Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാറുവിന്റെ പ്രണയം...

love-1

രാവിലെ തന്നെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണരുന്നത്.! നോക്കിയപ്പോൾ സ്നേഹൽ ആണ്. ഉറക്ക ചടവിൽ ഞാൻ ഫോൺ എടുത്തു ചോദിച്ചു. എന്താടാ രാവിലെ തന്നെ?

"അവൾ പോയെടാ.!! നമ്മുടെ പാറു.. പാർവതി .!! ഒരു ആക്‌സിഡന്റിൽ ഇന്നലെ രാത്രി"

ഞെട്ടലിൽ എന്റെ കൈയിൽ നിന്നും ഫോൺ താഴെ വീഴാൻ പോകുന്ന പോലെ തോന്നി! ഡാ.. എങ്ങനെ?? എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.!! അതേടാ സംഭവിച്ചു.. എങ്ങിനെയാ എന്നൊന്നും ശരിക്കും അറീല.!! ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് എടുക്കും.. പോകണ്ടേ കാണാൻ..? മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്മോർട്ടം കഴിഞ്ഞ് അപ്പോളേ എത്തുള്ളു ബോഡി..!! ഞാൻ വിറയലോടെ പറഞ്ഞു.. പോകാം.. പോണം.

ഉച്ചയോട് അടുക്കാറായപ്പോൾ ഞങ്ങൾ പോയി. ഒരു മരണ വീട്ടിലേയ്ക്കു പോകുന്ന നടുക്കം രണ്ടുപേരുടെയും മുഖത്തുണ്ടായിരുന്നു. കാർ ഒരു ചെറിയ ഇടവഴിയിലൂടെ താഴേയ്ക്കിറങ്ങി. അവിടെ ഒരു ഇടത്തരം വാർപ്പിട്ട വീട്. പന്തൽ ഇട്ടിരിക്കുന്നു. അവിടെ നിന്നും കൂട്ടക്കരച്ചിൽ കേൾക്കാം. കാർ അൽപം പിന്നിൽ സൈഡ് ആക്കി ഞങ്ങൾ ആ മരണ വീട്ടിലേക്കു മെല്ലെ നടന്നു... എന്റെ ധൈര്യം ചോർന്നു തുടങ്ങി... മനസ്സിൽ ഒരു വിങ്ങൽ എവിടുന്നോ വരുന്നുണ്ട്. ഒരു ധൈര്യത്തിനായി ഞാൻ സ്നേഹലിന്റെ കൈപിടിച്ചു വീടിനുള്ളിലേക്ക് ധൈര്യം സംഭരിച്ചു കേറി.. അവിടെ കണ്ടു, "വെള്ള പുതച്ച അവളുടെ നിഷ്കളങ്കമായ മുഖം .!!" ഒരു നോക്കു നോക്കിയതേ ഉള്ളൂ. അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ നിറഞ്ഞൊഴുകാൻ തുടങ്ങി. പിടിച്ചു നിൽക്കാൻ പറ്റണില്ല. അപ്പോൾ അടുത്തു നിന്നും ആരോ പറഞ്ഞു. പാറുവിന്റെ കൂട്ടുകാരിയുടെ ഏട്ടനാണ്... അവിടെ നിന്ന ആരൊക്കെയോ ഞങ്ങളെ നോക്കി... അവിടെ നിൽക്കാൻ ശക്തി ഇല്ലാത്തതുകൊണ്ട് ഞങ്ങൾ പുറത്തേക്കിറങ്ങി നിന്നു. കുറെ ആൾക്കൂട്ടം ഉണ്ട്. ആരൊക്കെയോ എന്തൊക്കെയോ പറയുന്നുണ്ട്, അവളുടെ മരണത്തെ കുറിച്ച്. വൈകിട്ടു സംസ്കാര ചടങ്ങുകൾ കഴിയും വരെ ഞങ്ങൾ അവിടെ നിന്നു. എല്ലാരും പോയി തുടങ്ങിയപ്പോൾ ഞങ്ങൾ ഇറങ്ങി.

തിരിച്ചു വരും വഴി എന്റെ മനസ്സ് അവളെ കുറിച്ച് ഓർത്തു. പാറു. ഒരു പാവം കുട്ടി. അനിയത്തി ആമിയുടെ അടുത്ത സുഹൃത്താണ്. സ്കൂൾ മുതൽ ഇപ്പോൾ കോളജ് വരെ ഉള്ള അവളുടെ കൂട്ടുകാരി. അങ്ങനെയുള്ള പരിചയം. കണ്ടിട്ടുണ്ട് പല തവണ. അത്ര അടുപ്പം ഒന്നും ഇല്ലായിരുന്നു ആദ്യം. എന്നാലും, പിന്നെ എപ്പളോ അടുത്തു... ഫോൺ വിളി ആയി... ചാറ്റിങ് ആയി... അനിയത്തി അറിഞ്ഞും അറിയാതെയും മീറ്റിങ് ആയി... അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടും എന്നോടുള്ള അവളുടെ സൗഹൃദം തുടർന്നു. രണ്ടു വർഷം കൊണ്ട് എന്റെ ഇന്റിമേറ്റ് കൂട്ടുകാരിൽ ഒരാളായി അവൾ മാറി.... "Some one special" എന്നൊക്കെ പറയില്ലേ.. അങ്ങിനെ. എന്നാലും അവൾ ഒരു ആക്‌സിഡന്റിൽ.!! വിശ്വസിക്കാൻ പറ്റണില്ല. എപ്പോഴും ഒരു പഴയ ചുരിദാർ ഒക്കെ ഇട്ടാണ് വരാറുള്ളത്. പലപ്പോഴും തനി നാടൻ പോലെ തോന്നും. ഒരു പരിഷ്കാരവും കാണിക്കാത്ത പാവം കുട്ടി. അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക ഭംഗിയാണ്. അവളെ കുറിച്ചുള്ള ഓർമ്മകൾ എന്നെ അലട്ടികൊണ്ടേ ഇരുന്നു. എത്ര ഒക്കെ അടുപ്പം ഉണ്ടേലും ഒരു നല്ല സുഹൃത്തായാണ് ഞാൻ എപ്പോഴും കണ്ടത്. അതുകൊണ്ട് തന്നെ ആ നഷ്ടം.. ഒരു വലിയ സൗഹൃദം എന്നന്നേക്കുമായി നഷ്ടപ്പെട്ട വേദനയായി എന്നെ മുറിവേൽപ്പിച്ചു... അവളുടെ വേദനിപ്പിക്കുന്ന ഓർമകളെ മറക്കണമെന്ന് എന്റെ മനസ് അപ്പോൾ മന്ത്രിച്ചു.! ചാറ്റൽ മഴ വീണ് ഇരുട്ടി തുടങ്ങിയ ഹൈവേയിലൂടെ അവളുടെ ഓർമകളുമായി ഞങ്ങളുടെ കാർ നിശബ്ദമായി ഓടി കൊണ്ടിരുന്നു..!!"

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല .!!

കാലം കടന്നു പോയി. സാഹചര്യങ്ങൾ മാറി. ജോലി, ആളുകൾ എല്ലാം മാറി... വർഷങ്ങൾ പിന്നെയും കുറെ കഴിഞ്ഞു. ഞാൻ വിവാഹത്തിന് ഒരുങ്ങുന്ന സമയം. സ്നേഹിച്ച പെണ്ണിന്റെ കഴുത്തിൽ ഇരു വീട്ടുകാരുടെയും സമ്മതത്തോടെ താലികെട്ടാൻ പോകുന്ന സന്തോഷത്തിലാണ്. വിവാഹകത്ത് കൊടുക്കുന്ന തിരക്കിലാണ്. സ്നേഹലും ഞാനും കല്യാണം പറഞ്ഞു പോകുന്ന വഴിക്കു ബൈക്ക് കേടായി. വഴിയിൽ നിൽക്കുമ്പോൾ ആണ് ഒരു പെൺകുട്ടി അടുത്തേയ്ക്ക് നടന്നു വരുന്നത്. എവിടെയോ കണ്ടുമറന്ന മുഖം.!! പെട്ടെന്ന് അവൾ അടുത്തേയ്ക്ക് വന്നു സംസാരിച്ചു .. റിവിൻ ഏട്ടനല്ലേ .. എന്നെ മനസിലായോ.!!!

ഞാൻ പേര് ഓർക്കാൻ ശ്രമിച്ചു.. എവിടെയോ കണ്ടിട്ടുണ്ട്.. അപ്പോൾ അവൾ പറഞ്ഞു.. ഞാൻ പൊന്നു ആണ്.. പാറുവിന്റെ അനിയത്തി... ആഹ്.. നീയായിരുന്നോ.. പെട്ടെന്ന് എനിക്ക് മനസിലായില്ല കേട്ടോ..!! ഞാൻ പറഞ്ഞു .. "ഏട്ടൻ എന്താ ഇവിടെ..?" അവൾ ചോദിച്ചു.. അത് പിന്നെ.. വണ്ടി കേടായി.. കല്യാണം ആണ്.. കുറെ ഓടാൻ ഉണ്ട്.

അങ്ങനെ ആണോ... എന്നാൽ നമുക്കു എന്റെ വീട്ടിലേക്കു പോകാം. അമ്മയെ ഒക്കെ ഒന്നു കാണാലോ. മറന്നോ... ഇവിടുന്നു കുറച്ചല്ലേ ഉള്ളു.. ഞാൻ സ്നേഹലിനെ നോക്കി, വേണോ, എന്ന മട്ടിൽ. അവൻ പോകാമെന്നു തലയാട്ടി. അവളുടെ ഓർമ്മകൾ എന്നെ വീണ്ടും അലട്ടുമെന്നു ഞാൻ ഓർത്തു. അവൾ നിർബന്ധിച്ചപ്പോൾ ഞങ്ങൾക്ക് കൂടെ പോകേണ്ടി വന്നു. ഒരു ഓട്ടോ പിടിച്ചു അവളുടെ വീട്ടിലേക്ക് മൂന്ന് പേരും തിരിച്ചു. വീണ്ടും ആ പഴയ ഇടവഴികളിലൂടെ... വീടെത്തി... സമയം വൈകുന്നേരമായിരുന്നു.. ചെരുപ്പ് പുറത്ത് അഴിച്ചു വെച്ച് ഞങ്ങൾ അവളോടൊപ്പം ഉമ്മറത്തേക്ക് കേറി. അവളുടെ അമ്മയ്ക്ക് എന്നെ വേഗം മനസിലായി. എന്നെ കണ്ടതും റിവിൻ അല്ലെ, ആമിയുടെ ഏട്ടൻ.. അറിയാം... വരൂ വരൂ.. ഇരിക്കൂ എന്നു പറഞ്ഞ് ഞങ്ങളെ സ്വീകരിച്ചിരുത്തി. ഞാൻ ചായ എടുക്കാം എന്നു പറഞ്ഞ് പൊന്നു അകത്തേക്കു പോയി. മോളുടെ അച്ഛൻ ഇവിടില്ല. എറണാകുളത്ത് ഒരു ജോലി ആവശ്യത്തിനു പോയതാ, നാളെയെ വരൂ.. അമ്മ പറഞ്ഞു. അപ്പോൾ അവളുടെ അമ്മൂമ്മയും വല്യമ്മയും അകത്തു നിന്നും ഞങ്ങളെ കാണാൻ വന്നു. അമ്മക്കറിയില്ലേ? നമ്മുടെ ആമിയുടെ ഏട്ടനാ.. പണ്ട് നമ്മുടെ പാറു പറയാറുള്ള .!! അമ്മ പറഞ്ഞു നിർത്തി. ആഹ് .. നീയാണോ മോനെ അത്.. വാ വാ.. സുഖമാണോ കുട്ടിക്ക്? അമ്മൂമ്മ എന്നോട് സ്നേഹത്തോടെ ചോദിച്ചു.. അതെ എന്നു ഞാൻ മറുപടി പറഞ്ഞു. വരൂ ഏട്ടാ, ഹാളിലേക്കു ഇരിക്കാം. ചായ കുടിച്ചോളൂ. അവളുടെ അനിയത്തി പറഞ്ഞു. “വാ മോനെ .. ചായ കുടിച്ചോളൂ അമ്മയും പറഞ്ഞു” ടേബിളിൽ എന്തൊക്കെയോ പലഹാരങ്ങൾ നിരത്തി വെച്ചിരുന്നു.!! ചായഗ്ലാസ് കയ്യിൽ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു. "എന്റെ കല്യാണമാണ് അടുത്ത ആഴ്ച..." പെട്ടെന്ന് ആകെ ഒരു നിശബ്ദത അവരുടെ ഇടയിൽ... ഞാൻ തുടർന്നു.. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമാണ്... എല്ലാരും തലേന്നേ വരണം. ഞാൻ സന്തോഷത്തോടെ പറഞ്ഞു. ക്ഷണക്കത്തു സ്നേഹൽ കവറിൽ നിന്നും എടുത്തു എന്റെ കയ്യിൽ തന്നു അമ്മയ്ക്ക് കൊടുക്കാൻ.. 

അത് കേട്ടതും എല്ലാരുടെ മുഖവും പെട്ടെന്ന് വാടി.. 'അമ്മ അവളുടെ അനിയത്തിയെ നോക്കി... അവൾ തല കുനിച്ചു താഴേക്കു നോക്കി നിന്നു.

കത്ത് തുറന്നു വായിച്ചുകൊണ്ട് ഒരു നെടുവീർപ്പോടെ അവളുടെ അമ്മ പറഞ്ഞു 

"നിന്റെ വീട്ടിലേക്കു വരേണ്ട കുട്ടി ആയിരുന്നു പാറു..!!" 

"അതു കേട്ടതും ചുണ്ടോടു അടുപ്പിച്ച ഗ്ലാസിൽ എന്റെ ഞെട്ടൽ ഞാൻ മറയ്ക്കാൻ ശ്രമിച്ചു.!!! അന്ധാളിച്ച് ഒന്നും മനസിലാകാത്ത മട്ടിൽ ഞാൻ അമ്മയെ നോക്കി ...

"അവൾ അങ്ങിനെ ആയിരുന്നു മോനെ... ആർക്കും അത്ര പെട്ടെന്ന് പിടി കൊടുക്കില്ല.. ഒരുപാട് ഇഷ്ടമായിരുന്നു റിവിനെ... എന്നും ഇവിടെ വിശേഷങ്ങൾ പറയാറുണ്ട്. ദാ, ഈ അമ്മൂമ്മയോടു വരെ പറയും മോന്റെ വിശേഷങ്ങൾ... അനിയത്തിയുമായി വഴക്കിടുന്നതും, പാട്ടു പാടാൻ അറിയാഞ്ഞിട്ടും റെക്കോർഡ് ചെയ്തു പാടി വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇടുന്നതും, പെൺകുട്ടികളുമായി ചാറ്റ് ചെയ്യുന്നതും അവളെ കാണാൻ ഇടയ്ക്കിടെ പലയിടത്തും വരുന്നതുമൊക്കെ... എല്ലാം പറയാറുണ്ട്. അല്‍പം ഉത്തരവാദിത്തം വരാൻ ഉണ്ട്. എന്നിട്ടു വേണം എല്ലാം ഒന്നു പറയാൻ എന്നായിരുന്നു അവൾ പറയാറ്... അത് പറയാനും മോൻ അറിയാനും അവൾ ഇന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ... അതു മുഴുമിപ്പിക്കാൻ ആകാതെ അവളുടെ അമ്മ കരഞ്ഞു.. മുഖം സാരിതുമ്പു കൊണ്ട് പൊത്തി.

എന്റെ കണ്ണ് നിറഞ്ഞു...

പക്ഷേ, അവൾ എന്നോട്… അങ്ങിനെ ഒന്നും..! എനിക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ ആയില്ല.

സാരമില്ല മോനെ, ഇനി പറഞ്ഞിട്ടെന്താ.. ഒക്കെ വിധി. അവളുടെ അമ്മ പറഞ്ഞു നിർത്തി.

കുറച്ചു നേരം പിന്നെ അവിടെ നിശബ്ദത മാത്രം നിറഞ്ഞു നിന്നു. എനിക്കൊന്നും ചോദിക്കാനോ പറയാനോ കഴിഞ്ഞില്ല. ആരും ഒന്നും മിണ്ടിയില്ല. ഒരുപാട് കാര്യങ്ങൾ ആ നിശബ്ദത എന്നോട് പറയുന്നതായി എനിക്ക് തോന്നി.

സന്ധ്യ ആയി.. അവളുടെ അനിയത്തി വിളക്ക്‌ കത്തിച്ചു കൊണ്ടു വന്നു. ആ വിളക്കിൽ ഒന്നു തൊഴുതു ഞാൻ പറഞ്ഞു... സമയം ഒരുപാട് വൈകി, ഞങ്ങൾ ഇറങ്ങട്ടെ...

എല്ലാരുടെ മുഖത്തും ഒരു വിഷമം ഉള്ള പോലെ ... എന്നാൽ ചെല്ല് മോനേ, വന്നതിൽ സന്തോഷം. കല്യാണം ഇവിടെ വരെ വന്നു വിളിച്ചതിലും. വരാം.. കെട്ടാൻ പോണ കുട്ടിയേയും കൂടി ഒന്നു കാണാലോ. –അമ്മ പറഞ്ഞു നിർത്തി.

എല്ലാരോടും യാത്ര പറയാൻ മുറ്റത്തേയ്ക്കു ഇറങ്ങി നിന്നു... അപ്പോൾ ഇരുട്ടിലൂടെ ഒരു തണുത്ത ഇളം കാറ്റ് എന്നെ തൊട്ടു തലോടി പോയി, അപ്പോൾ അവൾ... പാറു.. എന്റെ അടുത്തെവിടെയോ ഉണ്ടെന്നു എന്റെ മനസ് മന്ത്രിച്ചു.!!"

എല്ലാരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി...

ഇരുട്ട് വീണ ഇടവഴികളിലൂടെ മെയിൻ റോഡിലേക്കു ഞങ്ങൾ നടക്കുമ്പോൾ എന്നെ അങ്ങോട്ടു കൊണ്ടു വരേണ്ടായിരുന്നു എന്ന് അവനു തോന്നിയതായി അവന്റെ മുഖത്തു നിന്നും ഞാൻ ഊഹിച്ചെടുത്തു. അല്ലേലും അവൾ അപ്പോൾ ഒരു പ്രണയം ഒന്നും പറയാൻ ഇടയില്ലായിരുന്നു.. നീ അപ്പോളേക്കും കമ്മിറ്റഡ് ആയില്ലായിരുന്നോ? സാരമില്ല, അത് വിട്ടേക്ക് നീ…  അവൻ പിറുപിറുത്തു പറഞ്ഞു.!!"

ഞാൻ അപ്പോൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്റെ മനസിൽ ആ നിമിഷം അവൾ മാത്രമായിരുന്നു. അവൾ... പാറു... ആ നിമിഷം മാത്രം എങ്ങനെയോ ഞാൻ അവളുടെ കാമുകൻ ആയി മാറുകയായിരുന്നു. എന്റെ കണ്ണു നിറഞ്ഞു. മഴ ചാറുന്നു... ആ ചാറ്റൽ മഴയിലെ ഇരുട്ടിൽ എന്നെ പൊതിഞ്ഞ തണുപ്പിനും അവളെ കുറിച്ചുള്ള ഓർമകൾക്കും നടുവിലൂടെ ഞാൻ നടന്നു നീങ്ങി...

Malayalam Short StoriesMalayalam literature interviews,Malayalam Poems 

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയച്ചു തരിക.