നാൽപത്തിയൊന്ന് ദിവസത്തിന്റെ വ്രതത്തിനൊടുവിൽ മുഖത്ത് ചായം പടർത്തിത്തരുന്ന ഏട്ടൻ പണിക്കരുടെ കണ്ണുകളിലേക്ക് നോക്കാൻ ധൈര്യം വരുന്നില്ല.
"നീയ്യ് എന്തുഭാവിച്ചാ രാമാ, നെനക് കയ്യൂലെപ്പിന്നെ എന്തിനാ"
ഏട്ടന്റെ സ്നേഹവാത്സല്യവും അതിനോടൊപ്പം ഇഴ ചേർന്ന വാക്കുകളിലെ വേദനയും. എരഞ്ഞിപ്പൂക്കൾ പറിച്ചു വരുന്ന കുട്ടികളുടെ ആർപ്പുവിളികൾ മുഴങ്ങുന്നു കുന്നിൻചരുവിൽ. വാല്യക്കാർ മേലേരിയിലേക്ക് കമ്പുകൾ പെറുക്കിയിടുന്ന തിരക്കിൽ. വഴിവാണിഭക്കാർ നിരത്തിയ പലഹാരങ്ങളിൽ പറ്റിപ്പിടിച്ചു കിടക്കുന്ന ഈച്ചകൾ. ചാന്തും കണ്മഷിയും വിൽക്കുന്ന കടകളിൽ പെൺകുട്ടികളുടെ വള കിലുക്കം.
"ഏട്ടാ, കാലാകാലങ്ങളായി നമ്മളല്ലേ തീച്ചാമുണ്ഡി കെട്ടുന്നത്. പിന്നെന്താ"
"എന്താണെന്നറിയില്ല, എല്ലാപ്രാവശ്യോം പോലെയല്ല. നെഞ്ചിലൊരു പെടപ്പ്. കൈകളിലൊരു വെറ. അരുതാത്തതെന്തോ വരാൻ പോകുന്നുവെന്ന് കാർന്നോമ്മാരുടെ ചൊല്ല് കിടന്നു മുഴങ്ങുന്നു ചെവീല്"
"അതൊക്കെ ഏട്ടന് വെർതെ തോന്ന്യതാ. ഈ സമയത്ത് ധൈര്യം തരുന്നോരല്ലേ കാർന്നോമ്മാര്. ഓരു അങ്ങനെയൊന്നും പറയൂല്ല"
"ഇപ്പം പറയാൻ പാടൂല്ലാ. ന്നാലും നിന്നെക്കുറിച്ചോർക്കുമ്പം എന്തോ ഒര് വെഷമം. നീ വല്യ പാട്ടുകാരനാകുമെന്നും നാലാൾ അറിയുമെന്നും അച്ഛൻ തീർത്ത് പറഞ്ഞിരുന്നു. എല്ലാ ലക്ഷണവും കാണാനും തുടങ്ങിയിരുന്നു. പാലക്കാട് പാട്ട് പഠിക്കാൻ നിന്നെ ചേർക്കുമ്പോൾ അച്ഛൻ പറഞ്ഞ വാക്കുകൾ സത്യമെന്ന് അമ്മയും അമ്മമ്മയും നൂറു തവണ പറഞ്ഞിരുന്നു. എന്നിട്ടും നീയൊന്നുമായില്ലല്ലോ എന്നത് നീറ്റലായി പടരുന്നു"
"ഏട്ടാ, എല്ലാ കൊല്ലവും നൂറുകണക്കിന് കുട്ടികൾ പഠിച്ചു പുറത്തു വരുന്നു. എല്ലോരും വല്യ പാട്ടുകാരായോ. ഇല്ല്യല്ലോ. തലേൽ വരച്ചതല്ലേ വരൂ"
പാലക്കാട് പാട്ട് പഠിക്കാൻ പോകുമ്പോൾ ഒരുപാടു സ്വപ്നങ്ങളെ കൂടെ കൊണ്ടുനടന്നിരുന്നു. സംസ്ഥാന കലോത്സവങ്ങളിൽ പാട്ടുകളിൽ സമ്മാനം വാരിക്കൂട്ടിയ മലയചെക്കൻ ഒരുപാട് ഉയരത്തിലെത്തുമെന്ന് നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും അധ്യാപകരും കരുതി. അവരുടെ പ്രതീക്ഷയും അനുഗ്രഹവും കൂടെയുണ്ടെന്നുള്ളത് ആത്മവിശ്വാസം പകർന്നു. ഉത്സവക്കാലങ്ങളിൽ കിട്ടുന്ന ദക്ഷിണ സ്വരൂപിച്ച് മാസാമാസം അയക്കുന്ന അച്ഛനെ സഹായിക്കാൻ ഏട്ടനും മുഖത്ത് ചായമെഴുതി കോലം കെട്ടാൻ തുടങ്ങി. മലയക്കുടിലുകളിൽ പട്ടിണിയുറഞ്ഞു തുള്ളുന്ന തുലാം മാസത്തിൽ കോതാമൂരി കെട്ടിയാടിക്കുന്ന വകയിൽ കിട്ടുന്ന കാശ് അമ്മ ഭദ്രമായി അരിഭരണിയിൽ സൂക്ഷിച്ചത് അച്ഛനറിയാതെയായിരുന്നു. അവധിക്കാലത്ത് വരുന്ന മകനു പുതുവസ്ത്രങ്ങൾ വാങ്ങിക്കാനും തിരികെപ്പോകുമ്പോൾ ആരുമറിയാതെ മകന്റെ കീശയിൽ തിരുകാനും
ഹോസ്റ്റൽ ഫീസ് അടക്കാനാകാതെ പുറത്താകുമെന്ന അവസ്ഥയിൽ ദൈവദൂതനെപ്പോലെ സഹായിച്ച പ്രിൻസിപ്പാൾ. ഹോസ്റ്റലിലെ മടുക്കുന്ന ഭക്ഷണത്തിൽ നിന്നും മോചനം നൽകിയത് വാരാന്ത്യങ്ങളിൽ അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിത്തന്ന ഭക്ഷണങ്ങൾ. സ്വന്തം വീട്ടിലെ അടുക്കളയിൽ ഒരിക്കൽ പോലും കാണാത്ത സ്വാദിഷ്ടമായ വിഭവങ്ങൾ. പഠനം കഴിഞ്ഞ് പടിയിറങ്ങുമ്പോൾ ചേർത്തു പിടിച്ച് വാത്സല്യത്തോടെ അനുഗ്രഹിച്ച പ്രിൻസിപ്പാൾ "ഇനി നിന്നെക്കാണാൻ ഓട്ടോഗ്രാഫും പിടിച്ച് ക്യൂവിൽ നിൽക്കേണ്ടി വരുമല്ലോ" എന്ന് അഭിമാനത്തോടെ പറയുമ്പോൾ അദ്ദേഹത്തിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
സ്വപ്നങ്ങളിലെ നിറവും ജീവിതത്തിലെ നിറവും രണ്ടെന്ന് തിരിച്ചറിവുണ്ടായത് പഠനശേഷം ചെന്ന് മുട്ടിയ പല വാതിലുകളും കണ്മുന്നിൽ കൊട്ടിയടക്കപ്പെട്ടപ്പോൾ മാത്രം. അളവ് കുറഞ്ഞു തുടങ്ങിയ ആത്മവിശ്വാസം വീണ്ടെടുക്കാൻ അച്ഛനു കിട്ടാറുണ്ടായിരുന്ന കലശം അച്ഛനറിയാതെ സേവിക്കാൻ തുടങ്ങിയത് എല്ലാവരും കണ്ടില്ലെന്ന് നടിച്ചു. വല്ലപ്പോഴും കിട്ടിക്കൊണ്ടിരുന്ന ഗാനമേളകളുടെ തിരശ്ശീല വീഴുമ്പോൾ അണിയറയുടെ പിന്നാമ്പുറങ്ങളിൽ കിട്ടുന്ന അനുമോദനത്തോടൊപ്പം നുരഞ്ഞു പതഞ്ഞ ലായനി വിഷമങ്ങൾ മറക്കാനുതകുമെന്ന് വ്യാമോഹിച്ച ദിനങ്ങൾ.
കോലം കെട്ടിയാടിയാലും ഗാനമേളയിൽ കൈയ്യടി വാങ്ങിയാലും അടുക്കളയിലെ ഭരണികൾ നിറയില്ലെന്ന സത്യം കെട്ടിയാടുന്ന കോലങ്ങളുടെ രൗദ്രഭാവത്തോടെ മുന്നിൽ നിറഞ്ഞാടിയപ്പോഴാണ് ജീവിക്കാൻ എന്തെങ്കിലും തൊഴിൽ ചെയ്തേ തീരു എന്നുറപ്പിച്ചത്. കടം വാങ്ങിയ മുച്ചക്രം കുറേക്കാലം നന്നായിയോടിയെങ്കിലും പലിശക്കാരന്റെ കടം ഇപ്പോഴും ബാക്കി. എപ്പോഴാണാവോ അയാളുടെ ആൾക്കാർ വണ്ടികൊണ്ടുപോകാൻ വരിക.
ചെറുപ്രായത്തിലേ കോലം കെട്ടിയാടി തീയിൽച്ചാടി ജീവിതമധ്യാഹ്നത്തിൽ പലരോഗങ്ങൾ പടർന്നുകയറിയ ശരീരവുമായി ജീവിക്കുന്ന ഏട്ടൻ പണിക്കർ. തീച്ചാമുണ്ഡിയാകുന്ന ഏതൊരു മലയന്റെയും അവസാനം ഇതുപോലെയായിരിക്കും. മേലേരിയിലെ കനലും ചൂടും ഊറ്റിത്തീർത്ത ചോര വറ്റിയ ശരീരവുമായി വാർന്നൊലിക്കുന്ന കുടിലിന്റെ വരാന്തയിൽ കെട്ടിയാടിയ ദൈവങ്ങൾക്ക് പോലും വേണ്ടാതെ കിടക്കുക. ചുമച്ചു ചുമച്ചു മരിക്കുക. ഉത്സവക്കാലങ്ങളിൽ ഭക്തരുടെ മുന്നിൽ ദൈവവും ബാക്കികാലങ്ങളിൽ മനുഷ്യനുമായി ജീവിച്ച അച്ഛൻ കോലായിലെ മൂലയിൽ ചുമച്ചു ചുമച്ചു മരിച്ചു. അടുത്ത ഊഴം ഏട്ടന്റേത്. അത് കഴിഞ്ഞാൽ.........
"തൊണ്ണൂറ്റിയെട്ട്, തൊണ്ണൂറ്റിയൊൻപത് ............... "
നൂറ്റൊന്നു തികയാൻ അധികനേരമില്ല. മുറുകുന്ന ചെണ്ടമേളത്തിനനുസരിച്ച് ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെ വാൾ വായുവിനെ കീറിമുറിക്കുന്നു. വാളിന്റെ ചിലമ്പൊലി ആരവത്തിന്റെ ആക്കം കൂട്ടുന്നു. കുരുത്തോലയിൽ തീർത്ത വഴുക പിടിച്ച വാല്യക്കാർ നൂറ്റിയൊന്ന് കഴിഞ്ഞാൽ ഒരൽപം വിശ്രമിക്കാമല്ലോ എന്ന ചിന്തയിലാകും. കാവിന്നധികാരി അക്ഷമയോടെ കൈകൾ കൂട്ടിത്തിരുമ്മുന്നു.
"നൂറ്റിയൊന്ന്"
ഏട്ടൻ കാണാതെ എടുത്തുവച്ച അടക്ക ചുരണ്ടുന്ന കത്തി എളിയിൽ ഭദ്രം. കനലുകളുടെ ചൂട് മുഖത്തും മനസ്സിലും ഒരു പോലെ പതിയുന്നു. തീച്ചാമുണ്ഡിയെ നൂറ്റിയൊന്നിന് ശേഷം കനലിൽ നിന്നും വലിച്ചെടുക്കാൻ കാത്തുനിൽക്കുന്ന വാല്യക്കാരുടെ കൈകളിൽ ഭദ്രമായ കുരുത്തോല വഴുക മുറിച്ചുമാറ്റി കുതിച്ചു. ഹിരണ്യ കശിപുവിനെക്കൊന്നിട്ടും കലിയടങ്ങാത്ത നരസിംഹമൂർത്തിയെപ്പോലെ.
"മതി, മതിയേ, മതി " മേലേരിക്ക് ചുറ്റുമുള്ളവരുടെ ആർപ്പുവിളികൾ നിലവിളിയായി കനൽക്കൂനയിലേക്ക് ചിതറി.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.