അവൾ ധൃതിയിൽ നടന്നു... നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളോ തിരക്കുകളോ ഒന്നും അവളെ സ്പർശിച്ചതേ ഇല്ല. മനസ്സിൽ നിറയെ പലവിധ ചിന്തകളും മിന്നിക്കൊണ്ടിരുന്നു.
ആർക്കു വേണ്ടി? ആർക്കു വേണ്ടി..? ചോദ്യങ്ങൾ ഒരുപാടു തവണ മനസ്സിൽ കിടന്നു പിടച്ചപ്പോൾ അതിനൊരുത്തരത്തിനു വേണ്ടി അവൾ മനസ്സിൽ പ്രതിഷ്ഠിച്ച മുഖങ്ങളിൽ പരതി.... ഇല്ല ... ഈ ലോകത്ത് എല്ലാവരും തനിച്ചാണ്, ആരെങ്കിലും കൂടെയുണ്ട് എന്നുള്ളത് തന്നെ ഒരു ശുദ്ധ മണ്ടത്തരം. ഓരോ ഘട്ടത്തിൽ കൊഴിഞ്ഞു പോകുന്നവരാണ് നാമെല്ലാം...
ജീവിക്കണം, ഈ കുഞ്ഞു ജീവിതത്തിൽ നമുക്ക് വേണ്ടി ഇത്തിരി എങ്കിലും ജീവിക്കണം. ബന്ധങ്ങളും ബന്ധനങ്ങളുമില്ലാതെ... ചരടു പൊട്ടിയ പട്ടം പോലെ പാറിപ്പറക്കണം... മുഖത്ത് ചെറിയ മന്ദഹാസം മിന്നി മാഞ്ഞു... എങ്കിലും നടത്തത്തിന്റെ വേഗത അവൾ കുറച്ചില്ല. ബസ്റ്റാന്റിൽ എത്തി ബസ്സിൽ കയറി ജനലരികത്തു തന്നെ ഇരുന്നു. നേരം സന്ധ്യയായിക്കൊണ്ടിരിക്കുന്നു. അവൾ ആകാശത്തേയ്ക്കു നോക്കി, പക്ഷികൾ കൂടണയാൻ വേണ്ടിയുള്ള പറക്കലാണെന്നു തോന്നുന്നു. 'മനുഷ്യരും'. ബസ്സ് പതിയെ നീങ്ങി തുടങ്ങി ഇളം കാറ്റിന്റെ സ്പർശം അവളെ വീണ്ടും ചിന്തകളിലേക്ക് കൈപിടിച്ചു നടത്തി.
ആരാണ് ഞാൻ, ഒന്നും ചെയ്യാനില്ലാതെ ഉരുകി തീർന്നുകൊണ്ടിരിക്കുന്ന ജീവിതം. പണ്ടെവിടെയോ വായിച്ചിട്ടുണ്ട് അമ്മ ഒരു മെഴുകുതിരിയാണെന്ന്.. ബാക്കി എല്ലാവർക്കും വെളിച്ചം നൽകിക്കൊണ്ട് തനിയെ ഉരുകി തീരുന്ന മെഴുകുതിരി ... അപ്പോൾ എല്ലാ അമ്മമാരും മെഴുകുതിരികളാണ്. ഈ ഞാനും... വെറും മെഴുകുതിരിയായി ഉരുകി തീർന്നു പോകാനുള്ളതാണോ അപ്പോൾ എന്റെ ജന്മം.... എന്നും ചിറകിട്ടടിക്കുന്ന എന്റെ മനസ്സിൽ, എന്തൊക്കെയോ ചെയ്യാനുള്ള പിടപ്പില്ലേ, തളരാത്ത ഒരു പോരാളി എവിടെയോ ഉള്ളിൽ കിടപ്പില്ലേ.... ദൈവത്തിന്റെ ഒരു സ്പർശം എപ്പോഴും അനുഭവപ്പെടാറില്ലേ.... ഉണ്ട്, എന്തൊക്കെയോ ചെയ്യാനുണ്ട്.... എന്നും പാചകം ചെയ്തും, ഉണ്ടും, ഉറങ്ങിയും തീർക്കാനുള്ളതല്ല എന്റെ ജീവിതം, പിന്നെ... പിന്നെ എന്ത്?
എല്ലാ അമ്മമാരും ഇങ്ങനെ ഒക്കെ തന്നെ... മക്കൾക്കു വേണ്ടി, ഭർത്താവിനു വേണ്ടി, സ്വന്തം ജീവിതം, സ്വപ്നങ്ങൾ എല്ലാം ഉരുക്കി വെളിച്ചം നൽകി, ആ അമ്മമാരുടെ കണ്ണിലെ കുഞ്ഞു സ്വപ്നങ്ങൾ ആരും കണ്ടില്ല, മോഹങ്ങൾ ആരും അന്വേഷിച്ചില്ല, എല്ലാവരുടെയും മോഹങ്ങൾ അവരുടെ മോഹങ്ങളായി, എല്ലാവരുടെയും സ്വപ്നങ്ങൾ അവരുടെ സ്വപ്നങ്ങളായി, അവസാനം ഉരുകിത്തീർന്ന് കിടക്കുമ്പോൾ അവരുടെ ഉള്ളിൽ എന്തായിരിക്കും? അവരുടെ കണ്ണുകളിലെ ചോദ്യശരങ്ങൾ ആരോടായിരിക്കും? കൈവിട്ടു കളഞ്ഞ യൗവ്വനവും സ്വപ്നങ്ങളും വാരിക്കൂട്ടി മാറോട് ചേർത്ത് അവർ മണ്ണിലേക്ക് .....
കണ്ടക്ടർ സ്ഥലം പറയുന്നതു കേട്ട് അവൾ ഞെട്ടി ഉണർന്നു... അവൾ അവളായ് തന്നെ ധൃതിയിൽ നടന്നു...
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.