സമയം പതിനൊന്നര ആയി, അതിരാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതാണ് നാലുമണിക്കൂറോളം ക്യൂ നിന്നിട്ടാണ് ഗുരുവായൂരമ്പലത്തിൽ നിന്നും തൊഴുതു പുറത്തിറങ്ങാൻ സാധിച്ചത്. കടുത്ത തലവേദന ഉണ്ടായിരുന്നു. പടിഞ്ഞാറേ നടയിൽ നിന്നും കടുപ്പത്തിൽ ഒരു ചായ കുടിക്കണം.
വഴിയിൽ ഒരു ആൾക്കൂട്ടം കണ്ടു ചെന്ന് നോക്കിയതാണ്, അവിടെ താടിയും മുടിയും നീട്ടി വളർത്തിയ ഒരാൾ മുപ്പത് രൂപയ്ക്ക് അഞ്ച് മിനിറ്റിനുള്ളിൽ ആളുകളുടെ മുഖം വരച്ചു കൊടുക്കുന്നു. ചിത്രങ്ങൾ കണ്ട് ഇഷ്ടപ്പെട്ട ഞാൻ അയാളുടെ നേർക്ക് പൈസ നീട്ടി, എന്നാൽ അയാൾ എന്റെ നേർക്ക് നോക്കിയതല്ലാതെ പൈസ വാങ്ങിയില്ല. എല്ലാവരുടെയും മുന്നിൽ അപമാനിതനായ ഞാൻ പതുക്കെ അവിടെ നിന്നും നീങ്ങി. ചായ കുടിക്കാൻ നിൽക്കാതെ കൊടുങ്ങല്ലൂരിലേക്കുള്ള ബസിൽ കയറി.
ചാവക്കാട് എത്തിയപ്പോഴേക്കും ബസിൽ നല്ല തിരക്കായി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്, എന്റെ സീറ്റിൽ ഞാൻ മാത്രമേ ഉള്ളു. ഇത്രയധികം ആളുകൾ കമ്പിയിൽ തൂങ്ങി നിന്നിട്ടും എന്റെ അടുത്ത് ആരും ഇരിക്കുന്നില്ല. ഞാൻ ശരിക്കൊന്ന് ശ്രദ്ധിച്ചു ഷർട്ടിലോ മറ്റൊ എന്തെങ്കിലും ആയിട്ടുണ്ടോ? ഒരു കുഴപ്പവും ഇല്ല. പിന്നെന്താ എനിക്കൊന്നും മനസിലായില്ല.
വാടാനപ്പിള്ളി എത്തിയപ്പോഴേക്കും ബസിൽ കാലുകുത്താനുള്ള സ്ഥലം പോലും ഇല്ലാതായി. അപ്പോഴും ഞാൻ മാത്രം ഒരു സീറ്റിൽ ഒറ്റക്കിരുന്നു. അവഗണന സഹിക്കാൻ കഴിയാതെ വന്നപ്പോൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയിട്ട് വേറെ ബസിനു പോയാലോ എന്നു വരെ ആലോചിച്ചു.
പുതിയകാവിൽ ഇറങ്ങി ബൈക്ക് എടുത്ത് വീട്ടിലേക്ക് പോയി. വഴിയിൽ വെച്ച് എന്റെ ഒരു അയൽക്കാരൻ നടന്നുപോകുന്നത് കണ്ടു വണ്ടി നിർത്തി. സാധാരണ ബൈക്കിൽ കയറുന്ന അദ്ദേഹം എന്നെ ശ്രദ്ധിക്കുക പോലും ചെയ്യാതെ നടന്നു പോയി. സത്യത്തിൽ ഒരു മിനുറ്റ് നേരം ഞാൻ അവിടെ തന്നെ സ്തംഭിച്ചു നിന്നു.
മുടക്കു ദിവസമായതിനാൽ പോകുന്ന വഴിയിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിൽ കയറാമെന്നു വെച്ചു. വാതിൽ തുറന്നുകിടക്കുകയായിരുന്നു. അകത്തു കയറി ആരെയും കാണാനില്ല. അവൻ ചിലപ്പോൾ എഴുന്നേറ്റു കാണില്ല. മുകളിലുള്ള മുറിയിൽ കയറി നോക്കി, അവിടെയെങ്ങും ആരെയും കണ്ടില്ല. തിരിച്ചിറങ്ങി വരുമ്പോൾ അവന്റെ വെല്ല്യമ്മ നമസ്കരിക്കുന്നത് കണ്ടു. എന്നെ കണ്ടാൽ 'എന്താ നേരം വെളുത്തോ' എന്ന ചോദ്യത്തിലൊരു നോട്ടമുണ്ട്, അതുകൊണ്ട് ഒച്ചയുണ്ടാക്കാതെ പതുക്കെ പുറത്തേക്കിറങ്ങി.
മുഖം കഴുകാൻ പൈപ്പിന്റെ അടുത്തേക്ക് പോയതാണ്, അവിടെ കെട്ടിയിട്ടിട്ടുണ്ടായിരുന്ന ഒരു ആട് എന്നെ കണ്ടതും ഉച്ചത്തിൽ കരഞ്ഞു കയറു പൊട്ടിച്ചു ഓടാൻ നോക്കി, ഞാൻ പേടിച്ചു അവിടെ നിന്നും വേഗത്തിൽ വെളിയിലേക്കിറങ്ങി.
തൊട്ടടുത്താണ് മറ്റൊരു സുഹൃത്തിന്റെ വീട്. അവൻ അവിടെ ഉണ്ടാകില്ല. എല്ലാ ഞായറാഴ്‍യും കാറ്ററിങ്ങിന് പോകും. വീടിന്റെ മുൻവശത്തു അമ്മയെ കണ്ടപ്പോൾ അവൻ പോയോന്ന് തിരക്കി. അതിനുത്തരം തരാതെ അമ്മ അകത്തേക്ക് പോയി. അകത്തു നിന്ന് അവർ ആരോടോ ഫോണിൽ പറയുന്നത് കേട്ടു, അവൻ ഇന്ന് ജോലിക്ക് പോയിട്ടില്ല. അവന്റെ ഒരു സുഹൃത്ത് രാവിലെ പുതിയകാവിൽ വെച്ച് റോഡ് മുറിച്ചു കടന്നപ്പോൾ ബസ്സിടിച്ചു മരിച്ചു.
ഞാൻ തിരിച്ച് എന്റെ വീട്ടിലേക്കു പോയി. വീടിന്റെ മുമ്പിൽ ചെറിയ പന്തലിട്ടിട്ടുണ്ട്, കുറെ ആളുകളെയും കാണുന്നുണ്ട്. അകത്തേക്ക് കയറി നോക്കി, അമ്മയുടെ അലറിയുള്ള കരച്ചിലിനേക്കാൾ ഞാൻ ഒത്തിരി വേദനിച്ചത് വിങ്ങി നിൽക്കുന്ന അച്ഛനെ കണ്ടപ്പോഴാണ്.
Malayalam Short Stories, Malayalam literature interviews,Malayalam Poems
മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.