആചാരങ്ങൾ ഏതായാലും ജീവിതവും മരണവും ഒരുപോലെ തന്നെ !!!

സ്വരൂപിനെ കൂട്ടി ഒരു ഓട്ടോ പിടിച്ചു ആന്റണി മോഹന്റെ വീട്ടിലേക്ക് വന്നു. വേറെ ആരുമില്ല ഇനി ആ അമ്മയ്ക്കും മകനും. മുപ്പത് തികയും മുൻപേ വിധവയായ സവിത. മൂന്നു വയസിൽ അച്ഛനെ നഷ്ടപെട്ട മകൻ... ശത്രുക്കളായ കുടുംബവും സമൂഹവും. ഒറ്റപ്പെടലിന്റെ കാർമേഘം സവിതയെയും മകനെയും സൂര്യപ്രകാശത്തിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്.

രാവിലെ മുതൽ ആന്റണി സുഹൃത്തിനു വേണ്ടി പലതും ശ്രമിക്കുന്നുണ്ടായിരുന്നു. പള്ളി സെമിത്തേരിയിൽ അടക്കാൻ.. വീട്ടുകാരെ ഒന്നു വരുത്താൻ.. പക്ഷേ, ഒന്നും വിജയിച്ചില്ല. ഇപ്പോൾ നേരം ഇരുട്ടി തുടങ്ങി. ഇനി ആരും വരുമെന്നും തോന്നുന്നില്ല. അവരെ ഒറ്റക്ക് ആക്കി പോകുന്നതും ചിന്തിക്കാൻ കഴിയുന്നില്ല. ആന്റണി അസ്വസ്ഥനായി. അന്നു നടന്ന കാര്യങ്ങൾ ഓരോന്നായി ആന്റണിയുടെ കണ്ണിൽ മിന്നി മറഞ്ഞു. മോഹന്റെ മരണം.. ആശുപത്രിയിലെ ഫോർമാലിറ്റികൾ.. വീട്ടിൽ കൊണ്ടുവന്നു കിടത്തിയത്.. ഓരോ നിമിഷങ്ങളും... 

മരണം അറിഞ്ഞെത്തിയ ചുരുക്കം നാട്ടുകാരും കൂട്ടുകാരും ഇനി അവരുടെ ഭാവി എന്താകും എന്നതിൽ ആശ്ചര്യപ്പെടുന്നുണ്ടായിരുന്നു. ജോലിയൊന്നും ചെയ്യാത്ത സവിത ഇനി എന്തു ചെയ്ത് മകനെ വളർത്തും? പലരുടെയും ചിന്തകൾ പല വഴിക്ക് സഞ്ചരിക്കുന്നത് ആന്റണി കണ്ടു... മോഹന്റെ ബോഡി അടക്കം ചെയ്യാൻ എടുക്കുമ്പോൾ സവിതയുടെ നിലവിളിയും പരാക്രമവും അവസരമായി മുതലെടുത്ത് പല ഭാഗങ്ങളിലും സ്പർശിച്ചവരുടെ എണ്ണവും കുറവല്ലായിരുന്നു.. ആന്റണി ആകെ അസ്വസ്ഥനായി.

കരയുന്ന സ്വരൂപിനെ ചുമലിൽ എടുത്ത് മുറ്റത്ത് ഉലാത്തി ഉറക്കാൻ ശ്രമിച്ചു. ഒരു അഞ്ചുമിനുറ്റെ നടക്കേണ്ടി വന്നുള്ളു. പാവം കരഞ്ഞു തളർന്ന് ഉറങ്ങിപ്പോയി. വിശപ്പും ഉണ്ടാകും. ഒരു പഴം മാത്രമാണ് ആ കുട്ടി കഴിച്ചത്. അച്ഛനെ കെട്ടിപിടിച്ചു കിടന്നു കരയുന്ന ആ രംഗങ്ങൾ കണ്ണിൽ നിന്നും മാറുന്നില്ല. ആന്റണി സ്വരൂപിനെ കിടത്താനായി അകത്തേയ്ക്ക് കയറി, സ്വരൂപിനെ സവിതയുടെ കട്ടിലിൽ കിടത്തി. പുതപ്പിച്ചു കൊടുത്തു. സവിത കരഞ്ഞു തീർന്നില്ല ഇനിയും. ഒന്നും കഴിച്ചില്ല ഇത്രയും നേരമായിട്ടും. വെള്ളം പോലും കുടിക്കാൻ കൂട്ടാക്കിയില്ല. സഹായിക്കാൻ ആണെങ്കിൽ വേറെ ആരുമില്ല. അവരെ അനാഥരാക്കി തെരുവിൽ അയക്കാതെ സവിതയുടെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം. നാളെ വരാം എന്നു പറഞ്ഞ് ഇറങ്ങണമെന്നുണ്ട് ആന്റണിക്ക്. പക്ഷേ, എങ്ങനെ പറയും?

ആന്റണി മുറ്റത്തിറങ്ങി കുറെ നേരം ഇരുന്നു. പാതി മറഞ്ഞ ചന്ദ്രന്റെ മങ്ങിയ വെളിച്ചം ഇരുട്ടു നിറഞ്ഞ മുറ്റത്തു വെളിച്ചം നിറക്കാൻ മാത്രം ശക്തവുമല്ലായിരുന്നു. കാറ്റും ചീവിടിന്റെ ഒച്ചയും ഇല്ലാത്ത രാത്രി. മോഹൻ ഇല്ലാത്ത രാത്രി. ദുഃഖ രാത്രി. ആ രാത്രിക്കു അന്നുവരെ കണ്ടിട്ടില്ലാത്ത തണുപ്പായിരുന്നു.. മരവിച്ച പ്രകൃതി. പറയാതെ പോയാൽ ശരിയല്ല. സവിതയെ ഒന്നു സമാധാനിപ്പിക്കണം. പെട്ടെന്നൊന്നും ഇതിൽ നിന്നും അവൾക്ക് മോചനം കിട്ടില്ലെങ്കിലും ...

ഹാളിലെ വെളിച്ചം കുറെയൊക്കെ സവിതയുടെ റൂമിലും എത്തുന്നുണ്ടായിരുന്നു. അതു കൊണ്ട് ലൈറ്റ് ഇടാതെ ആന്റണി സവിതയുടെ അരികിൽ വന്നു നിന്നു. യാത്ര പറയാനെന്ന ഭാവത്തോടെ അവളെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾ തുറന്നു അവൾ ആന്റണിയെ കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് വീണ്ടും കരഞ്ഞു. വിതുമ്പികൊണ്ട് കരയുന്ന സവിതയെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ ആന്റണി നിന്നു. 

ഒരു നിമിഷത്തെ മരവിപ്പിനു ശേഷം ആന്റണി സവിതയുടെ നെറ്റിയിൽ തലോടി. സവിതയുടെ കണ്ണീർ തുടയ്ക്കാൻ മുഖത്തേക്ക് കൈകൾ താഴ്ത്തിയപ്പോൾ വീണ്ടും പൊട്ടി കരഞ്ഞ സവിതയെ ആന്റണി തന്നോട് ചേർത്തു പിടിച്ചു. കരഞ്ഞു തളർന്ന സവിത ബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ചുറ്റും നടക്കുന്നതൊക്കെ അവൾക്കു നിഴലുപോലെ മാത്രമേ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ..

ആന്റണി അവളുടെ തല തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. ഒരു നിമിഷം ആന്റണിയുടെ മനസ്സൊന്നു വിറച്ചു... കൈകൾ സവിതയുടെ ശരീരത്തിൽ പരതാൻ തുടങ്ങി.. കണ്ണീരൊലിച്ചു നനഞ്ഞ മുഖത്തു അയാൾ തെരുതെരെ ഉമ്മകൾ കൊടുത്തു. പ്രതികരിക്കാൻ പോലും കഴിയാതെ സവിത അർദ്ധ ബോധാവസ്ഥയിലും തന്റെ നേർക്കു വരുന്ന ആപത്തു തിരിച്ചറിയുന്നുണ്ടായിരുന്നു. പക്ഷേ, തിരിച്ചൊന്നും പ്രതികരിക്കാൻ അവൾക്ക് ശേഷിയില്ലായിരുന്നു. തളർന്നു കിടക്കുന്ന ആ ശരീരത്തിലേക്കു ഉന്മാദ നിമിഷത്തിന്റെ എല്ലാ ചടുതലകളും ആന്റണി പരീക്ഷിച്ചു. നിർവികാരതയോടെ, നിശബ്ദമായി, തളർന്ന ശരീരമായി അവൾ കിടന്നു. ഭർത്താവിന്റെ ചൂട് ശരീരത്തിൽ നിന്നും മാറുന്നതിനു മുന്നേ വേറൊരു ചൂടും മണവും തന്നെ ബലമായി കീഴടക്കിയിരിക്കുന്നു. നിലവിളിക്കാൻ ശ്രമിച്ചെങ്കിലും നിലവിളികളൊക്കെ അവളിൽ  അവസാനിച്ചിരുന്നു... ശബ്ദവും ശ്വാസവും അവളിൽ നിന്നും പുറത്തു വന്നില്ല. മോഹന്റെ ആത്മാവ് മുകളിൽ വന്നു കൈ നീട്ടും പോലെ അവൾ കണ്ടു. ആ കൈ പിടിക്കാൻ അവൾ കൈ നീട്ടി...

ആന്റണി ഒരു തളർച്ചയോടെ വിയർപ്പു തുടച്ച് എഴുന്നേറ്റു. അവളുടെ മുഖത്തു നോക്കാൻ ധൈര്യമില്ല. ഉറങ്ങി കിടന്ന സ്വരൂപിനെ നോക്കി അയാൾ പറഞ്ഞു... ഞാൻ ഇറങ്ങട്ടെ.. നാളെ വരാം... മാപ്പ് !!! ആന്റണി മുറി വിട്ടുപോകുമ്പോൾ ജനലുകളിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് അവളുടെ നഗ്നമേനിയിൽ പടർന്നു തുടങ്ങിയിരുന്നു. അവളുടെ കൈകൾ മകന്റെ കുഞ്ഞു കൈകളെ പരതുന്നുണ്ടായിരുന്നു...

Malayalam Short StoriesMalayalam literature interviews,Malayalam Poems           

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.