രണ്ടു ദിവസത്തെ അവധി കഴിഞ്ഞു തിങ്കളാഴ്ച സ്കൂളിലേക്ക് പോകാൻ രാവിലെ പ്രാഥമിക കർമം എല്ലാം കഴിഞ്ഞു 'അമ്മ ഉണ്ടാക്കി തന്ന പ്രാതലും കഴിച്ചു സഞ്ചിയും തോളിലിട്ട് വീട്ടിൽ നിന്ന് ഇറങ്ങി. ഉച്ചക്കത്തേയ്ക്കുള്ള ഭക്ഷണവും 'അമ്മ സഞ്ചിയിൽ വച്ചിട്ടുണ്ടാകും. അങ്ങാടി കവലയ്ക്ക് അടുത്തുള്ള ഗവൺമെന്റ് യുപി സ്കൂളിൽ ആണ് പഠിക്കുന്നത്. വീട്ടിൽ നിന്നും ഏകദേശം അരമണിക്കൂർ നടന്നു വേണം ഇടവഴികളും, കൈതോടുകളും വിശാലമായ നെൽപ്പാടങ്ങളും കടന്നു വേണം സ്കൂളിലെത്താൻ. കുറച്ചു ദൂരം പിന്നിട്ടപ്പോൾ പതിവുപോലെ അപ്പുവിനെയും അവന്റെ കുഞ്ഞു പെങ്ങളെയും കണ്ടുമുട്ടി. നടക്കുമ്പോൾ എപ്പോഴും അപ്പു അനുജത്തിയുടെ കയ്യിൽ പിടിച്ചേ കൊണ്ടു പോകു. അപ്പുവും ഞാനും ഏഴാം ക്ലാസ്സിൽ ഒരേ ബെഞ്ചിൽ ഇരുന്നാണ് പഠിക്കുന്നത് അവന്റെ കുഞ്ഞുപെങ്ങൾ അതെ സ്കൂളിൽ മൂന്നാം ക്ലാസ്സിലും. പോകുന്ന വഴിയിൽ അപ്പുവിനോട് കുശലാന്വേഷണം നടത്തി ആണ് പോക്ക്.. ഒൻപതേ മുക്കാലിന് ഒന്നാം മണി അടിക്കുന്നതിനു മുൻപേ സ്കൂളിൽ എത്തണം. ആദ്യത്തെ പീരിഡ് ഗോവിന്ദൻ സാറിന്റെ കണക്ക് ആണ് വിഷയം.
കൃത്യസമയത്ത് സ്കൂളിൽ എത്തി അപ്പു അനുജത്തിയെ ക്ലാസിൽ കൊണ്ടുചെന്ന് ആക്കിയിട്ടു തിരികെ വന്നു. ഗോവിന്ദൻ സാർ വന്നു ഹാജർ എടുത്തിട്ട് പഠിപ്പിക്കുവാൻ തുടങ്ങി. ഉച്ചവരെ നാലു പീരിഡുകൾ ആണ് ഉള്ളത്. പലപ്പോഴും ക്ലാസ്സിന്റെ സമയങ്ങളിൽ ഞാൻ അപ്പുവിനെ ശ്രദ്ധിക്കാറുണ്ടായിരുന്നു. അവൻ വളരെ ക്ഷീണിതായി ഡസ്കിൽ തല ചായ്ച്ചു കിടക്കാറാണ് പതിവ്. പഠിപ്പിക്കുന്ന വിഷയങ്ങളിൽ ഒന്നും ശ്രദ്ധിക്കാറില്ല പിന്നെ അധികം കുട്ടികളുമായി സംസാരവും കുറവ്. ഞങ്ങളുടെ ക്ലാസ്മുറി നെല്ലിമരത്തിനടുത്തുള്ള കഞ്ഞിപുരയോട് ചേർന്നതായിരുന്നു. അതുകൊണ്ടു തന്നെ ഉച്ചക്ക് ഒരു പന്ത്രണ്ടു മണി ആകുമ്പോഴേക്കും നല്ല ചെറു പയർ കറിയുടെയും പച്ചരി കഞ്ഞിയുടെയും മണം മൂക്കിൽ അങ്ങനെ തുളഞ്ഞു കയറുമായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കൂളിൽ ഉച്ചകഞ്ഞി പതിവായിരുന്നു. അധ്യായന വർഷാരംഭത്തിൽ ഫോറം പൂരിപ്പിച്ചു രണ്ടു രൂപയും നൽകിയാൽ ആ വർഷം മുഴുവൻ ഉച്ചകഞ്ഞി കഴിക്കാം. ഒരു മണിക്കാണ് ഭക്ഷണം കഴിക്കാൻ മണി അടിക്കുന്നത്. ഉച്ചകഞ്ഞിക്കു പേര് കൊടുത്തിട്ടുള്ളവർ കഞ്ഞിപ്പുരയുടെ അടുത്തുള്ള വരാന്തയിൽ എത്തണം. കഴിക്കാനുള്ള പാത്രമോ ഇലയോ കരുതിയാൽ മതി.
അപ്പുവും അനിയത്തിയും സ്കൂളിലെ ഉച്ചകഞ്ഞിയാണ് കഴിക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള മണി അടിക്കേണ്ട താമസം അവൻ സഞ്ചിയിൽ നിന്നും എടുത്ത വാഴയിലയുമായി ഒരു ഓട്ട മത്സരത്തിൽ എന്ന പോലെ ഇറങ്ങി ഓടും. തന്റെ കുഞ്ഞുപെങ്ങളെയും വിളിച്ചു കഞ്ഞിപുരയ്ക്ക് അടുത്തുള്ള വരാന്തയിൽ സ്ഥാനം പിടിക്കും.
ഉച്ചഭക്ഷണ ഇടവേളയ്ക്കു ശേഷമുള്ള പീരിഡുകൾ മിക്കവരും പാതിമയക്കത്തിന്റെ ആലസ്യത്തിൽ ആയിരിക്കും. എന്നാൽ അപ്പുവിന്റെ മുഖത്തു നല്ല പ്രസരിപ്പും തെളിച്ചവും ഉണ്ടാകും. ഞാൻ അത് ശ്രദ്ധിച്ചിരുന്നു. നാലു മണിക്ക് ക്ലാസ് കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചാണ് തിരിച്ചു വീടുകളിലേക്കുള്ള യാത്ര. ചെല്ലുമ്പോഴേക്കും അമ്മ നല്ല നാലുമണി പലഹാരങ്ങൾ ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടാകും. കുറച്ചു ദിവസങ്ങൾ മാറ്റം ഒന്നും ഇല്ലാതെ കടന്നു പോയി, ഒരു ദിവസം പതിവു പോലെ സ്കൂളിലേക്ക് ഇറങ്ങി. എന്നാൽ പോകുന്ന വഴിയിൽ എന്നും കാണാറുള്ള അപ്പുവിനെയും അനുജത്തിയേയും കണ്ടില്ല. സ്കൂളിൽ ചെന്നപ്പോൾ പിയൂൺ തോമസ്ചേട്ടൻ ആണ് പറഞ്ഞത് അപ്പുവും അനുജത്തിയും അവന്റെ അമ്മയും മരിച്ചു. എന്റെ മനസ് നീറി പിടഞ്ഞ നിമിഷം ആയിരുന്നു അത്. കുറച്ചു കഴിഞ്ഞു സാറുമാര് എല്ലാ കുട്ടികളെയും വരി വരിയായി നിർത്തി അപ്പുവിന്റെ വീട്ടിലേക്കു കൊണ്ടുപോയി. ഞാനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അപ്പുവിന്റെ വീട്ടിൽ എത്തി കൂട്ടുകാരന്റെ ചേതനയറ്റ ശരീരം ഒരു നിമിഷം കണ്ടു, അവന്റെ 'അമ്മ രണ്ടു മക്കൾക്കും വിഷം കൊടുത്തിട്ടു ആത്മഹത്യ ചെയ്തതാണ്. അവന്റെ അച്ഛൻ നേരത്തെ മരിച്ചതാണ്. കുറച്ചു സമയത്തിനു ശേഷം എല്ലാവരും തിരികെ സ്കൂളിലേക്ക് പോന്നു, അനുശോചന യോഗത്തിനു ശേഷം എല്ലാവരും വീടുകളിലേയ്ക്കു തിരികെ പോയി.
ഞാൻ വീട്ടിലേക്കു പോന്നു. എത്ര ആലോചിച്ചിട്ടും എന്തിനാണ് അവന്റെ അമ്മ അങ്ങനെ ചെയ്തത് എന്ന് മനസിലായില്ല. അന്ന് അച്ഛനും നേരത്തെ വീട്ടിൽ എത്തിയിരുന്നു. അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു അപ്പുവിന്റെ അമ്മ അസുഖകാരിയായിരുന്നു വീട്ടിലെ പട്ടിണിയും ദാരിദ്ര്യവും സഹിക്കാതായപ്പോൾ മക്കൾക്ക് വിഷം നൽകി ജീവൻ ഒടുക്കി എന്ന്. അതുവരെ ഒന്നും അധികം ചിന്തിക്കാതിരുന്ന എനിക്ക് ചിലതൊക്കെ മനസിലായി. വിശപ്പിന്റെ വില എന്ത് എന്ന് അറിയാതിരുന്ന ഞാൻ മനസിലാക്കി അപ്പുവിനും അനുജത്തിക്കും സ്കൂളിലെ ഉച്ച കഞ്ഞി എത്രത്തോളം വലുതായിരുന്നു എന്ന്.
അപ്പുവിനും അനുജത്തിക്കും വിശപ്പിന്റെ വിലയായി നൽകേണ്ടി വന്നത് സ്വന്തം ജീവൻ ആയിരുന്നു. അവർ പോയി ഒരിക്കലും വിശക്കാത്ത പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത ലോകത്തേക്ക് !
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.